UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിന് സമാശ്വാസ സമ്മാനമായി, കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ഉപദേഷ്ടാവ്

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ ഉപദേഷ്ടാവ് സ്ഥാനവും എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും സിപിഐഎം സെക്രട്ടറിയേറ്റ് അംഗത്വവും നല്‍കും. ഇത് സംബന്ധിച്ച് വിഎസിന് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കുറിപ്പ് നല്‍കി.

പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്ന വിഎസിനെ സമാശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ കാബിനറ്റ് പദവിയോടെയാണ് ഉപദേഷ്ടാവ് സ്ഥാനം നല്‍കുന്നത്. ചെലവു ചുരുക്കലിന് വിവിധ നടപടികള്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് പിണറായി വിജയന്‍ വിഎസിനെ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭരണത്തില്‍ വിഎസിന്റെ ഉപദേശം തേടിയാണ് താനെത്തിയത് എന്നായിരുന്നു പിണറായിയുടെ വിശദീകരണം. ജിഷ വധക്കേസ് അന്വേഷണവും വിലക്കയറ്റ നിയന്ത്രണവും വിഎസ് പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ ജിഷ വധക്കേസ് അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിക്കുകയും പൊതുവിതരണ ശൃംഖല വിപുലപ്പെടുത്താന്‍ 150 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭാവിയില്‍ വിഎസിന്റെ ഉപദേശങ്ങളെല്ലാം പിണറായി മന്ത്രിസഭ സ്വീകരിക്കുമോയെന്ന് കണ്ടറിയേണ്ടയിരിക്കുന്നു. ഉപദേശങ്ങള്‍ സ്വീകരിക്കാതെ വരുന്നത് ഉപദേഷ്ടാവും സര്‍ക്കാരും തമ്മിലെ സൗഹൃദാന്തരീക്ഷത്തെ ഇല്ലാതാക്കുകയും ചെയ്യും.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി പദം ഏറ്റെടുക്കാതെയിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദേശീയ ഉപദേശ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തുകയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കാള്‍ ശക്തയായി തീരുകയും ചെയ്തിരുന്നു. അവര്‍ കാബിനറ്റ് റാങ്കോടെ യുപിഎ ചെയര്‍പേഴ്‌സണുമായി. രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. സമാനമായ ഒരു അവസ്ഥയും ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ച് വിഎസും പിണറായിയും സ്വന്തം നിലപാടുകളുള്ളവരും ശക്തരുമായതിനാല്‍ സംഘര്‍ഷങ്ങള്‍ക്ക് കുറവുമുണ്ടാകില്ല. കൂടാതെ പഴയ സിപിഐഎം ഗ്രൂപ്പു വഴക്കിന്റെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസ്സിലുണ്ട്.

വിഎസിനെ കാബിനറ്റ് പദവിയോടെ സര്‍ക്കാരിന്റെ ഉപദേഷ്ടാവാക്കാനുള്ള തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലെടുത്തേക്കും. ഇടതുമുന്നണിയുടെ ചെയര്‍മാന്‍ എന്ന പദവി പുതുതായി വിഎസിനുവേണ്ടി സൃഷ്ടിക്കുന്ന ഒന്നാണ്. അദ്ദേഹം ഈ പദവികള്‍ ഏറ്റെടുക്കുമെന്ന സൂചനയാണുള്ളത്. സിപിഐഎം കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്താണ് അദ്ദേഹത്തിന് സമാശ്വാസ പദവികള്‍ ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍