UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഭയിലെ പട്ടിണിസമരക്കാരെ വി എസ് രക്ഷപ്പെടുത്തുമോ?

Avatar

ഇന്ദു

സ്വാശ്രയ കോളേജ് വിഷയത്തില്‍ പ്രതിപക്ഷ സമരം അവഗണിക്കുന്ന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വി എസ് അച്യുതാനന്ദന്‍. എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരം ഇരിക്കുന്നത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ചര്‍ച്ചയ്ക്കു തയ്യാറാകാത്ത സര്‍ക്കാര്‍ നയം തികച്ചും തെറ്റാണെന്നാണു വിഎസ് തന്റെ അഭിപ്രായമായി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. സമരം ഒത്തുതീര്‍പ്പാക്കണമെന്നാണു വി എസ് ആവശ്യപ്പെടുന്നത്.

വി എസിന്റെ നാവ് സഹായിച്ചിരിക്കുന്നതു സമരമെന്ന കലത്തില്‍ തല കുരുങ്ങിപ്പോയ പ്രതിപക്ഷത്തെയാണ്. സര്‍ക്കാരിന്റെ ഭാഗമായൊരാള്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയ്ക്കു തയ്യാറാകാത്ത നിലപാട് തെറ്റാണെന്നും പറഞ്ഞതോടെ കലമുടച്ചു വെളിയില്‍ വരാനുള്ള വഴി അവര്‍ക്കു തെളിഞ്ഞു. ഇനി ഇതില്‍ പിടിച്ചായിരിക്കും കോണ്‍ഗ്രസ് മുന്നോട്ടുപോവുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിനു കാറ്റുപിടിച്ചപോലെ നില്‍ക്കാന്‍ തുടങ്ങിയതോടെ എങ്ങനെ നിരാഹാരം അവസാനിപ്പിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവലാതി. ചുമ്മാതങ്ങവസാനിപ്പിച്ചാല്‍ വല്യനാണക്കേടാകും. എന്തൊക്കെ ന്യായം പറഞ്ഞാലും ജനം പരിഹസിക്കും. അല്ലെങ്കില്‍ തന്നെ ഈ സമരവും നിരാഹാരവുമൊക്കെ വേണായിരുന്നോ എന്നാണു കൂടുതല്‍ പേരും ചോദിക്കുന്നത്. തുടങ്ങിപ്പോയില്ലേ. യൂത്തുകോണ്‍ഗ്രസുകാര്‍ ഗ്രനേഡിന്റെ കാരുണ്യത്തില്‍ ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ വഴിനോക്കി നടക്കുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തല, വീണുകിട്ടിയ അവസരമായി സ്വാശ്രയകോളേജ് വിഷയത്തെ കണ്ടിരിക്കുകയാണ്. കെപിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊക്കെ പ്രത്യക്ഷത്തില്‍ രംഗത്തുണ്ടെങ്കിലും താന്‍ തന്നെയാണ് ഈ സമരത്തിന്റെ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയാണ് കളം കൈയടക്കിയിരിക്കുന്നത്. അതേസമയം, സമരം പൊളിഞ്ഞാല്‍ സകല പാപഭാരവും ചെന്നിത്തല തന്നെ ഏല്‍ക്കേണ്ടി വരും. അതറിഞ്ഞുകൊണ്ടു തന്നെയാണു ചെന്നിത്തലയുടെ കളി.

എന്നാല്‍ പിണറായി വിജയന്റെ നിലപാട് കോണ്‍ഗ്രസിന്റെ സമരക്കാരെ ഉള്ളാലെ വിഷമിപ്പിക്കുകയായിരുന്നു. സ്പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പോലും മുഖ്യമന്ത്രിയെ കണ്ടില്ല. തന്നെ ക്ഷണിക്കാത്ത യോഗത്തില്‍ താനെന്തിനു വരണമെന്നു ചോദിച്ചാണ് പിണറായി ഇതിനെതിരെയുയര്‍ത്തിയ ആക്ഷേപങ്ങളെ നിശബ്ദമാക്കിയത്. ഇന്നലെ നിരാഹാര സമരക്കാരില്‍ ഒരാളായ അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് മാറ്റിയതോടെ നിയമസഭയില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം രണ്ടായി. എന്നാലോ അനൂപിനെ മുന്നില്‍വച്ച് സഹതാപം നേടാമെന്നുള്ള കണക്കുകൂട്ടലും പിഴച്ചു. പകരമൊരാളെ കണ്ടെത്തൂ എന്നാര്‍ത്തു വിളിച്ച് സോഷ്യല്‍ മീഡിയ ട്രോളാനും തുടങ്ങിയതോടെ ആകെ തളര്‍ന്നിരിക്കുകയായിരുന്നു പ്രതിപക്ഷം. ഇത്തരമൊരു ദുര്‍ഘടാവസ്ഥയിലാണ് വി എസ് രക്ഷകനായി വന്നിരിക്കുന്നത്. നേരത്തെ നിരാഹാരമനുഷ്ഠിക്കുന്ന എംഎല്‍എമാരെ കണാനെത്തിയ വി എസിന്റെ ചിത്രം അത്യാവേശത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിച്ചത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം വി എസിനെ കോണ്‍ഗ്രസുകാര്‍ നല്ലതു പറഞ്ഞു കേട്ടതും. തങ്ങളുടെ സമരത്തിനു പിന്തുണയേകാനാണു വി എസ് വന്നതെന്നും ഹൈബിയും ഷാഫിയും മാറിമാറി ആവര്‍ത്തിച്ചു. കോണ്‍ഗ്രസുകാര്‍ അതേറ്റു പിടിച്ചു. എന്നാല്‍ പോകുന്ന വഴി കണ്ടവരോട് ഒന്നു ചിരിച്ചു കാണിച്ചതും കൈപിടിച്ചു കുലുക്കിയതും പിന്തുണയായി കാണേണ്ടെന്നും അതൊരു സാമാന്യമര്യാദയായി കണ്ടാല്‍ മതിയെന്നും തിരിച്ചടിച്ച് സിപിഎമ്മിന്റെ സൈബര്‍ ടീം രംഗത്തെത്തി. അതങ്ങനെ കഴിഞ്ഞെന്നു കരുതിയപ്പോഴാണ് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്റെ ഇന്നത്തെ തലയ്ക്കടി.

അച്യുതാനന്ദന്റെ വാക്കുകള്‍ വളച്ചുകെട്ടലുകളില്ലാതെ പറഞ്ഞാല്‍, അതൊരു ജനാധിപത്യ മര്യാദയുടേതാണെന്നു വ്യക്തമാണ്. നിയമസഭയില്‍ എംഎല്‍എമാര്‍ നിരാഹാരം അനുഷ്ഠിക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിച്ചു പോകുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തി അധാര്‍മികം തന്നെയാണ്. അവരോട് ചര്‍ച്ചയാകാം, നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടാം. അതൊരിക്കലും സര്‍ക്കാരിന്റെ തോല്‍വി ആകില്ല. ജനാധിപത്യത്തില്‍ പരസ്പരമുള്ള ചര്‍ച്ചയിലൂടെയല്ലാതെ എങ്ങനെയാണു പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തുക? ഇന്ത്യ-പാക് സംഘര്‍ഷം പോലും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന സിപിഎം കേവലമൊരു രാഷ്ട്രീയപ്രശ്‌നത്തിനോട് ഇത്തരത്തില്‍ മുഖം തിരിക്കുന്നത് ശരിയാണോ? അച്യുതാനന്ദന്‍ ചോദിക്കുന്നതും അതാണ്. താന്‍ പിടിച്ചടുത്ത് കാര്യം നടക്കണമെന്ന് ഒരു മുഖ്യമന്ത്രിക്ക് വാശിപിടിക്കാന്‍ കഴിയില്ല, അതൊരു രാഷ്ട്രീയനേതാവിന് സാധിക്കുമായിരിക്കും. സ്റ്റേറ്റിനെ ഒരു കുടുംബമായി കണ്ടാല്‍ അതിന്റെ നാഥനാണ് മുഖ്യമന്ത്രി.സ്വന്തം കുടുംബത്തില്‍ ഒരു തര്‍ക്കമുണ്ടായാല്‍, പോയി പണിനോക്കടോ എന്നല്ല പറയേണ്ടത്. അങ്ങനെയാണു ഭാവമെങ്കില്‍ ധാര്‍ഷ്ട്യക്കാരനായ ഒരു മാടമ്പി കാരണവരായി കാണേണ്ടി വരില്ലേ മുഖ്യമന്ത്രിയേ? റാന്‍ മൂളികള്‍ ആകിലല്ലോ എല്ലാ ജനങ്ങളും.

എന്തായാലും അച്യുതാനന്ദനെ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഓടിയെത്തിയതോടെ കളത്തില്‍ അവര്‍ക്കും സ്ഥലം കിട്ടിയിരിക്കുകയാണ്, പന്ത് മുഖ്യമന്ത്രിയുടെ കാലില്‍ ആണെങ്കിലും. എന്നാലും വരയ്ക്കകത്തു കയറാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യമെന്നു ചിന്തിച്ചു ഒന്നു കളിച്ചു നോക്കാന്‍ കോണ്‍ഗ്രസിനു സാധിക്കും. അതേസമയം പതിവുപോലെ പുണ്ണു കുത്തി വലുതാക്കാനാണ് സിപിഎമ്മിലെ നേതാക്കള്‍ ശ്രമം നടത്തുന്നത്. നയത്തില്‍ നേരിടേണ്ടിയിരുന്ന ഒരു വിഷയം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അലമ്പാക്കിയെടുക്കാന്‍ മന്ത്രി ഇ പി ജയരാജന് കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ മനസിലാകുന്ന ആര്‍ക്കും സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നു പറയില്ലെന്നു ജയരാജന്‍ പറയുമ്പോള്‍, അവിടെ വി എസിനെ പൂര്‍ണമായി തള്ളുകയാണ്. പിന്നാലെ വന്നൂ, ആരോഗ്യമന്ത്രി കെ കെ ശൈലജ. വി എസിനു മറുപടി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. സ്വാശ്രയപ്രശ്‌നത്തില്‍ സിപിഎമ്മില്‍ ചേരിതിരിവ് എന്നു വാര്‍ത്തയെഴുതാന്‍ ഇതില്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. ഇന്നത്തെ പ്രൈം ടൈം ചര്‍ച്ചക്കാരും ആഘോഷിക്കുന്നതോടെ വീണ്ടുമൊരു പിണറായി-വിഎസ് പോരിന്റെ പിത്തലാട്ടക്കഥകള്‍ക്ക് പ്രചാരം കിട്ടും.

വി എസ് ഇന്നു പറഞ്ഞതൊക്കെ എന്തെങ്കിലും കണക്കുകൂട്ടിയിട്ടാണോ എന്നതും അറിയേണ്ടതുണ്ട്. അതോ സ്വാഭാവിക പ്രതികരണമായിരുന്നോ? വി എസിനെപോലൈാരു നേതാവ്, തന്റെ രാഷ്ട്രീയ മര്യാദ കാണിച്ചതു തന്നെയായിരിക്കും. അല്ലാതെ, കിട്ടിയതക്കത്തില്‍ ചിലര്‍ക്കിട്ടൊരു താങ്ങു കൊടുത്തതാകില്ല.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍