UPDATES

വനിതാ എംഎല്‍എമാരുടെ പരാതി പോലീസിന് കൈമാറണം; സ്പീക്കറിന് വിഎസിന്റെ കത്ത്

അഴിമുഖം പ്രതിനിധി

നിയമസഭയ്ക്കുള്ളില്‍ അഞ്ച് വനിതാ എം.എല്‍.എമാരെ ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ വനിതാ എം.എല്‍.എമാര്‍ നല്‍കിയ പരാതികള്‍ അടിയന്തിരമായി പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സ്പീക്കര്‍ എന്‍. ശക്തന് കത്ത് നല്‍കി.

മാര്‍ച്ച് 13-ന് സഭയില്‍ യു.ഡി.എഫ് എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ്, മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരാണ് വനിതാ എം.എല്‍.എമാരായ ജമീലാപ്രകാശം, ഇ.എസ്. ബിജിമോള്‍, കെ.എസ്. സലീഖ, കെ.കെ. ലതിക, ഗീതാഗോപി എിവരെ ക്രൂരമായി കയ്യേറ്റം ചെയ്യുകയും, ലൈംഗിക സ്വഭാവത്തോടെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുകയും ചെയ്തത്. നിയമസഭയുടെ വീഡിയോ-ഫോട്ടോ ദൃശ്യങ്ങളില്‍ രേഖപ്പെടുത്തപ്പെടുത്തിയിട്ടുള്ള ഈ ആക്രമണം സംബന്ധിച്ച് സംഭവം നടന്ന മാര്‍ച്ച് 13-ന് തന്നെ ജമീലാപ്രകാശം സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ ‘വൈശാഖ്’ കേസിലും, ‘ലളിതകുമാരി’ കേസിലും  സുപ്രീംകോടതിയുടെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമപരമായി പോലീസിന് അന്ന് തന്നെ കൈമാറേണ്ടിയിരുന്ന ഈ പരാതി സ്പീക്കര്‍ ഇതേവരെ പോലീസിന് അയച്ചു കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ സ്ത്രീവിരുദ്ധ നിലപാടാണ്. അതിനൊപ്പം ഇത് ഗൗരവതരമായ നിയമലംഘനവും, വനിതാ എം.എല്‍.എമാര്‍ക്ക് നേരെയുള്ള വിവേചനവും അവകാശലംഘനവുമാണ്.

ജമീലാ പ്രകാശം എം.എല്‍.എ 13-ാം തീയതി തന്നെ അവരെ ലൈംഗിക സ്വഭാവത്തോടുകൂടി പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും, തന്റെ മുന്നില്‍ വെച്ച് നടന്ന ഈ ഹീനകൃത്യം സ്ത്രീ ചാവേര്‍ ആക്രമണമായി ചിത്രീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ പശ്ചാത്തലത്തില്‍ ഒരു നിമിഷം പോലും വൈകാതെ ജമീലാപ്രകാശത്തിന്റെ പരാതി പോലീസിന് കൈമാറാനും, നിയമനടപടികള്‍ക്ക് വഴിയൊരുക്കാനും സ്പീക്കര്‍ അടിയന്തര നടപടിയെടുക്കണമെന്നും വി.എസ്. കത്തില്‍ ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍