UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യണമെന്നില്ലെന്ന് വിഎസ്; പൊലീസിനെ കയറൂരി വിടുകയുമരുത്

അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ കേരളത്തില്‍ വേണ്ട; വെട്ടിനിരത്തല്‍ സമരം ശരിയെന്ന് കാലം തെളിയിച്ചു

അതിരപ്പിള്ളി പദ്ധതി പോലുള്ള വലിയ തോതില്‍ വനനശീകരണം വേണ്ടി വരുന്ന വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമായ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം പദ്ധതികളും നയങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് വിഎസ് ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി പദ്ധതിയുടെ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ധരും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും പറയുന്നത് തള്ളിക്കളയാനാവില്ലെന്നും വിഎസ് അഭിപ്രായപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി മനില സി മോഹനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍, പരിസ്ഥിതിവിരുദ്ധ വ്യവസായവത്കരണ നയങ്ങള്‍, ഭൂമി കയ്യേറ്റം, ഭൂമാഫിയ, കാര്‍ഷിക പ്രശ്‌നങ്ങള്‍ നയം, സ്വാശ്രയ വിദ്യാഭ്യാസ മേഖല, സദാചാര പൊലീസ്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ദേശീയപാത വികസനം, ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഫാഷിസ്റ്റ് സമാനമായ പ്രവര്‍ത്തന രീതികള്‍ തുടങ്ങി കേരളവും ഇന്ത്യയും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് വിഎസ് സംസാരിച്ചു. 90കളുടെ തുടക്കത്തില്‍ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും അവഗണിച്ച് കൃഷിഭൂമിയെ വെറും ചരക്കാക്കി മാറ്റുന്നതിനെതിരെ സിപിഎം സമരം നടത്തിയിരുന്നു. അന്ന് അതിന് നേതൃത്വം നല്‍കിയ എന്നെ വെ്ട്ടിനിരത്തലുകാരനായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ ഇന്ന് എനിക്കോ എന്റെ പാര്‍ട്ടിക്കോ തിരിച്ചുപിടിക്കാനാവാത്ത വിധം കേരളത്തിലെ ഭൂമി ചരക്കായി മാറികൊണ്ടിരിക്കുകയാണ്. കൃഷിഭൂമിയുടെ വിസ്തൃതി അപായകരമായി കുറഞ്ഞിരിക്കുന്നു. നെല്‍കൃഷിയില്‍ നിന്ന് മാറി വാഴയും തെങ്ങും വ്യാപകമായി വന്നതോടെ കാര്‍ഷികവിളയുടെ തരം മാറുകയല്ല ഉണ്ടായത്. ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് ചരക്കായി മാറുകയാണ് ഉണ്ടായത്. ഇതുകൊണ്ടാണ് കൃഷിഭൂമി പിന്നീട് കോണ്‍ക്രീറ്റ് കാടായി മാറിയത്. 90കളിലെ വെട്ടിനിരത്തിലാണ് കുട്ടനാട്ടില്‍ ഇന്ന് കാണുന്നയത്രയെങ്കിലും കൃഷിഭൂമി ബാക്കിയുണ്ടാവാന്‍ കാരണമായതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

കൃഷിഭൂമിയുടെ അനിയന്ത്രിതമായ തരംമാറ്റല്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറച്ചിരുന്നു. 2008ല്‍ എല്‍ഡിഎഫ്് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. ഭൂപതിവ് ചട്ടങ്ങള്‍ അട്ടിമറിച്ച് കയ്യേറ്റങ്ങള്‍ക്ക് സംരക്ഷണമൊരുക്കാനാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. നദീതീരത്തും കായല്‍തീരത്തും ഭൂമി കൈയേറിയും നിയമം ലംഘിച്ചുമുള്ള ഫ്‌ളാറ്റ് നിര്‍മ്മാണം വലിയ പ്രശ്‌നമാണ്. ഇത്തരം കൈയേറ്റങ്ങളും നിര്‍മ്മാണങ്ങളും തടഞ്ഞേ മതിയാകൂ. കോടതികള്‍ വഴിയാണ് ഇത്തരം കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും സാധുത നേടിയെടുക്കുന്നത്. ഇത്തരം കേസുകളില്‍ സര്‍ക്കാരിന് വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ല. പലപ്പോഴും അപ്പീല്‍ പോകുന്ന കാര്യത്തിലും ഉപേക്ഷ വരുത്തുന്നു. കേരളത്തിലെ നദികളുടെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം ഇത്തരം കൈയേറ്റങ്ങളാണ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റവുമധികം ചീത്തപ്പേരുണ്ടാക്കിയത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങളും മറ്റുമാണ്. പൊലീസിന് മേല്‍, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നിയന്ത്രമില്ല എന്ന തരത്തിലുള്ള ആരോപണങ്ങളും ആക്ഷേപങ്ങളും വ്യാപകമായി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസിനോടുള്ള സര്‍ക്കാരിന്റെ സമീപനം സംബന്ധിച്ചും വിഎസ് സംസാരിച്ചു. പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് ഞാന്‍ കരുതുന്നില്ല. മുഖ്യന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്നില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ. ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്രമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാന്‍ പൊലീസിന് അവസരം നല്‍കുന്നതാണ് ശരിയായ രീതി. എന്നാല്‍ അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ല. ഇവിടെയാണ് സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയോടെ പൊലീസിന് മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയേണ്ടത് – വിഎസ് പറഞ്ഞു.

ഫാഷിസത്തിന്റെ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്നതും വ്യക്തികേന്ദ്രീകൃതമായ ഏകാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുന്നതും കുലമഹിമയില്‍ ഊറ്റം കൊള്ളുന്നതും കോര്‍പ്പറേറ്റുകളുമായി കൈകോര്‍ക്കുന്നതുമെല്ലാം നാസികളെ പോലെ തന്നെ ബിജെപിയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലും കൃത്രിമം കാണിക്കുന്ന എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഏറ്റവും അവസാനം വരുന്നത്. ആളുകളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത് വര്‍ഗപരമായി സംഘടിപ്പിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്. മതനിരപേക്ഷതയ്‌ക്കെതിരെ ഭൂരിപക്ഷ വര്‍ഗീയതയുടെ വിഷവാതക പ്രയോഗമാണ് ബിജെപി നടത്തുന്നത്. ഫാഷിസ്റ്റുകളുടെ ഇത്തരമൊരു ബഹുമുഖ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഇച്ഛാശക്തി സിപിഎമ്മിനുണ്ട്. എന്നാല്‍ ഇച്ഛാശക്തി കൊണ്ട് മാത്രം ഫാഷിസത്തെ തടയാനാവില്ല. ഫാഷിസത്തിന്റെ എല്ലാ ആയുധങ്ങളും ഇടതുപക്ഷത്തിന് എടുത്തുപയോഗിക്കാന്‍ കഴിയില്ല. നുണകളെ നേരുകള്‍ കൊണ്ട് നേരിടേണ്ടി വരുമ്പോളുണ്ടാകുന്ന പരിമിതികള്‍ ഇടതുപക്ഷം അനുഭവിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍