UPDATES

പത്രമാനേജ്‌മെന്റുകളുടെ ജീവനക്കാരോടുള്ള പ്രതികാരനടപടികള്‍ അവസാനിപ്പിക്കണമെന്ന് വി എസ്

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തകരോടുള്ള മാനേജ്‌മെന്റുകളുടെ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പ്രതികാര മനോഭാവത്തോടെ മാതൃഭൂമി മാനേജ്‌മെന്റ് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ സി. നാരായണനെ തിരിച്ചെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

പത്രമാനേജ്‌മെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, മാധ്യമരംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന നിലനില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വി എസ് പ്രസ്താവന പുറപ്പെടുവിച്ചത്.

പത്രസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരും, ജീവനക്കാരും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിക്കുന്നതിന്റെ പേരില്‍ അവരെ ക്രൂരമായി പീഡിപ്പിക്കുകയും അന്യായമായി സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടി ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. മാതൃഭൂമി പത്രത്തില്‍ കുറച്ചു കാലമായി ഇത്തരത്തിലുള്ള പീഢനങ്ങള്‍ നടന്നുവരികയാണെന്നത് ആശങ്കാജനകമാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരെ രാജ്യത്തെ വിദൂരപ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി പീഢിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല. ഭരണാധികാരികള്‍ പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ച അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷിക നാളുകളില്‍ പത്രമാനേജ്‌മെന്റു തന്നെ പത്രപ്രവര്‍ത്തകരെ പീഢിപ്പിക്കുന്ന സ്ഥിതി ജനാധിപത്യ സമൂഹമാകെ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു.

തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രം നല്‍കി കോര്‍പറേറ്റ് സ്വഭാവമുള്ള പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നുമുണ്ട്. 

ഈവക പ്രതികാര നടപടികള്‍ ജനാധിപത്യ സംവിധാനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കും എതിരാണ്. അതുകൊണ്ട് പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം. പിരിച്ചുവിട്ട സി. നാരായണനെ തിരിച്ചെടുത്ത് മാധ്യമപ്രവര്‍ത്തനരംഗത്ത് സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍