UPDATES

നേതൃത്വത്തെയും തന്നെയും തമ്മിലടിപ്പിക്കാനുള്ള കള്ള പ്രചരണങ്ങള്‍ നിര്‍ത്തണം; വി എസ്

അഴിമുഖം പ്രതിനിധി

പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇപ്പോള്‍ തന്നെ ബന്ധപ്പെടുത്തി പുറത്തുവരുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് വി എസ് പറയുന്നത്. താനുമായി നടത്തിയ അഭിമുഖമെന്നു പറഞ്ഞ് ഒരു ദൈ്വവാരിക പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങള്‍ ചില മാധ്യമങ്ങളില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. തികച്ചും അവാസ്തവമായ കാര്യങ്ങളാണ് ഈ വാര്‍ത്തകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ സിപിഐ എമ്മിനെ കരിവാരിത്തേക്കാനും, തന്നെ അപമാനിക്കുന്നതിനുമായി കരുതിക്കൂട്ടി നടത്തുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. ഈ കള്ളപ്രചാരവേല ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണം. പാര്‍ടി സംസ്ഥാന നേതൃത്വവും താനും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ പാഴ്‌വേലയെന്നും വി എസ് പറഞ്ഞു.

സിപിഎം വിമതരുടെ പ്രസിദ്ധീകരണമായ ജനശക്തിയില്‍ വന്ന അഭിമുഖത്തിലാണ് വി എസ് പാര്‍ടി നേതൃത്വത്തിന്റെ നടപടികളെ ചോദ്യം ചെയ്യുന്നതായി വന്നിട്ടുള്ളത്. നേതൃത്വം വരുത്തിയ തെറ്റുകള്‍ മുന്നണിക്ക് ദോഷം വരുത്തിയിട്ടുണ്ടെന്നും അതെല്ലാം തിരുത്തുക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി എസ് അഭിമുഖത്തില്‍ പറയുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുചേരാന്‍ നേതാക്കളില്‍ ചിലര്‍ ശ്രമിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പുകളില്‍ തോല്‍വി പറ്റിയിട്ടുണ്ട്. വര്‍ഗീയപാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ലെന്ന കമ്മ്യൂണിസ്റ്റ്ധാരണയ്ക്ക് വിരുദ്ധമായി, മദനിയെപ്പോലെയുള്ളവരുടെ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മതേതര ജനവിഭാഗങ്ങളുടെ എതിര്‍പ്പുണ്ടായി. ഇതു തോല്‍വിക്ക് കാരണമായെന്നു ചൂണ്ടിക്കാട്ടിയും വി എസ് നേതൃത്വത്തെ തള്ളിപ്പറയുന്നതായി ജനശക്തിയിലെ അഭിമുഖത്തില്‍ വന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുഹൂര്‍ത്തത്തില്‍ വി എസും സിപിഎം നേതൃത്വവും ഇപ്പോഴും രണ്ടു തട്ടിലാണെന്ന പ്രചരണത്തിന് ഈ വാര്‍ത്തകള്‍ കാരണമാകുന്ന സാഹചര്യത്തിലാണ് വി എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍