UPDATES

എയിഡഡ് കോളേജുകളിലെ നിയമനം; വിഎസ്സേ, അങ്ങ് എന്തുകൊണ്ട് പിഎസ്‌സിക്കു വിട്ടില്ല?

Avatar

ഡി ധനസുമോദ്

സമുദായ സംഘടനയുടെ ഏറ്റവും താഴേത്തട്ടിലെ യൂണിറ്റ് സെക്രട്ടറി വലിയ പ്രതീക്ഷയോടെയാണ് ഏറ്റവും വലിയ നേതാവിനെ കാണാന്‍ പോയത്. സമുദായാംഗങ്ങളുടെ ട്രസ്റ്റ് നടത്തുന്ന കോളേജില്‍ മകന് ഒരു അധ്യാപക ജോലി, അതുമാത്രമായിരുന്നു പ്രതീക്ഷ. മകന്‍ പി ജി റാങ്ക് ജേതാവ് കൂടി ആയതിനാല്‍ മെരിറ്റിന്റെ കാര്യത്തില്‍ ആ പിതാവിന് സംശയമേ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി സമുദായ സംഘടനയുടെ ശാഖയില്‍ പ്രവര്‍ത്തിക്കുകയും മാസവരിയും മരണഫണ്ടും അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തു കൃത്യമായി അടക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് നേതാവിന്റെ വസതിയില്‍ കയറിച്ചെല്ലാന്‍ സ്വന്തമായി കല്‍പ്പിച്ച സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. തന്നെ കാണാന്‍ എത്തിയിരിക്കുന്നത് മകന്റെ ജോലിക്ക് ആണെന്ന് അറിഞ്ഞതോടെ നേതാവ് ഇരിക്കാന്‍ പോലും പറഞ്ഞില്ല ‘നാലോ അഞ്ചോ ലക്ഷം സംഘടനയ്ക്ക് സംഭാവന തരാം’ എന്ന് കേട്ടതോടെ നേതാവിന് ദേഷ്യമായി. പിടിച്ചു പുറത്താക്കി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. അങ്ങേയറ്റം വ്രണിത ഹൃദയനായിട്ടാണ് ആ പിതാവ് തിരിച്ചു പോയത്. ഇത് കേവലം ഒരു പിതാവിന്റെ മാത്രം കഥയല്ല. പിടിയരി സംഭാവനയായി വാങ്ങി പണിതുയര്‍ത്തിയ കോളേജ് എന്നതൊക്കെ സമുദായാംഗങ്ങളെ ഉത്തേജിപ്പിക്കാന്‍ നേതൃത്വം ഇടയ്ക്ക് പുറത്തെടുക്കുന്ന മുദ്രാവാക്യം മാത്രമാണ്.

പാലോറ മാത നല്‍കിയ പശുകിടാവായിരുന്നു ദേശാഭിമാനിയുടെ മൂലധനം. ഇതുപോലെ പിടിയരി മൂലധനത്തെ പുറത്തെടുക്കുന്നത് ചില രാഷ്ട്രീയക്കാരെ തോല്‍പ്പിക്കാന്‍ കൂടി ആയിരുന്നു. എസ് എഫ് ഐ യുടെ പ്രതാപകാലത്തിന്റെ അസ്തമയ ദിശയില്‍ സംസ്ഥാന സെക്രട്ടറി ആയ ആളാണ് പി.രാജീവ് (നിലവില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി). അന്ന് എസ് എഫ് ഐയുടെ സമരത്തിന്റെ ഭാഗമായി കോളേജ് പടിക്കല്‍ നിരാഹാരവും സമരവും ഒക്കെ ഉണ്ടായിരുന്നു. സമുദായ സംഘടനയുടെ കോളേജിനെ വരച്ചവരയില്‍ വിദ്യാര്‍ഥി സംഘടന നിര്‍ത്തിയതിന്റെ ദേഷ്യം പുറത്തെടുക്കാനായത് എറണാകുളം ജില്ലയിലെ വടക്കേക്കര നിയമസഭ മണ്ഡലത്തില്‍ പി രാജീവ് സ്ഥാനാര്‍ഥി ആയപ്പോഴയിരുന്നു. പിടിയരി പഴഞ്ചൊല്ല് പൊടി തട്ടിയെടുത്തു, സമുദായ അംഗങ്ങള്‍ക്കിടയില്‍ വാരി വിതറി. കെപി ധനപാലനെ വെട്ടി നിരത്തി നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഏതാനും ദിവസം മുന്‍പ് കെ. കരുണാകരന്‍ കളത്തിലിറക്കിയ എം. എ ചന്ദ്രശേഖരനു മുന്നില്‍ വിദ്യാര്‍ഥി നേതാവ് കൂടി ആയിരുന്ന പി രാജീവ് പരാജയപ്പെട്ടു.

സമുദായ വികാരം ഇളക്കി വിടാന്‍ ഉപകരിക്കുമെന്നല്ലാതെ സമുദായാംഗങ്ങളുടെ മക്കള്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പോലും കോഴ കൊടുക്കാതെ രക്ഷയില്ല. അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് മാനദണ്ഡം നോട്ടിന്റെ പിന്‍ബലം മാത്രമാണ്. സമുദായാംഗത്തിന്റെ മകന്‍ നല്‍കാമെന്ന് പറഞ്ഞ നോട്ടുകെട്ടിനെക്കാള്‍ കൂടുതല്‍ തുക പ്രവാസിയായ സുഹൃത്ത് നല്‍കിയപ്പോള്‍ അന്യമതസ്ഥനായ ഒരാള്‍ക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക തസ്തിക മാറ്റിവച്ചു. പണത്തിനു മീതെ പരുന്തു മാത്രമല്ല സമുദായവും പറക്കില്ല.

കേരളത്തില്‍ വിരലില്‍ എണ്ണാവുന്ന കോളേജുകള്‍ മാറ്റി നിര്‍ത്തിയാല്‍ അധ്യാപക-അനധ്യാപക ജോലിക്ക് മാനദണ്ഡം പണം മാത്രമാണ്. ഏറ്റവും കൂടുതല്‍ നല്‍കാം എന്ന് പറയുന്നവര്‍ക്ക് പോസ്റ്റ് മാറ്റി വയ്ക്കും. സമുദായ സ്‌നേഹം പറയുന്നത് സ്‌കൂളും കോളേജും അനുവദിക്കാന്‍ മാത്രമാണ്. നിയമനം നടത്തി കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണ് ‘അവഗണന’ എന്ന സ്ഥിരം ഡയലോഗ്. ജാതിമത വ്യത്യാസം ഇല്ലാതെ ഭൂരിപക്ഷ-ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ വന്‍തുക കോഴ നല്‍കിയാണ് ഓരോ നിയമനവും നടത്തുന്നത്. അമ്പതു ലക്ഷം വരെയാണ് ഇപ്പോള്‍ കോഴ വാങ്ങുന്നത്. പണം പേശി വാങ്ങുന്നതില്‍ ഒരു സമുദായവും പിന്നിലല്ല. ഇത് തടയുന്നതില്‍ കക്ഷിഭേദമില്ലാതെ പറയാം ഒരു രാഷ്ട്രീയക്കാരനും/കാരിയും ചെറുവിരല്‍ അനക്കാറില്ല.

അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി നൂറു കോടി കോഴ വാങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണം. എയിഡഡ് കോളേജുകളില്‍ മാനേജ്‌മെന്റ് നിയമനം നടത്തുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ആണല്ലോ ചെയ്യുന്നത്. ഈ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം എന്ന ആവശ്യത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ പ്രതിപക്ഷ നേതാവ് നാലു വര്‍ഷം മുന്‍പ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നല്ലോ. എയിഡഡ് കോളേജുകളിലെ നിയമനം അന്ന് പിഎസ്‌സിക്ക് വിട്ടു കൂടായിരുന്നോ? എങ്കില്‍ ഈ നൂറുകോടിയില്‍ കുറച്ചെങ്കിലും കുറവുണ്ടാകുമായിരുന്നല്ലോ.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ എയിഡഡ് കോളേജുകളിലെ നിയമനം പിഎസ്‌സിക്ക് വിടാതിരുന്നതിന്റെ തടസം സിപിഐ യുടെ പിടിവാശിയായിരുന്നു എന്ന് ഒരു ഉന്നതനായ വിദ്യാര്‍ഥി നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫില്‍ നിന്നും ഇത്തരത്തിലെ ധീരമായ തീരുമാനം സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിക്കുന്നില്ല. കാരണം ജാതിമത സംഘടന ട്രസ്റ്റ് കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും താങ്ങായും തണലായും നില്‍ക്കുക എന്ന നയം ‘ഭംഗിയായി’ അവര്‍ നടപ്പിലാക്കുന്നുമുണ്ട്. ഇടതു ഭരണകാലത്ത് എയിഡഡ് കോളേജുകളിലെ നിയമനം പി എസ് സിക്ക് വിട്ടിരുന്നെങ്കില്‍ ജാതിമത സംഘടനകള്‍ ഒച്ചപ്പാട് ഉണ്ടാക്കുമായിരുന്നെങ്കിലും കേരളത്തിന്റെ പൊതു മനസാക്ഷി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമായിരുന്നു. പോയ വണ്ടിക്കു കൈകാണിച്ചിട്ടു കാര്യമില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ നൂറു ദിവസത്തിനുള്ളില്‍ എയിഡഡ് കോളേജുകളിലെ നിയമനം പിഎസ്‌സിക്ക് വിടുമെന്ന് പറയാന്‍ വിഎസ്സിനോ പിണറായിക്കോ കോടിയേരിക്കോ ധൈര്യമുണ്ടോ? ഇതുപോലുള്ള ഉത്തരങ്ങളിലാണ് ഇനി ഇടതുപക്ഷത്തിന്റെ ഭാവി. വെള്ളാപ്പള്ളി എതിര്‍ക്കുമ്പോള്‍ മാത്രം ഓര്‍മ വരേണ്ട കാര്യമല്ല അധ്യാപക നിയമന അഴിമതി.

( ടിവി ന്യൂ വാര്‍ത്ത ചാനല്‍ ന്യൂസ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമാണ് ലേഖകന്‍ )

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍