UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടൊരാള്‍ കമ്യൂണിസ്റ്റ് ആകണമെന്നു പഠിപ്പിച്ച മൂര്‍ത്തി സാര്‍

Avatar

കെ എ ആന്റണി

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയുടെ എഡിറ്റര്‍ സ്ഥാനത്തു നിന്നു വിരമിക്കുമ്പോള്‍ ഉള്ളില്‍ തെല്ലൊരു നൊമ്പരം ഉണ്ടായിരുന്നു. ഈ നൊമ്പരം പഴയ അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ടുള്ളതാണ്. അടിയന്തരാവസ്ഥയില്‍ ഒരുപാടു പേര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. എന്തുകൊണ്ടോ ഇതെഴുന്നയാള്‍ക്ക് ഒരു യോഗമുണ്ടായില്ല. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പുറത്തു നില്‍ക്കേണ്ടി വന്ന ഒരു പഴയ കമ്യൂണിസ്റ്റുകാരന്റെ പിന്നീടുള്ള യാത്രകളില്‍ എവിടെയൊക്കെയോ മൂര്‍ത്തി സാറുമുണ്ടായിരുന്നു. കലാപത്തിനു പ്രേരിപ്പിക്കുകയല്ല, കലാപകാരികളെ മടക്കി അയക്കാനുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റ് തത്വശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു പഴയ മലബാര്‍ കമ്യൂണിസ്റ്റ് ശ്രൃംഖലയുടെ അവസാനത്തെ കണ്ണിയാണ് മൂര്‍ത്തി സാര്‍. പാപം അരുത്, കൊല അരുത്, നന്ദി പറഞ്ഞ് നല്ല വാക്കുകളിലൂടെ ആളുകളെ നമുക്കൊപ്പം അണിചേര്‍ക്കൂ എന്നു പറഞ്ഞ ഒരു മനുഷ്യനാണ് ഇന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

മൂര്‍ത്തി സാറിനെ കാണണമെന്നു പണ്ടും ആഗ്രഹിച്ചിരുന്നു. തരപ്പെട്ടത് 1987-ല്‍ മാത്രം. ദേശാഭിമാനിയില്‍ ജോലി തെണ്ടാന്‍ ചെന്നതായിരുന്നില്ല. ഞാന്‍ പഠിച്ച ദേവഗിരി കോളേജില്‍ ഒരു ചടങ്ങുണ്ടായിരുന്നു. അവിടെ മൂര്‍ത്തി സാര്‍ ആയിരുന്നു സര്‍വമയം. അടിയന്തരാവസ്ഥയെക്കുറിച്ചും ലോകപ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടയില്‍ അന്നും അദ്ദേഹം പ്രസംഗിച്ചത് മനുഷ്യനന്മയെക്കുറിച്ചും എന്തിന് ഒരാള്‍ കമ്യൂണിസ്റ്റ് ആകണം എന്നതിനെക്കുറിച്ചുമായിരുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ മനുഷ്യനന്മയുടെ പ്രതീകമാണെന്നും എന്നും ചിന്തയിലും പ്രവര്‍ത്തിയിലും കൊണ്ടു നടന്നിരുന്ന ഒരാളാണ് മൂര്‍ത്തി മാഷ്. 

പാലേരിയിലെ പഴയകാല കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് വികൃതികള്‍ എന്റെ സുഹൃത്ത് തന്നെയായ രാജീവന്റെ പാലേരി മാണിക്യം എന്ന നോവലിലൂടെയും പിന്നീട് രഞ്ജിത്തിന്റെ സിനിമയിലൂടെയും പുറത്തു വന്നതാണ്. പാലേരിയുടെ സൗകമാര്യത്തെ തന്നെയാണ് പിന്നീടും രാജീവന്‍ കെ ടി എന്‍ കോട്ടൂര്‍ എന്ന നോവലിലൂടെയും തുടര്‍ സിനിമയിലൂടെയും അവതരിപ്പിച്ചത്. കുത്തും കൊലയും നടന്നിരുന്ന ഒരു നാടിന്റെ നന്മകളെ കുറിച്ചും തിന്മകളെ കുറിച്ചും പറയുന്ന, മറ്റൊരര്‍ത്ഥത്തില്‍ ഒരു ഇയ്യോബിന്റെ പുസ്തകം തന്നെയാണ് വടകര താലൂക്ക്. കലാപങ്ങളും കൊലപാതകങ്ങളും ആര്‍ത്തിരമ്പി എത്തുമ്പോഴും നിസ്സംഗനായി നിന്ന മൂര്‍ത്തി മാഷെയാണ് അന്നു കോളേജിലെ ആ ചര്‍ച്ചയ്ക്കിടയിലും ഞാന്‍ കണ്ടത്. നന്മ ഏതു മണ്ണിലും പൊടിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു മൂര്‍ത്തി മാഷ്. 

വി എസ് അച്യുതാനന്ദനെ മാറ്റി മൂര്‍ത്തി മാഷ് ദേശാഭാമാനി എഡിറ്ററാക്കി എന്ന വാര്‍ത്ത ദേശീയദിനപത്രങ്ങള്‍ അടക്കം എഴുതുമ്പോള്‍ ഞാനും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. മാഷെ കാണാന്‍ പോയില്ല, കാണേണ്ട കാര്യമില്ല. മാഷ്‌ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ അദ്ദേഹം സ്വയം ചെയ്തുകൊള്ളും എന്ന് അന്നു തന്നെ മനസിലായതാണ്. ദേവഗിരിയിലെ ആ ചര്‍ച്ച മാത്രം മതിയായിരുന്നു ആ മനുഷ്യനെ മനസിലാക്കാന്‍. എല്ലാ കമ്യൂണിസ്റ്റുകാരും കൊലപാതകികളല്ല, കൊലപാതകം അവര്‍ കാംക്ഷിക്കുന്നില്ല എന്ന തിരിച്ചറിവു തന്നെയായിരുന്നു അന്നത്തെ ചര്‍ച്ചയുടെ ശിഷ്ടഭാഗം.

മാഷ് മരിച്ചു. ഇതുപോലെ എത്രനല്ല എഡിറ്റര്‍മാരെ, എത്ര നല്ല കമ്യൂണിസ്റ്റുകളെ ഇനി ദേശാഭിമാനിക്കു മുന്നോട്ടുവയ്ക്കാനാകുമെന്ന ഒരു ചിന്ത (ദുഷ്ചിന്തയാണെങ്കില്‍ അങ്ങനെ) മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇതൊരു പഴയ കമ്യൂണിസ്റ്റുകാരന്റെ ആഗ്രഹമാണ്. ഈ ആഗ്രഹം മൂര്‍ത്തി സാറിന്റെ മനസിനൊപ്പം ചേര്‍ത്തുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ ഈ ദൗത്യം പൂര്‍ണമായി എന്നു വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍