UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി വി എസിന്റെ മൂന്നാര്‍ മോഡല്‍ സമരം

അഴിമുഖം പ്രതിനിധി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അനിശ്ചിതകാല സമരത്തിന്. സെക്രട്ടറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെസമരപന്തലിലാണ് വിഎസിന്റെ സമരം. രാവിലെ 11.30 ഓടെ അദ്ദേഹം സമരപന്തലില്‍ എത്തുന്നത്. ഈ മാസം 26-ന് വിഎസ് ആണ് സമരം ഉദ്ഘാടനം ചെയ്തത്.

പൊമ്പിളെ ഒരുമെയുടെ മൂന്നാര്‍ സമരത്തിന്റെ മുന്നണിയിലെത്തി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച മാതൃകയാണ് വിഎസ് എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും പിന്തുടരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രധാന വിഷയമായി എന്‍ഡോസള്‍ഫാന്‍ നിലനിര്‍ത്തുകയെന്ന പാര്‍ട്ടി ലക്ഷ്യവും വിഎസിന്റെ സമരത്തിനുണ്ട്.

നവകേരള യാത്രയ്ക്ക് മുന്നോടിയായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ നടത്തിയ പര്യടനം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ജനങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന് എതിരെ നിലനില്‍ക്കുന്ന വികാരത്തെ തങ്ങള്‍ക്ക് അനുകൂലമാക്കുകയെന്ന ഉന്നം കൂടിയ സിപിഐഎമ്മിനുണ്ട്.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയുടെ മുഖം മിനുക്കുന്ന വിഎസിന്റെ പ്രൗഢിക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരാനുകൂല മനോഭാവം ഗുണം ചെയ്യും. അഴിമതി ആരോപണങ്ങളില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തല്ലാനുള്ള നല്ല വടിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടിയുള്ള പോരാട്ടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍