UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോറ്റ വി.എസും വിജയിക്കാന്‍ കഴിയാത്ത പിണറായിയും- സിവിക് ചന്ദ്രന്‍ എഴുതുന്നു

Avatar

സിവിക് ചന്ദ്രന്‍

ഇത് ക്ലൈമാക്‌സ് ആണ്. വി എസ് അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ്(?) നേതാവിന്റെ അവസാനം ഇവിടെ കുറിക്കപ്പെട്ടിരിക്കുന്നു.

താന്‍ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടും എന്ന് ഉറപ്പായി കഴിഞ്ഞ വി എസ് ഇപ്പോള്‍ നടത്തുന്നത് അവസാനത്തെ ചൂതുകളിയാണ്. ആ കളി തോല്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. കാരണം മറുഭാഗത്ത് അദ്ദേഹത്തെക്കാള്‍ സമര്‍ത്ഥമായി കളിക്കാനറിയാവുന്ന പിണറായി വിജയനാണ്. രണ്ടു സ്റ്റാലിനിസ്റ്റുകള്‍ തമ്മിലുള്ള കളിയില്‍ പ്രായത്തിന്റെയും സംഘടനയുടെയും ആനുകൂല്യം മുതലാക്കി കൊണ്ട് പിണറായി തന്നെ വിജയിക്കും. അതോടെ കേരളത്തിലെ രണ്ടോ മൂന്നോ ഇടങ്ങളില്‍ മാത്രം കാണാവുന്ന ഒരു മുത്തപ്പന്‍ പ്രതിമയായി അച്യുതാനന്ദന്‍ ഒടുങ്ങും. അതിനപ്പുറം ഒരു രാഷ്ട്രീയപ്രധാന്യവും കിട്ടില്ല. അല്‍പ്പമെങ്കിലും മാന്യത ആഗ്രഹിക്കുന്നെങ്കില്‍ സ്വയമേവ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനം എടുക്കണം. അതിനപ്പുറം ഇനിയൊന്നും വി എസിന് കാണിക്കാന്‍ കഴിയില്ല.

ജീവിതത്തില്‍ ഒരിക്കലും രാഷ്ട്രീയ സാഹസിക കാണിക്കാത്തയാളാണല്ലോ വി എസ്. സമയം നോക്കി സമര്‍ത്ഥമായി കളിച്ചിരുന്ന ഇ എം എസ്സിനെപ്പോലെയായിരുന്നു ഇതുവരെയും അച്യുതാനന്ദനും. പക്ഷേ, ആ കളിയിലെല്ലാം പരാജയപ്പെടാനായിരുന്നു വിധി; പാര്‍ട്ടിക്കകത്തും പുറത്തും. ആ തോല്‍വിയുടെ അവാസന സീന്‍ ആണ് ആലപ്പുഴയില്‍ ചിത്രീകരിക്കപ്പെടുന്നത്. പൊളിറ്റ് ബ്യൂറോയിലും പ്രതീക്ഷയൊന്നും വേണ്ട. കേരളത്തിന്റെയും ബംഗാളിന്റെയും ഔദാര്യത്തില്‍ ചാരുകസേര വിപ്ലവം നടത്തുന്ന ബുദ്ധിജീവികള്‍ക്ക് ഇവിടെ രചിക്കപ്പെട്ട തിരക്കഥയ്ക്ക് അനുസരിച്ച് ആടാന്‍മാത്രമാണ് കഴിയുക. പാര്‍ട്ടിയില്‍ നിന്നും അച്യുതാനന്ദന്‍ ഇനിയൊന്നും പ്രതീക്ഷിക്കണ്ട. ഈ പാര്‍ട്ടി അങ്ങനെയാണ്. വി എസിനെക്കാള്‍ പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും പ്രിയപ്പെട്ടവരായിരുന്നല്ലോ എം വി ആറും, കെ ആര്‍ ഗൗരിയും ആര്‍ സുഗതനുമെല്ലാം. അവരോട് കാണിക്കാത്ത സ്‌നേഹമൊന്നും അച്യുതാനന്ദന്‍ ആഗ്രഹിക്കരുത്. പക്ഷെ, അവരെക്കാളൊക്കെ ഭീതിതമായ അവസ്ഥ ഇദ്ദേഹത്തിന് ഉണ്ടാകും. ഒരിറ്റു കണ്ണീര്‍പോലും പൊഴിക്കാന്‍ ആരുമില്ലാതെയാകും വി എസിന് ഈ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകേണ്ടി വരിക. ഒരുപക്ഷേ, ഒരു ചെങ്കൊടി പോലും പുതപ്പിക്കാന്‍ ആളില്ലാതെയാകും അച്യുതാനന്ദന് അവസാനയാത്ര പേകേണ്ടി വരുന്നതും.

ആലപ്പുഴ സമ്മേളനം ചരിത്രത്തില്‍ അടയാളപ്പെടുക വി എസ് ഇല്ലായ്മ ചെയ്യപ്പെട്ടതിന്റെ പേരില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ വിധിയില്‍ ആരും തന്നെ അത്ഭുതപ്പെടുമെന്നു തോന്നുന്നില്ല. കാരണം, ഇത് അനിവാര്യമായ ദുരന്തമാണ്. വാളെടുത്തുവന്റെ വാളാലുള്ള അന്ത്യം. 

കേരളത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധനായ കമ്യൂണിസ്റ്റ്കാരന്‍ ആണ് വി എസ്. കമ്യൂണിസ്റ്റ്കാരന്റെ പ്രഥമികമായയ ഉത്തരവാദിത്വം പാര്‍ട്ടിയോടാണ്. ആ ഉത്തരവാദിത്വം കാണിക്കാത്തവന്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവുകയാണ് വേണ്ടത്. അതു ചെയ്യാതെ പതുങ്ങി കിടക്കുന്ന പാമ്പായി എതിരാളികളെ വേട്ടയാടുകയായിരുന്നു വി എസ്. ഇനിയതിന് കഴിയില്ല, പ്രായമായി, ഊര്‍ജ്ജമില്ല. കമ്യൂണിസ്റ്റുകാരന്‍ ഊര്‍ജ്ജം നേടുന്നത് ജനങ്ങളില്‍ നിന്നാണ്. അങ്ങനെയൊരു ജനം അച്യുതാനന്ദന്റെ കൂടെയില്ല. ഉണ്ടെന്നു പറയുന്നവര്‍ ഒരു മധ്യവര്‍ഗ്ഗവിഭാഗമാണ്. അവര്‍ വോട്ടുരാഷ്ട്രീത്തിലൊന്നും സ്വാധീനമുള്ളവരുമല്ല. അതുകൊണ്ടുതന്നെ അച്യുതാനന്ദന് അവരെക്കൊണ്ടോ, അവര്‍ക്ക് ഇനി അച്യുതാനന്ദനെ കൊണ്ടോ ഒരു കാര്യവും നേടാനാവില്ല. പണ്ടൊരിക്കല്‍ പറഞ്ഞത് ഞാന്‍ വീണ്ടുമിവിടെ ആവര്‍ത്തിക്കുകയാണ്; വി എസ് അച്യുതാനന്ദന്‍ സമുദ്രത്തില്‍ ഇറങ്ങിയ ഒരു ഉപ്പ് പാവയാണ്. ആ പാവ അലിഞ്ഞലിഞ്ഞ് ഇല്ലാതിയിരിക്കുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്തിറങ്ങി എന്തങ്കിലും ചെയ്യാമെന്നുണ്ടെങ്കില്‍ അതും വ്യാമോഹമായി മാറും. എങ്ങോട്ടുപോകാനാണ്? എവിടെയാണ് അച്യുതാനന്ദന് ഇനി സ്‌പേസ്. ആര്‍ എം പി ഒരു ഓപ്ഷനായി ചിലര്‍ പറയുന്നു. അവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടുും ചന്ദ്രശേഖരന്റെ ചോരയില്‍ നിന്ന് കാലെടുത്തിട്ടിട്ടില്ല. അങ്ങോട്ട് വി എസ് ചെല്ലുന്നതുകൊണ്ട് അവരും രക്ഷപ്പെടാന്‍ പോകുന്നില്ല, വി എസും രക്ഷപ്പെടാന്‍ പോകുന്നില്ല.പൊതുസമൂഹത്തിലും വി എസന് ഒരു പ്രാധാന്യവും കിട്ടില്ല. വി എസ് അടിസ്ഥാനപരമായി ഒരു സ്റ്റാലിനിസ്റ്റ് ആണ്. തന്റെ കൂടെയുള്ളവരെവെച്ച് അദ്ദേഹം ഒരു ഐഡിയലിസം അഭിനയിക്കുകയായിരുന്നു. അതിലൊരുപരിധിവരെ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞു. കുനിയന്‍ മദിച്ചാല്‍ കൊടിത്തോട് വരെ എന്നൊരു ചൊല്ലുണ്ട്. മലയാളികള്‍ മദിച്ചാല്‍ വി എസ് വരെ എന്നും പറയാം. മലയാളിക്ക് പോകുവാന്‍ കഴിയുന്നൊരു ദൂരമായിരുന്നു വി എസ്. മലയാളി ഒരിക്കലും വലിയ വിപ്ലവങ്ങള്‍ക്കൊന്നും തയ്യാറല്ല. വി എസ് അടയാളപ്പെടുത്തിയിരുന്നതും മലയാളിയുടെ ഈ ദൗര്‍ബല്യത്തെയായിരുന്നു.

അനിവാര്യമായ ഈ പതനത്തെക്കാള്‍ എനിക്ക് ആകാംക്ഷ നല്‍കുന്നത് പിണറായിയുടെ പിന്തുടര്‍ച്ചക്കാരനാണ്. 

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുകയും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയുമാണ്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിഞ്ഞെങ്കിലും പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടിയുടെ ഇമേജ് തകര്‍ത്തയാളാണ് പിണറായി വിജയന്‍. ഇത്രയും നാള്‍ തന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം കൊണ്ടുമാത്രമാണ് അദ്ദേഹം സെക്രട്ടറിയായി തുടര്‍ന്നത്. ഞാനതിനെ കുറ്റം പറയുന്നില്ല. മന്നം ഇരുന്ന കസേരയില്‍ സുകുമാരന്‍ നായര്‍ക്ക് ഇരിക്കാമെങ്കില്‍, കുമാരനാശാന്‍ ഇരുന്ന കസേരയില്‍ വെള്ളാപ്പള്ളിക്ക് ഇരിക്കാമെങ്കില്‍ കൃഷ്ണപിള്ള ഇരുന്നിടത്ത് പിണറായിക്കും ഇരിക്കാം. നമുക്കെങ്ങനെ അദ്ദേഹത്തെ മാത്രമായി വിമര്‍ശിക്കാന്‍ പറ്റും. എനിക്ക് പിണറായി വിജയനോട് എന്തെങ്കിലും വിദ്വേഷം ഉള്ളതുകൊണ്ട് പറയുന്നതല്ല, വിജയനോട് അനുകമ്പ മാത്രമേയുള്ളൂ. അടിയന്തിരാവസ്ഥകാലത്ത് ഒരുമിച്ച് ജയില്‍ കിടന്നിട്ടുള്ളവരുമാണ് ഞങ്ങള്‍. പക്ഷേ, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിനുപോലും ഫിറ്റല്ലായിരുന്നയൊരാള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാലോ? 

പിണറായിയെ ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ കാണുന്നത് രക്ഷകനായിട്ടാണ്. കാറും കോളും നിറഞ്ഞ കടലില്‍ കമ്യൂണിസം എന്ന കപ്പലിനെ മുങ്ങാതെ കാക്കുന്ന കപ്പിത്താനായിട്ട്. ശരിയായിരിക്കാം. പക്ഷെ അങ്ങനെയൊരാളെ പാര്‍ട്ടിക്ക് വേണമായിരിക്കും, കേരളത്തിന് മുഖ്യമന്ത്രിയായി ആവശ്യമില്ല. അത്രനല്ല മുഖ്യമന്ത്രിയല്ലാതിരുന്നിട്ടും നായനാരെ നമ്മള്‍ സ്‌നേഹിക്കുന്നത് അദ്ദേഹത്തിന്റെ നര്‍മ്മവും അദ്ദേഹത്തിലൊരു കാരണവരെ നമ്മള്‍ കാണുന്നതും കൊണ്ടാണ്. അങ്ങനെയൊരു സമീപനം പിണറായിയോട് സാധ്യമല്ല, കൂടെയുള്ളവന്റെ തോളില്‍ കയ്യിടാന്‍പോലും തയ്യാറാകാത്തയൊരാളാണല്ലോ അദ്ദേഹം.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ മോശം ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാക്കിയ പിണറായി വിജയന് നമുക്ക് ആശംസിക്കാനുള്ളത് സ്വസ്ഥമായൊരു വിശ്രമജീവിതമാണ്. കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെയുള്ള ജീവിതം. രാഷ്ട്രീയം ഉപേക്ഷിച്ച് പഴയ കഥകളൊക്കെ എഴുതി, എകെജി സെന്ററില്‍പോയി പുസ്‌കങ്ങളൊക്കെ മറിച്ചുനോക്കി ആ ജിവിതമങ്ങനെ ആഹ്ലാദകരമാവട്ടെ.

പിണറായി വിജയനെക്കുറിച്ചോ, സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്നതിനെക്കുറിച്ചോ അല്ല ചര്‍ച്ച ചെയ്യേണ്ടത്, അടുത്ത സെക്രട്ടറി ആരെന്നതു തന്നെയാണ് നിര്‍ണായകം. കണ്ണൂര്‍ ഗ്രൂപ്പിലെ ആരെങ്കിലുമാണെങ്കില്‍ സിപിഎം കൂടുതല്‍ ജനവിരുദ്ധമാകും. ഒരു സാധ്യത, എം എ ബേബിയോ, തോമസ് ഐസക്കോ സെക്രട്ടറി ആവുകയെന്നതാണ്. പൊതുസമൂഹത്തിന് സ്വീകാര്യമായ ചില ഘടകങ്ങള്‍ ഇവരിലുണ്ട്. അല്‍പ്പം അനാര്‍ക്കിസം, അല്‍പ്പം ലിബറല്‍ മനോഭാവം, അതിലെല്ലാമുപരി അവര്‍ രണ്ടുപേരും ചിരിക്കുന്നവരാണ്. ഉരുക്കുപ്രതിമകളല്ല അവര്‍. പിണറായി അതാണല്ലോ. 

പാര്‍ട്ടി ഓര്‍ക്കേണ്ട ഒന്നുണ്ട്. ഇത് ആപ്പിന്റെ കാലത്തെ പാര്‍ട്ടി സമ്മേളനമാണ്. രക്ഷപ്പെടാനുള്ള അവസാന അവസരമായി ഈ സമ്മേളനം കാണണം. അതുകൊണ്ടുതന്നെ പിണറായിയുടെ രാഷ്ട്രീയഭാവി എന്താണെന്നല്ല, അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആരാകണം എന്നതു തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. പതിനഞ്ചുവര്‍ഷം മുമ്പ് എവിടെയും പാറുന്ന ചെങ്കൊടികള്‍ കണ്ടിരുന്ന ബംഗാളില്‍ ഇന്നാ കാഴ്ച്ചകളില്ല. ഇന്നത്തെ ബംഗാള്‍ നാളത്തെ കേരളമാകും. അതു വിധിയാണ്. തടയാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിപ്പോള്‍ മാത്രമാണ്. ഈ സംസ്ഥാന സമ്മേളനമാണ് അവസാന അവസരം. അതവര്‍ ഉപയോഗിക്കുമോ അതോ മറ്റൊരു കണ്ണൂര്‍ ഗൂണ്ടയെ സെക്രട്ടറിയാക്കി അവരോധിക്കുമോ? അങ്ങനെയാണെങ്കില്‍ ഈ പാര്‍ട്ടി ഏതെങ്കിലും മ്യൂസിയങ്ങളില്‍ ഫോസില്‍ ആയി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നാളെ ഈ ഇന്ത്യന്‍ ഭൂഖണ്ടത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നൊരു പാര്‍ട്ടിയെ കുറിച്ച് വരും തലമുറയ്ക്ക് എന്തെങ്കിലുമൊക്കെ അറിയാന്‍ ആ ഫോസില്‍ ഉപകാരപ്പെടുമായിരിക്കും.

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍