UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ് ഇനിയെങ്കിലും സ്വയം വിമര്‍ശനത്തിനു തയ്യാറാവണം

Avatar

കെ. എ .ആന്റണി

സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് സഖാവ് വി എസ് അച്യുതാനന്ദന്‍ ആണെങ്കില്‍ പോലും. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന കമ്മ്യൂണിസ്റ്റ്. ഏറെക്കാലം പാര്‍ട്ടിയെ നയിച്ച പ്രമുഖ നേതാക്കളില്‍ ഒരാള്‍. ഒരു തവണ മുഖ്യമന്ത്രിയായ ആള്‍. കമ്മ്യൂണിസ്റ്റുകാരികളും അല്ലാത്തവരുമായ ബഹുഭൂരിപക്ഷ സ്ത്രീകളുടെയും കൈയ്യടി നേടിയ കേരളത്തിലെ ഏക മുഖ്യമന്ത്രി; എന്നിങ്ങനെ പോകുന്നു വി എസ്സിനെ കുറിച്ചുള്ള പുകഴ്ത്തുപാട്ടുകള്‍. കാലം മാറി. ഇനിയിപ്പോള്‍ വേലിക്കകത്തു ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന സഖാവ് ഈ പ്രായത്തിലും വലിയ വലിയ സ്വപ്‌നങ്ങള്‍ നെയ്യുന്നതില്‍ ഒരല്‍പം യുക്തിരാഹിത്യം ഇല്ലേ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

മുഖ്യമന്ത്രി പദത്തില്‍ രണ്ടാം ഊഴം സ്വപ്നം കണ്ട വി എസ്സിന് അത് ലഭിച്ചില്ല. ആദ്യം കിട്ടിയതു കേരളാ കാസ്‌ട്രോ എന്ന പദവി മാത്രം. വി എസിനെ തഴയുന്നു എന്ന ആരോപണം ശക്തമായപ്പോള്‍ ഭരണ പരി,്കരണ കമ്മിഷന്‍ ചെയര്‍മാന്‍ ആക്കി. പക്ഷെ ഓഫീസ് പ്രശനം ഇന്നും ഒരു വിവാദമായി കത്തി നില്‍ക്കുന്നു. പിഎംജി യില്‍ ഓഫിസ് അനുവദിച്ചു ഉത്തരവായിട്ടുണ്ട്. എന്നാല്‍ അവിടെ പോരാ സെക്രട്ടേറിയേറ്റ് അനെക്‌സില്‍ തന്നെ ഓഫിസ് വേണമെന്നാണ് സഖാവിന്റെ ആവശ്യം. അത് നടക്കുന്ന കാര്യമല്ലെന്നു സര്‍ക്കാരും പാര്‍ട്ടിയും. 

സാമ്പത്തിക അടിയന്തിരാവസ്ഥ ഒറ്റ രാത്രികൊണ്ടു സ്വന്തം നാട്ടിലെ സാധാരണ ജനതയെ മുള്‍മുനയില്‍ നിര്‍ത്തിയ മോദി സര്‍ക്കാരിനെ ഒരേ സമയം പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്ന മാധ്യമ കൗശലത്തിനിടയില്‍ തന്നെയാണ് സഖാവ് വി എസ്സിന് പിഎംജിയിലെ ഓഫീസ് പോര സെക്രട്ടേറിയേറ്റില്‍ തന്നെ വേണം ഓഫീസ് എന്ന വാര്‍ത്ത ആ ദിവസത്തെ പ്രധാന വാര്‍ത്തയാക്കാന്‍ നമ്മുടെ ചാനല്‍ പൈതങ്ങള്‍ കാട്ടിയ തിടുക്കത്തെ വായിച്ചെടുക്കാന്‍. ഒരു വാര്‍ത്തയ്ക്കും ഇപ്പോള്‍ പിതൃത്വം ഇല്ലെങ്കിലും ആര് എവിടെ അന്തക വിത്ത് വിതക്കുന്നു എന്ന് മനസ്സിലാക്കാന്‍ പണ്ട് പിണറായി പറഞ്ഞ എംബെഡഡ് ജേര്‍ണലിസം തന്നെ വേണമെന്നില്ല. 

സഖാവ് വി എസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ എവിടെ നില്‍ക്കുന്നു എന്നിടത്തല്ല അദ്ദേഹം എങ്ങനെ പുനര്‍ വായിക്കപെടുന്നു എന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ആയ കാലത്തു പാര്‍ട്ടിക്ക് ചെയ്ത നന്മകളേക്കാള്‍ പുനര്‍വായിക്കപ്പെടുന്നത് തിന്മകളാണെന്നതിനാല്‍ ഇനിയിപ്പോള്‍ കമ്മ്യൂണിസ്റ്റു വിരോധികളുടെ പ്രിയനായി ചരിത്ര താളില്‍ ഒതുങ്ങേണ്ടുന്ന ഒരു വലിയ ഗതികേടിലേക്കാണ് സഖാവ് വി എസ്സും നടന്നു നീങ്ങുന്നതെന്ന് ഒട്ടൊരു സങ്കടത്തോടു കൂടിത്തന്നെ അദ്ദേഹത്തോട് പറയേണ്ടതുണ്ടെന്നു തോന്നുന്നു. ലാഘവബുദ്ധി വെടിഞ്ഞു കാര്യങ്ങളെ കുറച്ചുകൂടി യാഥാര്‍ഥ്യ ബോധത്തോടെ കാണാന്‍ ഇനിയെങ്കിലും അദ്ദേഹം തയ്യാറാവേണ്ടതുണ്ടെന്നു തോന്നുന്നു.

പണ്ട് പാടി ഇരുത്തുകയും അവസരം കിട്ടുമ്പോള്‍ ഒക്കെ അവരവരുടെ ആവശ്യങ്ങള്‍ക്കായി പുകഴ്ത്തുകയും ചെയ്യുന്ന മാധ്യമ മുതലാളി തന്ത്രം വി എസ്സിനെപ്പോലെ ഒരാള്‍ക്ക് എന്തുകൊണ്ടാവും ഇനിയും പിടികിട്ടാതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വലതു പക്ഷ മാധ്യമങ്ങളും പാര്‍ശ്വവര്‍ത്തികളും ചേര്‍ന്ന് അദ്ദേഹത്തെ വല്ലാത്തൊരു ഗതികേടിലേക്കാണ് കൊണ്ടെത്തിക്കുന്നത് എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഒട്ടേറെയാണ്.

വലതു പക്ഷ മാധ്യമങ്ങള്‍ സഖാവ് വി എസ്സിനെ പുനരുല്‍പ്പാദനം ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെ ആയിട്ടില്ല. വികസന വിരുദ്ധന്‍, വെട്ടിനിരത്തല്‍ നായകന്‍ എം വി ആറിനെയും ഗൗരിയമ്മയെയും ഒക്കെ പുറത്താക്കാന്‍ ചരട് വലിച്ച ശകുനി എന്നൊക്കെ ഏറെ കാലം എഴുതിയ പത്രങ്ങളും പിനീട് ചാനലുകളും വി എസ് മഹാനായ നേതാവ്. ആദര്‍ശധീരനായ കമ്മ്യൂണിസ്റ്റ് എന്നൊക്കെ ഇവരൊക്കെ വാഴ്ത്തിപ്പാടാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാണ് ?

സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വല്ലാതെ ഒറ്റപ്പെട്ടുകൊണ്ടിരുന്ന വി എസ്സിന്റെ പ്രതിച്ഛായ വളരെ പെട്ടെന്നാണ് ഗംഭീരമായത്. ഈ പ്രതിച്ഛായ വര്‍ദ്ധനവിന് പിന്നില്‍ ഷാജഹാന്‍ എന്നൊരു പി ആര്‍ഒ ഉണ്ടായിരുന്നു. അയാളാണ് വി എസ്സിന് ജനമധ്യത്തില്‍ ഒരു പുതിയ മുഖം നല്‍കിയത്. എന്നാല്‍ കാര്യം കണ്ടു കഴിഞ്ഞപ്പോള്‍ ഷാജഹാനെ വി എസ് എങ്ങനെ തള്ളിക്കളഞ്ഞുവെന്നു നമ്മള്‍ കണ്ടതാണ്. ഇതേ വി എസ്സിന്റെ അധികാര മോഹം കണ്ടു മനം മടുത്തുവെന്നു ഷാജഹാന്‍ മാത്രമല്ല ഒരു കാലത്തു അദ്ദേഹത്തെ പാവപ്പെട്ടവരുടെയും സ്തീകളുടേയുമൊക്കെ സംരക്ഷകന്‍ ആയി കണ്ട പലരും ഇന്ന് മാറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നു. വി എസ്സിനെ മുഖ്യ കഥാപാത്രമാക്കി താന്‍ രചിച്ച ‘ ഗ്രീഷ്മമാപിനി ‘ എന്ന നോവലിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കരുതെന്നു പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പുസ്തകത്തിന്റെ പ്രസാധകര്‍ക്ക് കത്ത് നല്‍കിയത് ഈ അടുത്ത കാലത്താണ്. വി എസ് അധികാരത്തിനു പിന്നാലെ പോകുന്നു എന്ന ആരോപണമാണ് സുരേന്ദ്രനും ഉന്നയിച്ചിരിക്കുന്നത്. 

ആരൊക്കൊയോ ചേര്‍ന്ന് ഊതിവീപ്പിച്ച പ്രതിച്ഛായക്ക് അനുദിനം മങ്ങലേറ്റുകൊണ്ടിരിക്കുന്നു. പ്രിയ സഖാവ് ഇനിയങ്കിലും ഒരു സ്വയം വിമര്‍ശനത്തിന് തയ്യാറാവേണ്ടതുണ്ട് എന്ന് തോന്നുന്നു.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍