UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ട സീ ന്യൂസ്, എന്തിനാണ് നാം ഇങ്ങനെ അധാര്‍മികരും നികൃഷ്ടരുമാകുന്നത്?

Avatar

സീ ന്യൂസ് പ്രൊഡ്യൂസര്‍മാരിലൊരാളായ വിശ്വ ദീപക് വെള്ളിയാഴ്ച രാജിവെച്ചു. ജെഎന്‍യു സംഭവങ്ങളില്‍ കനയ്യകുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് ഉപയോഗിച്ച വിഡിയോ തയാറാക്കിയവരില്‍ ഒരാളായിരുന്നു വിശ്വദീപ്. ചാനലും ഡല്‍ഹി പൊലീസും ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു രാജിക്കത്തില്‍ വിശ്വദീപ് ആരോപിക്കുന്നു.

രാജിക്കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സീ ന്യൂസ്,

ഒരുവര്‍ഷത്തിനും നാലുമാസത്തിനും നാലുദിവസത്തിനും ശേഷം നിന്നെ ഉപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു. മുന്‍പേ തന്നെ ഇത് ചെയ്യേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ഇത് ചെയ്യുന്നില്ലെങ്കില്‍ എനിക്ക് സ്വയം മാപ്പുനല്‍കാനാകില്ല.

ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ക്ഷോഭം, അസ്വസ്ഥത, വൈകാരികത എന്നിവയൊന്നും കൊണ്ടല്ല. ചിന്തിച്ചുറപ്പിച്ച കാര്യങ്ങളാണിവ. മാധ്യമപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഈ രാജ്യത്തെ ഒരു പൗരന്‍ കൂടിയാണ് ഞാന്‍. ദേശീയതയുടെ പേരില്‍ വിഷം പരത്തി, ആഭ്യന്തര കലാപത്തിലേക്കു തള്ളിവിടപ്പെടുന്ന ഒരു രാജ്യത്തിലെ പൗരന്‍. ഈ വിഷം വ്യാപിക്കുന്നതു തടയുക എന്നതാണ് പൗരന്‍ എന്ന നിലയിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ കടമ.

ഒരു ചെറുതോണിയില്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നതുപോലെയാണിത് എന്ന് എനിക്കറിയാം. എങ്കിലും ശ്രമിച്ചുനോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ പ്രതിഷേധസൂചകമായി എന്റെ പദവി ഞാന്‍ രാജിവയ്ക്കുന്നു. ജെഎന്‍യുഎസ്‌യു പ്രസിഡന്റ് കനയ്യ കുമാറിനെ ഒരു കാരണമായി ഉപയോഗിച്ച് അന്ധമായ ദേശീയതയുടെ പ്രചാരണം തുടങ്ങുന്നതിലും അത് ആളിക്കത്തിക്കുന്നതിലും ചാനല്‍ വഹിച്ച പങ്കില്‍ പ്രതിഷേധിച്ചാണിത്. വ്യക്തിപരമായ ശത്രുതയില്ലാതെ ഈ കത്ത് സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇക്കാര്യം ഒരിക്കലും വ്യക്തിപരമല്ല. തൊഴില്‍പരമായ കടമ, സാമൂഹിക അവബോധം, ദേശസ്‌നേഹം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ഈ മൂന്നു തലത്തിലും പലതവണ ഞാന്‍ പരാജയപ്പെട്ടു; അത് നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതുകൊണ്ടാണെന്നു പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.

2014 മേയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം മിക്കവാറും എല്ലാ ന്യൂസ്‌റൂമുകളും ഏറിയോ കുറഞ്ഞോ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു. എന്നാല്‍ നമ്മുടെ സ്ഥാപനത്തിന്റെ കാര്യം ഭീതിദമാണ്. ഇത്തരം കഠിനപദങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷമാപണം. പക്ഷേ ഇതിനു പകരം വയ്ക്കാവുന്ന മറ്റു പദങ്ങള്‍ ഇല്ല. എന്തുകൊണ്ടാണ് വാര്‍ത്തകള്‍ എപ്പോഴും മോദി ആംഗിളിലൂടെ എഴുതപ്പെടുന്നത്? മോദി സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുക എന്നതാണ് വാര്‍ത്ത എഴുത്തിന്റെ ലക്ഷ്യം.

നാം ജേണലിസ്റ്റുകളാണോ എന്ന് ഞാന്‍ ഗൗരവമായി സംശയിക്കുന്നു. സര്‍ക്കാരിന്റെ മുഖപത്രമോ വാടക കൊലപാതകികളോ ആണ് നാം. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. എന്റെകൂടി പ്രധാനമന്ത്രിയാണ്. പക്ഷേ ഇനിയും മോദി ആരാധന വിഴുങ്ങാന്‍ എനിക്കാകില്ല. എന്റെ മനസാക്ഷി എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഞാന്‍ രോഗബാധിതനാണെന്ന പോലെ.

ഓരോ വാര്‍ത്തയ്ക്കും പിന്നില്‍ ഒരു അജണ്ടയുണ്ട്. ഓരോ ന്യൂസ് ഷോയുടെയും ലക്ഷ്യം മോദി സര്‍ക്കാര്‍ എത്ര മഹത്താണെന്നു കാണിക്കുകയാണ്. ഓരോ സംവാദത്തിലും ലക്ഷ്യം മോദിയുടെ എതിരാളികളെ തകര്‍ക്കുകയാണ്. ‘ആക്രമണം’, ‘യുദ്ധം’ തുടങ്ങിയവയില്‍ കുറഞ്ഞ വാക്കുകളൊന്നും സ്വീകാര്യമല്ല. എന്താണിത്? ഇതേപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്കു ഭ്രാന്ത് പിടിക്കുന്നു.

എന്തിനാണ് നാം ഇങ്ങനെ അധാര്‍മികരും മൂല്യങ്ങളില്ലാത്തവരും നികൃഷ്ടരുമാകുന്നത്? രാജ്യത്തെ മുന്‍നിര മാധ്യമ സ്ഥാപനത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ബിബിസി, ആജ് തക്, സ്യൂഷെ വെലെ (ജര്‍മനി) തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എന്റെ ഇന്നത്തെ തൊഴില്‍ മൂലധനം നോക്കൂ. ആളുകള്‍ എന്നെ ‘ഛീ’ ന്യൂസ് ജേണലിസ്റ്റ് എന്നു വിളിക്കുന്നു. നമ്മുടെ സത്യസന്ധത ഛിന്നഭിന്നമായിരിക്കുന്നു. ആര് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും?

എന്തൊക്കെ ഞാന്‍ പറയും? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ തുടര്‍ച്ചയായി നാം പ്രചാരണം നടത്തി. ഇപ്പോഴും നടത്തുന്നു. എന്തിന്? അടിസ്ഥാനപരമായി ജനങ്ങള്‍ക്ക് സഹായം ചെയ്ത നയങ്ങളെ – വെള്ളം, വൈദ്യുതി, ഒറ്റ ഇരട്ട അക്ക ഗതാഗതനിയന്ത്രണം – നാം ചോദ്യം ചെയ്തു. കേജ്രിവാളിന്റെ നയങ്ങളോട് യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ അദ്ദേഹത്തെ നശിപ്പിക്കുക എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതല്ല. നാം സംപ്രേഷണം ചെയ്ത കേജ്രിവാള്‍ വിരുദ്ധ വാര്‍ത്തകള്‍ ഒരുമിച്ചുകൂട്ടുകയാണെങ്കില്‍ അത് നിരവധി പേജുകള്‍ നിറയ്ക്കും. മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലേ?

രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം. ആദ്യം നാം അവനെ ദലിത് ഗവേഷകന്‍ എന്നു വിളിച്ചു. പിന്നീട് ദലിത് വിദ്യാര്‍ത്ഥി എന്നായി. ഇതൊക്കെ സാരമില്ല. വാര്‍ത്തയെങ്കിലും നന്നായി എഴുതാമായിരുന്നു. രോഹിതിനെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതില്‍ ബിജെപിയുടെ ബന്ദാരു ദത്താത്രേയ, എബിവിപി എന്നിവരുടെ പങ്ക് ഇന്നും സംശയത്തിന്റെ നിഴലിലാണ്. എന്നിട്ടും മാധ്യമസ്ഥാപനമെന്ന നിലയില്‍ നമ്മുടെ ജോലി പ്രശ്‌നം തേയ്ച്ചുമായ്ച്ചു കളയുകയും അവരെ രക്ഷിക്കുകയുമായിരുന്നു.

അസഹിഷ്ണുതയ്‌ക്കെതിരെ ഉദയ് പ്രകാശും മറ്റ് പ്രമുഖ എഴുത്തുകാരും അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തുതുടങ്ങിയപ്പോള്‍ നാം അവരെ ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ വായിക്കുന്ന ഉദയ് പ്രകാശിന്റെ കാര്യം മാത്രം എടുക്കാം. നമ്മുടെ ജീവിതമാര്‍ഗമായ ഭാഷയുടെ അഭിമാനമാണ് അദ്ദേഹം. നമ്മുടെ ജീവിതം, സ്വപ്‌നങ്ങള്‍, സമരങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രതിഫലിക്കുന്നു. പക്ഷേ അതെല്ലാം ഗൂഢാലോചനയാണെന്നു സ്ഥാപിക്കാനാണ് നാം ശ്രമിച്ചത്. അന്നും എനിക്ക് മുറിവേറ്റു. പക്ഷേ അത് സഹിക്കാന്‍ ഞാന്‍ ശ്രമിച്ചു.

പക്ഷേ എത്രകാലം ഞാന്‍ അങ്ങനെ സഹിക്കണം? എന്തിന്?

എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് വിശ്രമമില്ല; കുറ്റബോധം കൊണ്ടാകണം. ഒരു വ്യക്തിയെ കളങ്കപ്പെടുത്താവുന്നതിന്റെ പരമാവധിയാണിത്. വഞ്ചന കൊണ്ട് മുദ്രകുത്തപ്പെടുക. ദേശദ്രോഹിയെന്നു വിളിക്കപ്പെടുക. ദേശദ്രോഹികളെന്ന സര്‍ട്ടിഫിക്കറ്റുകളും ബിരുദങ്ങളും വിതരണം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ എന്ത് അവകാശമാണ് നമുക്കുള്ളത്? അത് കോടതികളുടെ അധികാരപരിധിക്കുള്ളില്‍ വരുന്ന കാര്യമല്ലേ?

കനയ്യയ്‌ക്കൊപ്പം പല വിദ്യാര്‍ത്ഥികളെയും ജനങ്ങളുടെ മുന്നില്‍ വഞ്ചകരും ദേശവിരുദ്ധരുമാക്കാന്‍ നാം ശ്രമിച്ചു. ഇവരിലാരെങ്കിലും നാളെ കൊല്ലപ്പെട്ടാല്‍ ആര് ഉത്തരവാദിത്തം ഏല്‍ക്കും? കുറച്ചുപേരുടെ കൊലപാതകത്തിനോ ചില കുടുംബങ്ങളുടെ നാശത്തിനോ മാത്രമല്ല നാം കാരണക്കാരാകുന്നത്. കലാപം പടരാനും ആഭ്യന്തരയുദ്ധത്തോളമെത്താനുമുള്ള ഒരു സാഹചര്യമാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഏതുതരം ദേശസ്‌നേഹമാണ്? എന്തൊക്കെ പറഞ്ഞാലും ഇത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്?

അവര്‍ പറയുന്നതെല്ലാം ചെയ്യാന്‍ നാം ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ ജിഹ്വയാണോ? ആ വിഡിയോയില്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും കലാപാന്തരീക്ഷം ഉണ്ടാക്കാനായി അത് നാം വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തു. ഇരുട്ടില്‍നിന്നു വരുന്ന ചില ശബ്ദങ്ങള്‍ കനയ്യയുടെയും കൂട്ടുകാരുടെതുമാണെന്ന് നാം എങ്ങനെയാണു കരുതിയത്?

‘ഇന്ത്യന്‍ കോടതികള്‍ നീണാള്‍ വാഴട്ടെ’ എന്നത് നാം കേട്ടപ്പോള്‍ ‘പാക്കിസ്ഥാന്‍ നീണാള്‍ വാഴട്ടെ’ എന്നായി. നമ്മുടെ മുന്‍വിധി തന്നെ കാരണം.  സര്‍ക്കാരിനുവേണ്ടി ജോലി ചെയ്ത് പലരുടെയും പല കുടുംബങ്ങളുടെയും തൊഴില്‍, ജീവിതം, പ്രതീക്ഷകള്‍, ആശകള്‍ എന്നിവയെ നാം നാശത്തിന്റെ വക്കിലെത്തിച്ചു. അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.

ഉമര്‍ ഖാലിദിന്റെ സഹോദരിയെ ദേശദ്രോഹിയുടെ സഹോദരിയെന്ന് ആളുകള്‍ വിളിക്കുന്നു. അവരെ മാനഭംഗപ്പെടുത്തുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നാം കൂടി അതിന് ഉത്തരവാദികളല്ലേ? ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് കനയ്യ ഒരിക്കലല്ല, ആയിരം തവണ പറഞ്ഞു. അത് കേള്‍ക്കപ്പെട്ടില്ല. കാരണം നാം സൃഷ്ടിച്ച ബഹളം സര്‍ക്കാരിന് ഇഷ്ടപ്പെട്ട തരത്തിലുള്ളതായിരുന്നു.

നാം കനയ്യയുടെ വീടിനു നേരെ ഗൗരവമായി നോക്കിയിട്ടുണ്ടോ? കനയ്യയുടെ വീട് വീടല്ല, രാജ്യത്തെ സാധാരണക്കാരുടെയും കൃഷിക്കാരുടെയും അവസ്ഥയുടെ സൂചകമാണ്. ഓരോ നിമിഷവും ഈ രാജ്യത്ത് കുഴിച്ചുമൂടപ്പെടുന്ന ആശകളുടെ കുഴിമാടമാണ്. പക്ഷേ നാം അന്ധരായിക്കഴിഞ്ഞു.

പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ ഞാന്‍ വരുന്നിടത്ത് ഇത്തരം ധാരാളം വീടുകളുണ്ട്. ഇന്ത്യയുടെ ഗ്രാമീണജീവിതം നിറമില്ലാത്തതാണ്. ആ പൊട്ടിയ ഭിത്തികളിലേക്കും ദുര്‍ബലമായ ജീവിതങ്ങളിലേക്കുമാണ് നാം ദേശീയതയുടെ വിഷം കുത്തിവയ്ക്കുന്നത്. പരിണിതഫലങ്ങളെപ്പറ്റി ചിന്തിക്കാതെ. പക്ഷാഘാതം ബാധിച്ച കനയ്യയുടെ പിതാവ് ഈ ആഘാതം താങ്ങാനാകാതെ മരിച്ചാല്‍ ആരാണ് ഉത്തരവാദി? ഇന്ത്യന്‍ എക്‌സ്പ്രസ് കനയ്യയുടെ കുടുംബത്തെപ്പറ്റിയുള്ള വാര്‍ത്ത കൊടുത്തിരുന്നില്ലെങ്കില്‍ ദരിദ്രര്‍ക്കുവേണ്ടി സംസാരിക്കാന്‍ കനയ്യയ്ക്കു പ്രചോദനം കിട്ടുന്നത് എവിടെനിന്നാണെന്ന് നാം ഒരിക്കലും അറിയുമായിരുന്നില്ല.

രമാനാഗയും മറ്റുള്ളവരും ഇതേ അവസ്ഥയിലാണ്. സാധാരണ ചുറ്റുപാടുകളില്‍നിന്ന് ദാരിദ്ര്യത്തിനെതിരെ പോരാടിയാണ് ജെഎന്‍യുവില്‍ സബ്‌സിഡിയോടെ പഠിക്കാന്‍ ഇവര്‍ എത്തുന്നത്. പുരോഗതിയിലുള്ള ആത്മവിശ്വാസം നിങ്ങള്‍ക്കു കാണാം. എന്നാല്‍ ടിആര്‍പികള്‍ക്കുവേണ്ടി വില്‍ക്കപ്പെടാന്‍ തയാറുള്ളവര്‍ അവരുടെ തൊഴില്‍ പ്രതീക്ഷകളെ തകര്‍ത്തുകളഞ്ഞു.

അവരുടെ രാഷ്ട്രീയത്തോട് നമുക്ക് വിയോജിക്കാം. അവരുടെ ആശയങ്ങള്‍ തീവ്രമാണെന്നു വാദിക്കാം. പക്ഷേ എങ്ങനെയാണ് അവര്‍ രാജ്യദ്രോഹികളാകുന്നത്? വിലയിരുത്തലുകളില്‍ നാം എങ്ങനെയാണ് കോടതികളാകുന്നത്? ഡല്‍ഹി പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ സീ ന്യൂസിന്റെ പേരുവന്നത് യാദൃശ്ചികമാണോ? നാം ഡല്‍ഹിപൊലീസുമായി ചേര്‍ന്നാണോ പ്രവര്‍ത്തിക്കുന്നത്? ഇതിനൊക്കെ എന്ത് ഉത്തരമാണ് നമുക്ക് നല്‍കാനാകുക?

നാം എന്തിനാണ് ജെഎന്‍യുവിനും അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നത്? ആധുനിക മൂല്യങ്ങളും ജനാധിപത്യവും വൈവിധ്യവും ഭിന്നവീക്ഷണങ്ങളുടെ ഒത്തുപോകലുമെല്ലാം ജെഎന്‍യുവിനെ ഇന്ത്യയിലെ പറുദീസയാക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ നാം ഇപ്പോള്‍ അതിനെ ചതിയുടെയും നിയമവിരുദ്ധതയുടെയും ഗുഹയെന്നു വിളിക്കുന്നു.

കോടതിയില്‍ കയറി ഒരു ഇടതുപക്ഷനേതാവിനെ മര്‍ദിച്ച ബിജെപി നേതാക്കളാണോ ജെഎന്‍യു ആണോ നിയമത്തിന് അതീതര്‍ എന്നറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബിജെപി എംഎല്‍എയും അനുയായികളും തെരുവില്‍ ഒരു സിപിഐ നേതാവിനെ മര്‍ദിക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. സ്‌ക്രീനില്‍ അക്രമം വ്യക്തമായിട്ടും ‘ ഒ പി ശര്‍മ അക്രമം നടത്തിയെന്ന് ആരോപണം’ എന്നായിരുന്നു നാം എഴുതിയത്. എന്തുകൊണ്ടാണ് ആരോപണം എന്നു പറയുന്നത് എന്നു ഞാന്‍ ചോദിച്ചു. അത് ‘മുകളില്‍’നിന്നു വന്നതാണെന്നായിരുന്നു ഉത്തരം. നമ്മുടെ മുകളിലുള്ളവര്‍ ഇത്ര തരംതാണത് എന്നുമുതലാണ്? മോദിയെ രക്ഷിക്കുക എന്നത് പിന്നെയും മനസിലാക്കാം. പക്ഷേ നാം ഇപ്പോള്‍ ഒ പി ശര്‍മയെപ്പോലുള്ള ബിജെപി നേതാക്കളെയും എബിവിപി പ്രവര്‍ത്തകരെയും രക്ഷിക്കേണ്ട അവസ്ഥയിലാണ്.

എന്റെ അവസ്ഥയെയും എന്റെ മാധ്യമപ്രവര്‍ത്തനത്തെയും എന്റെ നിസഹായതയെയും ഞാന്‍ വെറുക്കുന്നു. ഇതിനുവേണ്ടിയാണോ മറ്റ് പല തൊഴിലുകളും ഉപേക്ഷിച്ച് ഞാന്‍ മാധ്യമപ്രവര്‍ത്തകനായത്? അല്ല.

ഇനി എന്റെ മുന്നില്‍ രണ്ടുവഴികളേയുള്ളൂ. ഒന്നുകില്‍ ഞാന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുക. അല്ലെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍നിന്നു മാറിനില്‍ക്കുക. ഞാന്‍ രണ്ടാമത്തെ വഴി സ്വീകരിക്കുന്നു. ഞാന്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്റെ ജോലിയെയും വ്യക്തിത്വത്തെയും പറ്റി ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അതൊരു ചെറിയ കാര്യമാണ്, പക്ഷേ ഉത്തരവാദിത്തമുണ്ടാകുക എന്നത് പ്രധാനമാണ്. മറ്റുള്ളവര്‍ക്ക് ഇത് കുറവായിരിക്കാം. പക്ഷേ എനിക്ക് ഇത് വളരെ വലുതാണ്. മറ്റൊരിടത്തും എനിക്ക് ജോലി കിട്ടിയേക്കില്ല. ഇത് തുടര്‍ന്നിരുന്നെങ്കില്‍ എനിക്ക് ഒരു ലക്ഷത്തോളം രൂപ കിട്ടുമായിരുന്നു. ശമ്പളം മോശമല്ല. പക്ഷേ അതിനുവേണ്ടി വളരെയധികം ബലികഴിക്കേണ്ടിവരുന്നു. അതിനു ഞാന്‍ തയാറല്ല. ഒരു സാധാരണ മധ്യവര്‍ഗകുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ശമ്പളമില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ മനസാക്ഷിയെ ഞെരുക്കിക്കൊല്ലാനാകില്ല.

വ്യക്തിപരമായ പരാതികളൊന്നുമില്ലെന്ന് ഞാന്‍ വീണ്ടും പറയുന്നു. സ്ഥാപനപരവും എഡിറ്റോറിയല്‍ നയപരവുമായ പ്രശ്‌നങ്ങളാണിവ. അത് അതേ രീതിയില്‍ മനസിലാക്കപ്പെടുമെന്നു ഞാന്‍ കരുതുന്നു.

ഒരു മാധ്യമസ്ഥാപനം അതിന്റെ വലതുപക്ഷ മുന്‍ഗണനകള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കാന്‍ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടാകണം. ഇത് പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നിഷ്പക്ഷത പാലിക്കുക എന്റെ കടമയാണ്. പക്ഷേ ഒരു വ്യക്തി എന്ന നിലയ്ക്കും ബുദ്ധിയുള്ള പൗരന്‍ എന്ന നിലയ്ക്കും എന്റെ പാത ഇടത്തേയ്ക്കാണ്. അത് പാര്‍ട്ടി ഓഫിസുകളിലല്ല, നിത്യജീവിതത്തിലാണ് നിലകൊള്ളുന്നത്. ഇതാണ് എന്റെ വ്യക്തിത്വം.

അവസാനമായി, സീ ന്യൂസിനുള്ളില്‍ ഞാന്‍ ചെലവിട്ട ഒരുവര്‍ഷത്തിന് നന്ദി. ആ സമയത്താണ് എനിക്ക് ചില നല്ല സുഹൃത്തുക്കളെ ലഭിച്ചത്.

ബഹുമാനത്തോടെ,
വിശ്വ ദീപക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍