UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് പ്രതിപക്ഷത്തോടു ചെയ്ത കൊടുംചതി

Avatar

കെ എ ആന്റണി

ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്. സത്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഒരു കൊടുംചതിയാണ് ചെയ്തത്. അദ്ദേഹം ഇന്നലെ രാവിലെ നടത്തിയ ഒരു പ്രസ്താവന സ്വാശ്രയ വിഷയത്തില്‍ സമരം നടത്തുന്ന പ്രതിപക്ഷത്തിന് നല്‍കിയ പ്രതീക്ഷ ചെറുതൊന്നും ആയിരുന്നില്ല. സമരത്തോട് ഭരണപക്ഷവും മുഖ്യമന്ത്രിയും മുഖം തിരിഞ്ഞു നില്‍കുമ്പോള്‍ മുന്‍ മുഖ്യനും പ്രതിപക്ഷ നേതാവും ഇന്നിപ്പോള്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമൊക്കെയായ തലമുതിര്‍ന്ന സിപിഎം നേതാവ് സ്വാശ്രയ സമരത്തിന് അനുകൂലമായി സംസാരിച്ചു എന്ന വാര്‍ത്തയാണ് ചാനലുകാര്‍ പുറത്തു വിട്ടത്.

അതു കേട്ടയുടന്‍ പ്രതിപക്ഷം കോള്‍മയിര്‍കൊണ്ട് വമ്പന്‍ പ്രസ്താവനകളുമായി രംഗത്തുവന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, അത്രക്കും വിശ്വസനീയമായ രീതിയിലാണ് ചാനലുകള്‍ വിഎസിന്റെ പ്രതികരണം സംപ്രേക്ഷണം ചെയ്തത്. വാര്‍ത്ത വന്ന ഉടന്‍ തന്നെ രമേശ് ചെന്നിത്തലയും വിഎം സുധീരനും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം വര്‍ദ്ധിതവീര്യത്തോടെ രംഗത്തു വന്നു. വിഎസിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്ത കൂടി വന്നതോടെ അവരുടെ ആവേശം അണപൊട്ടി. 

പട്ടിണി സമരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും ആശ്വസിച്ചു. സമരം തീര്‍ന്നുകിട്ടാന്‍ വഴി തുറന്നുവെന്നു പ്രതീക്ഷിച്ചു. അല്ലെങ്കില്‍ തന്നെ പാളിപ്പോയ ഈ സമരം എങ്ങനെ അവസാനിപ്പിക്കണമിന്നലോചിച്ചു തല പുകക്കുന്ന നേരത്താണ് വിഎസിന്റേത് എന്നമട്ടില്‍ തങ്ങള്‍ക്കനുകൂലം എന്ന് തോന്നിപ്പിക്കുന്ന ഒരു അഭിപ്രായ പ്രകടനം പുറത്തു വന്നത്. അപ്പോള്‍ പിന്നെ അവര്‍ ആശ്വാസം കൊണ്ടില്ലെങ്കിലല്ലേ അത്ഭുതത്തിനു വകയുള്ളു.

അതിനിടയില്‍ വിഎസിന്റെ പ്രസ്താവനയോട് സിപിഎമ്മില്‍ നിന്നും പ്രതികരിച്ചത് വ്യവസായ മന്ത്രി ഇപി ജയരാജനും ആരോഗ്യമന്ത്രി കെകെ ശൈലജയും യുവ എം പി എം ബി രാജേഷുമാണ്. വി എസിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് രാജേഷ് പ്രതികരിച്ചത്. സാമാന്യ ബുദ്ധിയുള്ള ആരും ഇങ്ങനെ പറയില്ലെന്ന് ജയരാജനും വി എസിനു മറുപടി പറയാന്‍ താന്‍ ആളല്ലെന്നു ശൈലജ ടീച്ചറും പറഞ്ഞു. വിഎസിനെ ഒന്നിരുത്താന്‍ കിട്ടിയ അവസരം വെള്ളാപ്പള്ളി നടേശനും പാഴാക്കിയില്ല. വിഎസിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാട് എന്നു വെള്ളാപ്പള്ളി തട്ടിവിട്ടു.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് വിഎസ് തിരുത്തുമായി രംഗത്ത് വന്നത്. സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരേ താന്‍ പറഞ്ഞതായി ചാനലുകളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ്ബിടി-എസ്ബിഐ ബാങ്കുകളുടെ ലയനത്തിനെതിരേ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് ചാനലുകാര്‍ തന്നോട് സമരത്തെക്കുറിച്ചു ചോദിച്ചതെന്നും താന്‍ ബാങ്ക് സമരത്തെക്കുറിച്ചാണ് പറഞ്ഞതെന്നുമാണ് ഇന്നലെ വിഎസിന്റെ ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

‘എസ്ബിടി-എസ്ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണം എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരേ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്.’

‘ഈ പ്രതികരണം യുഡിഎഫ് എംഎല്‍മാര്‍ നടത്തുന്ന സ്വാശ്രയ സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകയും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്. താന്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ തന്റേതാണെന്ന് വരുത്തി സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന് വ്യാജ ധാരണ സൃഷ്ടിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇത് തന്നെയും സര്‍ക്കാറിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്’. പ്രസ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

വിഎസ്സിനെ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഇങ്ങനെ ഒരു വിശദീകരണം നടത്താന്‍ എന്താണിത്ര വൈകിയതെന്നു മാത്രം മനസ്സിലാകുന്നില്ല. ഒരു പക്ഷേ പ്രതിപക്ഷം കുറച്ചു നേരം കൂടി സ്വപ്നലോകത്തു തുടരട്ടെ എന്ന് കരുതിയിട്ടുണ്ടാവും. അങ്ങനെയെങ്കില്‍ ഇതൊരു കൊടും ചതിതന്നെയെന്നു പറയാതെ വയ്യ!

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍