UPDATES

ട്രെന്‍ഡിങ്ങ്

അവള്‍ അന്ന് ആ ബസില്‍ കയറിയില്ലായിരുന്നെങ്കില്‍: ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ

കുറ്റവാളികളെ കൊല്ലുന്ന ദിവസത്തിനായാണ് കാത്തിരിക്കുന്നതെന്നും ആ അമ്മ

അവള്‍ അന്ന് ആ ബസില്‍ കയറിയില്ലായിരുന്നെങ്കില്‍ മെയ് പത്തിന് 28ആം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. പറയുന്നത് ഡല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനരയായി മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ്. രാജ്യ മനസാക്ഷി ചോദ്യം ചെയ്യപ്പെട്ട സംഭവം കഴിഞ്ഞിട്ട് നാലര വര്‍ഷമാകുന്നു.

കേസിലെ പ്രതികള്‍ക്കെല്ലാം കോടതി വധശിക്ഷയും വിധിച്ചു. എന്നാല്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയാനിരിക്കുകയാണ്. കേസിലെ നാല് പ്രതികളാണ് കീഴ്‌ക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. നാല് വര്‍ഷവും നാല് മാസവും 18 ദിവസവും മുമ്പ് രാജ്യത്തെ ഞെട്ടിച്ച ഈ കൊടുംക്രൂരകൃത്യത്തിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മാനഭംഗക്കേസുകളിലെ നിയമം കര്‍ക്കശമാക്കുകയും ചെയ്തു.

അവരെയെല്ലാവരെയും കോടതി വധശിക്ഷയ്ക്ക് തന്നെ വിധിക്കണം. ജീവപര്യന്തം ശിക്ഷയാക്കി കുറയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞാനിപ്പോള്‍ ഇത്രമാത്രം കരുത്തോടെ ജീവിച്ചിരിക്കുന്നത് ഈ ഒരു ദിവസം കാണാനാണ്. കേസില്‍ പ്രതികളായ പവന്‍ ഗുപ്ത, വിനയ് കുമാര്‍, അക്ഷയ് താക്കൂര്‍, മുകേഷ് സിംഗ് എന്നിവരാണ് സുപ്രിംകോടതില്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പ്രതി മൂന്ന് വര്‍ഷം കുട്ടികളുടെ ജയിലില്‍ കഴിഞ്ഞ ശേഷം ജയില്‍ മോചിതനാകുകയും ചെയ്തു.

‘ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഞാന്‍ എന്നോട് തന്നെ ചോദിച്ചിരുന്ന ചോദ്യം അവള്‍ ആ ബസില്‍ കയറിയില്ലായിരുന്നെങ്കില്‍ എന്നാണ്. അവളില്ലാതായപ്പോഴുണ്ടായ എന്റെ വേദനയും രോഷവും ഒരിക്കലും മാറില്ല. എന്നന്നേക്കുമായി നീതി നടപ്പാകുന്നതാണ് ഞാന്‍ ഓരോ ദിവസവും സ്വപ്‌നം കാണുന്നത്. ഇന്നാണ് ആ ദിവസം. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണം. അവരെ തൂക്കിക്കൊല്ലുന്നതോടെ ഒരു പുരുഷനും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകില്ല’ ആ അമ്മ പറയുന്നു.

പ്രതികളിലൊരാള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തന്നെ ഇവര്‍ തയ്യാറാകുന്നില്ല. ‘അവന്‍ മോചിപ്പിക്കപ്പെട്ടത് ഒരു കുട്ടിയായതുകൊണ്ടാണ്. എന്നാല്‍ അവന്‍ എന്റെ മോളോട് ചെയ്തത് ഒരു കുട്ടിയുടെ പ്രവര്‍ത്തിയല്ല. ഞാന്‍ അവനോട് ഒരിക്കലും ക്ഷമിക്കില്ല’ ഇവര്‍ വ്യക്തമാക്കി. ദക്ഷിണ ഡല്‍ഹിയില്‍ മുണ്‍റിക്കയില്‍ നിന്നും പെണ്‍കുട്ടിയും സഹൃത്തും ബസില്‍ കയറിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ കമ്പിവടി കൊണ്ട് അടിച്ചു താഴെയിട്ട ശേഷമായിരുന്നു ക്രൂരമായ പീഡനം.

തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും വഴിയരകിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്കായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയ സിംഗപ്പൂരില്‍ വച്ച് അവര്‍ മരിച്ചു. ക്രൂരമായ ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു. പെണ്‍കുട്ടിയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മെഴുകുതിരി പ്രതിഷേധവുമുണ്ടായി. ഇതേത്തുടര്‍ന്ന് ബലാത്സംഗത്തിന്റെ നിര്‍വചനം വ്യാപിപ്പിക്കുകയും ശിക്ഷ കഠിനമാക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ബസിന്റെ ഡ്രൈവറായ രാം കുമാര്‍ ആത്മഹത്യ ചെയ്തത്. 2015 ഡിസംബറില്‍ കുട്ടിക്കുറ്റവാളി ജയില്‍ മോചിതനാകുകയും ചെയ്തു. രാജ്യത്തെ എല്ലാവര്‍ക്കും ഈ കേസിനെക്കുറിച്ചറിയാമെന്നും എന്നാല്‍ ആരും അവളുടെ വേദന കണ്ടിട്ടില്ലെന്നും ഈ അമ്മ പറയുന്നു. താന്‍ ആ വേദന കണ്ടിട്ടുണ്ട്. തന്റെ മുന്നില്‍ കിടന്നാണ് മകള്‍ മരിച്ചത്.

ഇന്ന് സുപ്രിംകോടതി പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയാല്‍ ഇത്തരം കേസുകളുമായി പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള തിരിച്ചടിയാകും അത്. ഇവരെ തൂക്കിക്കൊന്നില്ലെങ്കില്‍ ആരെയും ഒരിക്കലും തൂക്കിക്കൊല്ലാന്‍ പോകുന്നില്ല. കോടതിയില്‍ വച്ച് ഈ നാല് പേരെയും കാണുമ്പോഴുണ്ടാകുന്ന തന്റെ വേദനയെക്കുറിച്ചും ഈ അമ്മ വിശദീകരിക്കുന്നു. ‘അവരെയും അവരുടെയും ബന്ധുക്കളെയും കോടതിയില്‍ വച്ച് കാണാറുണ്ട്. പക്ഷെ ഞാന്‍ സംസാരിക്കാറില്ല. അവര്‍ ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല. സ്വഭാവങ്ങളില്‍ മാറ്റം വരുത്തിയിട്ടുമില്ല’ ഇവര്‍ പറയുന്നു.

തന്റെ മകളുടെ കേസ് ഈ സമൂഹത്തിന് ഒരു സന്ദേശമാണ്. നമ്മുടെ സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. എന്താണ് ഈ സമൂഹത്തിന്റെ പ്രശ്‌നം അത് ശരിയാക്കാനുള്ള വഴികള്‍ കണ്ടെത്തൂ. സര്‍ക്കാര്‍ അനുവദിച്ച വീട്ടിലാണ് ഇവരും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷിയില്‍ ഈ കുടുംബം ഇന്നും കോടതിയിലെത്തും.

(ഫോട്ടോയ്ക്ക് കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്‌)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍