UPDATES

ട്രെന്‍ഡിങ്ങ്

വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് വിഎസിന്റെ മറുപടി: ഇത് അഴിമതി തുറമുഖം തന്നെ

കണക്കുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. അതിന് സിഎജിയെ പഴിച്ചിട്ട് കാര്യമില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ കരാറാണെന്നും നഗ്നമായ അഴിമതിയാണ് കരാറിന്റെ ഭാഗമായി നടന്നിരിക്കുന്നതെന്നും ആവര്‍ത്തിച്ച് വിഎസ് അച്യുതാനന്ദന്‍. എന്തൊക്കെ മാറ്റങ്ങളോടെയും ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചുമാണ് കൊണ്ടുവന്നതെന്നും വിശദീകരിക്കുകയാണ് ഇന്നത്തെ മാതൃഭൂമി പത്രത്തിലെ ലേഖനത്തില്‍ വിഎസ്. കരാറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളെല്ലാം സംസ്ഥാനത്തിന് ധനനഷ്ടമുണ്ടാക്കുന്നതും അദാനി ഗ്രൂപ്പിന് വന്‍ ലാഭമുണ്ടാക്കുന്നതുമാണെന്ന് സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ചും കണക്കുകള്‍ നിരത്തിയും വിഎസ് പറയുന്നു.

ഇത്രയധികം മാറ്റങ്ങള്‍ കരാറില്‍ വരുത്തിയ സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു എന്ന് സിഎജി വിലയിരുത്തിയതും വിഎസ് ചൂണ്ടിക്കാട്ടുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്തെ കരട് കരാറുമായി തന്റെ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ എന്നാണ് പക്ഷേ, ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ചോദിക്കുന്നത്. ചോദ്യംകേട്ടാല്‍, ആരോ അദ്ദേഹത്തെ അങ്ങനെ താരതമ്യം ചെയ്യുന്നതില്‍ നിന്ന് വിലക്കി എന്ന് തോന്നുമെന്ന് വിഎസിന്റെ പരിഹാസം. സിഎജി കണ്ടെത്തിയ അഴിമതിക്ക് ഉത്തരവാദികളായവര്‍ ആരൊക്കെ എന്നതാണ് ഇനി അറിയാനുള്ള പ്രധാന കാര്യമെന്നും വിഎസ് പറയുന്നു.

പദ്ധതിപ്രദേശത്തിന്റെ 30 ശതമാനം സ്ഥലം എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്നപേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് നല്‍കിയത് അദാനിക്ക് വേണ്ടി വരുത്തിയ മാറ്റമായിരുന്നു. യൂസര്‍ഫീ പിരിക്കാനുള്ള സ്വകാര്യകമ്പനിയുടെ അവകാശം 30 വര്‍ഷത്തില്‍നിന്ന് 40 വര്‍ഷമാക്കി ഉയര്‍ത്തിക്കൊടുത്തത് അദാനിക്ക് കരാര്‍ നല്‍കിയ ശേഷമാണ്. ഈ ഇളവ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വന്ന മറ്റു നാല് കമ്പനികള്‍ക്ക് നല്‍കിയിരുന്നില്ല. തടയണ നിര്‍മിക്കുന്നതിന്റെയും മത്സ്യബന്ധന തുറമുഖത്തിന്റെയും പണി മറ്റൊരു ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ ചെലവില്‍ നടത്തും എന്ന വ്യവസ്ഥയും അദാനിക്ക് വേണ്ടി മാറ്റി. സര്‍ക്കാര്‍ പണം നല്‍കുകയും അദാനി ഗ്രൂപ്പ് തന്നെ 1463 കോടി രൂപയ്ക്ക് ഈ പണികള്‍ നടത്തുകയും ചെയ്യുക എന്ന രൂപത്തിലാണ് മാറ്റം വരുത്തിയത്. പദ്ധതിയുടെ ആസ്തി പണയം വയ്ക്കാനുള്ള അവകാശം ടെന്‍ഡറില്‍ പങ്കെടുത്ത ഒരു കമ്പനി 2015 മാര്‍ച്ചില്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, ഈ അവകാശം അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടാണ് പിന്നീട് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

1635 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കേണ്ടത് രണ്ട് ഗഡുക്കളായാണ്. ആദ്യഗഡുവായി 943 കോടിയും പിന്നീട് പദ്ധതി ആരംഭിച്ച ശേഷം മാത്രം 691 കോടിയും. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 1226.7 കോടി രൂപ ആദ്യഗഡുവായി നല്‍കുന്നു. സംസ്ഥാനത്തിന് പലിശയിനത്തില്‍ 123 കോടി രൂപയുടെ നഷ്ടം വരുത്തിവെയ്ക്കുകയായിരുന്നു, ഈ നടപടിയുടെ ഫലം. യൂസര്‍ഫീ പിരിക്കാനുള്ള അവകാശം 30 വര്‍ഷത്തില്‍നിന്ന് 40 വര്‍ഷമായി അദാനിക്ക് വര്‍ധിപ്പിച്ച് നല്‍കിയ വകയില്‍ മാത്രം സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടവും അദാനിക്കുണ്ടാവുന്ന അധികലാഭവും 29,217 കോടി രൂപയാണെന്ന് സിഎജി വ്യക്തമാക്കുന്നു. കരാര്‍ കാലാവധി വേണമെങ്കില്‍ 20 വര്‍ഷത്തേയ്ക്ക് കൂടി നീട്ടാമെന്നാണ് പറയുന്നത്. അപ്പോള്‍ സംസ്ഥാനത്തിന്റെ നഷ്ടം പിന്നെയും വര്‍ധിക്കും. ഈ കണക്കുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ്. അതിന് സിഎജിയെ പഴിച്ചിട്ട് കാര്യമില്ല.

 

പോര്‍ട്ട് എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്ന പേരില്‍ നല്‍കുന്ന ഈ സ്ഥലം തുറമുഖത്തിന്റെ ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്നായിരുന്നു, കേന്ദ്രസര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുമ്പോള്‍ നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍, ആ വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ അദാനിക്ക് വേണ്ടി ഒഴിവാക്കി. ടെന്‍ഡര്‍പോലും വിളിക്കാതെ 2013-ല്‍ 746 കോടി എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതി 1463 കോടി രൂപയ്ക്ക് അദാനിക്ക് തന്നെ നല്‍കുകയാണ് ചെയ്തത്. ഫണ്ട് നല്‍കിയുള്ള പ്രവൃത്തിയായ മത്സ്യബന്ധന തുറമുഖത്തിന് പോലും യൂസര്‍ഫീ പിരിക്കാന്‍ അദാനിക്ക് അവകാശം നല്‍കുന്നു. സംസ്ഥാനസര്‍ക്കാര്‍ മുടക്കുന്ന തുക 5071 കോടി രൂപ. അതായത്, പദ്ധതിയുടെ 67 ശതമാനം. അദാനി മുടക്കുന്നത് 2454 കോടി. ഇതിനുപുറമേ, റോഡ്, റെയില്‍ തുടങ്ങിയ സൗകര്യങ്ങള്‍കൂടി കണക്കാക്കിയാല്‍ പദ്ധതിയുടെ 80 ശതമാനത്തോളവും മുടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍.

ലാഭവിഹിതം സംബന്ധിച്ച ഉമ്മന്‍ചാണ്ടിയുടെ വാദത്തിന്റെ പൊള്ളത്തരവും സിഎജി, ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നുണ്ട്. നാല്‍പ്പതാം വര്‍ഷംവരെ സംസ്ഥാനത്തിന് ലഭിക്കാവുന്ന ഏറ്റവും കൂടിയ വരുമാനം 13,947 കോടി രൂപയാണ്. നാല്‍പ്പതാം വര്‍ഷം സര്‍ക്കാര്‍ അദാനിക്ക് ഒരു ടെര്‍മിനേഷന്‍ പേയ്മെന്റ് നല്‍കണം. അത് 19,555 കോടി രൂപയാണ്. നാല്‍പ്പതാം വര്‍ഷം സര്‍ക്കാര്‍ അദാനിക്ക് അങ്ങോട്ട് 5608 കോടി രൂപ നല്‍കണം. ഒരു പദ്ധതിക്ക് 80 ശതമാനവും മുതല്‍ മുടക്കിയ നിക്ഷേപകന് അവസാനനഷ്ടം 5608 കോടി രൂപയാണെന്നും വിഎസ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍