UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ ഉണ്ടായത് ഫോട്ടോഷോപ്പ് കണ്ടുപിടിക്കുന്നതിനും മുമ്പാണ് : വി.ടി ബല്‍റാം

Avatar

ഡല്‍ഹി തെരഞ്ഞെടുപ്പ് വിധിയെക്കുറിച്ച്   വി.ടി ബല്‍റാം  എംഎല്‍എ  ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

ഡല്‍ഹിയില്‍ അവിശ്വസനീയവും ആധികാരികവുമായ വിജയം കൈവരിച്ച ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്‌രിവാളിനും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിപ്രായ വോട്ടെടുപ്പുകളില്‍ സൂചിപ്പിക്കപ്പെട്ടതിലും എത്രയോ സമ്പൂര്‍ണ്ണവും സമഗ്രവുമാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ഡല്‍ഹി വോട്ടര്‍മാരുടെ ഈ വിധിയെഴുത്ത്.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയം അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ഒറ്റ സീറ്റും നേടാതെയുള്ള ഈ തോല്‍വി ദു:ഖിപ്പിക്കുന്നതാണെന്ന കാര്യം മറച്ചുവെക്കുന്നില്ല. ആത്മാര്‍ത്ഥവും ആഴത്തിലുള്ളതുമായ ആത്മപരിശോധനയാണു ഇത്തരുണത്തില്‍ പാര്‍ട്ടി നടത്തേണ്ടത്. നയങ്ങളേയും പ്രവര്‍ത്തനശൈലിയേയും കുറിച്ച് മാത്രമല്ല പാര്‍ട്ടിയേക്കുറിച്ചുള്ള ജനങ്ങളുടെ പെര്‍സപ്ഷനേക്കുറിച്ചും പുനരവലോകനം നടത്തുകയും അതനുസരിച്ചുള്ള തിരുത്തലുകള്‍ വരുത്തുകയും വേണം.
‘മോദി മാജിക്ക്’, ‘അജയ്യനായ മോദി’ എന്നീ മിഥ്യകളുടെയൊക്കെ അന്ത്യം കുറിക്കുന്ന ജനകീയ വിധിയെഴുത്ത് എന്ന നിലയിലാണു ഡല്‍ഹിയുടെ സന്ദേശം നിര്‍ണ്ണായകമാവുന്നത്. കഷ്ടിച്ച് മൂന്ന് സീറ്റ് കിട്ടിയെങ്കിലും കോണ്‍ഗ്രസ്സിന്റേതിനേക്കാള്‍ എത്രയോ ദയനീയമാണു ബി.ജെ.പി.യുടെ തോല്‍വി. കാരണം വിജയിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ഒരു ‘മിനി ഇന്ത്യ’ തന്നെയായ രാജ്യതലസ്ഥാനത്തെ വിജയത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിമാനപ്രശ്‌നമായി ഏറ്റെടുക്കുകയും ചെയ്താണു ബി.ജെ.പി. ഈ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയത്. മുപ്പതോളം കേന്ദ്രമന്ത്രിമാരും 120 ഓളം എം.പി.മാരുമൊക്കെച്ചേര്‍ന്ന് അധികാരവും പണക്കൊഴുപ്പും അതിരുവിട്ട് പ്രകടമായതായിരുന്നു ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ പ്രചരണ രംഗം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 47 ശതമാനത്തോളം വോട്ടും 60 നിയമസഭാ സീറ്റുകളില്‍ ലീഡും നേടിയ ബി.ജെ.പി.യുടെ തകര്‍ച്ച നരേന്ദ്ര മോഡിക്കെതിരായ വിധിയെഴുത്തല്ല എന്ന് എത്ര വ്യാഖ്യാനിച്ചാലും അത് വിലപ്പോവില്ല. ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും അണ്‍പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയാണു നരേന്ദ്ര മോഡി എന്ന സൂചനയാണിത് നല്‍കുന്നത്.

രാഷ്ട്രപിതാവിന്റെ ഘാതകര്‍ തങ്ങളാണെന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെട്ടുകൊണ്ടും ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിനു എതിരു നില്‍ക്കുന്നവരെ ഇനിയും കൊന്നുതള്ളാന്‍ മടിയില്ലെന്ന് ആക്രോശിച്ചും സ്വാമി ഓംരാജിനേപ്പോലുള്ള സംഘ പരിവാര്‍ പ്രഭൃതികള്‍ കളം നിറഞ്ഞാടിയിട്ടും അവര്‍ ആഗ്രഹിച്ച തരത്തിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടായില്ല എന്നത് ഇന്ത്യന്‍ മതേതരത്ത്വത്തെ സംബന്ധിച്ച് ആശാവഹമാണു. തെരഞ്ഞെടുപ്പ് മൂര്‍ദ്ധന്ന്യത്തിലും ഷാഹി ഇമാമിനേപ്പോലുള്ളവര്‍ കുളം കലക്കാനായി മുന്നോട്ടുവെച്ച പിന്തുണാവാഗ്ദാനം നിരസിക്കാന്‍ ആര്‍ജ്ജവം കാണിച്ച അരവിന്ദ് കേജ്‌രിവാളിനു ഒരു ബിഗ് സല്യൂട്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യാര്‍ത്ഥം ഇല്ലാത്ത സ്വാധീനശേഷി ഉണ്ടെന്ന് ഭാവിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയുമൊക്കെ മെക്കിട്ടുകേറുന്ന മത, സാമുദായിക, ആത്മീയ നേതാക്കന്മാരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍ ജനകീയനേതാക്കള്‍ തയ്യാറായാല്‍ ജനം കൂടെ നില്‍ക്കുമെന്നത് ശുഭകരമായ ഒരു സൂചനയാണു. ഈ ആത്മവിശ്വാസം കൂടുതല്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഉണ്ടാകണമെങ്കില്‍ ജനങ്ങളും ഇതേ മാതൃക ആവര്‍ത്തിച്ചേ പറ്റൂ.

ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള അന്ധമായ വിധേയത്വത്തിന്റെ ഭാഗമായ ‘ലോയല്‍ വോട്ടിംഗ്’ എന്ന രീതിയുടെ കാലം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുപകരം അതതുകാലത്തും പ്രദേശത്തുമുള്ള സമൂര്‍ത്ത രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ‘ഇന്റലിജന്റ് വോട്ടിംഗ്’ എന്നതിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വളരുകയാണെന്നുമാണു കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ ജനവിധിയില്‍ നിന്ന് പ്രധാനമായി ഉള്‍ക്കൊള്ളേണ്ട ഒരു പാഠമെന്ന് തോന്നുന്നു. ഇന്ത്യയുടെ രാഷ്ട്രസങ്കല്‍പ്പങ്ങളെത്തന്നെ തകര്‍ക്കാനാഗ്രഹിക്കുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഭീഷണിയെ ചെറുക്കാന്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മ്മാര്‍ പോലും ബുദ്ധിപൂര്‍വ്വം അവര്‍ക്ക് ഉചിതമെന്ന് തോന്നിയ കക്ഷിക്ക് വോട്ട് നല്‍കി എന്നാണു മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അതിന്റെ ഗുണഭോക്താവായി. കോണ്‍ഗ്രസ്സിനു മെച്ചപ്പെട്ട മുഖവും സംഘടനാ സംവിധാനവുമുള്ള ഇടങ്ങളില്‍ ജനാധിപത്യ, മതേതര മനസ്സുകളുടെ പിന്തുണ നിലനിര്‍ത്താന്‍ ഇനിയും കഴിയും. അതുകൊണ്ടുതന്നെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും ആധുനിക, ലിബറല്‍, മതേതര, ജനാധിപത്യ രാഷ്ട്രസങ്കല്‍പ്പത്തിനു ശക്തമായ അടിത്തറയിടുകയും ചെയ്ത ‘ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി’ എന്ന തരത്തില്‍ മാത്രമല്ല, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും ഭാവി സമൂഹത്തെ രൂപപ്പെടുത്താനും കഴിയുന്ന വ്യക്തമായ നയങ്ങളും കാഴ്ചപ്പാടുകളുമുള്ള ‘ബ്രാന്‍ഡ് ന്യൂ പാര്‍ട്ടി’ എന്ന നിലയില്‍ക്കൂടി കോണ്‍ഗ്രസ്സിനെ ജനസമക്ഷം പുനരവതരിപ്പിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നെഹ്രു, ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ പഴയ ഭരണാധികാരികള്‍ ജനമനസ്സുകളിലിടം പിടിച്ചത് എല്ലാം തികഞ്ഞ അതിമാനുഷരായ വ്യക്തികള്‍ എന്ന നിലയിലല്ല, മറിച്ച് ജനാധിപത്യം, മതേതരത്വം, ആധുനികത, സോഷ്യലിസം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ശാസ്ത്ര സാങ്കേതികവിദ്യാ വികസനം, അധികാര വികേന്ദ്രീകരണം എന്നിങ്ങനെ ഓരോ കാലത്തിനും അനുയോജ്യമായ ആശയങ്ങളും നയങ്ങളും മുന്നോട്ടുവെച്ചതുകൊണ്ടാണെന്ന് നാം മറന്നുപോകരുത്. ‘ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഏക പരിഹാരം ഞാന്‍’ എന്ന മോഡിയന്‍ ആത്മാരാധനക്കാലത്ത് സാധാരണ പൗരന്മാരെ ശാക്തീകരിക്കുന്ന അവകാശാധിഷ്ഠിത നിയമനിര്‍മ്മാണങ്ങളിലൂടെയും ഗ്രാമീണ ഇന്ത്യയെക്കൂടി ഉള്‍ക്കൊള്ളുന്ന വികസന സങ്കല്‍പ്പങ്ങളിലൂടെയും ‘ഞാനല്ല, നമ്മള്‍’ എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു എന്നതാണു ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്ത്വത്തിന്റെ പ്രസക്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുമാത്രം ആ ആശയം അപ്രസക്തമാവുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു കുടുംബത്തേയോ വ്യക്തിയേയോ അമിതമായി ആശ്രയിക്കുക എന്ന സ്തുതിപാഠക സംസ്‌കാരം വിട്ട് ഓരോ കാലത്തേയും നേതാക്കള്‍ ഉയര്‍ത്തിയതും ഇന്നും പ്രസക്തവുമായ ആശയങ്ങളുടേയും നയങ്ങളുടേയുമടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനത്തെ പുനസംഘടിപ്പിക്കേണ്ടതുണ്ട്.

‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നാക്രോശിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് അധികാരസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തുക എന്നതല്ല, മറിച്ച് കോണ്‍ഗ്രസ്സിലൂടെ ഈ നാട് പരിചയപ്പെട്ട പുരോഗമനാശയങ്ങള്‍ക്ക് പകരം മതപൗരാണികതയിലും ഭൂതകാല ഗൃഹാതുരതയിലുമൂന്നിയ ഒരു രാഷ്ട്രസങ്കല്‍പ്പത്തെ അടിച്ചേല്‍പ്പിക്കുക, അഥവാ ഇവിടെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ഉണ്ടാക്കിയെടുക്കുക എന്നതാണെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തിരിച്ചറിയാന്‍ പ്രബുദ്ധരായ വോട്ടര്‍മ്മാര്‍ക്ക് കഴിയുന്നു എന്നത് പ്രധാനമാണ്. നമ്മളാഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാവരുടേതുമായ ഇന്ത്യയെ വീണ്ടെടുക്കുന്നതിനായുള്ള ‘മോഡി മുക്ത് ഭാരത്’ എന്ന മുദ്രാവാക്യത്തിന്റെ ആരംഭം കൂടിയാണു ഡല്‍ഹിയില്‍ നിന്ന് കേട്ടുതുടങ്ങിയിരിക്കുന്നത്.

നമുക്ക് പ്രതീക്ഷയുണ്ട്; കാരണം ഇന്ത്യ എന്ന ആശയമുണ്ടായത് ഫോട്ടോഷോപ്പ് കണ്ടുപിടിക്കുന്നതിനും മുന്‍പാണ്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

https://www.facebook.com/vtbalram/posts/10152785217484139?fref=nf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍