UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എന്റെ കേരളത്തെ’ മോദി വഞ്ചിച്ചതെങ്ങനെ, വിഎസ് വിശദമാക്കുന്നു

അഴിമുഖം പ്രതിനിധി

എന്‍ഡോസല്‍ഫാന്‍ വിഷത്തേക്കാള്‍ മാരകമായ വര്‍ഗീയ വിഷവുമായി ചില ഹെലികോപ്ടറുകള്‍ നമ്മുടെ തലയ്ക്ക് മുകളില്‍ കറങ്ങി നടക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. സൗമ്യമായ ഭാഷയില്‍ വാഗ്ദാനങ്ങളില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത് വര്‍ഗീയ അജന്‍ഡ തന്നെയാണ്.

പക്ഷേ വസ്തുതകള്‍ പരിശോധിക്കുന്ന മലയാളികളുടെ അടുത്ത് ഇതൊന്നും വില പോകില്ലെന്നു നരേന്ദ്ര മോഡിക്കു മെയ് 19-ന് ബോധ്യമാകും. ‘എന്റെ കേരളത്തിന്’ അദ്ദേഹം നല്കിയ സംഭാവനകളെ പറ്റിയാണ് അദ്ദേഹം ഇന്നലെ വാചാലനായത്. എന്താണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കേരളത്തിന് നല്കിയത്.

പ്രവാസികാര്യ വകുപ്പ് തന്നെ ഇല്ലാതാക്കി. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി ഇവിടത്തെ എല്ലാ ജനപ്രതിനിധികളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. ഒരു പരാമര്‍ശം പോലും കഴിഞ്ഞ ബജറ്റില്‍ ഉണ്ടായില്ല. പക്ഷേ ഇത് കേരളത്തിലെ അദ്ധ്വാനവര്‍ഗത്തോട് മാത്രമുള്ള പക്ഷപാതമാണ് എന്നു കരുതാനാകില്ല.

2012 മെയ് 23-ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ് ‘ പെട്രോള്‍ വിലയില്‍ യു.പി.എ. സര്‍ക്കാര്‍ വരുത്തിയ ഭീമമായ വര്‍ധന ശതകോടികളുടെ ബാധ്യതയാണ് ഗുജറാത്തിനു മേല്‍ വരുത്തി വച്ചത്’. ഇന്ന് മോഡി അധികാരത്തിലെത്തി. പെട്രോള്‍ അന്താരാഷ്ട്ര വിപണിവില കുത്തനെ ഇടിഞ്ഞ് ബാരലിന് 20 ഡോളറില്‍ താഴെയെത്തി. പക്ഷേ സംസ്ഥാനങ്ങള്‍ക്ക് ശതകോടികളുടെ നഷ്ടമുണ്ടാക്കി പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാകുന്ന തരത്തില്‍ വില മാറ്റമില്ലാതെ തുടരുന്നു.

കള്ളപ്പണം തിരികെ പിടിച്ച് ഓരോ ഇന്ത്യന്‍ പൗരനും 15 ലക്ഷം വീതം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച മോഡി ചെറുവിരലനക്കിയില്ല എന്ന് മാത്രമല്ല വിജയ് മല്യയെ പോലെയുള്ള കള്ളപണക്കാര്‍ക്ക് നാട് വിട്ട് പോകാനുള്ള അവസരം നല്കുകയാണ് ചെയ്തത്.

വ്യാപം അഴിമതി നടത്തിയ ബി.ജെ.പി അഴിമതിയെപ്പറ്റി പറയുന്നതേ തമാശയാണ്. ആ കേസില്‍ 46 അസാധാരണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അതിന്മേല്‍ അടയിരിക്കുന്ന ബി.ജെ.പി അക്രമത്തെപ്പറ്റി പറയുന്നത് അതിലും വലിയ തമാശയാണ്.

ഫരീദാബാദില്‍ രണ്ട് ദളിത് കുട്ടികളെ ചുട്ടുകരിച്ചപ്പോള്‍ പട്ടിയെ കല്ലെറിയുന്നതിനോട് ഉപമിച്ച വി.കെ.സിംഗും രോഹിത് വെമുലക്കെതിരായ അപവാദപ്രചരണം നടത്തിയ സ്മൃതി ഇറാനിയും അടങ്ങിയ മന്ത്രിസഭയുടെ തലവനാണ് മോഡി. ഇവരെ സംരക്ഷിച്ച മോഡി പെരുമ്പാവൂരില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്.

അതുകൊണ്ട് ഈ മാരകവിഷം കുടത്തില്‍ വന്നാലും താമരയില്‍ പൊതിഞ്ഞാലും കേരളത്തില്‍ ചിലവാകില്ല. ഇത് മലയാളികള്‍ക്ക് അസന്നിഗ്ദ്ധമായി ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമാണ് മെയ് 16 നുള്ള പൊതുതിരഞ്ഞെടുപ്പെന്നും വിഎസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍