UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്ളിച്ചലിലെ പൊതുശല്യക്കാരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍- വി ടി ബലറാം എം എല്‍ എ പ്രതികരിക്കുന്നു

Avatar

വി ടി ബലറാം എം എല്‍ എ

കോൺഗ്രസ്‌ നേതൃത്വത്തിലുള്ള കഴിഞ്ഞ കേന്ദ്ര സർക്കാരിന്റെ ഏറ്റവും വിപ്ലവപരമായ ഒരു നിയമ നിർമ്മാണമായിരുന്നു 2005ലെ വിവരാവകാശ നിയമം. സ്വാഭാവികമായും അഭിമാനത്തോടെ ആ നിയമത്തിന്റെ പ്രചാരകരാവുക എന്നതാണ് കോൺഗ്രസ്‌ പ്രവർത്തകരുടെ ദൗത്യം. കൊളോണിയൽ കാലത്തെ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ മനോഭാവ പരിസരത്തിൽ കെട്ടിപ്പൊക്കിയ നമ്മുടെ ഭരണ നിർവ്വഹണ രംഗത്ത്‌ സുതാര്യതയുടേയും ഉത്തരവാദിത്തത്തിന്റേയും ഒരു പുതുയുഗപ്പിറവിക്കാണ് വിവരാവകാശ നിയമം വഴിതെളിയിക്കുന്നത്‌. ചോദിക്കാനും പറയാനും ആളുണ്ടെന്നും അവരോട്‌ കാര്യങ്ങൾ ബോധിപ്പിക്കേണ്ടി വരുമെന്നുമുള്ള ഒരു തോന്നൽ പോലും നമ്മുടെ സംവിധാനങ്ങൾക്കകത്ത്‌ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. വിവരാവകാശ നിയമം അദൃശ്യമായി സൃഷ്ടിച്ചെടുക്കുന്ന ഈ ക്രിയാത്മകമായ ഡിറ്ററൻസ്‌ അഴിമതിക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധമാകുന്നുണ്ട്‌ എന്നതിനു നിരവധി അനുഭവങ്ങൾ സാക്ഷിയാണ്.

സ്വാഭാവികമായും ഇത്തരം ചോദ്യം ചെയ്യലുകൾ അധികാരി വർഗ്ഗത്തിനും സ്ഥാപിത താത്പര്യക്കാർക്കും പലതരത്തിലും അലോസരം സൃഷ്ടിക്കുമെന്നുറപ്പ്‌. അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിന്റെ ഉപയോഗത്തെ പരമാവധി നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് മിക്കവാറും എല്ലായിടത്തും കാണാറുള്ളത്‌. വിവരങ്ങൾ ആവശ്യപ്പെട്ടാലും പരമാവധി അത്‌ നൽകാതിരിക്കുക, പരമാവധി നീട്ടിക്കൊണ്ടുപോവുക, ആവശ്യത്തിനുപകരിക്കാത്തതും അർത്ഥശൂന്യവുമായ വിവരങ്ങൾ നൽകി ചോദ്യകർത്താവിനെ നിരാശപ്പെടുത്തുക തുടങ്ങി പലവിധത്തിലാണു അട്ടിമറിശ്രമങ്ങൾ മുന്നോട്ടുപോകുന്നത്‌.

എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ നിരാശപ്പെടുത്തുന്നതും പ്രതിഷേധാർഹവുമാണ് തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി കേൾക്കുന്ന നടപടി. നിയമം ഉപയോഗപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു വിവരാവകാശ പ്രവർത്തകയെ “പൊതു ശല്യം” എന്നാണത്രേ പഞ്ചായത്ത്‌ ഭരണസമിതി കൂടി പ്രമേയത്തിലൂടെ മുദ്രകുത്തുന്നത്‌. ഈ നടപടി നിയമവിരുദ്ധമെന്ന് മാത്രമല്ല, നീതിയേക്കുറിച്ചും മാനവികതയേക്കുറിച്ചുമുള്ള നമ്മുടെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക്‌ പോലും വിരുദ്ധമാണെന്ന് പറയാതെ വയ്യ. ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന, അവകാശബോധമുള്ള ഒരു ജനത തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മൂലധനം. ഇത്‌ മനസ്സിലാക്കാൻ ഗ്രാമതലം തൊട്ട്‌ ദേശീയതലം വരെയുള്ള അധികാരിവർഗ്ഗത്തിനു കഴിയേണ്ടതുണ്ട്‌.

പഞ്ചായത്തിന്റെ ഈ നടപടി സ്റ്റേ ചെയ്ത തദ്ദേശ ഭരണ വകുപ്പിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾക്കെതിരെ അവരവരുടെ രാഷ്ട്രീയ പാർട്ടികളും ഉചിതമായ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നിയമം വന്ന കാലം തൊട്ടുതന്നെ ആരംഭിച്ചിരുന്നു. ഇന്നത്‌ ദൗർഭാഗ്യവശാൽ പൂർവ്വാധികം ശക്തമായതായാണ് അനുഭവപ്പെടുന്നത്‌. ദേശീയ ഇൻഫർമേഷൻ കമ്മീഷന്റെ മുഖ്യ ഇൻഫർമേഷൻ കമ്മീഷണർ സ്ഥാനത്തേക്ക്‌ ഒരാളെ നിയമിക്കാൻ പോലും പുതിയ കേന്ദ്ര സർക്കാർ താത്പര്യമെടുക്കുന്നില്ലാത്തതു കാരണം ഒരു വർഷത്തോളമായി ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിലാവട്ടെ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ നിയമപ്രകാരം വർഷാവർഷം നിയമസഭക്ക്‌ സമർപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ട്‌ കഴിഞ്ഞ മൂന്ന് വർഷമായി സമർപ്പിച്ചിട്ടില്ല. ഈ നിയമവും അതിന്റെയടിസ്ഥാനത്തിലുള്ള സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കാനുള്ള ശ്രമങ്ങൾ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ നടക്കുന്നുണ്ടെന്ന് സാരം.

പ്രയോഗതലത്തിലുള്ള വീഴ്ചകളും അപര്യാപ്തതകളും ദുരുപയോഗസാധ്യതകളും പരിഹരിച്ച്‌ വിവരാവകാശ നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക്‌ മുന്നിലുള്ള യഥാർത്ഥ ദൗത്യം. ഈ നിയമത്തെ കൂടുതൽ വിപുലീകരിക്കുന്നതോടൊപ്പം സേവനാവകാശ നിയമം, ലോക്‌ പാൽ, വിസിൽ ബ്ലോവേഴ്സ്‌ സംരക്ഷണ നിയമം, നിർബന്ധിത ഡിസ്‌ക്ലോഷർ നിയമങ്ങൾ എന്നിവയിലൂടെ ഈ ദൗത്യത്തെ ഇനിയും മുന്നോട്ടുകൊണ്ടുപോകേണ്ടതായിട്ടുമുണ്ട്‌. രാഷ്ട്രീയ പാർട്ടികൾ, മത, ആത്മീയ സംഘടനകൾ, എൻ ജി ഒ കൾ, എന്നിവയെയൊക്കെ സുതാര്യതയുടെ ഈ വിശാലലോകത്തേക്ക്‌ കൊണ്ടുവരിക എന്നതും പ്രധാനമാണ്. ഇന്ന് ഉയർന്നുവരുന്ന പല അഴിമതിക്കഥകളും വിരൽ ചൂണ്ടുന്നത്‌ ഇത്തരമൊരു ഘടനാപരമായ മാറ്റത്തിന്റെ അനിവാര്യതയിലേക്കാണു. അഴിമതി എന്നത്‌ ഏതെങ്കിലും ചില വ്യക്തികളുടെ മാത്രം കുഴപ്പമാണെന്ന അയഥാർത്ഥവും അരാഷ്ട്രീയവുമായ കാഴ്ചപാടിനു പകരം നിലനിൽക്കുന്നതും വ്യക്ത്യധിഷ്ഠിതമല്ലാത്തതുമായ അഴിമതി വിരുദ്ധ വ്യവസ്ഥിതിക്ക്‌ വേണ്ടിയാണു നമുക്ക്‌ പോരാടേണ്ടത്‌. ഇപ്പോഴത്തെ കോലാഹലങ്ങൾ കെട്ടടങ്ങിയാലെങ്കിലും ദീർഘവീക്ഷത്തോടെയുള്ള മാറ്റങ്ങൾക്ക്‌ വേണ്ടിയുള്ള യഥാർത്ഥ മുദ്രാവാക്യങ്ങൾ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.

*വി ടി ബലറാം എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്

വി വി വിജിതയെക്കുറിച്ചുള്ള അഴിമുഖം റിപ്പോര്‍ട്ട് ഇവിടെ വായിക്കാം

ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്- “പൊതുശല്യക്കാരി” വി വി വിജിത പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍