UPDATES

ആര്‍എസ്എസ് സഹകരണം; പ്രയാറിനെ തിരുത്തണമെന്ന് വി ടി ബല്‍റാം

അഴിമുഖം പ്രതിനിധി

ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ പരോക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. ആര്‍എസ്എസ്സുമായി ക്ഷേത്രകാര്യങ്ങളില്‍ സഹകരിക്കാമൈന്ന പ്രയാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണു ബല്‍റാം രംഗത്തു വന്നിരിക്കുന്നത്. ആര്‍എസ്എസ് തീവ്രവാദസ്വഭാവമുള്ള ഹിന്ദുത്വ സംഘടനയാണെന്നും അത്തരമൊരു സംഘടനയുമായി സഹകരിക്കാമെന്നു പറയുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയനിലപാടുകളെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ സംശയം ഉണ്ടാക്കുമെന്നും ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആര്‍എസ്എസ് ഒരു ഹൈന്ദവ സംഘടനയല്ല, ഒരു ഹിന്ദുത്വ സംഘടന ആണ്. അതൊരു ഭക്തസംഘടനയുമല്ല, നിഷ്‌ക്കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രങ്ങളുടെ മറവില്‍ ആയുധ പരിശീലനങ്ങളടക്കം നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടന ആണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് സവര്‍ക്കര്‍ രൂപീകരിച്ച ഹിന്ദുത്വം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആര്‍എസ്എസിന്റെ വിധ്വംസകാശയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് നോമിനിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പദവിയിലെത്തിയ മുന്‍ എംഎല്‍എ കൂടിയായ ശ്രീ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആര്‍എസ്എസുമായി ക്ഷേത്രകാര്യങ്ങളില്‍ സഹകരിക്കുമെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭക്തിയുടേയും വിശ്വാസങ്ങളുടേയും കാര്യത്തില്‍ കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ നേരിട്ടിടപെടാറില്ലെങ്കിലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് മതേതര പൊതുസമൂഹത്തിന് മുന്നില്‍ സംശയങ്ങളുളവാക്കുന്ന ഈ വിഷയത്തേക്കുറിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍