UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി, നിയമസഭ നിങ്ങളുടെ പാര്‍ട്ടി കമ്മറ്റിയല്ല: വിടി ബല്‍റാം

Avatar

വി ടി ബല്‍റാം എംഎല്‍എ

മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യ മനോഭാവം അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കുന്നതല്ല. നിയമസഭ അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവാണ് ഭരണപക്ഷത്തിന്‍റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭയില്‍ ജനപ്രതിനിധികള്‍ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ വിരട്ടി അടക്കി നിര്‍ത്താമെന്നാണ് മുഖ്യമന്ത്രിയുടെ വ്യാമോഹം. ഒരു മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷക്കുന്നതല്ല ഇതൊന്നും. മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാല്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടുള്ളവര്‍ സംയമനത്തോടെയും പക്വതയോടെയുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. തിരുവായ്ക്ക് എതിര്‍ വായില്ലാതെ പാര്‍ട്ടികമ്മിറ്റിയില്‍ പിണറായി വിജയന്‍റെ അഭിപ്രായങ്ങള്‍ അംഗീകരിച്ചിരുന്ന പഴയശീലം വെച്ചാണ് മുഖ്യമന്ത്രി പെരുമാറുന്നത്. എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യപ്പെടാതെ മുമ്പോട്ട് പോകാമെന്നാണ് അദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നത്. നേരിട്ട് ജനങ്ങളുടെയോ ആരുടെയെങ്കിലും ചോദ്യത്തിന് മറുപടി പറയുന്ന സമീപനം പുറത്തും സ്വീകരിച്ചിട്ടില്ല. മാധ്യമസമ്മേളനങ്ങള്‍ പോലും ഒഴിവാക്കുന്നതിന്‍റെ കാരണമതാണ്. ഇത് പിണറായിയുടെ സ്വേച്ഛാധിപത്യ മനോഭാവനമാണ് സൂചിപ്പിക്കുന്നത്. അത്കൊണ്ട് സമരങ്ങളിലൂടെയല്ലാതെ മുന്നോട്ട് പോകാന്‍ പ്രതിപക്ഷത്തിന് മറ്റു മാര്‍ഗമില്ലാതെ വന്നിരിക്കുകയാണ്.

പ്രതിപക്ഷത്തിന്‍റെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് സ്പീക്കര്‍. പക്ഷെ ഭരണകക്ഷിയുടെ ഒരു വക്താവായി മാറുകയാണദ്ദേഹം. സ്പീക്കറില്‍ നിന്ന് ലഭിക്കേണ്ട നിക്ഷ്പക്ഷത സമീപനങ്ങളില്‍ കാണുന്നില്ല. സ്പീക്കര്‍ മുഖ്യമന്ത്രിയെ ഭയക്കുന്നതായാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇത്രയുമൊരു നിഷേധാത്മക സമീപനം ഒരു കാലത്തും പ്രതിപക്ഷത്തോട് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇന്ന് സഭയില്‍ മന്ത്രിമാരടക്കമുള്ള ആളുകള്‍ എഴുന്നേറ്റ് നിന്ന് കൂവുകയായിരുന്നു. യുവജനനേതാക്കന്മാര്‍, ഭരണകക്ഷി എംഎല്‍എമാരുള്‍പ്പെടെ സ്വാശ്രയ വിഷയം ഉയര്‍ത്തിപിടിച്ച് സമരം ചെയ്തവരാണ്. വളരെ പെട്ടെന്ന് ഭരണവിലാസ മനോഭാവത്തിലേക്കവര്‍ മാറുന്നതില്‍ നിരാശയുണ്ട്. ഓരോ സ്വാശ്രയ മാനേജ്മെന്‍റിനും ഏതാണ്ട് ഒന്നരക്കോടി രൂപയുടെ അധികവരുമാനമാണ് പുതിയ കരാറിലൂടെ ലഭ്യമാകുന്നത്. സ്വാശ്രയമാനേജ്മെന്‍റുകള്‍ക്ക് കൊള്ള നടത്താന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി കൊടുത്തിട്ടും അതിനെ ന്യായീകരിക്കുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയാണ് യുവജനനേതാക്കളുടെ ഭാഗത്ത് നിന്ന് പോലുമുണ്ടായിരിക്കുന്നത്. 

കഴിഞ്ഞ സര്‍ക്കാര്‍ ഹര്‍ത്താല്‍ നിരോധിക്കാനല്ല ആലോചിച്ചത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിച്ചത്. അനിവാര്യമായ ഘട്ടത്തില്‍ ജനാധിപത്യത്തിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി ഹര്‍ത്താലുകള്‍ നിലനില്‍ക്കണമെന്ന അഭിപ്രായമാണ് കഴിഞ്ഞ സര്‍ക്കാരിനുണ്ടായിരുന്നത്. ഇപ്പോഴും കോണ്‍ഗ്രസിന് പാര്‍ട്ടി എന്ന നിലയില്‍ അത് തന്നെയാണ് അഭിപ്രായം. പക്ഷെ അനാവശ്യ ഹര്‍ത്താലുകളുണ്ടാകരുത്. ബലം പ്രയോഗിച്ച് പൌരാവകാശങ്ങളില്‍ കൈ കടത്തരുത്. തിരുവനന്തപുരത്ത് നടന്നു വരുന്ന ഹര്‍ത്താല്‍ ബലപ്രയോഗത്തിലൂടെ നടത്തുന്നതല്ല. വിഷയത്തിന്‍റെ ഗൌരവം അത്ര വലുതാണ്. കെപിസിസി പ്രസിഡന്‍റ് സമരപന്തലിലിരിക്കുന്ന സമയത്താണ് തൊട്ടു മുമ്പില്‍ ഷെല്‍ വന്നു വീണത്. സമരപന്തലിനു നേരെ പോലും പോലീസ് അതിക്രമം കാണിക്കുന്നു. അവിടെ പോലും പ്രകോപനം സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കുന്നത് കേരളത്തില്‍ സമീപകാലങ്ങളിലുണ്ടായിട്ടുള്ളതല്ല. സമരം മുമ്പോട്ട് പോകുന്നത് ഏതു വിധേനയും ഇല്ലാതെയാക്കണമെന്ന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം തന്നെയാണ് പോലീസ് നടപ്പിലാക്കുന്നത്. ഇതിനെതിരെയൊക്കെയുള്ള പ്രതിഷേധമായാണ് ഹര്‍ത്താലടക്കമുള്ള അറ്റകൈ പ്രയോഗത്തിലേക്ക് പ്രതിപക്ഷത്തെ എത്തിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹരം കിടന്ന് ഏഴു ദിവസം ആയിട്ടു പോലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും ശ്രമിച്ചിരുന്നില്ല. സമരം ചെയ്യുന്നവരെ ആക്ഷേപിക്കാനുള്ള മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി ജനപിന്തുണ സമാഹരിച്ചധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പക്ഷെ അധികാരത്തിലേറി നാലു മാസം പിന്നിടുമ്പോള്‍ തന്നെ ഇത്രയധികം ജനദ്രോഹപരമായ നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. അത്തരം സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാതിരിക്കാന്‍ മാര്‍ഗമില്ല. ജനങ്ങളെ വെല്ലുവിളിച്ച് സ്വാശ്രയ ഫീസ് കുറയ്ക്കില്ലെന്ന നിലപാടില്‍ തന്നെ സര്‍ക്കാരുറച്ച് നിന്നാല്‍ ജനാഭിലാഷമനുസരിച്ചുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകും. ജനങ്ങളുടെ ആവശ്യമായതിനാല്‍ ഏകപക്ഷീയമായി സമരത്തില്‍ നിന്ന് പിന്തിരിയില്ല. പക്ഷെ അക്രമസമരങ്ങളിലേക്ക് കോണ്‍ഗ്രസ് പോകില്ല. ഫീസ് കൂട്ടിയത് കൊണ്ടാണ് കരാറിന് മാനേജ്മെന്‍റുകള്‍ തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ ഏകപക്ഷീയമായി ഫീസ് കൂട്ടുകയായിരുന്നില്ല വേണ്ടത്. ഓരോ കോളജിന്‍റെയും ചെലവിന്‍റെ അടിസ്ഥാനത്തില്‍ ഫീസ് നിശ്ചയിക്കാനുള്ള അധികാരം ജയിംസ് കമ്മിറ്റിക്ക് കൊടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. യഥാര്‍ഥ ചെലവിനേക്കാള്‍ കൂടുതല്‍ വരുന്ന ഫീസ് കരാറിലൂടെ മുമ്പോട്ട് വെയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. സുപ്രിംകോടതി വിധിക്കെതിരാണത്. ഫീസ് വാങ്ങുന്നത് കച്ചവടമാകരുതെന്നാണ് സുപ്രിംകോടതിയുടെ വിധിന്യായം. കോളജുകളുടെ പ്രാരംഭ ഘട്ട ചെലവുകളെല്ലാം പൂര്‍ത്തിയായതാണ്. കോളജുകള്‍ വിപുലീകരണത്തിനുദ്ദേശിക്കുന്നുണ്ടോയെന്നു പോലും വിലയിരുത്താതെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. അങ്ങനെയുണ്ടെങ്കില്‍ മാത്രമെ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള അധികാരമുള്ളു. ജയിംസ് കമ്മിറ്റിക്ക് അധികാരം നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.

 

(വി ടി ബല്‍റാം എംഎല്‍എയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍