UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിനും പിണറായിക്കും ഒറ്റ ചങ്കേയുള്ളൂ; അത് വിപ്ലവത്തിന്റേയും കമ്മ്യൂണിസത്തിന്റേയുമാണ്

Avatar

കെ എ ആന്റണി

പിണറായി ചിരിക്കണോ ഭരിക്കണോയെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് നിയുക്ത മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തന്നെയാണ്. ഇന്ന് രാവിലെ തുടങ്ങിയ അഭ്യാസങ്ങള്‍ ചില നല്ല സൂചനകള്‍ നല്‍കുന്നുണ്ട്. വിഎസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ മുന്നറിയിപ്പില്ലാതെ ചെന്ന് കണ്ട പിണറായിക്കും കോടിയേരിക്കും അറിയേണ്ടത് വിഎസ് വെറും റിട്ടയര്‍മെന്റിലായോ എന്നാണ്. ചെഗുവേരയില്‍ നിന്നും ഫിദല്‍ കാസ്‌ട്രോയിലേക്കുള്ള ദൂരം വളരെ വലുതാണ്. കാസ്‌ട്രോ ജയിലില്‍ കിടന്നപ്പോള്‍ പുറത്തു നിന്ന് പട നയിച്ച് ക്യൂബന്‍ വിപ്ലവം സാധ്യമാക്കിയ ചെഗുവേര കാസ്‌ട്രോയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. പുതിയ സര്‍ക്കാരില്‍ മന്ത്രിപദം കിട്ടിയിട്ടും അടങ്ങാത്ത വിപ്ലവ വാഞ്ചയുമായി ബൊളീവിയന്‍ കാടുകളിലേക്ക് ആണ്ടിറങ്ങിയ ചെയ്ക്ക് കാത്തിരുന്ന ദുരന്തം മരണമായിരുന്നുവെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകള്‍ നല്‍കിയത് ആയിരുന്നില്ല.

തെരഞ്ഞെടുപ്പ് കാലത്തിന്റെ ആദ്യപാദത്തില്‍ വിഎസിന്റെ പ്രായാധിക്യത്തെ അവഗണിച്ച് അദ്ദേഹത്തെ ചെയോട് ഉപമിച്ച സീതാറാം യെച്ചൂരി ഇന്നലെ വിഎസിനെ ഫിദല്‍ കാസ്‌ട്രോയിലേക്ക് എത്തിക്കുന്നതാണ് നാം കണ്ടത്. ഉപമകളും ആഖ്യാനങ്ങളും വളരെ നല്ലതാണ്. ഇവര്‍ക്കൊക്കെ അതിനുമാത്രം കേമത്തം ഉണ്ടോയെന്ന ചിന്ത ഒരു പക്ഷേ, വിപ്ലവ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലാരംബരായ ചിലരും ചിന്തിച്ചു കൂടായ്കയില്ല. നിലാരംബര്‍ അവിടെ നിക്കട്ടെ. കമ്മ്യൂണിസ്റ്റിനെ തകര്‍ക്കാന്‍, ബൂര്‍ഷ്വാസിയെ സഹായിക്കാന്‍ എക്കാലത്തും സജീവമായിരുന്ന വലതു പക്ഷമാണവര്‍. അവര്‍ക്ക് ഇടതില്‍ ചിലരെ ഉയര്‍ത്തി താഴ്ത്തിക്കെട്ടുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. വിഎസിനെ വെട്ടിനിരത്തല്‍ നായകനായി അവതരിപ്പിച്ച കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഇന്നത്തെ തലവാചകങ്ങള്‍ തന്നെ വായിച്ചാല്‍ മനസ്സിലാകും. ഏത് ചെറുത്തു നില്‍പ്പിനേയും സാവകാശം കൈയിലൊതുക്കി അടപ്പിട്ട് കടലില്‍ എറിയാനുള്ള അവരുടെയൊക്കെ കൗശലം.

തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് അറിയാനെത്തിയ ഇന്ത്യാടുഡേ, ഇന്ത്യാടിവി, സിഎന്‍എന്‍ (ന്യൂസ്18) എന്നീ ദേശീയ ചാനകളുടെ ലേഖകര്‍ക്ക് അറിയേണ്ടിയിരുന്ന മറ്റൊരു പ്രധാനകാര്യം എല്‍ഡിഎഫ് ജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്നതായിരുന്നു. അതൊക്കെ സിപിഐഎം തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ ഇന്ത്യാടുഡേക്കും ഇന്ത്യാടിവിക്കും അറിയേണ്ടിയിരുന്നത് പിണറായി വിജയന്റെ ഗുണഗണങ്ങളും ഗുണദോഷങ്ങളേയും കുറിച്ചായിരുന്നു. പിണറായി നല്ലൊരു ഭരണാധികാരിയും അതേസമയം കടുംപിടിത്തക്കാരനുമായിരുന്നു മറുപടി. സത്യത്തില്‍ വിപ്ലവത്തിന്റെ ഉഷ്ണ പഥങ്ങളിലൂടെ നടന്ന രണ്ടു പേര്‍ ഇവരില്‍ ആരാണ് കേമന്‍. അറിയില്ല. കാലം തെളിയിക്കും. ഒരാള്‍ നല്ല അഡ്മിനിസ്‌ട്രേറ്റര്‍. മറ്റൊരാള്‍ ജനപ്രിയന്‍. ഏറെ തീക്ഷണമായ തെരഞ്ഞെടുപ്പ് കോലാഹലത്തില്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ പിടിച്ചു കെട്ടിയ വിഎസിനേയും മലബാറില്‍ കളംകാത്ത പിണറായിയേയും കുറച്ചു കാണാനാകില്ല. ബംഗാളില്‍ പിഴച്ച തന്ത്രം യെച്ചൂരി കേരളത്തില്‍ പയറ്റുകയായിരുന്നു. ആവശ്യങ്ങള്‍ കഴിയുമ്പോള്‍ ആളുകള്‍ പുറത്തേക്കു പോകുന്നത് ഏത് പാര്‍ട്ടിയിലേയും നീതിശാസ്ത്രം.

കൂട്ടത്തില്‍ ഒടുവിലെത്തിയ ന്യൂസ്18-ന്റെ സ്മിത ഒരു കാര്യം എടുത്തു ചോദിച്ചു. ‘വാട്ട് മെയ്ക്ക്‌സ് വിഎസ് മോര്‍ അപ്പീലിങ് ടു ദ പീപ്പിള്‍ നൗ എ ഡേയ്‌സ്’ സ്മിതയുടെ ചോദ്യത്തില്‍ ഒരു ചൂണ്ടക്കൊളുത്തുണ്ടായിരുന്നു. അത് അവരുടെ കണ്ണില്‍ തിളങ്ങി നിന്നിരുന്നു. പഴയ വെട്ടിനിരത്തല്‍ നായകന്‍ എങ്ങനെ വനിതകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ അല്ലാത്തവര്‍ക്കും ഇത്ര പെട്ടെന്ന് സ്വീകാര്യനായി എന്നായിരുന്നു സ്മിതയുടെ ചോദ്യം. ഒരു ചിരിയില്‍ മറുപടിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്മിത പറഞ്ഞു ‘പ്രോബബ്ലി ഹിസ് ഏജ് യേണ്‍ഡ് ഹിം ദ റെസ്‌പെക്റ്റ്’ വല്ലാത്തൊരു വൈതരണി കടന്നുകിട്ടിയ ആശ്വാസത്തില്‍ അമര്‍ന്നിരിക്കുമ്പോള്‍ സ്മിത വീണ്ടും പറഞ്ഞു- യെസ് മിസ്റ്റര്‍ ആന്റണി, ഐ നോ ബിക്കോസ് ഐ റീഡ് കേരള ഫ്രം മുംബൈ ആസ് മൈ റൂട്ട്‌സ് ആര്‍ ഇന്‍ പാലക്കാട്. ദി മീഡിയ ഹാഡ് പെയിന്റഡ് വിഎസ് ഇന്‍ എ ബാഡ് ലൈറ്റ് ഫോര്‍ സെവറല്‍ ഇയേഴ്‌സ്…’

ഓര്‍മ്മ വച്ചകാലം മുതല്‍ മനസ് ആദിവാസികള്‍ക്കും ഇടതിനും ഒപ്പമായിരുന്നുവെങ്കിലും ശരിക്കും ഇടതായത് കോളെജ് വിദ്യാഭ്യാസ കാലത്താണ്. ചില നേതാക്കളെ നേരില്‍ കണ്ടിട്ടുണ്ട്. ചിലരെ പത്രങ്ങളിലൂടെയും സമ്മേളന നഗരിയില്‍ അങ്ങേത്തലയ്ക്കലുമായേ കണ്ടിട്ടുള്ളൂ. നേരില്‍ കണ്ടിട്ടുള്ള ചിലരില്‍ ഒരാളാണ് എംവി രാഘവന്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഇന്നിപ്പോള്‍ ഇല്ല. മറ്റു രണ്ടുപേര്‍ പി ജയരാജനും പിണറായി വിജയനുമാണ്. ഒരു ചെറിയ നിമിഷത്തെ സംസാരം മതി പിണറായിക്ക് ഒരു ജൂനിയര്‍ കേഡറിനെ പിടിച്ചു ഇരുത്താന്‍. കാര്യങ്ങള്‍ അതി ഗൗരവതരമായി തന്നെയാണ് അവതരിപ്പിക്കാറ്. ഇടയ്ക്ക് എസ് എഫ് ഐ വിട്ട് പോയ എനിക്ക് ആ കാലഘട്ടത്തെ കുറിച്ച് അത്രമാത്രമേ അറിയൂ. എങ്കിലും പിന്നീട് പത്രപ്രവര്‍ത്തകനായി തുടങ്ങിയ കാലം മുതല്‍ കാണുന്ന ഈ നേതാക്കള്‍ക്കിടയില്‍ എപ്പോഴും തലയുയര്‍ത്തി നിന്നിരുന്നു ഇഎംഎസും വിഎസും എംവിആറും. ഇകെ നായനാര്‍ നേതാവും സൗഹൃദ ഭാഷണക്കാരനും ആകുമ്പോഴും ഇഎംഎസിന് പഠിക്കാന്‍ ശ്രമിച്ചയാളാണ് പിണറായി വിജയന്‍. കൃത്യതയാര്‍ന്ന പ്രസംഗങ്ങള്‍. കേള്‍വിക്കാര്‍ക്കിടയില്‍ ആവേശത്തിര ഇളക്കാത്ത ഇത്തരം പ്രസംഗങ്ങള്‍ക്കുണ്ട്. എന്തുകാര്യമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകണം. ഒരു കേഡര്‍ പാര്‍ട്ടിയില്‍ പ്രസംഗത്തിന്റെ ഗാംഭീര്യത്തിന്റെ കാര്യമില്ല. കക്കന്‍ (വിക്കന്‍) ഇഎംഎസ് വിളിക്കുമ്പോഴും രാഷ്ട്രീയ തര്‍ക്കശാസ്ത്രമായിരുന്നു ഇഎംഎസ് പ്രഘോഷിപ്പിച്ചിരുന്നത്. മലബാറില്‍ അന്നത്തെ നേതാക്കന്‍മാര്‍ ഇകെ നയനാരും എംവി രാഘവനുമായിരുന്നു. ജനങ്ങളെ കൈയിലെടുക്കുന്ന അത്യാവശ്യം തമാശകളായിരുന്നു നയനാരുടെ ശൈലിയെങ്കില്‍ കുത്തും കോളുമുള്ള പ്രസംഗ രീതിയായിരുന്നു എംവിആറിന്റേത്. ഇവരില്‍ നിന്നൊക്കെ വിഭിന്നനായിരുന്നു അധികം ആരുടേയും കൈയടി വാങ്ങിക്കാത്ത പിണറായി വിജയന്റെ പ്രസംഗ ശൈലി. തെക്ക് വിഎസ് അച്യുതാനന്ദന്‍ സ്വന്തമായൊരു പ്രസംഗ ശൈലിയുണ്ടാക്കിയെടുത്തത് വളരെ പണ്ടു തന്നെയായിരുന്നു. അതിനൊരു സ്വീകാര്യത ലഭിച്ചത് ഏറെക്കാലം കഴിഞ്ഞായിരുന്നുവെന്നത് മറ്റൊരു കാര്യം. മുഖ്യമന്ത്രി പദം വീണ്ടും ഒരിക്കല്‍ കൂടി വിഎസ് മോഹിച്ചിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എങ്കിലും പാര്‍ട്ടി തന്നെയാണ് തന്റെ തട്ടകം എന്ന് തിരിച്ചറിവുള്ള അദ്ദേഹം അവിടെ തന്നെ തുടരാനാണ് സാധ്യത.

ഹായ്, ബീകൂള്‍ എന്ന് പറഞ്ഞ് കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇന്ന് പടിയിറങ്ങുന്ന വിഎസിന് മനസ്സില്‍ ചില നൊമ്പരങ്ങള്‍ ബാക്കിയുണ്ടാകാം. ആലപ്പുഴയില്‍ ഏറെക്കാലം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പഴംകഥയും അദ്ദേഹം സ്മരിക്കുന്നുണ്ടാകാം. താന്‍ ഇനിയും കേരള ജനതയുടെ കാവലാളായി തന്നെ തുടരും എന്നതായിരുന്നു വിഎസിന്റെ ഇന്നത്തെ അവസാന പ്രഖ്യാപനം. നെഞ്ചിന്‍കൂടിനുള്ളില്‍ കമ്മ്യൂണിസ്റ്റുകാരനായ ജീവിക്കുന്ന ഒരു മനുഷ്യന്റെ നന്മ പൂണ്ട വാക്കായി വേണം ഇതിനെ കാണാന്‍.

വിഎസില്‍ നിന്നും പിണറായി വിജയനിലേക്ക് എത്തുമ്പോള്‍ ഇതേ കരുത്തും ഇതേ ജാഗ്രവത്തും ഇടയ്ക്കിടെ ഉണ്ടായിപ്പോയിട്ടുള്ള തഴയപ്പെടലുകളും ബാധകം. എംവിആറിന്റെ നിഴലില്‍ നിന്ന് ഒരു പാട് വളരാനാകാതെ പോയ പിണറായിയുടെ പുതിയ രൂപമായിരുന്നു പിന്നീട് വിഎസുമായി സന്ധി ചെയ്യുമ്പോള്‍ കണ്ടത്. ഇടക്കാലത്ത് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്ന വിജയന് പിന്നീട് കുതിച്ചു കയറ്റങ്ങളുടെ കാലമായിരുന്നു. അതും വിഎസിന്റെ തണലില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പാലക്കാട്ടെ സംസ്ഥാന സമ്മേളനത്തില്‍ ആയിരുന്നില്ല. എല്ലാം കണക്കുകൂട്ടി കൊണ്ട് നടന്നിരുന്ന വിഎസിന് മാരാരിക്കുളത്തേറ്റ വന്‍ചതി തന്നെയായി സിപിഐഎമ്മിലെ വഴിത്തിരിവ്. ഗൗരിയമ്മയെ ഒഴിവാക്കി നിര്‍ത്തി മത്സരിക്കാതിരുന്ന ഇകെ നയനാരെ കൊണ്ടുവന്ന വിഎസ് പക്ഷേ, അപ്പോഴും ആശ വെടിഞ്ഞിരുന്നില്ല. മന്ത്രി സഭയില്‍ പിണറായിയെ എത്തിച്ചതും വിഎസ് തന്നെ. ആറുമാസം കഴിയുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായിയെ പറഞ്ഞു അയച്ചതും വിഎസ് തന്നെ. തൊട്ടുപിന്നാലെ വന്ന ലാവ്‌ലിന്‍ കേസും അതേചൊല്ലിയുണ്ടായ തര്‍ക്കങ്ങളും പാര്‍ട്ടിയെ കലുഷിതമാക്കിയതും തികച്ചും സ്വാഭാവികം. തെക്ക് വടക്ക് എന്ന കൃത്യമായ ഒരു വേര്‍തിരിവിലേക്ക് പാര്‍ട്ടി പൊയ്‌ക്കൊണ്ടിരിക്കുന്ന കാലത്ത് സ്റ്റാലിനിസ്റ്റ് രീതിയിലായിരുന്നു പിണറായി പെരുമാറിയിരുന്നത്. ഇക്കാര്യത്തെ ചൊല്ലിയാണ് ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുന്നതെങ്കിലും ഭരിക്കുന്നയാള്‍ വെറും പ്രതിപക്ഷ നേതാവ് അല്ലെന്നും കാര്യങ്ങളെ കുറിച്ച് ഗ്രാഹ്യമുണ്ടാകണമെന്നുമുള്ള ഭൂരിപക്ഷം കിട്ടിയ ഒരു പാര്‍ട്ടിയുടെ തീരുമാനത്തില്‍ നിന്നു തന്നെയാകണം സ്വന്തമായൊരു വോട്ടു പോലും ചെയ്യാനാകാത്ത വിഎസിനെ അവസാന നിമിഷം യെച്ചൂരിയും പുറംതള്ളിയത്. അല്ലെങ്കില്‍ തന്നെ ബംഗാളിലെ പുതിയ പരീക്ഷണം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുകയും സിപിഐഎമ്മിന് ക്ഷീണം ഉണ്ടാക്കുകയും ചെയ്തപ്പോള്‍ ബംഗാള്‍ ഘടകവും യെച്ചൂരിക്ക് എതിരെ തിരിഞ്ഞുവെന്നത് വിഎസിനെ കൃത്യമായി പറഞ്ഞു മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നുള്ളയിടത്താണ് സിപിഐഎമ്മിന്റെ ഇത്തവണത്തെ വിജയം. പ്രചാരണത്തിന് വിഎസ് ഭരിക്കാന്‍ പിണറായി എന്നുള്ളൊരു അജണ്ട മുന്‍ നിര്‍ത്തി തന്നെയായിരുന്നു കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പ്രത്യാക്രമണം. ഇന്നലെ വൈകുന്നേരം വരെ വിഎസിന്റെ പത്രസമ്മേളനത്തിന് കാതോര്‍ത്ത കോണ്‍ഗ്രസും യുഡിഎഫും ഇനിയാരെ പ്രതിപക്ഷ നേതാവായി തീരുമാനിക്കും എന്നേയറിയാനുള്ളൂ. അവസാനമായി ഒരു വാക്കു കൂടി, ദുരിതങ്ങളുടെ വറചട്ടിയില്‍ നിന്നും തീവ്രമായ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേക്ക് ജനിച്ചു കയറിയ വിഎസിനും പിണറായിക്കും ഒരു ഒറ്റ ചങ്കേയുള്ളൂ. അത് വിപ്ലവത്തിന്റേയും കമ്മ്യൂണിസത്തിന്റേയുമാണ്. അരണി കടഞ്ഞെടുത്ത പത്തരമാറ്റിന്റെ തിളക്കമുണ്ട് ഇരുവര്‍ക്കും. ഇവരില്‍ ആര് കേമനെന്നത് അടുത്ത അഞ്ചു വര്‍ഷം തീരുമാനിക്കട്ടെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍