UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ് അച്യുതാനന്ദന്‍ മത്സരിച്ചേക്കും

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇന്ന് രാവിലെ സീതാറാം യച്ചൂരിയുമായി സംസാരിച്ച വിഎസ് ഉപാധികളില്ലാതെ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതോടെയാണ് ഈ വിഷയത്തില്‍ ഏതാണ്ട് ഒരു തീര്‍പ്പ് സാധ്യമായിരിക്കുന്നത്. വിഎസിനെ മുന്നില്‍ നിര്‍ത്തി മത്സരിപ്പിക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി രണ്ട് ദിവസമായി നടന്നു വരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയത്.

ഇന്നലെ തിരുവനന്തപുരത്ത് എത്തിയ യെച്ചൂരി വിഎസിനെ വിളിച്ചു വരുത്തി മത്സരരംഗത്തുണ്ടാകണം എന്ന അഭ്യര്‍ത്ഥന മുന്നോട്ടു വച്ചു എങ്കിലും സംസ്ഥാന നേതൃത്വം പറയട്ടെ എന്ന പിടിവാശിയിലായിരുന്നു വിഎസ്. മത്സരത്തിന് ശേഷം തന്റെ സ്ഥാനം എന്തായിരിക്കും എന്ന കാര്യത്തിലും വി എസ് ആശങ്ക രേഖപ്പെടുത്തിയതാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം നീണ്ടു പോകാന്‍ ഇടയാക്കിയത്.

വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഐഎം ഔദ്യോഗിക വിഭാഗത്തില്‍ ചിലര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പ് മാറ്റിവച്ച് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്ന നിര്‍ദ്ദേശമാണ് യെച്ചൂരി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ മാര്‍ച്ച് പതിനൊന്നിന് വീണ്ടും കേരളത്തില്‍ നേതൃയോഗം ചേരാമെന്ന പൊതു അഭിപ്രായം രൂപപ്പെട്ടുവെങ്കിലും കാര്യങ്ങള്‍ അതുവരെ നീട്ടേണ്ടതില്ലെന്നും അങ്ങനെ വന്നാല്‍ അതിനു മുമ്പ് തന്നെ പിബി ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനം എടുക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് യെച്ചൂരി നല്‍കിയിട്ടുള്ളത്.

വിഎസിന്റെ ജനസമ്മതി തന്നെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലെ പ്രധാന ഘടകമായി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. 2006-ലേയും 2011-ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനും പാര്‍ട്ടിക്കും ഉണ്ടായ മുന്നേറ്റവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിഭാഗീതയുടെ പേര് പറഞ്ഞ് കേരള നേതൃത്വം വിഎസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹത്തിന് തുണയായത് സീതാറാം യെച്ചൂരിയും ബംഗാളില്‍ നിന്നുള്ള ഭൂരിഭാഗം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് ബാന്ധവം എന്ന ബംഗാള്‍ ഘടകത്തിന്റേയും യെച്ചൂരിയുടേയും സമീപനത്തിന് കേരളത്തില്‍ നിന്നും പിന്തുണ നല്‍കിയ ഏക നേതാവും വിഎസ് തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍