UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളി ചണ്ഡാലഭിക്ഷുകി വായിച്ചിട്ടുണ്ടോ? വി എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Avatar

വി എസ് അച്യുതാനന്ദന്‍

ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ലോകാരാധ്യനായ ശ്രീനാരായണ ഗുരുവിന്റെ 161-മത് ജയന്തിയോടനുബന്ധിച്ചുള്ള ഈ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം, ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രസക്തി വര്‍ധിച്ചിരിക്കുന്ന കാലമാണിത്. ആ മഹാദര്‍ശനങ്ങള്‍ ഗൂഢതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭവുമാണിത്. അതുകൊണ്ട്, ശ്രീനാരായണ ദര്‍ശനങ്ങള്‍ സംബന്ധിച്ച് അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. 

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമാണല്ലോ ശ്രീനാരായണഗുരു തന്റെ ജീവിതവും ചിന്തകളും കൊണ്ട് കേരളത്തെ ഉണര്‍ത്തിയത്. ശ്രീനാരായണഗുരു ജീവിച്ച കാലത്ത് കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നു കാണുന്ന കേരളമായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടുകിടന്ന ഭൂപ്രദേശമായിരുന്നു. ഈ മൂന്ന് പ്രദേശങ്ങളിലും മൂന്നുതരത്തിലുള്ള ജീവിതക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് നിലനിന്നിരുന്നത്. എല്ലാതരത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതരീതിയായിരുന്നു എന്നു ചുരുക്കം. 

തിരുവിതാംകൂറും കൊച്ചിയും നേരിട്ടുളള രാജഭരണത്തിനുകീഴിലും മലബാര്‍ പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിട്ടുമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്റെയും ദിവാന്‍ ഭരണത്തിന്റെയും കെടുതികളില്‍ ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലമായിരുന്നു. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല ജന്മി-ഭൂപ്രഭൂ വര്‍ഗ്ഗത്തിന്റെയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്. സാമൂഹ്യമായി ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നു. സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍ മാത്രമായിരുന്നില്ല ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നത്. ഒരേ ജാതിയില്‍ തന്നെ പെട്ട വിവിധ ഉപജാതികള്‍ക്കിടയിലും തൊട്ടുകൂടായ്മയും തീണ്ടിക്കുടായ്മയും ഉണ്ടായിരുന്നു. 

സവര്‍ണ്ണരല്ലാത്ത ആളുകള്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. പട്ടിക്കും പൂച്ചയ്ക്കും പോലും ഉണ്ടായിരുന്ന അവകാശമാണ് താഴ്ന്നതെന്ന് പറയപ്പെടുന്ന ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ പാവപ്പെട്ട മനുഷ്യര്‍ക്ക് നിഷേധിക്കപ്പെട്ടത്. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപങ്ങളാണല്ലോ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും. അവര്‍ണ്ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് അന്ന് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അധ:സ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ അയ്യങ്കാളിക്ക് അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പ്രത്യേക വിദ്യാലയം ആരംഭിക്കേണ്ടിവന്നു.

സാധാരണക്കാരും തൊഴിലാളികളുമായ ആളുകള്‍ക്കൊന്നും മേല്‍മീശ വെച്ചു നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാനും കഴിയുമായിരുന്നില്ല. ”നരനുനരന്‍ അശുദ്ധവസ്തു” എന്ന് കവി പാടിയത് ഇത്തരം ദുര്‍നീതികള്‍ കണ്ടാണ്. 

ഇത്തരമൊരു ജീര്‍ണ്ണിച്ച കാലത്തില്‍ നിന്ന് അവര്‍ണ്ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക് പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങളും ആപ്തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ”മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി”, ”അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം”, ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക” തുടങ്ങിയ വചനങ്ങള്‍ മനുഷ്യജീവിതത്തിന്റെ പുതിയ ഭാവതലങ്ങള്‍ പ്രകടമാക്കുന്നതാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആപ്തവാക്യത്തിലൂടെ മതങ്ങള്‍ക്കു മുകളില്‍ മനുഷ്യനെ പ്രതിഷ്ഠിക്കുകയാണ് ഗുരു ചെയ്തത്. 

ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത് എന്ന ഉറച്ച വിശ്വാസത്തില്‍ ഊന്നിയതാണ് ഗുരുദര്‍ശനം. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്ത് മാനവികതയുടെ വിശാലമായ ലോകമാണ് ഗുരു കാട്ടിത്തന്നത്. അത്തരമൊരു വിശാലമായ ലോകത്തേക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് ഗുരു പ്രദാനം ചെയ്തത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എസ് എന്‍ ഡി പി യോഗരൂപീകരണത്തില്‍പോലും ഗുരുവിന്റെ ഈ വീക്ഷണമാണ് പ്രതിഫലിച്ചിരുന്നത്. അതില്‍ നിന്ന് വ്യതിചലിച്ചപ്പോഴൊക്കെ അതിനെതിരെ താക്കീതും മുന്നറിയിപ്പും നല്‍കാനും ഗുരു ശ്രദ്ധിച്ചിട്ടുണ്ട്. 

ഇതൊന്നും മനസ്സിലാക്കാന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി നടേശന് സാധിക്കുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ പരിമിതിയായി കാണാനേ കഴിയൂ. അതിന് നടേശന്‍ എന്നോട് കോപിച്ചിട്ട് വല്ല കാര്യവുമുണ്ടോ? നടേശന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് ശ്രീനാരായണ ഗുരു ഈഴവ ഗുരു ആണെന്നാണ്. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍പ്പോലും ഗുരു പറഞ്ഞത് ” നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നാണ്”. അല്ലാതെ ഈഴവ ശിവനെയെന്നല്ല. നടേശന് വേണമെങ്കില്‍ ഗുരുവിനെ അങ്ങനെ വ്യാഖ്യാനിക്കാം. പക്ഷെ, കുമാരനാശാന്‍ പതിനാലു വര്‍ഷം ഇരുന്ന കസേരയിലിരുന്ന് ഗുരുവിനെ ഈഴവ ഗുരുവാക്കുന്നതാണ് ചരിത്രനിഷേധവും അപകടകരവും. അങ്ങനെ ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള അവകാശം ഞങ്ങളെപ്പോലുള്ളവര്‍ക്കുണ്ടെന്നെങ്കിലും നടേശന്‍ മനസ്സിലാക്കണം.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ പാടിയത് ‘ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ” എന്നാണ്. ഇത് ആശാന്‍ പറഞ്ഞത് ചണ്ഡാലഭിക്ഷുകിയിലാണ്. ചണ്ഡാലഭിക്ഷുകി എഴുതിയത് 1923 ലായിരുന്നു. നടേശന്‍ ഇതൊന്നു വായിച്ചു നോക്കണം. ഇതിനും ഏഴു വര്‍ഷം മുമ്പാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ ഒരു വിളംബരം നടത്തിയിട്ടുണ്ട്. 1916 ല്‍ ആലുവ അദൈ്വതാശ്രമത്തില്‍ വച്ചു നടത്തിയ ആ വിളംബരത്തിനു നല്‍കിയ തലക്കെട്ടുതന്നെ ”നമുക്ക് ജാതിയില്ല” എന്നായിരുന്നു. ഇതൊക്കെ വല്ലപ്പോഴും ഒന്നു വായിക്കുന്നതു കൊണ്ട് അപകടമൊന്നും ഉണ്ടാവില്ലെന്നെങ്കിലും നടേശന്‍ മനസ്സിലാക്കണം. 

ഇതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഇന്നിപ്പോള്‍ സംഘപരിവാറിന്റെ കൊടിമൂത്ത ഒരു വനിതാ നേതാവുകൂടിയായ കേന്ദ്രമന്ത്രിയെയാണ് നടേശന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പറയാന്‍ കണിച്ചുകുളങ്ങരയില്‍ കൊണ്ടുവന്നത്. ”രാമസന്തതികളാണോ അതോ ജാരസന്തതികളാണോ ഡല്‍ഹി ഭരിക്കുന്നത്” എന്ന വൃത്തികെട്ട ചോദ്യം ചോദിച്ച്, ഒടുവില്‍ മാപ്പിരന്ന് പ്രതിഷേധങ്ങളില്‍ നിന്ന് രക്ഷപ്പെട്ട സാധ്വി നിരഞ്ജന്‍ ജ്യോതി എന്ന മന്ത്രിയെയാണ് അദ്ദേഹം ഈ ചതയദിനത്തില്‍ സന്ദേശം നല്‍കാന്‍ ആനയിച്ചത്. ശാന്തം പാപം എന്നല്ലാതെ എന്തു പറയാന്‍?

ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാര്‍ ശക്തികളുടെ കാല്‍ക്കീഴില്‍ കാണിയ്ക്ക വയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ അധാര്‍മ്മികതയും അപകടങ്ങളും പരിശോധിക്കാതിരിക്കാന്‍ ഈയൊരു പശ്ചാത്തലത്തില്‍ കഴിയില്ല. കേരളീയ സാമൂഹ്യ ജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ. 

ജാത്യഭിമാനത്തിന്റെയും, ഹിന്ദുത്വ അജണ്ടയുടെയും ഇതര മത സ്പര്‍ധയുടെയും ത്രിശൂലങ്ങള്‍ ഓങ്ങുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതി-മത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരൂവിന്റെ ദര്‍ശനപൂര്‍ണിമയോട് എങ്ങനെയാണ് കൂട്ടിക്കെട്ടാന്‍ കഴിയുക? ഗുരുവിന്റെ ദര്‍ശനവും, സംഘപരിവാര്‍ അജണ്ടയും തമ്മില്‍ കടലും, കടലാടിയും പോലുള്ള വ്യത്യാസമുണ്ടെന്നത് തന്നെ. ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിലെ ഇരുളടഞ്ഞ വശമാണ് ചാതുര്‍വര്‍ണ്യം. ചാതുര്‍വര്‍ണ്യത്തെ ഗുരു അതിശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. അതുകൊണ്ട് ജാതിവികാരത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ ഒരു കാലത്തും യോജിച്ചുപോകില്ല. സ്വകാര്യ-സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഗുരുവിന്റെ നാമത്തെയും പ്രസ്ഥാനത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാനും ദുരുപയോഗം ചെയ്യാനും ഒരു ശക്തിയെയും അനുവദിച്ചുകൂടാ. പുരോഗമനത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കേരളത്തില്‍ വഴി തുറന്നുകൊടുത്തത് ഗുരുവാണ്. ജാതിരഹിതവും മതഭേദരഹിതവുമായ ഒരു മനുഷ്യലോകത്തിന്റെ തുടിപ്പുകളാണ് ഗുരുവില്‍ നിന്ന് കേരളം അറിഞ്ഞത് .

ഗുരുദര്‍ശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് വലിയൊരു പ്രസ്ഥാനത്തെയും, അതിന് ഊര്‍ജവും, ഉന്മേഷവും പകര്‍ന്ന അദ്വിതീയനായ നവോത്ഥാന നായകന്റെ ദര്‍ശനങ്ങളെയും അനാഥമാക്കും. സാധാരണക്കാരന് ആത്മധൈര്യം പകര്‍ന്നുതന്ന ഗുരുവിന്റെ ആശയസമരത്തിന്റെ ജ്വാലകളെ തല്ലിക്കെടുത്തും. സവര്‍ണ്ണ ജാതിക്കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയ സമരത്തെ അതേ ജാതിക്കോമരങ്ങള്‍ക്ക് മുന്നില്‍ അടിയറവയ്ക്കുന്നത് എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവും. 

‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്നായിരുന്നു ഗുരു പഠിപ്പിച്ചത്. മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞുവച്ചത്. ഈ നവോത്ഥാന സന്ദേശം ഏറ്റുവാങ്ങി മുന്നേറുകയെന്നതാണ് വര്‍ത്തമാനകാല കേരളം അഭിലഷിക്കുന്നത്.

ഗുരുവിന്റെ ജന്മംകൊണ്ട് ധന്യമായ ചെമ്പഴന്തിയില്‍ നിന്നു തന്നെ ഇത്തരമൊരു മുന്നേറ്റത്തിന്റെ ദീപശിഖ ഉയരണമെന്നാണ് ഞാന്‍ ആശിക്കുന്നത്. ജാതി-മത ചിന്തകള്‍ക്ക് അപ്പുറത്തേക്ക് ജനങ്ങളെ ഉണര്‍ത്താന്‍ സ്വജീവിതം സമര്‍പ്പിച്ച ഗുരുവിനുള്ള ആദരവും അതുതന്നെയാണ്. ഗുരുവിന്റെ 161-ാമത് ജയന്തി ആഘോഷങ്ങള്‍ അതിനു കരുത്തു പകരട്ടെ എന്നാശംസിക്കുന്നു.


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍