UPDATES

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കരുതെന്നു വിഎസ്

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടിവയ്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിശ്ചിത കാലയളവില്‍ത്തന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണ്. അത് നീട്ടിവയ്ക്കാനുള്ള ശ്രമം ഭരണഘടനാ ലംഘനവുമാണ് അതുകൊണ്ട് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ജനങ്ങള്‍ സമ്മതിക്കുകയില്ലെന്നും വി എസ് പറഞ്ഞു .

ഭരണഘടനയുടെ 243 ഇ, യു വകുപ്പുകളില്‍ യഥാക്രമം പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കാലദൈര്‍ഘ്യം സംബന്ധിച്ച് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതനുസരിച്ച് ‘ഓരോ പഞ്ചായത്തും അതിന്റെ ആദ്യയോഗത്തിന് നിശ്ചയിച്ച തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്ക് തുടരുന്നതും അതിനപ്പുറത്തേക്ക് തുടരുന്നതല്ലാത്തതുമാകുന്നു’ എന്നാണ് നിബന്ധന. നഗരസഭകളുടെ കാര്യത്തിലും ഇതു തന്നെയാണ് പറയുന്നത്. ഇത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതിനു വിരുദ്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്.

അഡ്വക്കേറ്റ് ജനറലിനെയും എജിയുടെ ഓഫീസിനെയും സ്വകാര്യ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിച്ചതുപോലെ, ഇപ്പോള്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെയും ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണ്.

സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും, വിശേഷിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീംലീഗിന്റെയും, രാഷ്ട്രീയ ഗൂഢതാല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് വാര്‍ഡ്‌വിഭജനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി, ഇപ്പോള്‍ തെരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും വി എസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍