UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ വിഎസ്

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടലുടമകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയും തുടര്‍ന്നുള്ള കേസിലും വിഎസ് സജീവമായി ഇടപെട്ടിട്ടുണ്ടായിരുന്നു.

കോവളം കൊട്ടാരം രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ വിഎസ് അച്യുതാനന്ദന്‍. കോവളം കൊട്ടാരം സ്വകാര്യമുതലാളിക്ക് കൈമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും ഭാവിയില്‍ ഇത് സ്വകാര്യവ്യക്തി കയ്യടക്കാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു. 2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോവളം കൊട്ടാരം സ്വകാര്യ ഹോട്ടലുടമകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയും തുടര്‍ന്നുള്ള കേസിലും വിഎസ് സജീവമായി ഇടപെട്ടിട്ടുണ്ടായിരുന്നു. ആദ്യം ഗള്‍ഫാര്‍ ഗ്രൂപ്പും പിന്നിട് ലീല ഗ്രൂപ്പും ഏറ്റവുമൊടുവില്‍ ആര്‍പി ഗ്രൂപ്പുമാണ് കൊട്ടാരത്തിന്റെ കൈവശാവകാശം നേടിയത്. ഉടമസ്ഥാവകാശം നിലിനിര്‍ത്താന്‍ സിവില്‍ കേസുമായി കോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ (ഐടിഡിസി) കൈവശമായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. പിന്നീട് ലീല ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി ഗ്രൂപ്പും വാങ്ങി. എന്നാല്‍ 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃകസ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിന് നിയമപരിരക്ഷയ്ക്കായി 2005ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്.

64.5 ഏക്കര്‍ ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്. നേരത്തെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടുന്നതിനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അഡ്വക്കറ്റ് ജനറലിന്റെ ഉപേദശം അവഗണിച്ച് അറ്റോണി ജനറലിനോട് ഉപദേശം തേടുകയും അറ്റോണി ജനറല്‍ ഹോട്ടലുടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തത് വിവാദമായിരുന്നു. കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 1970ല്‍ ഐടിഡിസിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം നല്‍കിയിരുന്നില്ലെന്നും ഇത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അവര്‍ക്ക് കഴിയില്ലെന്നും ആണ് സിപിഐയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍