UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്- “പൊതുശല്യക്കാരി” വി വി വിജിത പറയുന്നു

Avatar

വിവരാവകാശ അപേക്ഷകൾ പല അഴിമതികളും പുറത്തുകൊണ്ടുവരുന്ന ഈ കാലത്ത്  തിരുവനന്തപുരത്തെ പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം വിവരാവകാശം എന്നു കേട്ടാൽ അധികൃതര്‍ക്ക് ഒരു വിമ്മിഷ്ടമാണ്. ഇത്ര എണ്ണം അപേക്ഷ മാത്രമേ കൊടുക്കാന്‍ പറ്റൂ എന്ന പരിധി ഇല്ലെങ്കിലും കൂടുതൽ അപേക്ഷ കൊടുത്താൽ ഉടനേ കൊടുത്തയാളെ അവർ കള്ളക്കേസിൽ കുടുക്കും, പോരാത്തതിന് പൊതുശല്യമായി പ്രഖ്യാപിച്ചു പ്രമേയം പാസ്സാക്കുകയും ചെയ്യും. അങ്ങനെയൊരു ഗതികേടിലാണ് മൂക്കുന്നിമല സംരക്ഷണ സമിതി അoഗവുo സാമൂഹ്യ പ്രവര്‍ത്തകയുമായ വി വി അജിതഅഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിനു ‘പൊതുശല്യം’ എന്ന് പഞ്ചായത്ത് മുദ്രകുത്തിയ വിജിത അഴിമുഖത്തോടു സംസാരിക്കുന്നു. (തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി , അഴിമുഖം പ്രതിനിധി)


മൂക്കുന്നിമലയിലെ അനധികൃത പാറഖനനത്തിനെതിരെയാണ് ഞാന്‍ ആദ്യം അപേക്ഷ കൊടുത്തത്. അതിനു കൃത്യമായ മറുപടി ലഭിച്ചു.  പക്ഷേ എന്നെ കളിയാക്കുന്ന രീതിയിലുള്ളതും അധികൃതര്‍ക്ക് തോന്നിയ രീതിയിലുള്ളതുമായ വിവരങ്ങൾ ആയിരുന്നു തുടര്‍ന്നു ചോദിച്ച പല ചോദ്യങ്ങള്‍ക്കും പിന്നീടു കിട്ടിയത്.

പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് വിനിയോഗം, പഞ്ചായത്തിലെ ജനസംഖ്യ, ഇ-സാക്ഷരത പദ്ധതി ഫണ്ട്, കുടുംബശ്രീ എന്നിങ്ങനെ അഴിമതി നടന്ന പല പദ്ധതികളെക്കുറിച്ചും കൂടുതൽ അറിയാനായി  വിവരാവകാശ അപേക്ഷ നല്‍കുകയുണ്ടായി. കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുകയും ഗവര്‍ണറുടെ കൈയിൽ നിന്നും അവാര്‍ഡ്‌ വാങ്ങുകയും ചെയ്തുവെങ്കിലും പള്ളിച്ചലിലെ പദ്ധതിയുടെ ഫണ്ട് എങ്ങനെ, ആരു വഴി ചിലവാക്കി എന്നറിയാന്‍ കൊടുത്ത അപേക്ഷയ്ക്ക് പുല്ലുവില കല്‍പ്പിച്ചാണ്  പഞ്ചായത്തധികൃതർ പ്രതികരിച്ചത്. പല വാര്‍ഡുകളിലും ഇ-സാക്ഷരത പദ്ധതി എന്താണെന്ന് പോലും ജനങ്ങള്‍ക്ക്‌ അറിയാത്ത അവസ്ഥയാണ്. പക്ഷേ അവിടെയെല്ലാം ഫണ്ട് വിനിയോഗിച്ചതായും പദ്ധതി നടപ്പിലാക്കിയതായുമാണ് പഞ്ചായത്തിന്റെ വാദം. ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി അവർ നല്‍കിയതുമില്ല. സ്വന്തം പേരിൽ അപേക്ഷകൊടുത്തിട്ട് മറുപടി ഇല്ലാതായപ്പോൾ മകന്റെ പേരില് അപേക്ഷ നല്‍കി. എന്നിട്ടും മറുപടി പഴയത് തന്നെ.

ഇതിനെതിരായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീൽ കൊടുത്തുവെങ്കിലും പല രേഖകളും വ്യാജമായി ചമച്ചു തരിക, ആവശ്യപ്പെട്ട വിവരങ്ങളുടെ മുഴുവൻ പേജുകളും തരാതിരിക്കുക തുടങ്ങിയ പരിപാടികളായിരുന്നു പഞ്ചായത്ത് പിന്നീട് പയറ്റിയത്. അസ്സൽ കണ്ടു ബോധ്യപ്പെടണം എന്ന ആവശ്യം അവർ പലപ്പോഴും അംഗീകരിക്കാറുമില്ല. ചോദിച്ചാൽ അപ്പീലുമായി മുന്‍പോട്ടു പോകുമ്പോൾ നിങ്ങള്‍ക്ക് രേഖകൾ കിട്ടും എന്നാണ് സെക്രട്ടറിയുടെ മറുപടി. ഇതിനായി ഒരിക്കൽ പഞ്ചായത്ത് സെക്രട്ടറിയെ ചെന്ന് കണ്ടപ്പോൾ താങ്കൾ ഒരു കേസിലെ പ്രതിയാണ്, ആയതിനാൽ ഔദ്യോഗിക രേഖകൾ കാണിക്കാന്‍ ബുദ്ധിമുട്ടാണ് എന്നായിരുന്നു സെക്രട്ടറിയുടെ   വാദം. അതിനു മറുപടിയായി ക്വാറി സംബന്ധമായ വിജിലന്‍സ് അന്വേഷണത്തെ തുടർന്നുള്ള കേസിൽ സെക്രട്ടറി പ്രതിയാണല്ലോ എന്ന വസ്തുത ചൂണ്ടിക്കാട്ടിയപ്പോൾ വീണ്ടും അവരുടെ വൈരത്തിനു പാത്രമാവേണ്ടി വന്നു.

സെക്രട്ടറി രേഖകൾ കാട്ടുന്നതിന് തടസ്സമായി പറഞ്ഞ കേസ് എന്തെന്നല്ലേ? മൂക്കുന്നിമല സംരക്ഷണ സമിതിയിലെ മുതിർന്ന പ്രവർത്തകർ പഞ്ചായത്തിൽ അപേക്ഷ കൊടുക്കാനായി എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മെമ്പർമാരും പ്രവർത്തകരെ പഞ്ചായത്തിൽ കയറാൻ അനുവദിക്കാതെ കൈയേറ്റം ചെയ്തു. സമിതി പ്രവർത്തകർ പഞ്ചായത്ത് ആക്രമിച്ചെന്ന കഥയുണ്ടാക്കി. അപ്പോൾ സ്ഥലത്തില്ലാതിരുന്ന എന്നെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. അതേ തുടര്‍ന്ന് മൂന്നു ദിവസം എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു.

അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി മുപ്പത്തി അഞ്ചോളം വിവരാവകാശ അപേക്ഷകൾ ഞാന്‍ കൊടുത്തിട്ടുണ്ട്. മകന്റെ പേരിലും അപേക്ഷ കൊടുക്കേണ്ടി വന്നു. അതിനെ തുടര്‍ന്നാണ് പൊതുശല്യം ആയി പ്രഖ്യാപിച്ചുകൊണ്ട് അവർ ഓര്‍ഡർ ഇറക്കിയത്. തുടര്‍ച്ചയായി വിവരാവകാശ അപേക്ഷകൾ കൊടുക്കുകയും പഞ്ചായത്ത്‌ നടപടികള്‍ക്ക് തടസ്സം വരുത്തുകയും ചെയ്യുന്നു, കൂടാതെ മറ്റാവശ്യങ്ങള്‍ക്ക് വരുന്നവരെ വിവരാവകാശ അപേക്ഷ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങിയവ ആയിരുന്നു ആരോപണങ്ങൾ. അതിനെ തുടര്‍ന്ന് പഞ്ചായത്തിലെ 17 മെമ്പര്‍മാരും മറ്റ് അധികൃതരും ഒപ്പിട്ട്‌ പ്രമേയം പാസ്സാക്കുകയും ചെയ്തു.

രാജ്യസുരക്ഷയെ സംബന്ധിക്കുന്നതല്ലാത്ത രേഖകൾ അല്ലാതെ മറ്റുള്ള രേഖകൾ വിവരാവകാശ നിയമത്തിലൂടെ ലഭ്യമാകും എന്നിരിക്കെ പഞ്ചായത്തിന്റെ ഈ നിഷേധപരമായ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് എന്റെ തീരുമാനം. വരുന്ന ദിവസങ്ങളിൽ പഞ്ചായത്ത് കാര്യാലയത്തിനു മുന്‍പിൽ നിരാഹാരം അടക്കമുള്ള സമരമുറകളിലൂടെ പ്രതികരിക്കും. ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് അവരുടെ തന്ത്രം. അങ്ങനെ ആയാൽ പിന്നെ ആരും ശബ്ദമുയർത്തില്ലല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍