ബാര്‍ കോഴ കേസില്‍ പുനരന്വേഷണം അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. കോടതിയിലൂടെയും സമരങ്ങളിലൂടെയും ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും കള്ളത്തരങ്ങളും കൊള്ളരുതായ്മകളും വെളിച്ചത്തു കൊണ്ടുവരും എന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി മേല്‍നോട്ടം വഹിച്ചാല്‍ വിജിലന്‍സിനെ ഉമ്മന്‍ചാണ്ടിക്ക് അമ്മാനമാടാന്‍ കഴിയില്ലെന്നും എല്ലാ കൊള്ളരുതായ്മകളും മൂടിവയ്ക്കാനും രക്ഷപ്പെടാനും അമിക്കസ്‌ക്യൂറി വന്നുകഴിഞ്ഞാല്‍ നടക്കില്ലായെന്നും വിഎസ് പറഞ്ഞു.
(പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം.)
അഴിമതി, കൈക്കൂലി, വെട്ടിപ്പ്, തട്ടിപ്പ്, കേസൊതുക്കല്‍ എന്നിവയെല്ലാം ഈ സര്‍ക്കാരിന്റെ ഗുണഗണങ്ങളാണെന്ന് അറിയാത്തവരല്ല ഞങ്ങള്‍. അത് ഈ കേരളത്തിലെ ജനങ്ങള്‍ക്കും നന്നായി അറിയാം. എന്നാല്‍ ഈവക കാര്യങ്ങളില്‍ മാത്രം മുഴുകി ഒരു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമാണോ ? നാണംകെട്ടവനെയും, ആലിനെയും ബന്ധിപ്പിക്കുന്ന ഒരു ചൊല്ലുണ്ടല്ലോ? മലയാളികള്‍ക്കൊക്കെ സുപരിചിതമായ ആ ചൊല്ലല്ലേ ഈ സര്‍ക്കാരിനെക്കുറിച്ചും, വിശേഷിച്ച് മന്ത്രി കെ.എം. മാണിയെക്കുറിച്ചും പറയാന്‍ കഴിയുക?
ഇപ്പോള്‍ നട്ടപ്പാതിരയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതുപോലെയല്ലേ , മാണി ശുദ്ധനാണെന്ന് പറയുന്നത്? മാണി കോടികള്‍ കോഴ വാങ്ങിയ കാര്യം മാണിക്കറിയാം. മാണിയുടെ മകന് അറിയാം. മാണിയുടെ വീട്ടുകാര്‍ക്കൊക്കെ അറിയാം. കേരള കോണ്‍ഗ്രസുകാര്‍ക്ക് അറിയാം. കോണ്‍ഗ്രസുകാര്‍ക്കും അറിയാം. ബാറുകാരോട് മാണിയെ കാണാന്‍ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഇതറിയാം. രമേശ് ചെന്നിത്തലയുടെ കാര്യമാണെങ്കില്‍ പറയാനുമില്ല.
ഇങ്ങനെ സകലമാന ജനങ്ങള്‍ക്കും അറിയാവുന്ന ഒരു കാര്യത്തില്‍ മാണിയും, ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയുമൊക്കെ ചേര്‍ന്ന് എന്തെല്ലാം വൃത്തികെട്ട കളികളാണ് കളിക്കുന്നത്? ഈ കള്ളക്കളികളുടെയൊക്കെ പാരമ്യത്തിലല്ലേ ഇപ്പോള്‍ വിജിലന്‍സിനെക്കൊണ്ട് മാണിയെ പരമശുദ്ധനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്?
മാണി കൈക്കൂലി വാങ്ങി എന്നതിന് അറുപത് ശതമാനം തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണം നടത്തിയ വിജിലന്‍സ് എസ്.പി സുകേശന്‍ പരസ്യപ്പെടുത്തിയത്. പിന്നെ എന്തുകൊണ്ട് ബാക്കി നാല്‍പ്പത് ശതമാനം തെളിവുകള്‍ കൂടി കണ്ടെത്താന്‍ വിജിലന്‍സ് തയ്യാറായില്ല? മാണി കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് ബാര്‍ ഉടമ ധനേഷ് പരസ്യമായി പറഞ്ഞതല്ലേ? എന്തേ ഈ ശബ്ദരേഖ പോലീസ് കണ്ടെടുത്തില്ല? ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ അയാളെ കസ്റ്റഡിയിലെടുത്ത് അയാളുടെ കൈവശമുളള തെളിവ് ശേഖരിക്കാന്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ വകുപ്പ് ഇല്ലാഞ്ഞിട്ടാണോ?, അപ്രകാരം ആ തെളിവ് ശേഖരിച്ചാല്‍ മാണി അകത്താണ്. ജയിലിന് അകത്താണ് . അത് ഉണ്ടാകാതിരിക്കാനല്ലേ ആ രേഖ പോലീസ് കണ്ടെടുക്കാതിരുന്നത്?
മാണിയുടെ വീട്ടില്‍ സൂക്ഷിക്കുന്നതായി പറയുന്ന നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുക്കാന്‍ ശ്രമിച്ചോ? അങ്ങനെയൊന്നില്ലെങ്കില്‍ അക്കാര്യമെങ്കിലും വെളിച്ചത്ത് കൊണ്ടുവരേണ്ടിയിരുന്നില്ലേ? മാണിക്ക് പണം കൊടുത്ത ആളുകളെപ്പറ്റിയും, അവര്‍ മാണിയുടെ വീട്ടില്‍ പോയ സമയത്തെപ്പറ്റിയും കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും മാണിയുടെയും, ബന്ധുക്കളുടേയും അക്കൗണ്ടുകള്‍ എന്തുകൊണ്ട് പരിശോധിച്ചില്ല?
എന്തിനാണ് അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്? അത് കേസന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ നേര്‍ തെളിവല്ലേ? ഹൈക്കോടതി പറഞ്ഞത് എന്താണ് ? കേസന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നല്ലേ?. അന്വേഷണം പൂര്‍ത്തിയാക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ ഏതെങ്കിലും കോടതി നിര്‍ദ്ദേശിക്കുമോ?. അങ്ങനെ ഒരു കോടതിക്കും നിര്‍ദ്ദേശിക്കാന്‍ കഴിയുകയില്ല. ഇത് അറിയാഞ്ഞിട്ടല്ല, ഹൈക്കോടതിയില്‍ ഒരു മാസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കാമെന്ന് സമ്മതിച്ചത്. അപ്രകാരം സമ്മതിച്ചതുവഴി അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് നല്‍കുകയായിരുന്നില്ലേ? കേസന്വേഷണം പൂര്‍ത്തിയാക്കാതെ തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യണമെന്ന നിര്‍ദ്ദേശമല്ലേ നിങ്ങള്‍ നല്‍കിയത്?. അതനുസരിച്ചല്ലേ അറുപത് ശതമാനം തെളിവ് വെച്ച് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കിയിരിക്കുന്നത്?
കണ്ടെത്തിയ തെളിവുകള്‍ പോലും പൂര്‍ണമായി ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ലല്ലോ? ബാര്‍ക്കോഴ കേസ് അന്വേഷണത്തില്‍ തന്റെമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായി എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതുക മാത്രമല്ല, ഈ സഭയില്‍തന്നെ പരസ്യമാക്കിയതാണ്. ആര്‍ക്കാണ്, ആഭ്യന്തരമന്ത്രിയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുക? അത് ഒന്നുകില്‍ മുഖ്യമന്ത്രി, അല്ലെങ്കില്‍ കെ.എം.മാണി. ഇക്കാര്യം സത്യസന്ധമായി ചെന്നിത്തല സഭയിലെങ്കിലും പറയേണ്ടതായിരുന്നില്ലേ?
വിജിലന്‍സ് മേധാവി വിന്‍സണ്‍ എം. പോള്‍ പറഞ്ഞില്ലേ താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന്. എസ്.പി. സുകേശനും സമാനമായ അഭിപ്രായ പ്രകടനം നടത്തിയില്ലേ? സമ്മര്‍ദ്ദം സഹിക്കാതെ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കേണ്ടി വന്നു എന്ന് ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് വെറുതെ അല്ലല്ലോ?
നിയമം, നിയമത്തിന്റെ വഴിക്ക് പോകും എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം തട്ടിവിടുന്നതുകൊണ്ട് വല്ല കാര്യവുമുണ്ടോ? അങ്ങനെയാണ് നിയമം പോകുന്നതെന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യം വരേണ്ടേ? നിങ്ങളുടെ ഏതു പ്രവൃത്തി എടുത്താലും നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു എന്ന് സ്വബോധമുളള ആര്‍ക്കും പറായന്‍ കഴിയില്ല. ബാര്‍ക്കോഴ കേസിലെ അന്വേഷണം ശരിയായ ദിശയില്‍ അല്ലാ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ലേ ബഹുമാനപ്പെട്ട ഹൈക്കോടതിതന്നെ വിജിലന്‍സ് സംവിധാനത്തെ സ്വതന്ത്രമാക്കണമെന്ന് നിരീക്ഷണം നടത്തിയത്? അതിന്റെ ഭാഗമായല്ലേ വിജിലന്‍സിനെ സ്വതന്ത്രമാക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറിയായി രണ്ട് അഭിഭാഷകരെ ഹൈക്കോടതി നിയോഗിച്ചത്?
വിജിലന്‍സ് അന്വേഷണത്തെ സ്വതന്ത്രവും, നീതിപൂര്‍വ്വകവുമാക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ചതില്‍ ഈ സര്‍ക്കാരിന് എന്താണ് ഇത്ര അങ്കലാപ്പ്? എന്തിനാണ് നിങ്ങള്‍ അഡ്വക്കേറ്റ് ജനറലിനെ ഉപയോഗിച്ച് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്? ഹൈക്കോടതി നിയോഗിക്കുന്ന അമിക്കസ്‌ക്യൂറി മേല്‍നോട്ടം വഹിച്ചാല്‍ വിജിലന്‍സിനെ നിങ്ങള്‍ക്ക് അമ്മാനമാടാന്‍ കഴിയില്ല. അതല്ലേ സത്യം?. നിങ്ങളുടെ എല്ലാ കൊള്ളരുതായ്മകളും മൂടിവയ്ക്കാനും, അതില്‍ നിന്ന് രക്ഷപ്പെടാനും വിജിലന്‍സിന്റെ ചരടുകള്‍ നിങ്ങളുടെ കൈകളില്‍ തന്നെ വേണം. അമിക്കസ്‌ക്യൂറി വന്നുകഴിഞ്ഞാല്‍ അത് നടക്കില്ലല്ലോ?
അമിക്കസ്‌ക്യൂറിയുടെ കണ്ണും കാതും ബാര്‍ക്കോഴ കേസിന്റെ അന്വേഷണ വഴിയില്‍ തുറന്നിരുന്നാല്‍ മാണിക്ക് ഒരിക്കലും രക്ഷപ്പെടാന്‍ ആവില്ല. മാണിയെ രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ സൃഗാല തന്ത്രങ്ങള്‍ക്ക് പോലും ആവില്ല. അതുകൊണ്ടല്ലേ അമിക്കസ്‌ക്യൂറിയെ നിയോഗിച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ നിങ്ങള്‍ എ.ജിയെ വിട്ട് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്? ‘ആടിക്കളിക്കെടാ കൊച്ചുരാമാ’ എന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍, ആടിക്കളിക്കുക മാത്രമല്ല, ചാടിയും കൂടി കളിക്കുന്ന ആളല്ലേ ഈ എ.ജി എന്ന വിദ്വാന്‍
എ.ജിയുടെ ഈ ചാടിക്കളിയെല്ലാം കാണുമ്പോള്‍, ‘സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ’ എന്നു പറഞ്ഞ് ആഹ്ലാദിക്കുകയല്ലേ ഉമ്മന്‍ചാണ്ടി ചെയ്യുന്നത്? ഭരണഘടനാ സ്ഥാപനം പോയ ഒരു പോക്കേ! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, ഇനിയെങ്കിലും നിങ്ങള്‍ നിയമം, നിയമത്തിന്റെ വഴിക്ക് പോകും എന്നുപറഞ്ഞ് കേരള ജനതയെ കൊഞ്ഞനം കുത്തരുത്. ജനങ്ങള്‍ക്ക് നിങ്ങളെ നേരിട്ട് ഒന്നും പറയാന്‍ കഴിയില്ല എന്നു വിചാരിച്ച് ഇങ്ങനെ ജനങ്ങളെ പരിഹസിക്കരുത്.
ഞങ്ങള്‍ ഇന്നേ തന്നെ പറഞ്ഞേക്കാം, ഒന്നായ് തന്നെ പറഞ്ഞേക്കാം. വിടില്ല ഞങ്ങള്‍, ഈ കള്ളക്കൂട്ടങ്ങളെ. ഉമ്മന്‍ചാണ്ടിയുടെയും, മാണിയുടെയും ഈ കറക്കുകമ്പനിയുടെ സകല കള്ളത്തരങ്ങളും, കൊള്ളരുതായ്മകളും ഞങ്ങള്‍ വെളിച്ചത്തുകൊണ്ടുവരിക തന്നെ ചെയ്യും. കോടതിയെങ്കില്‍ കോടതി, സമരമെങ്കില്‍ സമരം. സകല വൃത്തികേടുകളും കാട്ടിയിട്ട് അതിനെയൊക്കെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഈ സഭയില്‍ വന്ന് ന്യായീകരിക്കുന്ന നിങ്ങളുടെ തൊടുന്യായങ്ങള്‍ കേട്ടിരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. ബാര്‍ക്കോഴ കേസില്‍ ഒരു പുനരന്വേഷണമാണ് അനിവാര്യമായിട്ടുള്ളത്. അതിന് സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. അതിനു തയ്യാറാകാത്ത സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ സഭയില്‍ കുത്തിയിരിക്കുകയാണ്.