UPDATES

ഞാന്‍ പോകുന്നത് രാജേന്ദ്രനെ കാണാനല്ല, തൊഴിലാളികളെ കാണാന്‍; വി എസ്

അഴിമുഖം പ്രതിനിധി

താന്‍ മൂന്നാറില്‍ പോകുന്നത് സമരം ചെയ്യുന്ന തൊഴിലാളികളെ കാണാന്‍ വേണ്ടിയാണെന്ന് വി എസ് അച്യുതാനന്ദന്‍. മൂന്നാറില്‍ പോകുന്നത് എസ് രാജേന്ദ്രന്‍ എം എല്‍ എ യെ കാണാന്‍ ആണോയെന്നചോദ്യത്തിന്‌ രാജേന്ദ്രനെ കാണാന്‍ അല്ല പോകുന്നതെന്നും തൊഴിലാളികളെ കാണുന്നതിനായാണെന്നുമായിരുന്നു വി എസിന്റെ പ്രതികരണം. തൊഴിലാളികളുടെ ആവശ്യങ്ങളെ കുറിച്ച് താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നുവെന്നും ആവശ്യങ്ങള്‍ ന്യായമാണെന്നു മുഖ്യമന്ത്രി തന്നോടു പറഞ്ഞതായും വി എസ് പറഞ്ഞു. വാക്കുപാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ സമരം അവസാനിക്കുന്നതുവരെ തൊഴിലാളികള്‍ക്കൊപ്പം താന്‍ മൂന്നാറില്‍ ഉണ്ടാകുമെന്നും വി എസ് അറിയിച്ചു.

രാഷ്ട്രീയക്കാരെ ആരെയും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത തൊഴിലാളികള്‍ ആകെ ആവശ്യപ്പെട്ടത് വി എസ് എത്തണമെന്നു മാത്രമാണ്. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി കെ ശ്രീമതി എം പിയും അടക്കമുള്ളവര്‍ സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനായി മൂന്നാറില്‍ എത്തിയതെങ്കിലും തൊഴിലാളികള്‍ ഒട്ടും സുഖകരമായ സ്വീകരണമല്ല അവര്‍ക്ക് നല്‍കിയത്. ആദ്യം നേതാക്കളെ തങ്ങളോട് സംസാരിക്കാന്‍പോലും തയ്യാറാകാതിരുന്ന തൊഴിലാളികള്‍ പിന്നീട് ശാന്തരാകുകയായിരുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എയെ തൊഴിലാളികള്‍ ചെരുപ്പു വീശി ആട്ടിയോടിക്കുക വരെയുണ്ടായി. രാജേന്ദ്രന്‍ ഇന്നലെ മുതല്‍ സമാന്തര സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്നലെ മൂന്നാറിലെത്തിയ കോടിയേരിയും സംഘവും രാജേന്ദ്രന്റെ സമരപന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ മഹിളകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, ആര്‍ എം പി നേതാവ് കെ കെ രമ എന്നിവരും മൂന്നാറില്‍ എത്തി. ഇവരോട് തൊഴിലാളികള്‍ തങ്ങളുടെ ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അതേസമയം സമരം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയില്‍ ചര്‍ച്ച നടക്കുകയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍