UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്സിനു സിപിഎമ്മിന്റെ കൂരായണ

Avatar

ശ്രീനിവാസന്‍

ഇടതു തരംഗത്തിൽ മുങ്ങിക്കുളിച്ചതിന്റെ കുളിര് മാറും മുൻപേ പ്രചരണ നായകനെ വെട്ടി നിരത്തി പിണറായി വിജയനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് സിപിഎം. മാന്യമായ സ്ഥാനം നൽകി മൂലക്കിരുത്തി പിണറായി വിജയനെ മുഖ്യമന്ത്രി ആക്കാമെന്ന പാർട്ടി ധാരണ പൊളിക്കാൻ വി എസ് തന്നെ ശ്രമിച്ചെങ്കിലും നടന്നില്ല. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതി നടത്തിയ ഉമ്മൻചാണ്ടി സർക്കാരിലെ അംഗങ്ങൾക്കെതിരെ കൃത്യമായി കേസ് എടുത്ത് അന്വേഷണം നടത്തി ശിക്ഷ വാങ്ങി നൽകാനുള്ള  അവസരം തനിക്കു വേണം എന്നാണ് വി എസ് പാർട്ടി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചത്.

അധികാര സ്ഥാനത്തിനു വേണ്ടിയല്ല മറിച്ച് പ്രചരണത്തിനിടയിലും  അല്ലാതെയും ജനങ്ങൾക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനായിട്ടാണ് മുഖമന്ത്രി പദം ആവശ്യപ്പെടുന്നത്. ജനങ്ങൾ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം സംരക്ഷിക്കണമെങ്കിൽ മുഖ്യമന്ത്രി തന്നെ ആകണം. അല്ലെങ്കിൽ ജനങ്ങളോട് ചെയ്യുന്ന വഞ്ചന ആകുമെന്നായിരുന്നു വിഎസ്സിന്റെ കാഴ്ചപ്പാട്. മുഖ്യമന്ത്രി പദം എത്ര നാളത്തേക്ക്  എന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നില്ല. പരമാവധി നേരത്തെ അഴിമതിക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കാൻ അവസരം നൽകണം എന്നതായിരുന്നു വി എസ്സിന്റെ ആവശ്യം.

പാർട്ടി സെക്രട്ടറിയേറ്റ് കൂടി പിണറായി വിജയന്റെ പേര് ഏകപക്ഷീയമായി തീരുമാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് എ കെ ജി സെന്ററിലേക്ക് വിളിച്ചു വരുത്തി പിണറായി വിജയനെ മുഖ്യമന്ത്രി ആക്കാനുള്ള ധാരണ വി എസ്സിനെ അറിയിക്കുന്നത്. എന്നും വി എസ്സിന്റെ സംരക്ഷകനായ സീതാറാം യെച്ചൂരിയും നിസ്സഹായനായി.

പിണറായി മുഖ്യമന്ത്രി ആണെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ പിണറായിയെ പിന്തുണച്ച് കൊണ്ട് കെസിബിസി വക്താവിന്‍റേതായി വന്ന പ്രസ്താവന കൌതുകകരമാണ്. 93 വയസിൽ എങ്ങനെ വിഎസ് സംസ്ഥാനത്തെ നയിക്കുമെന്ന ആക്ഷേപവും വർഗീസ്‌ വള്ളിക്കാട്ട് ചോദിച്ചു. പ്രചാരണത്തിനായി തുടർച്ചയായി 1400 കിലോമീറ്റർ സഞ്ചരിച്ചപ്പോഴും ഇടതടവില്ലാതെ പ്രതിയോഗികളുടെ ഉള്ളുലച്ചപ്പോഴും ആന്റണി മുതൽ വെള്ളാപ്പള്ളിയുള്ളവരെ വരെ വലിച്ചു കീറി പ്രസംഗിച്ചപ്പോഴും ആർക്കും പ്രായം ഒരു പ്രശ്നമായി തോന്നിയില്ല. ജിഷയുടെ അമ്മയെ കാണാൻ പോയപ്പോഴും എൻഡോസൾഫാൻ ബാധിതർക്കൊപ്പം സമരത്തിന്‌ ഇരുന്നപ്പോഴും പ്രായം പ്രശ്നമായില്ല. തേയില തോട്ടത്തിലെ പെണ്ണുങ്ങൾ വിപ്ലവകാരികളായി നിന്ന് കത്തിയപ്പോൾ അവർ വിശ്വസിച്ച ഏക നേതാവ് വിഎസ് ആയിരുന്നു.

പാർട്ടി നടത്തിയ സോളാർ സമരം ചീറ്റിപ്പോയപ്പോഴും വി എസ് എന്ന രണ്ടക്ഷരത്തിൽ കേരളം പ്രതിപക്ഷത്തെ കണ്ടു. തീ തുപ്പുന്ന നാവുമായി ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിഞ്ഞപ്പോൾ കേസ് കൊടുക്കാൻ തയ്യാറാക്കിയ കടലാസുകൾ കത്തിച്ചാമ്പലായി. 2016 മെയ്‌ 19 രാവിലെ പത്തു മണിക്കാണ് വി എസ്സിന്  92 വയസായെന്നു പാര്‍ട്ടിക്കാർക്ക് തോന്നി തുടങ്ങിയത്. അതിന്റെ തലേ ദിവസം വരെ 29 വയസ്സായിരുന്നു. ഈ 92-മത്തെ വയസ്സിലും പുലർച്ചെ നടക്കാനിറങ്ങുന്ന നേതാവിന്റെ ഒപ്പം എത്താൻ ഇളം പ്രായക്കാരനായ ഗൺമാൻ ബുദ്ധിമുട്ടുന്നു.

അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്നു എന്ന് നാട്ടിലെ പഴംചൊല്ല് പോലെ ഇതൊരു വഞ്ചന ആണ്. വി എസ്സിനെ കാട്ടി വോട്ടു നേടി പിണറായിയെ മുഖ്യമന്ത്രി ആക്കുന്നത്. വിജയത്തിന്റെ ആര്പ്പു വിളികൾ ഒടുങ്ങും മുൻപേ എകെജി സെന്ററിൽ നിന്നും അപമാനിതനായി വി എസ് ഇറങ്ങി. അധികാരത്തിലിരിക്കുന്ന വിഎസ്സിനെ അല്ല, പുറത്തു നിൽക്കുന്ന വി എസ്സിനെ ആണ് കൂടുതൽ ഭയക്കേണ്ടത്. കാരണം മുറിവേറ്റ മൃഗമാണ്‌ കൂടുതൽ അപകടകാരി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍