UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ് മത്സരിക്കുമോ?

Avatar

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നുള്ള കാര്യം നാളെ അറിയാം. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിനുശേഷമേ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.

സിപിഐഎം സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ജനറല്‍ സെക്രട്ടറി മുന്നോട്ട് വച്ച നിര്‍ദ്ദേശം വി എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ പറയട്ടെയെന്നുമുള്ള നിര്‍ദ്ദേശമാണ് വിഎസ് വച്ചത്. വിഎസ് മത്സരിക്കുന്നതിനോട് സംസ്ഥാന നേതൃത്വത്തിലുള്ള ചിലര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടെന്ന സൂചനകളാണ് സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് പാര്‍ട്ടി വൃത്തങ്ങളില്‍ ലഭിച്ചത്. വി എസ് മത്സരരംഗത്തു നിന്ന് മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നതായി കേള്‍ക്കുന്നു. ഈ നിര്‍ദ്ദേശത്തോട് വിഎസ് എങ്ങനെ പ്രതികരിക്കുമെന്ന് പറയാറായിട്ടില്ല. ഏറെക്കാലമായി പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിച്ചു വരികയാണ് വിഎസ്. എന്നാല്‍ തന്നെ തീര്‍ത്തും അവഗണിച്ച് പ്രചാരണ ചുമതല മാത്രം നല്‍കുകയെന്ന നീക്കത്തെ അദ്ദേഹം അതേ സ്പിരിറ്റോടു കൂടി ഉള്‍ക്കൊള്ളാനുള്ള സാധ്യത വളരെ കുറവാണ്.

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നയിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച വിഷയമാണ് വി എസ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ. മത്സരിക്കുന്നുവെങ്കില്‍ ആരാകും സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നൊക്കെയുള്ള ചര്‍ച്ചകള്‍. ഇക്കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത് പിണറായിക്കും വിഎസിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നതായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ പ്രോഗ്രാമില്‍ കോടിയേരി ഒരുകാര്യം കൂടി വ്യക്തമാക്കി, വിഎസിന്റെ പ്രായം മത്സരിക്കുന്നതിന് വിഘാതമല്ലെന്നതായിരുന്നു അത്. പാര്‍ലമെന്ററി രംഗത്തു നിന്നും മാറി നിന്നാലും പാര്‍ട്ടി പ്രവര്‍ത്തനം തുടരാനാകും എന്നായിരുന്നു വിഎസ് വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി.

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ കോടിയേരി ഒരു സമവായത്തിന്റെ പാതയാണ് പിന്തുടരുന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വിഎസിനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമത്തില്‍ നിന്നു തന്നെ ഇത് വ്യക്തമായിരുന്നു.

ഒരുകാര്യം കോടിയേരി ഉറപ്പിച്ചു പറയുന്നുണ്ട്. 2006-ലും 2011-ലും സംഭവിച്ചതു പോലൊന്ന് ഇത്തവണ ഉണ്ടാകില്ലെന്നതാണ് അത്. വിഭാഗീയതയുടെ പേര് പറഞ്ഞാണ് സിപിഐഎം സംസ്ഥാന നേതൃത്വം 2006-ല്‍ വിഎസിന് സീറ്റ് നിഷേധിച്ചത്. വിഎസ് അനുകൂലികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റ് അനുവദിക്കുകയായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച വിഎസ് കേരള മുഖ്യമന്ത്രിയായി. അപ്പോഴും ആഭ്യന്തര വകുപ്പ് അദ്ദേഹത്തില്‍ നിന്ന് എടുത്തു മാറ്റുന്നതില്‍ സംസ്ഥാന നേതൃത്വം പിടിവാശികാണിച്ചു.

2011-ലും സമാനമായ അവസ്ഥ തന്നെയാണ് ഉണ്ടായത്. കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് വീണ്ടും മലമ്പുഴയില്‍ നിന്നും ജനവിധി തേടിയ വിഎസ് ഇടതു മുന്നണിയെ ഒരു തുടര്‍ഭരണത്തിന്റെ വക്കില്‍വരെ എത്തിച്ചു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വിഎസ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിജയം എല്‍ഡിഎഫിനൊപ്പം നിന്നു.

ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പിണറായി വിജയന്‍ മത്സരിക്കാന്‍ ഇറങ്ങുന്നതിനാലാണ് വിഎസിനെ പ്രായാധിക്യത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നത്. ഈ നീക്കത്തിന് കേന്ദ്ര നേതൃത്വം എതിരാണെന്ന് വ്യക്തമാക്കുന്നതാണ് യെച്ചൂരിയുടെ നിലപാട്. വിഎസിന് മത്സരിക്കാന്‍ പ്രായം ബാധകമല്ലെന്നും അദ്ദേഹം മികച്ച സംഘാടകന്‍ ആണെന്നും യെച്ചൂരി തറപ്പിച്ചു പറയുമ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ വിഎസിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ ആകും യെച്ചൂരി ശ്രമിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍