UPDATES

പിണറായി മുന്നണിയെ ദുര്‍ബലമാക്കി; ഔദ്യോഗികപക്ഷത്തിനെതിരെ രണ്ടും കല്‍പ്പിച്ച് വി എസ്

അഴിമുഖം പ്രതിനിധി

ചെറിയൊരിടവേളയ്ക്കുശേഷം വി എസ് വീണ്ടും വിമതസ്വരമുയര്‍ത്തി. ഔദ്യോഗികപക്ഷത്തിനെതിരെയുള്ള തന്റെ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ട് പിണറായി വിജയനെ  കടന്നാക്രമിക്കുന്ന പ്രസ്താവനകളുമായാണ് വി എസ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. പിണറായി പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന അതീവഗുരുതരമായ ആരോപണമാണ് വി എസ് ഉന്നയിച്ചത്. പഴയനേതൃത്വം പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലമാക്കി. പൊതുയോഗത്തില്‍ ആളുകള്‍ കൂടിയതു കണ്ട് അഹങ്കരിച്ച് ഇനി ഞങ്ങള്‍ ഒറ്റയ്ക്ക് ഭരിക്കുമെന്ന് അഹങ്കരിച്ചു. ഘടക കക്ഷികളെ പുറത്താക്കി മുന്നണി ശിഥിലീകരിച്ചു. അപ്പോള്‍ അതിന് ജനം ചെകിട്ടത്തു അടിനല്‍കിയെന്നും വി എസ് ശക്തമായ ഭാഷയില്‍ തുറന്നടിച്ചു.ഇടതുമുന്നണിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് കിട്ടിയത് ആര്‍എസ്പിയും ജെഡിയും ഉള്ളപ്പോഴായിരുന്നുവെന്ന് മറക്കരുതെന്നും വി എസ് പറഞ്ഞു. 

ആര്‍ എസ് പി ഇപ്പോഴും പാര്‍ട്ടിയെ വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു രാഷ്ട്രീയപാര്‍ട്ടിയെ പരിഹസിക്കാവുന്നതിന് അപ്പുറമായിരുന്നു അവരോട് കാണിച്ചതെന്നായിരുന്നു വി എസിന്റെ മറുപടി. ജെഡിയു നേതാവ് വീരേന്ദ്രകുമാറിനെ കണ്ടത് ചായ കുടിക്കാനല്ലായിരുന്നുവെന്നും രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുമെന്നും വി എസ് വ്യക്തമാക്കി. എന്നാല്‍ ജെഡിയു ഇടതുപക്ഷത്തേക്ക് വരുമോ എന്ന ചോദ്യത്തോട് ചര്‍ച്ചകളുടെ ഫലം പുറത്തുവരുമ്പോള്‍ അറിയാമെന്നും അപ്പോള്‍ അതെക്കുറിച്ച് എഴുതിയാല്‍ മതിയെന്നുമായിരുന്നു വി എസ് പറഞ്ഞത്. ഇടതു മുന്നണിയിലേക്ക് ആര്‍എസ്പിയും ജെഡിയും തിരിച്ചുവരുമെന്ന തരത്തിലുള്ള സൂചനകളാണ് വി എസ് നല്‍കിയത്.

വര്‍ഗീയ കക്ഷികളോട് കൂട്ടുകൂടിയതും പാര്‍ട്ടിക്ക് ദോഷകരമായെന്നു പറഞ്ഞതിലൂടെ ഈ കുറ്റവും ഔദ്യോഗികപക്ഷത്തിന്റെ മേല്‍ ചാര്‍ത്താന്‍ വി എസ് ധൈര്യം കാണിച്ചു ഇടതുപാര്‍ട്ടികളെ പുറത്താക്കി വര്‍ഗീയകക്ഷികളെ കൂടെക്കൂട്ടി. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പക്വതയുള്ളവര്‍ ഇല്ലാത്തതിനാല്‍ വിമര്‍ശനവുമുണ്ടായില്ല. സെക്രട്ടേറിയേറ്റില്‍ പക്വതയുള്ളവരുടെ കുറവുണ്ടെന്നും വി എസ് പരിഹാസമുയര്‍ത്തി.

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും വി എസ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍