UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

വിദേശം

‘ശത്രു’ അകത്തുണ്ട്; ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവര്‍ കാണാതെ പോകുന്നത്

ഈ അടുത്ത ദിവസം മറ്റൊരു അസ്വസ്ഥനായ യുവാവ് ഫ്രഞ്ച് നഗരമായ നൈസില്‍ 84 പേരുടെ കൂട്ടക്കുരുതി നടത്തി. മുമ്പൊരു തല്ലുകേസില്‍ മൊഹമ്മദ് ലഹൈജേജ് ബൌഹേലിനു വേണ്ടി ഹാജരായ ഒരു ഫ്രഞ്ച് അഭിഭാഷകന്‍, ഭാര്യയെ തല്ലുന്ന തന്റെ ഫ്രഞ്ച്-ടുണീഷ്യന്‍ കക്ഷിയെക്കുറിച്ച് പറയുന്നത് ‘ഒരു കുറ്റവാളിയുടെ എല്ലാ സ്വഭാവങ്ങളും ചേര്‍ന്നയാള്‍’ എന്നാണ്.  രഹസ്യാന്വേഷകര്‍ പറയുന്നത് വളരെ അടുത്ത കാലത്താണ് ഇയാള്‍ ഇസ്ളാമിക തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് എന്നാണ്.

എന്തായാലും ഒട്ടും സമയംകളയാതെ ഫ്രാന്‍സിലെ തീവ്ര വലതുപക്ഷനേതാവ് മേരി ലെ പെന്‍ ഇസ്ളാമിക മൌലികവാദത്തിനെതിരെ യുദ്ധം വേണമെന്ന് ആവശ്യപ്പെട്ടു. ഇസ്ളാമിക ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ ഒന്നും പഴയപോലെ ആകില്ലെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് നികോളാസ് സര്‍കോസി തറപ്പിച്ചുപറഞ്ഞു. ഇതിനകം തന്നെ ‘നിര്‍ദയമായ യുദ്ധം’ പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സൌ ഔലാന്ദ് സിറിയയിലും ഇറാഖിലുമുള്ള ഫ്രാന്‍സിന്റെ ദൌത്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. കൊലപാതകി ഏതെങ്കിലും തരത്തില്‍ തീവ്രവാദ ഇസ്ലാമുമായി ബന്ധമുള്ള ആളാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് അവകാശപ്പെട്ടു.

അടുത്തകാലത്തായി ലോകത്തെങ്ങും ധാരാളം മാനസികപ്രശ്നങ്ങളുള്ള കുറ്റവാളികളെ തീവ്രവാദ ഇസ്ലാമുമായി ‘ഏതെങ്കിലും തരത്തില്‍’ ബന്ധിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. പക്ഷേ അത്തരം ദുര്‍ബലമായ ചില ബന്ധങ്ങള്‍ യുദ്ധം പോലെ രൂക്ഷവും അപ്രവചനീയവുമായ ഒന്നിനെ നിശ്ചയിക്കുമോ?

തീവ്രവാചകമടിക്കാര്‍ രംഗം കയ്യടക്കുന്ന, രാഷ്ട്രീയമായി നഷ്ടം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വാല്‍സിനും ഔലാന്ദിനും സിറിയയിലും ഇറാക്കിലും ബോംബിടുന്നതും നാട്ടിലെ കര്‍ക്കശ നടപടികള്‍ കൂടുതല്‍ മുറുക്കുന്നതിനെക്കുറിച്ചും പറയാതെ മറ്റ് മാര്‍ഗമൊന്നുമില്ലായിരിക്കും. തീര്‍ച്ചയായും ഈ ദോഷൈകദൃക്കായ വ്യാഖ്യാനം ഒരു ശക്തമായ NATO രാജ്യത്തിന്റെ നേതാക്കള്‍ സ്വന്തം യുദ്ധാസക്തമായ വാചകമടിയില്‍ വിശ്വസിക്കുന്നതിനെക്കാളും നിരാശാജനകമല്ല.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ സംഭവങ്ങള്‍ തെളിയിച്ചത് ‘നമ്മളവരെ വിദേശത്തു നേരിട്ടാല്‍ നമുക്കവരെ നാട്ടില്‍ നേരിടേണ്ടിവരില്ല’ എന്ന ധാരണ തെറ്റാണ് എന്നാണ്. ഒരിക്കലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ അല്‍-ക്വെയ്ദ പടരുകയും ഇസ്ലാമിക് സ്റ്റേറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ദശാബ്ദങ്ങളായി ഭീകരവാദവുമായി ഒരു പരിചയവുമില്ലാതിരുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതുവരെയില്ലാതിരുന്ന തരത്തില്‍ ആക്രമിക്കപ്പെട്ടു. അതും രാഷ്ട്രീയത്തിലോ മതത്തിലോ ഇതുവരെ ഒട്ടും താത്പര്യം കാണിക്കാതിരുന്ന ആളുകളാല്‍.

അതുകൊണ്ടാണ് യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ ‘ഇസ്ളാമിക ഭീകരവാദം’ പോലുള്ള പരക്കെയുള്ള പ്രയോഗങ്ങളില്‍ നിന്നും വളരെ കൃത്യമായ അകലം പാലിക്കുന്നത്. കാരണം ഇത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള കൊലപാതകസംഘങ്ങളുടെ വ്യാപനത്തിനും വളര്‍ച്ചക്കും മാത്രമേ സഹായിച്ചുള്ളൂ. അതുകൊണ്ടുചെന്നെത്തിച്ചത്, ഇസ്ളാമിക ഭീകരത, തീവ്രവാദ ഇസ്ലാം പോലുള്ള അമൂര്‍ത്തമായ ലക്ഷ്യങ്ങള്‍ മൂലം പിഴച്ചുപോയ സൈനിക ദൌത്യങ്ങളിലേക്കായിരുന്നു.

ഇസ്ലാം എന്നതുതന്നെ ഒരു ജീവിതരീതിയും വിവിധ തരത്തിലുള്ള പ്രയോഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമുള്ള ഒരു കുറുക്കുവഴിയുമായതിനാല്‍ വിദേശത്തു കനത്ത ബോംബാക്രമണവും നാട്ടില്‍ പൌരസ്വാതന്ത്ര്യത്തിനുമേല്‍ വ്യാപകമായ നിയന്ത്രണങ്ങളും അടങ്ങിയ ഈ അവ്യക്തലക്ഷ്യത്തോടെയുള്ള യുദ്ധങ്ങള്‍ പ്രതികൂലഫലമാണ് ഉണ്ടാക്കിയത്. മറ്റ് നാശനഷ്ടങ്ങള്‍ക്കൊപ്പം അത് കളങ്കിതരെന്നു മുദ്രകുത്തിയ 1.6 ബില്ല്യണ്‍  മുസ്ലീങ്ങളെയും സൃഷ്ടിച്ചു.

ഇതുകൂടാതെ 7-ആം നൂറ്റാണ്ടിലെ ഒരു ഭൂതത്തെക്കുറിച്ചുള്ള ഈ  ആസക്തി ആധുനികലോകത്തെ യഥാര്‍ത്ഥത്തില്‍ മാറ്റിത്തീര്‍ക്കുന്ന ശരിയായ വിപ്ലവശക്തികളെ വിട്ടുകളഞ്ഞു. ഉദാഹരണത്തിന്, ഇസ്ലാമല്ല മറിച്ച് ആഗോളീകരണത്തിന്റെ കുടിയേറ്റ, സാങ്കേതിക, സാമ്പത്തിക ഒഴുക്കാണ് ഇന്നിപ്പോള്‍ വിഷം തുപ്പുന്ന ദേശീയവാദികള്‍ പുന:നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന വ്യത്യാസങ്ങളെ ഇല്ലാതാക്കിയത്-ദേശവും വിദേശവും തമ്മില്‍, അവിടെയും ഇവിടെയും, നമ്മളും അവരും. പൌരന്‍മാര്‍ക്ക് സാമൂഹ്യക്ഷേമമില്ലെങ്കിലും തുല്യാവസരങ്ങള്‍ നല്‍കാനുള്ള ഭരണകൂടത്തിന്റെ വാഗ്ദാനം ദുര്‍ബലമായതിനും മിതമോ തീവ്രവാദ ആയ  ഇസ്ലാമല്ല കാരണം.

ആഗോളീകരണത്തിന്റെ സ്ഫോടനാത്മകമായ സാധ്യതകളെ പടിഞ്ഞാറന്‍ രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ മനസിലാക്കിയത് ഇസ്ലാമിക് സ്റ്റേറ്റാണ്. രണ്ടു ദേശരാഷ്ട്രങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്കിടയ്ക്ക് പിറന്നുവീണ ഈ സംഘം വാസ്തവത്തില്‍ വിദേശ അധിനിവേശകരില്‍ നിന്നും സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും സ്വന്തം ജനതയെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരുകളുടെ പരാജയത്തിന്റെയും അതുവഴി സ്വകാര്യ സംഘങ്ങള്‍, കടല്‍ക്കൊള്ളക്കാര്‍, മാഫിയ, യുദ്ധപ്രഭുക്കള്‍ തുടങ്ങിയ രാഷ്ട്രേതര സംഘങ്ങളുടെ വളര്‍ച്ചക്കും വഴിയൊരുക്കിയ പ്രക്രിയയുടെ ഉത്പന്നമാണ്.

സ്വാഭാവികമായും ആഗോളീകരണത്തിന്റെ തിരശ്ചീനമായ ശൃംഖലകളെ സ്വീകരിച്ച ഇസ്ലാമിക് സ്റ്റേറ്റിന് സാമ്പ്രദായിക യുദ്ധഭൂമികളായ ഇറാഖിലെക്കും സിറിയയിലേക്കും ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. യൂറോപ്പിലേയും അമേരിക്കയിലെയും അസംതൃപ്തരായ നിരവധി വ്യക്തികളേയും അവര്‍ക്ക് ആകര്‍ഷിക്കാനായി.

നിരാശാഭരിതമായ വിധത്തില്‍ തീവ്രവാദവത്കരിക്കപ്പെട്ട അണികളുടെ എണ്ണം പശ്ചിമേഷ്യക്കപ്പുറവും പെരുകുകയാണ്. ധാക്കയിലും സാന്‍ ബെര്‍ണാര്‍ഡിനോയിലും ആക്രമണങ്ങള്‍ നടത്താനോ അല്ലെങ്കില്‍ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഇസ്ലാമിക് സ്റ്റേറ്റ് സദാ അവിടെയുണ്ട്.

ലോകത്തിലെ ഏറ്റവും പഴയ ദേശരാഷ്ട്രം എന്നു വിളിക്കാവുന്നഫ്രാന്‍സിലെ നേതാക്കള്‍ അവരുടെ 18-ആം നൂറ്റാണ്ടിലെ നെപ്പോളിയന്‍ യുദ്ധകാഹളങ്ങളെ മറികടന്ന സാഹോദര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യങ്ങളോട് തുലനം ചെയ്യുമ്പോള്‍ ഒരു പ്രചോദനവും സൃഷ്ടിക്കാത്തവരാണ്. ഇന്ന് കൂടുതല്‍ യുദ്ധം എന്നാല്‍ അത് സമാധാനമല്ല മറിച്ച് രാഷ്ട്രീയ ഘടനയുടെ അടിസ്ഥാനങ്ങളിലൊന്നായ യുദ്ധവും സമാധാനവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെ നശിപ്പിക്കുകയായിരിക്കും എന്നു മനസിലാക്കി, സൈനിക ഇടപെടലിനുള്ള ആവശ്യങ്ങളെ ഉറച്ചെതിര്‍ത്ത ഒബാമ മാത്രമായിരിക്കും ആ ഗണത്തിലുള്ള ഏക പാശ്ചാത്യ രാഷ്ട്രീയക്കാരന്‍.

എന്നാല്‍ ഫ്രഞ്ച് രാഷ്ട്രീയക്കാര്‍, തെളിവുകളെതിരാണെങ്കില്‍ക്കൂടി തങ്ങള്‍ക്ക് ഒരു വലിയ യുദ്ധത്തില്‍ നേരിടാവുന്ന ഒരു വൈതാളിക വൈദേശികശത്രുവിനെ കണ്ടെത്തിപ്പിടിക്കുകയാണ്. യഥാര്‍ത്ഥ ‘ശത്രു’ ഉള്ളില്‍ത്തന്നെയാണ്, ബാറ്റണ്‍ റോഷിലും നൈസിലുമെല്ലാം-ഏറെ  ഭീതിദമായ കാര്യം അത് തീര്‍ത്തും മാറിപ്പോയ ഒരു ലോകത്തെക്കുറിച്ചുള്ള, ഒരാളുടെ ഉള്ളിലെ കാലഹരണപ്പെട്ട നിഗമനങ്ങള്‍ക്കകത്താണ് എന്നാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍