UPDATES

എംഎം ഹസ്സന് വിഎസിന്റെ ഉപദേശം; ഹസ്സന്‍ ഗാന്ധിയെ പഠിക്കണം

അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാക്കന്‍മാരും തമ്മില്‍ ആരംഭിച്ച വാക് പോര് തുടരുന്നു. ഇത്തവണ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹസനാണ് വിഎസിന്റെ ഇര. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ അഭിപ്രായം ഉദ്ധരിച്ചതിന്റെ പേരില്‍ കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ തനിക്കെതിരെ വാളോങ്ങുന്നത് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ കൃതികളെയും പറ്റിയുള്ള അജ്ഞത കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതുകൊണ്ട് ഹസ്സന്‍, കാള പെറ്റെന്നു കേട്ട് കയറെടുക്കാതെ, ആദ്യം ഗാന്ധിജിയുടെ സമ്പൂര്‍ണ കൃതികള്‍ വായിച്ചു മനസ്സിലാക്കണം. എന്നിട്ടുവേണം വിമര്‍ശനം നടത്തേണ്ടത്. 

കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത് ഇന്ത്യന്‍ ചരിത്രത്തിന്റെ അനിഷേധ്യമായ ഭാഗമാണ്. എന്നാല്‍ ഇങ്ങനെ ഗാന്ധിജി പറഞ്ഞിട്ടേയില്ലെന്നാണ് ഹസ്സന്റെ ഭാഷ്യം. ഗാന്ധിജിയുടെ സമാഹൃതകൃതികളുടെ 90-ാം വാള്യം 526 മുതല്‍ 528 വരെ പേജുകള്‍ ഹസ്സന്‍ വായിക്കണം. 1948 ജനുവരി 29 ന് ഗാന്ധിജി നേരിട്ട് തയ്യാറാക്കി, വധിക്കപ്പെടുതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിക്ക് കൈമാറിയ രേഖയിലാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്. ഗാന്ധിജിയുടെ സമാഹൃത കൃതികളുടെ 90-ാം വാള്യത്തില്‍ ഗാന്ധിജിയുടെ സ്വന്തം വാക്കുകളില്‍ ഹസ്സനുള്‍പ്പെടെ ആര്‍ക്കും ഇതു വായിക്കാവുതാണ്.

ഇവിടെ ഹസ്സന്‍ ഗാന്ധിജിയുടെ വാക്കുകള്‍ക്കു നേരെ കൊഞ്ഞനം കുത്തുക മാത്രമല്ല ചെയ്തത്. അതിന്റെ പിതൃത്വം ആര്‍ എസ് എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കര്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സംസ്‌കാരം. കോണ്‍ഗ്രസ് ഇങ്ങനെ അധ:പതിക്കുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് അത് പിരിച്ചുവിടണമെന്ന്, സ്വന്തം ശ്വാസം നിലയ്ക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ്, ഗാന്ധിജി തന്നെ ആവശ്യപ്പെട്ടത്.

ഗാന്ധിജിയുടെ പ്രവചനാത്മകമായ ഈ വാക്കുകള്‍ വളരെ മുമ്പേ തന്നെ മനസ്സിലാക്കിയാണ് പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസ്സുമൊക്കെ കോണ്‍ഗ്രസ് വിട്ടത്. അതുകൊണ്ട് ഗാന്ധിജിയെ പിന്തുടര്‍ന്നില്ലെങ്കിലും ആ മഹാത്മാവിനെ അപഹസിക്കാന്‍ ഹസ്സന്‍ ശ്രമിക്കരുതെന്നും വി എസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍