UPDATES

രണ്ട് മൃതദേഹങ്ങളുമായി 20 ദിവസത്തിലേറെയായ കാത്തിരിപ്പ് തുടരുന്നു; ഇവിടെ ഇന്ത്യയിൽത്തന്നെ

ഭീമ കടാതി, സുക്മതി ഹേംല എന്നീ മാവോവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം

ജനുവരി 29നു ദന്തേവാഡ-ബീജാപൂര്‍ ജില്ല അതിര്‍ത്തിയിലെ പുരുങ്കല്‍-ഡൊക്കപ്പാറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികളെ കൊന്നതായി ചത്തീസ്ഗഡ് പൊലീസ് അവകാശപ്പെട്ടു.

ഭീമ കടാതി, സുക്മതി ഹേംല എന്നീ മാവോവാദികളാണ് കൊല്ലപ്പെട്ടതെന്നും ഒരു തോക്കും മറ്റ് ചില ആയുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തതായും പൊലീസ് അവകാശപ്പെട്ടു.

ദിവസങ്ങള്‍ക്ക് ശേഷം ‘വ്യാജ ഏറ്റുമുട്ടല്‍’ എന്നു പ്രദേശവാസികള്‍ വിളിക്കുന്ന ഈ സംഭവം പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും വലിയ പ്രശ്‌നമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി പറയുന്നു.

കൊല്ലപ്പെട്ട രണ്ട് പേരും ‘സാധാരണക്കാരായ നാട്ടുകാരാണ്’ എന്നു പറഞ്ഞ ഗ്രാമീണര്‍ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ വിസമ്മതിച്ചു. ഭരണകൂടത്തിന്റെ സമ്മര്‍ദമുണ്ടായിട്ടും കഴിഞ്ഞ 20 ദിവസമായി അവരത് സംസ്‌കരിച്ചിട്ടില്ല.

ആദിവാസി സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോണി സോറിയെയും മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളെയും അവര്‍ സമീപിച്ചു. പ്രതിഷേധം ഉയര്‍ത്തി.

‘ഭീമയുടെ നാത്തൂനായിരുന്നു സുക്മതി. അവര്‍ രണ്ട് പേരും ഭീമയുടെ സഹോദരന്‍ ബമന്‍ കടാതിയെ കാണാന്‍ കിരൺധൂലിലേക്ക് (ദന്തേവാഡയിലെ ഒരു പട്ടണം) ജനുവരി 28നു പോയി. തിരികെ വരും വഴിയാണ് സുരക്ഷാ സേന അവരെ പിടിച്ചത്. ജനുവരി 29ന് അവരെ കൊന്നു. രണ്ട് പേര്‍ക്കും മാവോവാദികളുമായി ഒരു ബന്ധവുമില്ലെന്നാണ് ഗ്രാമീണര്‍ പറഞ്ഞത്. സുക്മതിയുടെ മൃതദേഹം കണ്ടാല്‍ മനസിലാകുന്നത് കൊല്ലുന്നതിന് മുമ്പ് അവരെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നാണ്,‘ സോണി സോറി പറഞ്ഞു.

ദന്തേവാഡ എംഎല്‍എ ദേവതീ കര്‍മയുടെ നേതൃത്വത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട കോണ്‍ഗ്രസ്, ഒരു അന്വേഷണ കമ്മീഷനെയും വെച്ചു.

മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസും പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ വസതിയിലേക്ക്, ഭീമയുടെയും സുക്മയുടെയും ബന്ധുക്കളെകൂട്ടി ജോഗി ശനിയാഴ്ച്ച പ്രതിഷേധ ജാഥ നടത്തി. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും വ്യാജ ഏറ്റുമുട്ടല്‍ എന്നാരോപിക്കപ്പെടുന്ന സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു ആവശ്യം.

വ്യാജ ഏറ്റുമുട്ടലിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മൃതദേഹങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ചെയ്യുമെന്നു ജോഗിയുടെ മകനും മര്‍വാഹി എംഎല്‍എ യുമായ അമിത് ജോഗി ഭീഷണി മുഴക്കി.

ബിലാസ്പൂര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തന്നോടൊപ്പം വരുന്നുവെന്ന് ആപ് നേതാവ് സാങ്കേത് താക്കുര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും എന്നു ജോഗിയും പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഗ്രാമീണര്‍ 20 ദിവസമായിട്ടും മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചു. പക്ഷേ സുരക്ഷാ സൈനികര്‍ മൃതദേഹം മറവ് ചെയ്യാന്‍ ഗ്രാമീണരെ നിര്‍ബന്ധിക്കുകയാണ്,’ ആദിവാസി പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ പ്രതിപക്ഷ കക്ഷികളും സോണി സോറിയും ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം ദന്തേവാഡ പൊലീസ് മേധാവി കമലോചന്‍ കാശ്യപ് തള്ളിക്കളഞ്ഞു.

‘ജനുവരി 29നു നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് പേരും മുതിര്‍ന്ന മാവോവാദി എന്താവ് ദിനേഷ് യികെയുടെ സാധനങ്ങളെത്തിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ബസ്തറിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ അവര്‍ക്കെതിരെ നിരവധി കേസുകളും ഉണ്ട്. രണ്ട് മൃതദേഹങ്ങളും ശരിയായി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ജനുവരി 30നു മറവ് ചെയ്യുകയും ചെയ്തു. പക്ഷേ ചില തത്പര കക്ഷികള്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ഗ്രാമീണരെ പ്രേരിപ്പിച്ചു. ഈ സംഭവത്തില്‍ നടക്കുന്ന രാഷ്ട്രീയക്കളികളില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല,‘ എന്നാണ് കാശ്യപിന്റെ വിശദീകരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍