UPDATES

ഉമ്മന്‍ ചാണ്ടിയുടെയും മാണിയുടെയും വിധേയനാണു താനെന്നു സ്പീക്കര്‍ വീണ്ടും തെളിയിച്ചു; വി എസ്

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പി സി ജോര്‍ജിന്റെ രാജി സ്വീകരിക്കാതെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും, ഇതുവഴി സ്പീക്കര്‍ കോണ്‍ഗ്രസിന്റെ ചെരുപ്പിന്റെ വാറഴിക്കുന്നയാളായി അധ:പതിച്ചിരിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചതിനു ശേഷം അദ്ദേഹത്തെ പുറത്താക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളതെന്ന് വി എസ് ചോദിച്ചു. പി സി ജോര്‍ജ് സ്പീക്കറെ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ മുന്നില്‍വച്ചാണ് രാജിക്കത്ത് എഴുതി നല്‍കിയത്. അതുകൊണ്ടുതന്നെ രാജിക്കത്തിന്റെ സത്യസന്ധതയെപ്പറ്റിയും വസ്തുനിഷ്ഠതയെപ്പറ്റിയും ഒരു സംശയവും ഇല്ല. ഈ സാഹചര്യത്തില്‍ രാജി സ്വീകരിക്കുക എന്നതാണ് സാമാന്യമായ നിയമനടപടിയും ജനാധിപത്യമര്യാദയും. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് സ്പീക്കര്‍ ജോര്‍ജിനെ പുറത്താക്കിയത്. ആത്മഹത്യ ചെയ്തയാളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതു പോലുള്ള അസംബന്ധമാണ് സ്പീക്കറുടെ നടപടിയില്‍ പ്രകടമാകുന്നത്.

ജനാധിപത്യ നടപടിക്രമത്തിനാകെ നാണക്കേടുണ്ടാക്കിയ ശക്തന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും വേണ്ടി എന്തു വിടുപണി ചെയ്യാനും തയ്യാറായി നില്‍ക്കുന്ന വെറുമൊരു ‘വിധേയന്‍’ മാത്രമാണ് താനെന്ന് സ്പീക്കര്‍ ശക്തന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. മുന്‍ഗാമിയായിരുന്ന ജി കാര്‍ത്തികേയന്‍ ഇരുന്ന കസേരയിലാണ് ശക്തന്‍ ഇരിക്കുന്നതെന്നത് ആ പദവിക്ക് ഏറ്റിരിക്കുന്ന കളങ്കമാണെന്നും വി എസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍