UPDATES

ടു ജി സ്പെക്ട്രത്തെ വെല്ലുന്ന അഴിമതി; കേരള വഖഫ് ബോര്‍ഡിനെ പിടിച്ചുകെട്ടാന്‍ ആരുമില്ലേ?

സമുദായത്തിലെ പാവപ്പെട്ടവരോട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാണിക്കുന്നത് തെമ്മാടിത്തരം; അഴിമതികള്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്

Avatar

കെ ജി ബാലു

അബ്ദുള്‍സലാം/ കെ ജി ബാലു 

വഖഫ് ബോര്‍ഡ് അഴിമതികള്‍ക്കെതിരെ ഉയര്‍ന്ന നിരന്തര പരാതികളെ തുടര്‍ന്ന് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട റിട്ടേര്‍ഡ് ജഡ്ജ് എം.എ.നിസാര്‍ കമ്മീഷന്‍ 2008 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഹൈക്കോടതി വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വകാര്യവത്ക്കരിക്കപ്പെടുന്ന വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നാവശ്യവുമായി വര്‍ഷങ്ങളായി സമരരംഗത്തുള്ള കേരള വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍സലാമുമായി കെ ജി ബാലു നടത്തിയ സംഭാഷണത്തില്‍ നിന്ന്.

കെ ജി ബാലു: എന്താണ് വഖഫ് വിശദീകരിക്കാമോ?

അബ്ദുള്‍സലാം: ദൈവത്തിന് സമര്‍പ്പിച്ചത് എന്നതാണ് വഖഫ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, മുസ്‌ളിം മതാചാരപ്രകാരം വിശ്വാസികള്‍ സ്വത്തുക്കള്‍ (വാക്കിഫ്) ദൈവത്തിന് (അള്ളാഹു) സമര്‍പ്പിച്ചാല്‍, അത്തരത്തിലുള്ള വസ്തുവിന്റെ ഉടമസ്ഥന്‍ പിന്നീട് ദൈവമായിരിക്കും. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊത്തം വഖഫ് സ്വത്തുക്കളുടെയും സംരക്ഷണമാണ് വഖഫ് ബോര്‍ഡിന്റെ മുഖ്യ ചുമതല. പണം, സ്ഥലം, കെട്ടിടം ഇങ്ങനെയെന്തും വഖഫായി സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്നയാളിന് ഈ വസ്തു ഏങ്ങനെ കൈകാര്യം ചെയ്യാമെന്ന് വഖഫിന് നിര്‍ദ്ദേശം വയ്ക്കാം. ഇത്തരത്തില്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കേണ്ടതും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട വസ്തു പിന്നീട് സമര്‍പ്പിച്ചയാളിന് തിരിച്ചെടുക്കാന്‍ സാധിക്കില്ല. അതായത്, ഒരിക്കല്‍ സ്വത്തുക്കള്‍ വഖഫ് ചെയ്താല്‍ പിന്നീട് ആ സ്വത്ത് എന്നും വഖഫ് ആയിരിക്കും. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനായി 1960 ലാണ് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് രൂപീകരിച്ചത്.

ബാലു: വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

അബ്ദുള്‍സലാം: വഖഫ് ആക്റ്റില്‍ കൃത്യമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒമ്പത് പേരുടെ ഒരു സംഘമാണ് വഖഫ് ബോര്‍ഡിന്റെ ഭരണം നടത്തുന്നത്. പ്രധാനപ്പെട്ടയാള്‍ ചെയര്‍മാന്‍, മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ, എംപിമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ളിം വിശ്വാസികളായ ഒരു എംഎല്‍എയും ഒരു എംപിയുമായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ളിം വിശ്വാസിയായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ (ഇടവക) നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീയത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ ഒമ്പതു പേര്‍. അവസാനത്തെ മൂന്നു പേരെ സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്.

മഹല്ല്കളും ട്രസ്റ്റുകളുമായി കേരളത്തില്‍ 9000 സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറെ വരുമാനമുള്ള നിരവധി ട്രസ്റ്റുകളും വഖഫ് സ്വത്തുക്കളും ഇപ്പോഴും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെയും പ്രവര്‍ത്തിക്കുന്നുണ്ട്.

സത്യത്തില്‍ ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും കേരളാ വഖഫ് ബോര്‍ഡില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുസ്‌ളിം ലീഗാണ്. ലീഗ് നേതാവാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. ഇടത് വലത് മുന്നണികള്‍ ഏത് ഭരിച്ചാലും ലീഗിന് വഖഫ് ബോര്‍ഡിന്റെ ഭരണത്തില്‍ മേല്‍ക്കൈ ഉണ്ട്. ഭരണം മാറുന്നതിനനുസരിച്ച് ഇരുമുന്നണികളിലേക്കും തരംപോലെ ചാടി വഖഫ് അധികാരം കൈയ്യാളാന്‍ ലീഗിന്റെ അനുഗ്രഹാശിസുകളോടെ ആളുകള്‍ നില്‍ക്കുമ്പോള്‍ പിന്നെങ്ങനെയാണ് വഖഫ് സ്വതന്ത്രമായി, സമുദായത്തിനും വിശ്വാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക.

അബ്ദുള്‍സലാം

ബാലു: വഖഫിന്റെ ചുമതലകള്‍.

അബ്ദുള്‍സലാം: വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല.  മുസ്‌ളിം സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യത്തീം സംരക്ഷണം, ദറസ് നടത്തല്‍ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാം എന്നായിരിക്കാം വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍. ഇവ യഥാവിധി ചെയ്യുന്നതോടൊപ്പം സമുദായത്തിന്റെ ഉന്നമനവും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. കാരണം അത് ദൈവത്തിന് സമര്‍പ്പിച്ചതാണ്. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടതും വഖഫിന്റെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫിന് അധികാരമുണ്ട്.

ബാലു: മുസ്‌ളിം ലീഗും വഖഫ് ബോര്‍ഡും തമ്മില്‍ 

അബ്ദുള്‍സലാം: മുന്‍മന്ത്രി പി.കെ.കുഞ്ഞാലികുട്ടി ലീഗിന്റെ പിന്തുണയോടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അഡ്വ.ബി.എം.ജമാലിനെ വഖഫ് സിഇഒയായി പ്രതിഷ്ഠിക്കുന്നത് മുതലാണ് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു തുടങ്ങിയത്. ജമാലിലൂടെ മുസ്ലീം ലീഗാണ് ഇപ്പോള്‍ വഖഫ് ബോര്‍ഡ് നിയന്ത്രിക്കുന്നത്. വഖഫിന്റെ നിയമനങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും ലീഗിന് ശക്തമായ സ്വാധീനമുണ്ട്. കേരളത്തിലെ മുസ്‌ളീം സമുദായത്തിലെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ലീഗിന് വഖഫ് സ്വത്തുക്കളുടെ നോക്കിനടത്തിപ്പില്‍ എന്ത് അവകാശമാണ് ഉള്ളത്? വഖഫ് ബോര്‍ഡില്‍ നിലവിലുള്ള സ്റ്റാഫുകളില്‍ ഭൂരിപക്ഷവും ലീഗിന്റെ നോമിനിയായി ബോര്‍ഡില്‍ എത്തിയവരാണ്. ഇതിനായി ലീഗ് പറയുന്നതാണ് മാനദണ്ഡം. ദൈവത്തിന് സമര്‍പ്പിതമായ സ്വത്തുക്കളുടെ നടത്തിപ്പിന് രാഷ്ട്രീയാതീതമായ ഒരു സംഘടനയായാണ് വഖഫ് വിഭാവനം ചെയ്യപ്പെട്ടതെങ്കിലും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൈപ്പിടിയിലാണ് വഖഫിന്റെ കടിഞ്ഞാണ്‍. അവരുടെ താല്‍പര്യങ്ങളാണ് വഖഫ് നടത്തുന്നത്. ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വഖഫ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടക്കുന്നത്. സ്ഥാപനവും അംഗങ്ങളും ലീഗിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വഖഫ് സ്വത്തുക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു.

സമുദായത്തിലെ സ്ഥാപനങ്ങള്‍ക്ക് വഖഫ് ലോണ്‍ അനുവദിക്കാന്‍ 15 ശതമാനമാണ് കമ്മീഷനായി മുന്‍ സിഇഒയും ഇപ്പോഴത്തെ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ സെക്രട്ടറിയുമായ ബി.എം.ജമാല്‍ കൈപ്പറ്റിയിരുവെന്നത് അദ്ദേഹത്തിനെതിരയുള്ള പ്രധാന ആരോപണമാണ്. ഇത് കഴിഞ്ഞ 15 വര്‍ഷമായി വഖഫ് ബോര്‍ഡില്‍ നടക്കുന്നുവെന്നതാണ് വസ്തുത. വഖഫ് വസ്തു വില്‍പ്പന നടത്തി ലഭിക്കുന്ന തുക അതാത് മുത്തവല്ലിമാരുടേയും ബോര്‍ഡ് ചെയര്‍മാന്റെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നതാണ് നിയമം. എന്നാല്‍ ഈ 6,04,38,600 രൂപ കേരള ഗ്രാമീണ്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടാന്‍ ഉത്തരവിട്ടതില്‍ ബി.എം.ജമാലിന് സ്വകാര്യ താല്‍പര്യമുണ്ടായിരുന്നു. അതു പോലെതന്നെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവും നല്‍കുന്ന സര്‍ക്കാര്‍ ഗ്രാന്റായി ലഭിച്ച 2 കോടി രൂപ പൊതുമേഖലാ ബാങ്കായ എസ്.ബി.ടിയില്‍ നിന്ന് പിന്‍വലിച്ച് പാലാരിവട്ടത്തുള്ള സ്വകാര്യ ബാങ്കായ കൊടക്ക് മഹീന്ദ്രയില്‍ നിക്ഷേപിക്കാനും മുന്‍ കൈയെടുത്തത് അന്നത്തെ സിഇഒയായിരുന്ന ബി.എം.ജമാല്‍ തന്നെയാണ്. വഖഫ് സ്വത്തുക്കള്‍ സ്വകാര്യമായി കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ലെന്നാണ് ഇത് തെളിയുന്നത്. ഇതില്‍ നിന്ന് കമ്മീഷനായി കിട്ടുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് ലീഗ് നേതാക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന് ജമാല്‍ പരസ്യപ്രസ്ഥാവന നടത്തിയതായി കേട്ടിട്ടുണ്ട്. 25,000 രൂപയിലധികം വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പത്രപരസ്യം നടത്തി ടെന്‍ഡര്‍ വിളിക്കണമെന്നാണ് ബോര്‍ഡ് നിയമം. എന്നാല്‍ അദ്ദേഹത്തിന്റെ ബിസിനസ് പാര്‍ട്ട്ണറായി അറിയപ്പെടുന്ന അബ്ദുള്‍ റഹിമാന് വഖഫിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നേരിട്ട് ഏല്‍പ്പിക്കുകയാണ് ബി.എം.ജമാല്‍ ചെയ്യുന്നത്.

ബി.എം.ജമാല്‍

ബാലു: എവിടെ നിന്നൊക്കെയാണ് വഖഫിന്റെ വരുമാനം? 

അബ്ദുള്‍സലാം: ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. എല്ലാക്കാലത്തും അതത് സര്‍ക്കാറുകള്‍ വഖഫിന് വന്‍തുക ഗ്രന്റ് നല്‍കാറുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ രണ്ട് കോടി രൂപയാണ് വഖഫിന് ഗ്രന്റ് അനുവദിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തും കോടികളുടെ ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്ന കോടികളുടെ ഗ്രാന്റുകള്‍ എന്ത് ചെയ്യുന്നു എന്നതിനെ സംമ്പന്ധിച്ച് വിശ്വാസികള്‍ക്ക് യാതൊരു അറിവും ഇല്ല. വിശ്വാസികളുടെ സംരക്ഷണത്തിനായാണ് ഗ്രാന്റ് വിതരണം ചെയ്യപ്പെടുന്നത് എന്നോര്‍ക്കണം.

ഗവണ്‍മെന്റ് ഗ്രാന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം എന്നിവ വഖഫ് ബോര്‍ഡിലേക്കാണ് എത്തുന്നത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത 9000 വരുന്ന മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കണം. ഇതില്‍ മാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹല്ലുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരുമാനമുള്ള മഹല്ലുകളുമുണ്ട്. വരുമാനമെത്രയായാലും അതിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കിയിരിക്കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഒാഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും ബോര്‍ഡിനാണ്. ഇങ്ങനെ ലഭിക്കുന്ന ലക്ഷം കോടികള്‍ സമുദായത്തിലെ പിന്നോക്കാവസ്ഥയിലുള്ള മഹല്ലുകളുടെയും വ്യക്തികളുടെയും ഉന്നമനത്തിനായി ഉപയോഗിക്കണം.

സമുദായാംഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വഖഫിന് അധികാരമുണ്ട്. എന്നാല്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചവര്‍ക്ക് കുട്ടിയുടെ പഠന ശേഷവും, വിവാഹാവശ്യത്തിനുള്ള സാമ്പത്തിക സഹായമായ 5000 രൂപയ്ക്ക് അപേക്ഷിച്ചവര്‍ക്ക് വിവാഹാനന്തരം കുട്ടി ജനിച്ച് ആ കുട്ടി സ്‌കൂളില്‍ പോയി തുടങ്ങുമ്പോഴും മാത്രമാണ് തുക അനുവദിച്ചു കിട്ടുന്നത്. വിശ്വാസികള്‍ ദൈവത്തിന് സമര്‍പ്പിച്ച സ്വത്ത് സംരക്ഷിക്കുന്ന, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. ഇവിടെയാണ് വഖഫ് ബോര്‍ഡിനെ വിശ്വാസികള്‍ ചോദ്യം ചെയ്യുന്നത്.

ലക്ഷം കോടികളുടെ വരുമാനമാണ് ബോര്‍ഡിന് ലഭിക്കുന്നത്. തര്‍ക്കവസ്തുക്കളിലെ തര്‍ക്കം തീര്‍ന്നാല്‍ വസ്തു തിരിച്ചുകൊണ്ടുക്കേണ്ടി വരുമെന്നതിനാല്‍ വഖഫ് ബോര്‍ഡിന് മുന്നിലുള്ള തര്‍ക്കങ്ങള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോയി ആ വരുമാനം കൈക്കലാക്കുന്നതിനും ബോര്‍ഡിന് അസാധാരണമിടുക്കുണ്ട്.

ശരീയത്ത് നിയമമനുസരിച്ച് മുസ്‌ളിം സമുദായത്തിന് പലിശ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഹറാമാണ്. എന്നാല്‍ പുണ്യപാവനമായ വഖഫ് വസ്തുക്കളില്‍ നിന്നുള്ള, സമുദായ ഉന്നമനത്തിനായി ഉപയോഗിക്കേണ്ട വരുമാനമായി ലഭിച്ച കോടികള്‍ പൊതുമേഖലാ ബാങ്കില്‍ നിന്നും പിന്‍വലിച്ച് കൊടാക്ക് മഹേന്ദ്ര പോലുള്ള സ്വകാര്യ പലിശ സ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപം ഇടുകയാണ് വഖഫ് ബോര്‍ഡ് സിഇഒ ബി.എം.ജമാല്‍ ചെയ്തിരിക്കുന്നത്. അതായത് പലിശയെ എതിര്‍ക്കുന്ന സമുദായത്തിന്റെ പണം ഒരു കൊള്ളപലിശ ഈടാക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപം ഇടുക. വഖഫ് ബോര്‍ഡിന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളിലും ഈ വൈരുദ്ധ്യം നമ്മുക്ക് കാണാം.

ബാലുവഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുമെന്ന മന്ത്രി കെ.ടി.ജലീന്റെ പ്രഖ്യാപനത്തോട് വഖഫ് സംരക്ഷണ വേദിയുടെ നിലപാട്? 

അബ്ദുള്‍സലാം: നിലവില്‍ ലീഗാണ് വഖഫ് ബോര്‍ഡിലേക്ക് ആളെയെടുക്കുന്നത്. അവരാണ് തീരുമാനിക്കുക ആരാണ് ജോലി ചെയ്യേണ്ടതെന്ന്. പല നിയമനങ്ങള്‍ക്കും ലീഗ് പണം വാങ്ങുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് വഖഫ് ബോര്‍ഡ് സംരക്ഷണ വേദി മന്ത്രി കെ.ടി.ജലീലിന് നിവേദനം സമര്‍പ്പിച്ചത്. നിവേദനത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതുകൊണ്ടാണ് മന്ത്രി വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടും എന്ന പ്രഖ്യാപനം നടത്തിയത്. ഇത് വഖഫ് സംരക്ഷണ സമിതിയുടെ മറ്റൊരു നിശബ്ദ വിജയമാണ്.

വഖഫ് ബോര്‍ഡിന്റെ ഏഴ് ഓഫീസുകളിലായി 105 പേരില്‍ 32 പേര്‍ സ്ഥിരം ജീവനക്കാരും ബാക്കിയുള്ള 73 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്. ഇതില്‍ കൂടുതലും ലീഗിന്റെ നിര്‍ദ്ദേശപ്രകാരവും സ്വന്തം താല്‍പര്യ പ്രകാരവും ബി.എം.ജമാല്‍ നടത്തിയ നിയമനങ്ങളാണ്. വഖഫ് സ്വത്തുക്കള്‍ മുസ്‌ളിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ചട്ടം എന്നാല്‍ അന്യമതസ്തരായ അഞ്ച് പേര്‍ക്ക് ബി.എം.ജമാല്‍ സിഇഒ ആയിരുന്ന കാലത്ത് ബോര്‍ഡില്‍ നിയമനം നല്‍കി. ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. നിയമനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്നായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്.

ബാലു:ബോര്‍ഡിലെ അഴിമതികള്‍

അബ്ദുള്‍സലാം: വലിയ വായില്‍ സംസാരിക്കുന്ന കേരളത്തിലെ മുസ്‌ളിം സമുദായത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും റിയല്‍എസ്റ്റേറ്റ് സംഘങ്ങളും ട്രസ്റ്റുകളുമെല്ലാം വഖഫ് ബോര്‍ഡിനെ സ്വാധീനിച്ച് തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടി വഖഫിന്റെ സ്ഥലങ്ങള്‍ കൈക്കലാക്കി കെട്ടിപ്പൊക്കിയവയാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ കേരള വഖഫ് റൂള്‍സ് 94, 95 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിന് കുറഞ്ഞത് മൂന്നുമാസം സമയമെടുക്കും. പത്ര പരസ്യവും ഗസറ്റ്  വിജ്ഞാപനവും അടക്കമുള്ള നടപടി ക്രമങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ.

ആദ്യം മഹല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മഹല്ലില്‍ ഇത് ചര്‍ച്ചചെയ്ത് എതിര്‍പ്പില്ലെങ്കില്‍ ആ അപേക്ഷ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അയയ്ക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ഈ വസ്തു പൊതുലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ വച്ച വസ്തു ആവശ്യക്കാരന്‍ ലേലം കൊള്ളണം. ഇതാണ് നടപടി ക്രമം. ഈ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേരളത്തില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഫറൂഖ് കോളജ്, അസറ്റ് ഹോംസ്, അങ്ങനെ നിരവധി സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയത് വഖഫ് സ്വത്തിന്റെ മേലാണ്.

തളിപ്പറമ്പ് ജുമാ മസ്ജിദ് കമ്മറ്റി വഖഫ് ഫണ്ടില്‍ നിന്നും 50,000 രൂപ ലീഗിന്റെ സമ്മേളനത്തിന് സംഭാവന നല്‍കിയ കേസ്, മട്ടാഞ്ചേരി പോലുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ താമസിക്കാന്‍ സ്ഥലമില്ലാതെ ഒരുസെന്റിലും ഒന്നര സെന്റിലും ദുരിതജീവിതം നയിക്കുമ്പോള്‍ ഫാറൂഖ് കോളജ് മാനേജ്‌മെന്റ് 400 ഏക്കര്‍ വഖഫ് ഭൂമി വിറ്റത് ഒരിക്കലും നീതികരിക്കാനാകില്ല. മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ പള്ളി സ്വത്ത്, വാഴക്കാട് ദാറുല്‍ ഉലൂം മദ്രസ്സയുടെ കെട്ടിടം, എറണാകുളം വടക്കേക്കര വില്ലേജിലെ സത്താര്‍ ഐലന്റ് എന്ന 154 ഏക്കര്‍ വഖഫ് ഭൂമി വിറ്റത് വെറും 5 കോടി രൂപയ്ക്ക്. ഇങ്ങനെ നിരവധി അഴിമതികള്‍.

എറണാകുളം ജില്ലയില്‍ 53 ഏക്കര്‍ വഖഫ് ഭൂമി വകമാറ്റി ചിലവഴിച്ചയിനത്തില്‍ വഖഫ് ബോര്‍ഡ് സിഇഒ ബി.എം.ജമാലടക്കം എട്ടുപേര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിനും ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടിരുന്നു. കാക്കനാട് പടമുഗള്‍ മഹല്ല് മുസ്‌ളിം ജമാഅത്തിന്റെ വഖഫ് വസ്തു വിറ്റതിന് കൃതിമരേഖ ഉണ്ടാക്കുകയായിരുന്നു. ഇത്തരത്തില്‍ വിവിധ ജില്ലകളിലായി നിരവധി വഖഫ് സ്വത്തുക്കള്‍ വ്യജരേഖകള്‍ ഉപയോഗിച്ച് വിറ്റിട്ടുണ്ട്. കേരള വഖഫ് സംരക്ഷണ വേദി ഇത്തരത്തിലുള്ള നിരവധി അഴിമതികള്‍ക്ക് പുറകേയാണ്.

ബി.എം.ജമാലിനെതിരെ ഇതിനുമുമ്പും നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട്. ബോര്‍ഡ് സിഇഒ ആകുന്നതിന് മുമ്പേ വ്യക്തിപരമായി നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ് ബി.എം.ജമാല്‍. വഖഫ് പോലുള്ള പുണ്യവസ്തുക്കള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് സമുദായത്തിന് ദോഷം ചെയ്യും. സമുദായത്തിലെ പാവങ്ങളുടെ സംരക്ഷണത്തിനുപയോഗിക്കേണ്ട സ്വത്തുക്കള്‍ ഏതാനും സ്വകാര്യ വ്യക്തികളിലേക്കെത്തുകയെന്നത് സമുദായത്തിനും അതുവഴി സമൂഹത്തിനും ദോഷം ചെയ്യും. ഇത് തടയപ്പെടേണ്ടത് സമൂഹത്തിന്റെയും സമുദായത്തിന്റെയും നിലനില്‍പ്പിന് ആവശ്യമാണ്. അല്ലാതെ ഇപ്പോഴത്തെ ചില ചെറുപ്പക്കാരെപോലെ തോക്കെടുത്ത് ഓടുന്നതല്ല ശരി.

പല ജില്ലകളിലുള്ള നിരവധി പേര്‍ കേരളാ വഖഫ് സംരക്ഷണ വേദിക്കു പുറകിലുണ്ട്. പല വഖഫുകളിലെ അഴിമതികള്‍ക്കെതിരെ പല സമയങ്ങളില്‍ നല്‍കിയ പരാതിക്കാര്‍ ഒരു സംഘടനയിലേക്ക് എത്തിച്ചേരുകയായിരുന്നു. നിരന്തരമായ  പരാതികളെ തുടര്‍ന്നാണ് 2008 ല്‍ സംസ്ഥാന സര്‍ക്കാരാണ് റിട്ടേര്‍ഡ് ജഡ്ജ് എം.എ.നിസാറിനോട് വഖഫ് ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പട്ടത്. അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ബോര്‍ഡില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കുകയായിരുന്നു കമ്മീഷന്റെ ചുമതല. കമ്മീഷന്റെ അന്വേഷണം തടസപ്പെടുത്താന്‍ മുസ്‌ളിം ലീഗിലെ ചിലര്‍  പരമാവധി ശ്രമിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ ഇത് സൂചിപ്പിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉദ്ദേശ്യം രണ്ടുലക്ഷം കോടിയിലേറെ രൂപയുടെ വഖഫ് അഴിമതികളാണ് ഇവിടെ നടന്നത്. ഇത് ടുജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ വലുതാണ്. ഇതുവരെയായും വഖഫ് സ്വത്തുക്കള്‍ എത്രയുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. പല സ്വത്തുക്കളും ഇതിനോടകം വിറ്റുപോയി. പലതും സ്വകാര്യ സ്വത്തെന്ന നിലയില്‍ ഉപയോഗിക്കപ്പെടുന്നു.

ഖദീജാ ഭായി ട്രസ്റ്റിന് കീഴിലുള്ള കൊച്ചിന്‍ യത്തീംഖാനയുടെ പേരില്‍ മൂന്ന് ട്രസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവിനായിട്ടാണ് മൂന്നു ട്രസ്റ്റുകള്‍ എന്ന് വ്യക്തമാണ്. അമേരിക്ക, കുവൈറ്റ് പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പണം സ്വീകരിക്കാന്‍ ഒരു ട്രസ്റ്റ്. അതിന്റെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ കാണിക്കും. മറ്റൊന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാന്റിന് വേണ്ടി. ഇനിയൊന്ന് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാന്‍. തത്വത്തില്‍ ഒരു യത്തീംഖാനയ്ക്ക് ഫണ്ട് സ്വീകരിക്കാന്‍ മൂന്ന് ട്രസ്റ്റ്. ഏതാണ്ട് 500 കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇവിടെ നടന്നത്. ഇങ്ങനെ മൂന്ന് ട്രസ്റ്റ് രൂപീകരിച്ച് പണം സ്വീകരിക്കുന്നത് പലവഴികളിലൂടെയാണെന്ന് വ്യക്തമാകുന്നു. ആദ്യം, ട്രസ്റ്റ് വിദേശത്ത് ഒരു സ്ഥാപനം തുടങ്ങുന്നു. പിന്നീട് സ്ഥാപനം വഴി പണം സ്വരൂപിക്കുന്നു ഇത് പിന്നീട് പലവഴികളിലൂടെ ഇവിടത്തെ ട്രസ്റ്റിലെത്തുന്നു.

ഇതേ ട്രസ്റ്റ് അമ്പതേക്കറോളം ഭൂമി മറിച്ചുവിറ്റു. ഇതിന് സര്‍ക്കാര്‍ രേഖയുണ്ട്. വഖഫിന്റെ ഭൂമി വില്‍ക്കാന്‍ മുന്‍കൂര്‍ അനുമതിയും വില്‍ക്കുന്ന ഭൂമിക്ക് അത്രതന്നെ മൂല്യമുള്ള പകരം ഭൂമിവാങ്ങണമെന്ന നിയമമുള്ളപ്പോള്‍ അതൊന്നും പാലിക്കാതെയാണ് ഈ ഭൂമി വില്‍പ്പന. ഇതേ ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളില്‍ അദ്ധ്യാപക നിയമനത്തിനും ലക്ഷങ്ങളാണ് കോഴയായി കൈപ്പറ്റുന്നത്. ഇതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

ഇത്തരം യത്തീംഖാനയില്‍ സര്‍ക്കാറിന് കൊടുത്ത കണക്കുകളില്‍ 200 ന് മേലെ കുട്ടികളുണ്ടായിരിക്കും. എന്നാല്‍ 50 കുട്ടികള്‍ തികച്ചുണ്ടാകില്ല എന്നതാണ് സത്യം. അതും ഇതരസംസ്ഥാനത്ത് നിന്ന് എണ്ണം തികയ്ക്കാനെത്തിച്ച കുട്ടികളായിരിക്കും. അര്‍ഹരായ കുട്ടികള്‍ നമുക്കു ചുറ്റുമുള്ളപ്പോഴാണ് അവരെ ഒഴിവാക്കി പുറത്തു നിന്ന് എണ്ണം തികക്കാനെന്ന പേരില്‍ കുട്ടികളെ കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരുന്നവര്‍ക്ക് ഒന്നും കൊടുത്തില്ലെങ്കിലും ചോദിക്കാനാളുണ്ടാകില്ലെന്ന് സ്ഥാപന നടത്തിപ്പുകാര്‍ക്കറിയാം എന്നതാണ് കാര്യം.

ബാലു: വഖഫ് സംരക്ഷണ വേദിയുടെ പ്രവര്‍ത്തനങ്ങള്‍

അബ്ദുള്‍സലാം: കൃത്രിമ രേഖയുണ്ടാക്കി വിറ്റ വഖഫ് സ്വത്തുക്കള്‍ തിരിച്ചെടുത്ത ചരിത്രം ഇന്ത്യയിലുണ്ട്. മുംബൈയിലാണ് ഈ കോടതി ഇടപെടലുണ്ടായത്. ഈ കോടതി വിധിയാണ് ഞങ്ങളുടെ ഊര്‍ജ്ജം. നിങ്ങളുണ്ടാക്കിയ സ്വത്ത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ചിലവഴിക്കാം എന്നാല്‍ ദൈവത്തിന് സമര്‍പ്പിച്ച സ്വത്തുക്കള്‍ സ്വകാര്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് ദൈവത്തിന് നിരക്കാത്തതാണ്. അത് സമുദായത്തിലെ അവശരോട് നമ്മള്‍ കാണിക്കുന്ന തെമ്മാടിത്തരമാണ്. സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടത് യഥാവിധി വിനിയോഗിക്കപ്പെടുന്നതുവരെ വഖഫ് സംരക്ഷണ വേദി പ്രക്ഷോപവുമായി മുന്നിലുണ്ടാകും. സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി പേരുടെ കൂട്ടായ്മകളുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ആ കൂട്ടായ്മയില്‍ നിന്നാണ് കേരള വഖഫ് സംരക്ഷണ വേദി എന്ന സംഘടനയുണ്ടായത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Avatar

കെ ജി ബാലു

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍