UPDATES

വ്യാപം അഴിമതി: ശിവരാജ് സിംഗ് ചൗഹാനെതിരെ ബിജെപിയില്‍ നീക്കം ശക്തമാകുന്നു; അപ്രതീക്ഷിത പിന്തുണയുമായി ഉമാ ഭാരതി

വ്യാപം അഴിമതി കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിരാജ് സിംഗ് ചൗഹാനെതിരെ സ്വന്തം പാര്‍ട്ടിയായ ബിജെപിയില്‍ നീക്കം ശക്തമാകുന്നു. ചൗഹാന്റെ ഭാവി തീരുമാനിക്കുന്നതിനായി സംഘപരിവാര്‍ ത്രീമൂര്‍ത്തികളായ ബിജെപി പ്രസിഡന്റ് അമിത് ഷാ, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, ബിജെപി ഉപാദ്ധ്യക്ഷനും മധ്യപ്രദേശ് പാര്‍ട്ടിയുടെ ചുമതലയുള്ളയാളുമായ വിനയ് സഹസ്രബുദ്ധ എന്നിവര്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഭോപാലില്‍ യോഗം ചേരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഒരു പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട മോഹന്‍ ഭഗവത് ഇപ്പോള്‍ തന്നെ ഭോപ്പാലില്‍ ഉണ്ട്. അമിത് ഷായും സഹസ്രബുദ്ധയും തിങ്കളാഴ്ച ഇവിടെ എത്തും. വിവാദം പാര്‍ട്ടിക്ക് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി മൂവരും ചര്‍ച്ച ചെയ്യും.

പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ചൗഹാന്‍ അവകാശപ്പെടുമ്പോഴും കാര്യങ്ങളുടെ പോക്ക് ആ വഴിക്കല്ലെന്നാണ് സൂചന. ജൂലൈ 15ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗിന് ശേഷം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ചൗഹാനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. മിക്കവാറും ഈ കുടിക്കാഴ്ചയില്‍ ചൗഹാന്റെ ഭാവി നിശ്ചയിക്കപ്പെടും എന്നാണറിയുന്നത്.

ഇതിനിടെ ഇന്ന് ചൗഹാനെതിരെ പുതിയ ആരോപണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അന്വേഷണം വൈകിപ്പിക്കുന്നതിനായി ചൗഹാന്‍ മനഃപൂര്‍വം ശ്രമിച്ചു എന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് ചൗഹാന്‍ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സത്യം അതല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ പരിശോധിക്കുകയാണ് എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും ഇത് അന്വേഷണം മനഃപൂര്‍വം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നവെന്നും മൂന്‍ എംഎല്‍എയും ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകനുമായ പരസ് സക്ലേച്ച മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ, ചൗഹാന് ബിജെപിയില്‍ നിന്ന് തന്നെ ചില അപ്രതീക്ഷിത പിന്തുണകള്‍ ലഭിക്കുന്നുണ്ട്. വ്യാപം അഴിമതിയുമായി ശിവരാജ് സിംഗ് ചൗഹാന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും പിന്നെയെന്തിനാണ് അദ്ദേഹം രാജിവയ്‌ക്കേണ്ടതെന്ന് മനസിലാവുന്നില്ലെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി പറഞ്ഞു. മറ്റാരെക്കാളും വളരെ കൃത്യതയോടെയാണ് അദ്ദേഹം സര്‍ക്കാരിനെ മുന്നോയിട്ടു നയിക്കുന്നത്. തന്റെ പൂര്‍ണ പിന്തുണ ചൗഹാനുണ്ടെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പിന്തുണയുമായി സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ സിംഗ് ചൗഹാനും രംഗത്തെത്തിയിട്ടുണ്ട്. വിവാദത്തെ കുറിച്ചുള്ള അന്വേഷണത്തിന് ആദ്യം ഉത്തരവിട്ടത് ശിവരാജ് സിംഗ് ചവാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമാണ് വിവാദങ്ങളെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

എതായാലും ചൗഹാനെ ബലിയാടാക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളില്‍ വലയുകയാണ് കേന്ദ്ര നേതൃത്വം. ലളിത് മോദി വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയുടെ ഏറ്റവും ക്ലീന്‍ ഇമേജുള്ള മുഖ്യമന്ത്രി എന്നറിയപ്പെട്ടിരുന്ന ചൗഹാനെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ പ്രതിഛായയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍