UPDATES

നടേശന്റെ അത്ഭുത പുത്രന് എന്നെ ജയിപ്പിക്കാനുള്ള കഴിവൊന്നും ഇല്ല; വി എസ് അച്യുതാനന്ദന്‍

Avatar

അഴിമുഖം പ്രതിനിധി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിഖണ്ഡി എന്ന് വിളിച്ച് തന്നെ ആക്ഷേപിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ വിവരക്കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. സത്യവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായാണ് കുരുക്ഷേത്രത്തെ മഹാഭാരതത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഈ യുദ്ധത്തില്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചേരിയില്‍ അണിനിരന്ന ശിഖണ്ഡിയുടെ നാമം തനിക്ക് ചാര്‍ത്തുമ്പോള്‍ നടേശന്‍ കൗരവപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയാണെന്ന് ആര്‍ക്കും വെളിവാകും. 

യഥാര്‍ത്ഥ ശ്രീനാരായണീയരും നടേശക്ഷേമസഭയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതില്‍ യഥാര്‍ത്ഥ ശ്രീനാരായണീയരുടെ പക്ഷത്ത് താന്‍ നില്‍ക്കുമ്പോള്‍ നടേശകുടുംബക്ഷേമസഭയുടെ പക്ഷത്താണ് നടേശന്‍. ചില സവര്‍ണര്‍ എഴുതിത്തരുന്നത് പ്രസംഗവേദിയില്‍ വായിക്കുന്ന ആളാണ് താനെന്നാണ് നടേശന്റെ മറ്റൊരാക്ഷേപം. തന്റെ പാര്‍ട്ടിയിലും ഓഫീസിലും സവര്‍ണരുമില്ല അവര്‍ണരുമില്ല. മനുഷ്യരേയുള്ളൂ. ശ്രീനാരായണഗുരുവിന്റെ കൃതികളും ദര്‍ശനങ്ങളും അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നതിന് തെറ്റുവരാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് ചിലപ്പോള്‍ എഴുതിവായിക്കുന്നത്. ”ഒരു പീഡ ഉറുമ്പിനും” എന്നുതുടങ്ങുന്ന പ്രസിദ്ധമായ വരികള്‍ എഴുതിയത് കുമാരനാശാനാണെന്ന് വിളിച്ചുപറഞ്ഞ നടേശന്റെ വിഢിവേഷം നാമിവിടെ കണ്ടതാണ്. അത് എഴുതിയത് ശ്രീനാരായണഗുരുവാണെന്ന് ഒരുവിധപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഗുരു ആരാണെന്ന് നിശ്ചയമില്ലാതെ ദിവസവും ഗുരുനിന്ദ ചെയ്തുകൊണ്ട് നടക്കുന്ന നടേശനില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാല്‍മതിയെന്നും വി എസ് പരിഹസിച്ചു.

മലമ്പുഴയില്‍ നടേശന്റെ പുത്രന്‍ പ്രചരണത്തിനിറങ്ങിയതിനാലാണ് താന്‍ ജയിച്ചതെന്ന് നടേശന്റെ അവകാശവാദത്തെ വി. എസ്. പുച്ഛിച്ചു. നടേശന്റെ പുത്രന്‍ എന്നതില്‍ക്കവിഞ്ഞ് അയാള്‍ക്ക് മറ്റ് യോഗ്യതകളൊന്നും താന്‍ കാണുന്നില്ല. എസ്.എന്‍.ഡി.പി പ്രസ്ഥാനം നടേശകുടുംബ ക്ഷേമയോഗം ഭരിക്കുമ്പോള്‍, എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റാകാനും എസ്.എന്‍. ട്രസ്റ്റിന്റെ നേതാവാകാനും അത് ധാരാളം മതിയാകും. അല്ലാതെ, ഈ അത്ഭുത പുത്രന് തന്നെ ജയിപ്പിക്കാനുള്ള മറ്റ് കഴിവൊന്നും ഉള്ളതായി കാണുന്നില്ലായെന്നും വി. എസ്. പറഞ്ഞു. 

തനിക്ക് നടേശന്‍ ധാരാളം പണം നല്‍കിയതായി പറഞ്ഞിരിക്കുന്നതിലെ കള്ളത്തരം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുകയും പുച്ഛിച്ചു തള്ളുകയും ചെയ്യും. തന്റെ ആസ്തി ബാധ്യതകള്‍ വര്‍ഷംതോറും കഴിഞ്ഞ കേരളാ ഗവര്‍ണര്‍ക്ക് നല്‍കുന്ന വ്യക്തിയാണ് താനെന്നും, അതില്‍ നടേശന്റെ ഒരു നയാപൈസപോലും ഇല്ലായെന്ന് വ്യക്തമാണെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍