UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപം അഴിമതി; ഭാവനയേക്കാള്‍ വിചിത്രമാണ് സത്യം

മധ്യപ്രദേശ് വ്യാവസായിക പരീക്ഷ മണ്ഡല്‍ (വ്യാപം) അഥവാ പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഴിമതി സംസ്ഥാനത്ത് 2005 നവംബര്‍ മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിംഗ് ചൌഹാനെ മാത്രമല്ല ഭാരതീയ ജനതാ പാര്‍ടിയെയും പരുങ്ങലിലാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയുടെ നിശബ്ദതയും അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനുള്ള ബി ജെ പിയുടെ ശ്രമവും സംസ്ഥാന സര്‍ക്കാരിന് എന്ന പോലെ കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാകാനാണ് സാധ്യത.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രത്യേകിച്ചു മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നേടിക്കൊടുക്കാനും സര്‍ക്കാര്‍ ജോലികളിലെ നിയമനത്തിനും കൈക്കൂലിയും അഴിമതിയും ഉണ്ടായി എന്ന ഈ വിവാദത്തിന്റെ ഒരു ഉപരിപ്ലവമായ വായന, അതിലെന്താണ് പുതുമ എന്ന ചോദ്യമാണുയര്‍ത്തുക. അങ്ങനെ വിടാന്‍ വരട്ടെ! ഇത് ഇന്ത്യന്‍ നിലവാരത്തില്‍ മാത്രമല്ല ലോകത്തെവിടെ വെച്ചു നോക്കിയാലും അസാധാരണമാണ്. എന്തുകൊണ്ട്?

ശക്തരായ രാഷ്ട്രീയക്കാരും പിടിപ്പാടുള്ള ഉദ്യോഗസ്ഥരും വ്യാപാരികളും ഒക്കെ ഒരു അഴിമതി വിവാദത്തില്‍ ഉള്‍പ്പെടുന്നത് ഇതാദ്യമല്ല. അഴിമതിക്കേസിലെ പ്രതികളും സാക്ഷികളാകാന്‍ സാധ്യതയുള്ളവരും ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതും ഇതാദ്യമല്ല. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതിയാവുകയും ശിക്ഷിക്കപ്പെട്ടു ജയിലലില്‍ പോവുകയും ചെയ്ത കാലിത്തീറ്റ കുംഭകോണം ഓര്‍മ്മയില്ലേ? അല്ലെങ്കില്‍ അടുത്തിടെ ഉണ്ടായ ആള്‍ദൈവം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ബാപു ആശാറാമും മകനും ഉള്‍പ്പെട്ട ബലാത്സംഗക്കേസ്?

വ്യാപം അഴിമതി ഏറെ കൊല്ലങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. പിന്നെന്താണ് കഴിഞ്ഞ നാലാഴ്ച്ചയായി മുടങ്ങാതെ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തലക്കെട്ടാകുന്നത്? വ്യാപത്തിനെ മറ്റ് അഴിമതികളില്‍ നിന്നും, കൈക്കൂലി നല്കി കോണ്‍സ്റ്റബിള്‍ തൊട്ട് ഡോക്ടര്‍മാര്‍ വരെ നിയമനവും സ്ഥലം മാറ്റവും വാങ്ങിയതില്‍ നിന്നും  വ്യത്യസ്തമാക്കുന്ന എന്താണുള്ളത്?

ഏതൊരു ദോഷൈകദൃക്കിനെയും അമ്പരപ്പിക്കുന്നതാണ് വ്യാപം അഴിമതിയുടെ വ്യാപ്തിയും അളവും. പ്രതികളും സാക്ഷികളുമായി 24 പേരുടെ മരണമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ കോടതി നിയമിച്ച മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ചന്ദ്രേഷ് ഭൂഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൌത്യ സംഘം (STF) സമര്‍പ്പിച്ച തത്സ്ഥിതി റിപ്പോര്‍ടില്‍ ഇത് പറയുന്നുണ്ട്. സംസ്ഥാന പോലീസില്‍ നിന്നും അന്വേഷണം ഇപ്പോള്‍ സി ബി ഐ ഏറ്റെടുത്തിരിക്കുന്നു.

ജൂണ്‍ 26-നു STF റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒന്നിലേറെ ദുരൂഹ മരണങ്ങള്‍ നടന്നു. പ്രതികള്‍, സാക്ഷികള്‍, സംശയത്തിന്റെ നിഴലിലുള്ളവര്‍, കുടുംബാംഗങ്ങള്‍ ഇങ്ങനെ മരിച്ചവരുടെ പട്ടികയെ സംബന്ധിച്ചു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്, ആത്മഹത്യകളടക്കം. മരിച്ചവരുടെ അനൌദ്യോഗിക എണ്ണം പലരുടേയും അഭിപ്രായങ്ങളില്‍ ഔദ്യോഗിക കണക്കിന്റെ എന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ്. മരിച്ചവരില്‍ ചെറുപ്പക്കാരായ നിരവധി പേര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനും ജൂനിയര്‍ തല സര്‍ക്കാര്‍ ജോലികള്‍ക്കുമായി രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്തവരാണ്.

ദുരൂഹ മരണം സംഭവിച്ചവരില്‍ ഭൂരിഭാഗം പേരും പ്രതികളും സംശയത്തിന്റെ  നിഴലിലുള്ളവരുമാണ്. ഇതിലേറ്റവും ശ്രദ്ധേയമായ ഒരു മരണം ഇപ്പോഴത്തെ മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ (കോണ്‍ഗ്രസുകാരനായിരുന്നു) മകന്‍ ശൈലേഷ് യാദവിന്റെതാണ്. 2000-ത്തോളം പേരെ ഇതിനകം പിടികൂടി. ചിലര്‍ ഒളിവിലാണ്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ചു 200-ഓളം പേര്‍ ഹര്‍ജി നല്കിയിട്ടുണ്ട്. തട്ടിപ്പില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ഗവര്‍ണര്‍ യാദവ്, കേന്ദ്ര മന്ത്രി ഉമാ ഭാരതി, ബി ജെ പി ദേശീയ വക്താവ് സുധാന്‍ഷു മിത്തല്‍, ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കളായ സുരേഷ് സോണി, പ്രഭാത് ഝാ, പിന്നെ പല സംസ്ഥാന മന്ത്രിമാരും പാര്‍ലമെന്‍റ് അംഗങ്ങളും ഉള്‍പ്പെടുന്നു.

രണ്ടു വര്‍ഷം മുമ്പ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കയറാന്‍ ശ്രമിച്ച 8 പേരെ പിടികൂടിയതോടെയാണ് ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ആനന്ദ് റായ് എന്നയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവരെ പിടികൂടിയത്. ആയിരത്തോളം  നിയമന തട്ടിപ്പുകളും കോളേജ് പ്രവേശനങ്ങളും കണ്ടെത്തിയതായി ചൌഹാന്‍ ജനുവരി 2014-ണു നിയമസഭയെ അറിയിച്ചു. എന്നാല്‍ വിവാദത്തിന്റെ വേരുകള്‍ ഒരു പതിറ്റാണ്ടു പിന്നിലെക്കൊ ഒരു പക്ഷേ അതിനും പിറകിലേക്കൊ പോകുന്നു.

എന്തുകൊണ്ടാണ് വ്യാപം അഴിമതി ഇത്ര വൈകി ജനശ്രദ്ധ ആകര്‍ഷിച്ചത്? സുപ്രീം കോടതി ആവശ്യപ്പെട്ട ജൂണ്‍ 15-നകം കുറ്റപത്രം സംര്‍പ്പിക്കാനായി STF അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പല മരണങ്ങളും നടന്നത്. ആജ് തക് ടെലിവിഷന്‍ ചാനലിലെ ലേഖകന്‍ അക്ഷയ് സിംഗിന്റെ മരണത്തോടെയാണ് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ഈ വിഷയത്തിലേക്കെത്തുന്നത്. ഈ തട്ടിപ്പ് നിരവധി ചോദ്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തുന്നു. ആയിരക്കണക്കിന് അനര്‍ഹരായവര്‍ ഡോക്ടര്‍മാരായി; അവര്‍ ചികിത്സിക്കുന്ന പതിനായിരക്കണക്കിന് രോഗികളുടെ സ്ഥിതി എന്താകും. അധിക്ഷേപ്പിക്കപ്പെടുന്നവരില്‍ ശരിയായ രീതിയില്‍ പ്രവേശനം നേടിയവരും പെടുന്നെങ്കില്‍?

ചൌഹാന്‍ മികവുറ്റ ഒരു ഭരണകര്‍ത്താവാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. ഈ ഭരണകാലത്ത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഒരുപാട് നേട്ടങ്ങളുണ്ടായി. കാര്‍ഷികോത്പാദനം വര്‍ധിച്ചു. സാമുദായിക സൌഹാര്‍ദ്ദം നിലനിന്നു. വ്യാപം തട്ടിപ്പിന് ശേഷം ചൌഹാന്‍റെ കീര്‍ത്തിക്ക് കാര്യമായ മങ്ങലേറ്റു.

അഗത ക്രിസ്റ്റിയുടെ ഏറ്റവും മികച്ച നോവലെന്ന് പറയാവുന്ന, 100 ദശലക്ഷം പകര്‍പ്പുകള്‍ വിറ്റുപോയ And Then There Were None-ല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട 10 പേര്‍ ഒരു ദ്വീപിലേക്ക് ആകൃഷ്ടരാകുന്നു. എല്ലാവരും മരിക്കുന്നതോടെ കഥ അവസാനിക്കുന്നു. ഒരു കുറ്റസമ്മത പിന്‍കുറിപ്പിലൂടെയാണ് വായനക്കാര്‍ മരണങ്ങള്‍ സംഭവിച്ചതെങ്ങിനെയെന്ന് മനസിലാക്കുന്നത്.

സത്യം ഭാവനയേക്കാള്‍ വിചിത്രമാണ്. വ്യാപം തട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ അത് ലോകത്തെ ഏറ്റവും മികച്ച സ്തോഭജനകമായ നിഗൂഢ കഥയെക്കാള്‍ ഭയാനകമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍