UPDATES

ഈ മന്ത്രിസഭയില്‍ ആരെങ്കിലും അഴിമതിക്കാരല്ലാത്തവരായി ഉണ്ടോ?-വി എസ്

അഴിമുഖം പ്രതിനിധി

യു.ഡി.എഫ് ഘടകകക്ഷിമന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റുമാരിലൊരാള്‍ കെ.പി.സി.സി നേതൃയോഗത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ അതിനെക്കാള്‍ കൊടിയ അഴിമതിക്കാരാണ് കോണ്‍ഗ്രസ് മന്ത്രിമാരെന്ന് മറ്റൊരു വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഈ മന്ത്രിസഭയില്‍ ആരെങ്കിലും അഴിമതിക്കാരല്ലാത്തവരായി ഉണ്ടോ എന്ന് കെ.പി.സി.സിയുടെയും സര്‍ക്കാരിന്റെയും വക്താക്കള്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇതിനുമുമ്പ് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് കെ.എം.മാണി അഴിമതി നടത്തിയിട്ടില്ലെന്ന് കൊച്ചുകുട്ടികള്‍പോലും വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഡി.സി.സി പ്രസിഡന്റ് പറഞ്ഞത്. മാണിയുടെ സ്വന്തം ജില്ലക്കാരനാണ് ഇദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്ന ഈ അഴിമതിക്കഥകള്‍ അവിശ്വസിക്കേണ്ടതില്ല. കൂടെക്കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയാവൂ – വി.എസ് പറഞ്ഞു.

മാവേലി സ്‌റ്റോറിലെ അരിയുടെ വില കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതിനെക്കാള്‍ ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ്, സപ്‌ളൈകോ സ്ഥാപനങ്ങളിലെല്ലാം നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമാക്കി. വൈദ്യുതി, കുടിവെള്ള, യാത്രാനിരക്കുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന വിധത്തിലുള്ള ഭീമമായ വര്‍ദ്ധന വരുത്തി. എന്നാല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് 22 ലക്ഷം രൂപയായിരുന്ന ബാര്‍ലൈസന്‍സ് ഫീസ് ഈ സര്‍ക്കാര്‍ 23 ലക്ഷം രൂപയാക്കിയതേയുള്ളൂ. എക്‌സൈസ് വകുപ്പ് ഇത് 25 ലക്ഷവും 30 ലക്ഷവും ആയി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് വര്‍ദ്ധിപ്പിക്കാത്തതിന്റെ രഹസ്യം ഇപ്പോഴാണ് പുറത്തുവന്നത്. കാര്യമായ എതിര്‍പ്പില്ലാതെ സര്‍ക്കാരിന് കോടികള്‍ സ്വരൂപിക്കാമായിരുന്ന ഈ വരുമാനമാര്‍ഗം പരിഗണിക്കാതിരുന്നത് എക്‌സൈസ് മന്ത്രിയുടെ താല്‍പര്യപ്രകാരമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതിനായി എക്‌സൈസ് മന്ത്രി നേരിട്ട് പണം വാങ്ങിയതായുള്ള ബാര്‍ ഉടമകളുടെ ആരോപണവും, ബിജു രമേശിന്റെ 164 പ്രകാരമുളള മൊഴിയും ഇത് ശരിവയ്ക്കുകയല്ലേ ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.

ലോറി സമരംമൂലം ജനം പൊറുതിമുട്ടിയപ്പോള്‍ അത് ചര്‍ച്ച ചെയ്യാതെ  കേരളീയരുടെ ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍  കരിഞ്ചന്തക്കാരുടെ പിടിയിലേക്ക്  തള്ളിയിട്ടതിന് മുഖ്യമന്ത്രിയും ധനമന്ത്രിയും മാപ്പുപറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍