UPDATES

താന്‍ പഠിച്ച സ്‌കൂളില്‍ നിന്ന് ആന്റണിക്ക് ഒന്നും പഠിക്കാനാവില്ല; എ കെ ആന്റണിക്ക് വി എസ്സിന്റെ മറുപടി

അഴിമുഖം പ്രതിനിധി

പഠിച്ച സ്‌കൂള്‍ മാത്രല്ല, പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് എ.കെ. ആന്റണിക്കുള്ള മറുപടിയായി പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. ഗാന്ധിജി പിരിച്ചുവിടണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്‌കൂളിലാണ് ആന്റണി പഠിച്ചത്. താന്‍ പഠിച്ചതാവട്ടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും, പുന്നപ്ര-വയലാറിന്റെയുമൊക്കെ സ്‌കൂളിലാണ്. 

താന്‍ 75 വര്‍ഷമായി പഠിച്ചുകൊണ്ടിരിക്കുന്നതും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ്. അങ്ങനെയുള്ള താന്‍ പഠിച്ച സ്‌കൂളില്‍ ഒരുകാലത്തും ആന്റണിക്ക് പഠിക്കാനാവില്ല. താന്‍ പഠിച്ച വിഷയങ്ങളും, ആന്റണിക്ക് തികച്ചും അപ്രാപ്യമാണ്. അതുകൊണ്ടാണ് താന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് യുക്തിസഹമായ വിശദീകരണമോ മറുപടിയോ നല്‍കാതെ എന്തോ ഒക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്.

2004 മുതല്‍ 2014 വരെ യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് മന്‍മോഹന്‍സിംഗ് അടക്കമുള്ളവര്‍ നടത്തിയ ഭീകരമായ അഴിമതിക്ക് മുന്നിലും ആന്റണി തന്നെ ഭരിച്ച പ്രതിരോധവകുപ്പിലെ അഴിമതിക്ക് മുന്നിലും മിണ്ടാതെയിരുന്ന ആളാണ് എ.കെ. ആന്റണി. കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ അഴിമതികള്‍ക്കും, നെറികേടുകള്‍ക്കും, സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊണ്ടിരിക്കുന്ന ആളുമാണ് എ.കെ. ആന്റണി. അല്ലായിരുന്നുവെങ്കില്‍, മൂന്നാഴ്ചമുമ്പ് ഇവിടെയാകെ അഴിമതിയാണെന്നു പറഞ്ഞ ആന്റണിക്ക് ഇപ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി എങ്ങനെ വോട്ട് ചോദിക്കാനാവൂം.

അദ്ദേഹം യു.ഡി.എഫിനുവേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയത് യു.ഡി.എഫിന്റെ അഴിമതിക്കും, സകല കൊള്ളരുതായ്മകള്‍ക്കും ചൂട്ടു പിടിച്ചുകൊണ്ടുതന്നെയാണ്. ഇത് സാധാരണക്കാരായ എല്ലാവര്‍ക്കും മനസ്സിലാകുന്നതിനുവേണ്ടി ഏറ്റവും ലളിത സുന്ദരമായ ഭാഷയിലാണ് അഴിമതിയുടെ ആറാട്ടിന് മുന്നില്‍ വിളക്ക് തെളിക്കുന്ന ആറാട്ടുമുണ്ടന്‍ എന്ന് തനിക്ക് പറയേണ്ടി വന്നത്. ആന്റണിയുടെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച ഏറ്റവും സത്യസന്ധവും, അങ്ങേയറ്റം വസ്തുതാപരവുമായ ഒരു പരാമര്‍ശം തനി നാടന്‍ മലായളഭാഷയില്‍ പറയുക മാത്രമാണ് താന്‍ ചെയ്തത്. 

അത് കുഴപ്പമാണ് എന്ന് തോന്നുന്നത് വാക്കിന്റെ കുഴപ്പമല്ല മറിച്ച്, ആന്റണിയുടെയും, ആന്റണിയുടെ രാഷ്ട്രീയ കാപട്യത്തിന്റെയും പരിഹാസ്യത കൊണ്ടാണ്. ഇത് തിരിച്ചറിയാനും, തിരുത്താനും ശ്രമിക്കിക്കുകയാണ് ആന്റണി ചെയ്യേണ്ടതെന്നും വി.എസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍