UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നവരോട്

വി എസ് അച്യുതാനന്ദന്‍

(ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ (മണക്കാട്) പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും, ശ്രീനാരായണഗുരുവിന്റെ 88-ാമത് സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഏഴര പതിറ്റാണ്ടു കാലം മികച്ച പ്രവര്‍ത്തനത്തിലൂടെ ഈ നാടിന്റെ പുരോഗതിയില്‍ വലിയ സംഭാവന നല്‍കാന്‍ ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരമാണ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരുവിന്റെ സമാധി ദിനാചരണവും സംഘടിപ്പിച്ചിരിക്കുന്നു എന്ന സവിശേഷത കൂടി ഈ ചടങ്ങിനുണ്ട്.

നമ്മുടെ നാടിനെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ വായനശാലകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ജനാധിപത്യത്തിന്റെ പാഠശാലകളും പരിശീലനക്കളരികളുമാണ് ഗ്രാമീണ വായനശാലകള്‍. അഞ്ചോ, പത്തോ വായനശാലകളില്ലാത്ത ഒരു പഞ്ചായത്തും ഇന്ന് നമ്മുടെ സംസ്ഥാനത്ത് ഇല്ല. കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഏഴായിരത്തിലധികം ഗ്രന്ഥശാലകള്‍ ഉണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല. ജനാധിപത്യവല്‍ക്കരണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലായതിന് ഒരുകാരണം ഇതാണ്. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് സാക്ഷരതയാണ്. കേരളത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കിയതില്‍ അനൗപചാരിക വിദ്യാകേന്ദ്രങ്ങളായ വായനശാലകള്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്.

വായനശാലകള്‍ നമ്മുടെ നാടിന്റെ ദീപസ്തംഭങ്ങളാണ്. അന്ധവിശ്വാസവും അനാചാരങ്ങളും ജാതീയതയും അയിത്തവുമെല്ലാം അവസാനിപ്പിക്കുന്നതിന് ജനകീയ സമരകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചത് വായനശാലകളാണ്. എന്നാല്‍ പുതിയ തലമുറ പഴയ കാലഘട്ടങ്ങളിലേതുപോലെ വായനശാലകളെ ആശ്രയിക്കുകയോ വായനശാലകളിലെ കൂട്ടായ്മയുടെ ഭാഗമാവുകയോ ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. പാഠപുസ്തകങ്ങളിലും മല്‍സരപരീക്ഷകളിലും തളച്ചിടപ്പെടുകയാണ് നമ്മുടെ കൗമാരം എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. പാഠപുസ്തകങ്ങള്‍ക്കും ഗൈഡുകള്‍ക്കുമപ്പുറത്തേക്ക് വായന വികസിക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. വായന മരിക്കുമ്പോള്‍ സാമൂഹ്യബോധവും മരിക്കുന്നു. അരാഷ്ട്രീയം വളരുന്നു. തന്‍കാര്യം നോക്കികളുടെ ഒരു വലിയകൂട്ടം ഉയര്‍ന്നുവരുന്നു. ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണിത്. ഇത് നമ്മുടെ നാടിനെ പിറകോട്ടാണ് വലിക്കുക. അതുകൊണ്ട്, പുതിയ തലമുറയില്‍ വായന പ്രോല്‍സാഹിപ്പിക്കാനും സാമൂഹ്യബോധം വളര്‍ത്താനും ഗ്രന്ഥശാലാപ്രസ്ഥാനം വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു.

നമ്മുടെ നാട് ദീര്‍ഘകാലത്തെ ആശയസമരത്തിലൂടെ കൈവരിച്ച ജാത്യതീതവും മതനിരപേക്ഷവുമായ സാമൂഹ്യബോധവും രാഷ്ട്രീയബോധവും ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സമുദായസംഘടനകളിലും വര്‍ഗീയസംഘടനകളിലും പരസ്യമായി അണിനിരക്കാന്‍ മുമ്പൊക്കെ മടിച്ചുനിന്നിരുന്നവര്‍ പോലും ഇന്ന് അവയുമായി ബന്ധപ്പെടുന്നു. വര്‍ഗീയവികാരവും സാമുദായികവികാരവും പരസ്യമായി പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. അത്തരം സംഘടനകള്‍ വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് സമ്മര്‍ദശക്തികളാകുന്നു. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരാകട്ടെ അതിനെ നഗ്നമായി പ്രോല്‍സാഹിപ്പിക്കുന്നു. പാഠപുസ്തകങ്ങളില്‍ എന്തുചേര്‍ക്കണമെന്നും എന്തു ചേര്‍ക്കരുതെന്നുമൊക്കെ വര്‍ഗീയസംഘടനകള്‍ ശഠിക്കുന്ന സ്ഥിതി വരെ വന്നുചേരുന്നു.

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു വായനശാലയാണ് ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാല. നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ ഓര്‍മ്മകളുമായി ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സാംസ്‌കാരിക സ്ഥാപനമാണ് ഇത്. ഇവിടെ ശ്രീനാരായണ ദര്‍ശനങ്ങള്‍ സാര്‍ത്ഥകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക സ്വാഭാവികമാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഗുരുവിന്റെ സമാധി ദിനാചരണം കൂടി സംഘടിപ്പിച്ചിട്ടുള്ളത്.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആസൂത്രിതമായി വളച്ചൊടിക്കുകയും, ചില പ്രമാണിമാര്‍ അത് തങ്ങളുടെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന അത്യന്തം അപലപനീയമായ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗുരുവിന്റെ 88-ാമത് സമാധി ദിനാചരണം നടക്കുന്നത്.

ഗുരു തന്റെ ജീവിതവും, കര്‍മ്മകാണ്ഡവും, ദര്‍ശനങ്ങളും, ആശയ സംഹിതകളുമൊക്കെ എന്തിനുവേണ്ടിയാണോ ഉപയോഗപ്പെടുത്തിയത്, അതിനു നേരെ കടകവിരുദ്ധമായ രീതിയില്‍ അവ ദുരുപയോഗം ചെയ്യുന്നു എന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുള്ളവര്‍ തന്നെ അത്തരത്തില്‍ ചെയ്യുന്നു എന്നതാണ് ഏറ്റവും ദയനീയം.

ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത് എന്ന ഉറച്ച വിശ്വാസത്തില്‍ ഊന്നിയതാണ് ഗുരുദര്‍ശനം. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്ത് മാനവികതയുടെ വിശാലമായ ലോകമാണ് ഗുരു കാട്ടിത്തന്നത്. അത്തരമൊരു വിശാലമായ ലോകത്തേക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് ഗുരു പ്രദാനം ചെയ്തത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗരൂപീകരണത്തില്‍പോലും ഗുരുവിന്റെ ഈ വീക്ഷണമാണ് പ്രതിഫലിച്ചിരുന്നത്. അതില്‍ നിന്ന് വ്യതിചലിച്ചപ്പോഴൊക്കെ അതിനെതിരെ താക്കീതും മുന്നറിയിപ്പും നല്‍കാനും ഗുരു ശ്രദ്ധിച്ചിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍പ്പോലും ഗുരു പറഞ്ഞത് ” നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നാണ്”. അല്ലാതെ ഈഴവ ശിവനെയെന്നല്ല. എസ്.എന്‍.ഡി.പിയുടെ വരേണ്യ നേതൃത്വത്തിന് വേണമെങ്കില്‍ ഗുരുവിനെ അങ്ങനെ വ്യാഖ്യാനിക്കാം.

പക്ഷെ, കുമാരനാശാന്‍ പതിനാലു വര്‍ഷം ഇരുന്ന കസേരയിലിരുന്ന് ഗുരുവിനെ ഈഴവ ഗുരുവാക്കുന്നതാണ് ചരിത്രനിഷേധവും അപകടകരവും. അങ്ങനെ ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യവാദികള്‍ വിനിയോഗിക്കുക തന്നെ ചെയ്യും.

എസ്. എന്‍. ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ പാടിയത് ‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ” എന്നാണ്. ഇത് ആശാന്‍ പറഞ്ഞത് ചണ്ഡാലഭിക്ഷുകിയിലാണ്. ചണ്ഡാലഭിക്ഷുകി എഴുതിയത് 1923 ലായിരുന്നു. ഇതിനും ഏഴു വര്‍ഷം മുമ്പാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ ഒരു വിളംബരം നടത്തിയത്. 1916 ല്‍ ആലുവ അദൈ്വതാശ്രമത്തില്‍ വച്ചു നടത്തിയ ആ വിളംബരത്തിനു നല്‍കിയ തലക്കെട്ടുതന്നെ ”നമുക്ക് ജാതിയില്ല” എന്നായിരുന്നു എന്നും ഓര്‍ക്കണം.

ഈ പശ്ചാത്തലത്തിലാണ് ഗുരുദര്‍ശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിന് പിന്നിലെ അപകടവും, അസംബന്ധവും തിരിച്ചറിയേണ്ടത്. ശ്രീനാരായണ പ്രസ്ഥാനത്തെ മതസ്പര്‍ധയുടെ അടയാളമുളള സംഘപരിവാറുമായി യോജിപ്പിക്കാന്‍ ശ്രമിക്കുന്നത്, മനുഷ്യസ്‌നേഹത്തിലും, ഉന്നതമായ മാനവികതയിലും അധിഷ്ഠിതമായ വലിയൊരു പ്രസ്ഥാനത്തെയും, അതിന് ഊര്‍ജവും, ഉന്മേഷവും പകര്‍ന്ന അദ്വിതീയനായ നവോത്ഥാന നായകന്റെ ദര്‍ശനങ്ങളെയും അനാഥമാക്കും. സാധാരണക്കാരന് ആത്മധൈര്യം പകര്‍ന്നുതന്ന ഗുരുവിന്റെ ആശയസമരത്തിന്റെ ജ്വാലകളെ തല്ലിക്കെടുത്തും. സവര്‍ണ്ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയ സമരത്തെ അതേ ജാതിക്കോമരങ്ങള്‍ക്ക് മുന്നില്‍ അടിയറവയ്ക്കുന്നത് എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവും.

ജാതി ഉള്‍പ്പെടെയുള്ള കൊടിയ ദുരിതങ്ങള്‍ പേറിയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ- പിന്നോക്ക വിഭാഗങ്ങള്‍ കഴിഞ്ഞത്. ഈ സാമൂഹ്യ അസമത്വം ദൂരീകരിക്കുന്നതിനാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിട്ടുള്ളത്. ഈ സംവരണം പൊളിച്ചെഴുതണമെന്നാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭഗവത് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ആരാണ് ഈ മോഹന്‍ഭഗവത്? നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിയന്ത്രിക്കാന്‍ കഴിവുള്ള ഇന്ത്യയിലെ ഏക നേതാവാണ്. ഇദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനയോട് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംവരണ സമരാഭാസത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ- പിന്നോക്കജാതി വിഭാഗങ്ങളുടെ സംവരണം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സമരം തുടങ്ങിയത്. ചില ആര്‍.എസ്.എസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതിന് പിന്തുണ നല്‍കിയിരുന്നു. മോഹന്‍ഭഗവത് പരസ്യമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. ജാതി സംവരണം എടുത്തു കളയണമെന്ന് നേരത്തെ ആര്‍.എസ്.എസ്. താത്വികാചാര്യന്‍ എം.ജി. വൈദ്യയും പറഞ്ഞിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യയില്‍ നടന്ന സമരത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി നേതാവായ എല്‍.കെ. അദ്വാനി ആയിരുന്നു. കോണ്‍ഗ്രസും, ബി.ജെ.പിയും മണ്ഡല്‍ കമ്മീഷനെതിരെ കൈ കോര്‍ത്തുപിടിച്ചാണ് വി.പി.സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത്.

ഇക്കാര്യങ്ങളൊക്കെ വെള്ളാപ്പള്ളി നടേശനും, മറ്റും അറിയാമോ എന്തോ? അക്കാലത്ത് നടേശന്‍ മറ്റു ചില കച്ചവടങ്ങളില്‍ മാത്രം വ്യാപരിച്ചിരുന്ന ആളായതുകൊണ്ട് ഒരു പക്ഷെ, ഇതൊന്നും മനസ്സിലാക്കിക്കാണില്ല.

സാധാരണ ബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണോ നടേശന്‍ ബി.ജെ.പിയുടെ പാളയത്തിലേക്ക് പിന്നോക്ക വിഭാഗങ്ങളെ കൊണ്ടുചെന്ന് എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? പിന്നോക്ക വിഭാഗങ്ങളുടെ ബുദ്ധി ആര്‍ക്കും തീറെഴുതിയിട്ടില്ലാ എന്നും അവര്‍ക്ക് ചിന്താശക്തി ഉണ്ടെന്നും നടേശന്‍ മനസ്സിലാക്കുന്നത് നന്ന്.

ഗുരുവിന്റെ 88-ാമത് സമാധി ദിനാചരണ വേളയില്‍ ഈവക കാര്യങ്ങള്‍ സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.

ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകരുടെയും, കമ്യൂണിസ്റ്റ്-ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഒക്കെ ഇടപെടലുകളുടെ ഭാഗമായി ഏറെ മുന്നോട്ടുപോയ കേരളത്തിന്റെ സാംസ്‌കാരിക ജീവിതം വീണ്ടും പ്രശ്‌ന സങ്കീര്‍ണമാവുകയും ആശാസ്യമല്ലാത്ത പല പ്രവണതകളും നടമാടുകയും ചെയ്യുന്ന ഇക്കാലത്ത് ശ്രീനാരായണ ദര്‍ശനങ്ങള്‍ക്കും അതിന്റെ പിന്‍പറ്റി സഞ്ചരിക്കുന്ന ലൈബ്രറികള്‍ അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഇനിയും പലതും ചെയ്യാനുണ്ട്. കാലഘട്ടത്തിന്റെ ഈ ആവശ്യം മനസ്സിലാക്കി കൂടുതല്‍ ക്രിയാത്മകമായി വായനയെയും ചര്‍ച്ചകളെയും മുന്നോട്ടുകൊണ്ടുപോകാനും അതുവഴി നമ്മുടെ സാമൂഹ്യ-സാംസ്‌കാരികജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍