UPDATES

സ്ത്രീത്വത്തെ അപമാനിച്ചവരെ ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

എല്‍ ഡി എഫിലെ വനിതാ എം എല്‍ എ മാരെ ശാരീരികമായി കൈയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത യുഡിഎഫ് എം എല്‍ എ മാരെയും മന്ത്രിയെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ശിക്ഷിക്കാനും ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അത്യന്തം സ്ത്രീവിരുദ്ധവും നീചവുമായ ഈ അക്രമങ്ങളിലൂടെ യുഡിഎഫ് എം എല്‍ എമാര്‍ കേരളത്തിന്റെ സംസ്‌കാരത്തിനു നേരെ കാര്‍ക്കിച്ചു തുപ്പിയിരിക്കുകയാണ്. ഇതുവഴി കേരളത്തിലെ മന്ത്രിമാരും യുഡിഎഫ് എം എല്‍ എ മാരും അഴിമതിക്കാര്‍ മാത്രമല്ല, ആഭാസന്മാരുമാണെ് സ്വയം തെളിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തിലുള്ള സ്പീക്കറുടെ തീരുമാനത്തിന് പ്രബുദ്ധകേരളം കാതോര്‍ത്തിരിക്കുകയാണെും വി എസ് പറഞ്ഞു.

കെ. ശിവദാസന്‍ നായര്‍, എം.എ. വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയ എംല്‍എ മാര്‍ കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് മായ്ച് കളയാനാവാത്ത കളങ്കമേല്‍പ്പിച്ചുകൊണ്ട് വനിതാ എം എല്‍ എ മാരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുകയാണ്. ഷിബു ബേബി ജോണെന്ന മന്ത്രിയാകട്ടെ ഇതിലും നീചമായ രീതിയിലാണ് ഒരു വനിതാ എംഎല്‍എ യോട് പെരുമാറിയത്. ഇതിനെല്ലാം സുവ്യക്തമായ ദൃശ്യങ്ങള്‍ തെളിവായി ഇപ്പോഴും മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്ത്രീകളെ അപമാനിച്ച ഈ മന്ത്രിയുടെയും എംഎല്‍എ മാരുടെയും വീടുകളിലെ അമ്മപെങ്ങന്മാരോട് ഇത്തരം ആഭാസത്തരം ആരെങ്കിലും കാണിച്ചാല്‍ ഇക്കൂട്ടര്‍ എങ്ങനെ പ്രതികരിക്കും എന്നറിയാൻ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്.

ഡല്‍ഹിയിലെ ‘നിര്‍ഭയ’ സംഭവത്തിനുശേഷം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് വധശിക്ഷവരെ ഏര്‍പ്പെടുത്തിയിരിക്കുതാണ് രാജ്യത്തെ സാഹചര്യം. ഡല്‍ഹി സംഭവത്തിനുശേഷം ജസ്റ്റീസ് ജെ എസ് വര്‍മ അധ്യക്ഷനായ സമിതിയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ബലാത്സംഗത്തിനും വധശിക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബോംബെയിലെ ശക്തി മില്‍സ് വളപ്പില്‍ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസിലുള്‍പ്പെട്ടവര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് അടുത്തയിടെയാണ്.

സ്ത്രീകള്‍ക്കു നേരെയുള്ള അനാവശ്യ നോട്ടം പോലും ഗുരുതരമായ കുറ്റമായി നില്‍ക്കുമ്പോഴാണ് നിയമവും ഭരണഘടനയുമൊക്കെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള യുഡിഎഫ് എംഎല്‍എമാര്‍ വനിതാ എംഎല്‍എ മാരെ കടന്നുപിടിക്കുകയും വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളത്. അതും ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാഹാളില്‍വച്ച്. ഇത് നിയമത്തിന്റെ മുന്നില്‍ മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഇതിന് നിയമത്തിന്റെ മുന്നില്‍ മാത്രമല്ല, ജനകീയ കോടതിക്കു മുന്നിലും മറുപടി പറയേണ്ടിവരുമെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍