UPDATES

വിദേശം

കൈകാലുകള്‍ക്കൊപ്പം ജീവിതവും മുറിച്ചെറിയപ്പെട്ട ഒരു ജനത

Avatar

എറിന്‍ കണ്ണിംഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എത്രപേര്‍ അവിടെ അങ്ങനെയുണ്ടെന്ന് ആര്‍ക്കും ശരിക്കറിയില്ല. പതിറ്റാണ്ടുകള്‍ നീണ്ട അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍, കുഴിബോംബുകളും, വഴിയരികിലെ സ്ഫോടകവസ്തുക്കളും, പൊട്ടാതെ കിടന്നിരുന്ന വെടിക്കോപ്പുകളുമൊക്കെ അംഗച്ഛേദം വരുത്തിയവരുടെ എണ്ണം കണക്കാക്കുക ഏതാണ്ട് അസാധ്യം തന്നെയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ പോരാളികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകവേ, തീവ്രവാദികള്‍ സ്ഥാപിക്കുന്ന സ്ഫോടക വസ്തുക്കള്‍ (IED)പൊട്ടിത്തെറിച്ച് സാധാരണക്കാര്‍ക്കും യുദ്ധത്തിലേര്‍പ്പെട്ടവര്‍ക്കും കൈകാലുകള്‍ നഷ്ടപ്പെടുന്നത് സാധാരണയായിരിക്കുകയാണെന്ന് കാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നു.

അംഗഭംഗം വന്ന  അഫ്ഗാന്‍കാരുടെ എണ്ണം കൂടുന്തോറും, അവര്‍ നേരിടുന്ന വിവേചനവും വികലാംഗരെന്ന ഒറ്റപ്പെടുത്തലും കൂടിവരികയാണ്. ദാരിദ്ര്യവും നിരക്ഷരതയും തകര്‍ത്തെറിഞ്ഞ ഒരു രാജ്യത്ത് അംഗഹീനരായ ബന്ധുക്കളെ പരിപാലിക്കാന്‍ കുടുംബങ്ങള്‍ക്ക് പലപ്പോഴും കഴിയാതെ പോവുകയാണ്.

“സാമൂഹ്യമായും, സാമ്പത്തികമായും അവരുടെ ജീവിതം നശിച്ചു,” ഒരു ഇറ്റാലിയന്‍ സന്നദ്ധ സഘടന എമര്‍ജന്‍സിയുടെ പ്രോഗ്രാം ഡയറക്ടര്‍ ഇമ്മാന്വെല്‍ നന്നിനി പറഞ്ഞു. അവര്‍ അഫ്ഗാനിസ്ഥാനിന്റെ പല ഭാഗത്തും ആരോഗ്യ-രക്ഷാ കേന്ദ്രങ്ങള്‍ നടത്തുകയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്‍ ഗായിലുള്ള എമര്‍ജന്‍സിയുടെ ആരോഗ്യകേന്ദ്രത്തില്‍ 69 അംഗച്ഛേദന ശസ്ത്രക്രിയകള്‍ നടത്തി.

അംഗഹീനരായവരെ അടുത്തുള്ള അന്താരാഷ്ട്ര റെഡ്ക്രോസ് കേന്ദ്രത്തിലേക്ക് അയക്കും. അവിടെ ഇവര്‍ക്ക് തൊഴില്‍ പരിശീലനവും പുതുജീവിതത്തിനുള്ള വഴികളും ദീര്‍ഘകാല പുനരധിവാസ സൌകര്യങ്ങളും ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ നല്കുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ അഫ്ഗാനിസ്ഥാനിലെ റെഡ്ക്രോസ് കേന്ദ്രങ്ങളില്‍ ഇങ്ങനെ 351 പേരോളം എത്തിയെന്നാണ് റെഡ്ക്രോസ് നല്‍കുന്ന കണക്ക്.

എന്നാല്‍ മിക്കപ്പോഴും അംഗഹീനര്‍ “പൂര്‍ണമായും അവരുടെ കുടുംബങ്ങളെ ആശ്രയിക്കുന്നവരും, ഒരു വലിയ ബാധ്യതയുമായി മാറുന്നുണ്ട്,” നന്നിനി പറയുന്നു. “അവര്‍ വീട്ടിലെത്തുമ്പോഴാണ് ശരിക്കുള്ള ദുരന്തം തുടങ്ങുന്നത്. നല്ലൊരു കുടുംബമില്ലെങ്കില്‍ അവര്‍ യാചകരായി മാറും.”

അതുമാത്രവുമല്ല, കാര്‍ഷികവൃത്തിയും, മനുഷ്യാദ്ധ്വാനവും പ്രധാന ആശ്രയമായ ഒരു രാജ്യത്തു കയ്യോ, കാലോ ഒക്കെ നഷ്ടപ്പെടുക എന്നുപറഞ്ഞാല്‍ അത് ജീവിതത്തിന്റെ വഴി അടക്കുക തന്നെയാണ്. നഷ്ടപ്പെട്ട അവയവത്തോടൊപ്പം ജീവിതവും പ്രതിസന്ധിയിലാകുന്നു.

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിലെ കൃഷിക്കാരനാണ് 22-കാരനായ മൊഹമ്മദ് ദാവൂദ്. അയാളുടെ അച്ഛന്റെ ഏക മകന്‍. ഈ വേനല്‍ക്കാലത്ത് വീടിനടുത്തുള്ള ഒരു പോലീസ് സ്റ്റേഷന് സമീപത്തുകൂടെ നടന്നുപോവുകയായിരുന്നു അയാള്‍. ചവിട്ടിയത് കുഴിച്ചിട്ട സ്ഫോടകവസ്തുവിലാണ്.

ലഷ്കര്‍ ഗായിലെ എമര്‍ജന്‍സി ആശുപത്രിയില്‍ അയാളുടെ രണ്ടു കാലുകളും മുട്ടിനുമുകളില്‍ വെച്ചു മുറിച്ചുകളഞ്ഞു. ദാവൂദിന് സംഭവിച്ച അപകടം അയാളുടെ പ്രതിശ്രുത വധു അറിഞ്ഞു. പക്ഷേ അതിനുശേഷം ഇന്നുവരെ അവള്‍ അയാളെ വിളിച്ചിട്ടില്ല. ഇനിയിപ്പോള്‍ വിവാഹം നടക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് അയാള്‍ക്കറിയാം.

“ജീവിതം എങ്ങനെയെങ്കിലുമൊക്കെ മുന്നോട്ടുപോകും,” ലഷ്കര്‍ ഗായിലെ ആശുപത്രിക്കിടക്കയില്‍ കിടന്ന് ദാവൂദ് പറഞ്ഞു. “ഒരു പക്ഷേ എനിക്കു കുറച്ചു കാശുകിട്ടിയാല്‍, ഞാനെന്റെ നാട്ടില്‍ ചെറിയൊരു ചായക്കട തുടങ്ങും.”

“ഞാന്‍ മാതളമരങ്ങള്‍ വളര്‍ത്തിയിരുന്നു,” ദാവൂദ് തന്റെ കാര്‍ഷിക ജീവിതം ഓര്‍ത്തു. “പക്ഷേ ഞാനൊരിക്കലും എഴുതാനും വായിക്കാനും പഠിച്ചില്ല. എനിക്കു ഈ ഗതി വരുമെന്നു ഞാനൊരിക്കലും കരുതിയില്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍