UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപം ഒരു ഹോളിവുഡ് ത്രില്ലറല്ല; അച്ഛാ ദിനങ്ങളുടെ നേര്‍ കാഴ്ചകൾ

റിബിന്‍ കരീം

ബൊങ്ങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത Memories of Murder എന്ന ക്രൈം ത്രില്ലര്‍ പുറത്തിറങ്ങുന്നത് 2003-ൽ ആണ്. 1986 നും 1991 നും ഇടയിൽ കൊറിയയിൽ നടന്ന തുടര്‍ കൊലപാതകങ്ങളെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് ക്രൈം ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി സിനിമ അവസാനിക്കുമ്പോൾ കൊലപാതകി നായക കഥാപാത്രമായ അന്വേഷണ ഉദ്യോഗസ്ഥനോ പ്രേക്ഷകർക്കോ പിടികൊടുക്കുന്നില്ല എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ബീഹാറിലെ കാലിത്തീറ്റ കുംഭകോണം പോലെ പഴയ കോണ്‍ഗ്രസ് ഭരണകാലം തൊട്ടേ തുടരുന്നതാണ് വ്യാപം അഴിമതി. അന്നൊക്കെ ചെറിയതോതിലുള്ള കൈക്കൂലിയിലോ ചില സൗജന്യങ്ങളിലോ ഒതുങ്ങി നിന്നിരുന്നു. 2000ത്തിനു ശേഷമാണ് ഈ അഴിമതിയുടെ വ്യാപ്തി നാണംകെടുത്തുന്നവിധം അതിര്‍വരമ്പു കടന്നത്. പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കുള്ള ടെസ്റ്റുകളിലും ഒരു സങ്കോചവുമില്ലാതെ മുകളില്‍നിന്നുള്ള ഇടപെടലുകളുണ്ടായി. പകരക്കാര്‍ പരീക്ഷയെഴുതുക, കോപ്പിയടിക്കുക, മാര്‍ക്കിടുന്നതില്‍ കൃത്രിമം കാണിക്കുക തുടങ്ങി എങ്ങനെയും ജയിപ്പിച്ചെടുക്കുക എന്ന തന്ത്രം സംഘടിതമായി നടത്തിയതാണ് വ്യാപം അഴിമതി. 

2000 കോടി രൂപയുടെ അഴിമതിയാണിത്. കാലക്രമേണ കേസുമായി ബന്ധപ്പെടുന്ന സാക്ഷികൾ അടക്കം നാല്പതിലധികം പേർ വിവിധ സാഹചര്യങ്ങളിലായി വ്യത്യസ്തമായ രീതികളിൽ കൊല്ലപ്പെടുന്നു. ഒരു ബിഗ്‌ ബഡ്ജറ്റ് ഹോളിവുഡ് ത്രില്ലറിന്റെ തിരക്കഥ ആണെന്ന് തോന്നും. എന്നാൽ ട്രൂത്ത്‌  ഈസ്‌ സ്ട്രെയ്ഞ്ചർ ദാൻ ഫിക്ഷൻ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നുണ്ട് വ്യാപം അഴിമതി. അച്ഛാ ദിൻ പ്രതീക്ഷിച്ചിരിക്കുന്ന നിഷ്കളങ്ക വിഭാഗത്തിന്റെ അടിവയറ്റിൽ കിട്ടിയ ഒടുക്കത്തെ അടിയാണ് വ്യാപം.

രാജ്യത്തിന്റെ ഭരണ സംവിധാനത്തിന്റെ ഗുണ നിലവാരം തിരിച്ചറിയണമെങ്കിൽ അപൂർവങ്ങളിൽ അപൂര്‍വമായ ഈ അഴിമതി കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും സ്ഥാനങ്ങളും ശ്രദ്ധിച്ചാൽ മതിയാകും. ഗവര്‍ണര്‍ രാം നരേഷ് യാദവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പത്‌നി സുധാസിങ്, വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലക്ഷ്മീകാന്ത ശര്‍മ, കോണ്‍ഗ്രസ് എം എല്‍ എ മീര്‍സിങ് ബൂരിയ, ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന പ്രഭാത് ഝാ എന്നിവര്‍ ആരോപണവിധേയരായവരില്‍പ്പെടുന്നു.

വ്യാപം അഴിമതി പോലുള്ള നിസാര കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ തുറന്നടിക്കുമ്പോൾ 2014 മെയ്‌ പതിനാറിന് ഇന്ത്യൻ ജനാധിപത്യം രാജ്യത്തിൻറെ ഭരണസിരാകേന്ദ്രത്തിന്റെ അമരത്ത് പ്രതിഷ്ഠിച്ചത് ചോര പുരണ്ട ഭൂതകാലം മാത്രം ഉള്ള ഒരാളെ അല്ല മറിച്ച് ഇവിടെ നടക്കുന്ന അഴിമതികളെ കുറിച്ചോ കൂട്ട കൊലപാതകങ്ങളെ കുറിച്ചോ പ്രത്യേകിച്ച് ഒന്നും അഭിപ്രായപ്പെടാൻ ഇല്ലാത്ത എന്നാൽ അയൽ രാജ്യത്തു എത്തുമ്പോൾ ഇന്ത്യയില്‍ ജനിച്ചതിൽ നാണക്കേട്‌ തോന്നുന്നു എന്ന് പ്രസംഗിക്കാൻ മടിയില്ലാത്ത ഒരാളെയാണ്.

സാമൂഹികനീതിയിലേക്ക് നയിക്കുന്ന നിയമവാഴ്ച ആര്‍ഭാടമാണെന്നും അത്തരമൊരു നീതിവാഴ്ചയെ ന്യായാസനങ്ങള്‍ സാധൂകരിക്കേണ്ടതില്ലെന്നും പറയുന്ന, വ്യവസ്ഥയോട് പ്രതികരിക്കാന്‍ പഴുതില്ലാത്ത ജനാധിപത്യം ആയി മാറുന്നുണ്ടോ ഗുജറാത്തിനു പുറകെ മദ്ധ്യപ്രദേശിന്‍റേതും? പുതിയ കേന്ദ്രസര്‍ക്കാറിനുമുണ്ട് ഇതേ പ്രശ്നം. ചട്ടങ്ങള്‍ മാറ്റിമറിച്ച് ആദിവാസികളുടെ ആവാസകേന്ദ്രങ്ങള്‍ക്കകത്ത് കല്‍ക്കരിഖനനത്തിന് അനുമതി നല്‍കുന്നതിലൂടെ അവരുടെ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന വിമര്‍ശനം ഉയര്‍ത്തി അക്കാര്യം ബ്രിട്ടനിലെ പാര്‍ലമെന്‍റ് അംഗങ്ങളുടെ സമിതിയെ അറിയിക്കാനൊരുങ്ങിയ പ്രിയാ പിള്ളക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. രാജ്യത്തിന്‍െറ യശസ് കളങ്കപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം.

35 പേരുടെ മരണം എന്ന് മീഡിയയും 48 എന്ന് പ്രതിപക്ഷവും പറയുന്നത് ഇന്ത്യ – പാക് മത്സരത്തിന്റെ സ്കോർ  അല്ല, മറിച്ച് മനുഷ്യ ജീവനുകൾ ആണ് !!! 2000 കോടിയുടെ അഴിമതി കുഴിച്ചു മൂടാൻ ഇനിയും എത്ര ജീവനുകൾ വേണ്ടി വരും, സംസ്ഥാനത്തിന്റെ ഗവർണറും , മുഖ്യമന്ത്രിയും പ്രതി പട്ടികയുടെ മുന്‍ നിരയിൽ സ്ഥാനം പിടിക്കുകയും ഇവരെ എല്ലാം അടക്കി ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ഇത്തരം നിസ്സാര കാര്യങ്ങളിൽ താല്പ്പര്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അഴിമതിയുടെയോ കൊലപാതകങ്ങളുടെയോ വ്യാപ്തി ഇനിയും വര്‍ദ്ധിച്ചാലും നീതി എന്നത് വിദൂര സാധ്യത മാത്രമാണ്. 

ഒരു കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ മരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതും അതിന്റെ ദുരൂഹത സംബന്ധിച്ച ഉത്കണ്ഠകളേതുമില്ലാതെ ഒരു മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതും ഇന്ത്യൻ ജനാധിപത്യത്തിൽ അവശേഷിക്കുന്ന വിശ്വാസം പോലും നഷ്ടപ്പെടുത്തുന്നു. കേസ് സി ബി ഐ അന്വേഷണത്തിനു വിടുന്നതിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. വാര്‍ത്ത ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടതോടെ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതെയായി. കൂട്ടിലടക്കപ്പെട്ട തത്ത ഇപ്പോഴും അസ്വാതന്ത്ര്യത്തിന്റെ കയ്പ്പുനീര് തന്നെയാണ് കുടിക്കുന്നത് എന്ന് ബോധ്യം ഉള്ളത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട. 

വ്യാപം അഴിമതി വെറുമൊരു  അഴിമതിയായി ഒടുങ്ങുകയില്ല. നരഹത്യയുടെയും മനുഷ്യനു നേരെയുള്ള ദയാരഹിതമായ കടന്നുകയറ്റങ്ങളുടെയും മറ്റൊരനുഭവമാണത്. മനുഷ്യത്വം തൊട്ടു തീണ്ടാത്ത ദുരപിടിച്ച കച്ചവടത്തിനും ചൂഷണത്തിനും അധികാരത്തെ ഉപയോഗിച്ച അശ്ലീല രാഷ്ട്രീയത്തിന്റെ മറ്റൊരു പേരാണത്.

ആമുഖത്തിൽ സൂചിപ്പിച്ച Memories of Murder കണ്ടവസാനിക്കുമ്പോൾ തിരമാല  കണക്കെ മനസ്സില്‍ ആർത്തിരമ്പുന്ന ഭയത്തിന്റെയും ദുരൂഹതയുടെയും വിഹ്വലതകൾ റിയൽ ലൈഫ് ബേസ്ഡ് സ്റ്റോറി ആണ് അതെന്ന യാഥാര്‍ഥ്യത്തെ മറച്ചു വെച്ചുകൊണ്ട് ഭംഗിയായി മറന്നു കളയാം. വിശേഷിപ്പിക്കാൻ വാക്കുകള്‍ ഇല്ലാത്ത ഒരു ക്രൂരതയെ കണ്ടില്ലെന്നു നടിക്കാന്‍ മനസ്സാക്ഷി പൂര്‍ണ്ണമായും മരവിച്ചവര്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്.

വ്യാപം അഴിമതിയെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് താഴെ ഒരു സുഹൃത്ത് ഹാസ്യരൂപേണ എഴുതിയ കമന്റ് ഇങ്ങനെ, “ജീവനിൽ കൊതി ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല” എന്നാണ്. എന്തുകൊണ്ടായിരിക്കും കൂട്ടുകാരാൻ അങ്ങനെ പറഞ്ഞതെന്ന് അധിക നേരം ചിന്തിച്ച് മെനക്കെടേണ്ടി വന്നില്ല. വിവരം ഉള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ For fascism, crimes are those that others commit !!!! 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍