UPDATES

സിനിമ

തീവ്ര ദേശീയതയുടെ കാലത്ത് ‘വിജേത’ വീണ്ടും കാണുമ്പോള്‍

യുദ്ധ ചിത്രങ്ങള്‍ക്കിടയിലെ ‘വിജേത’: സിനിമയും ദേശീയതയും

ഇന്ത്യയില്‍ ദേശഭക്തി നിറച്ച ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടുമിക്കവയും മെലോഡ്രാമയുടെ അതിപ്രസരമുള്ള ചിത്രങ്ങളായിരുന്നു. ഇവയില്‍ പട്ടാള കഥകളും യുദ്ധ കഥകളും വലിയ തോതിലുണ്ട്. ജെപി ദത്തയുടെ ബോഡര്‍ (1997) അടക്കം ശ്രദ്ധേയമായ നിരവധി ബോളിവുഡ് ചിത്രങ്ങള്‍ സൈന്യവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ചിത്രമായിരുന്നു ഗോവിന്ദ് നിഹലാനിയുടെ വിജേത.

1982ലാണ് വിജേത പുറത്തിറങ്ങുന്നത്. ആ വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു. ചിത്രം തീയറ്ററുകളില്‍ വലിയ തിരക്കൊന്നും ഉണ്ടാക്കിയില്ല. പെട്ടെന്ന് തന്നെ പ്രദര്‍ശനം നിര്‍ത്തുകയും ചെയ്തു. ചിത്രത്തില്‍ നിഹാല്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശശി കപൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്‌റെ നിര്‍മ്മാണത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ പിന്തുണയുമുണ്ടായിരുന്നു.

ഹിന്ദി സമാന്തര ചലച്ചിത്രങ്ങള്‍ക്കിടയിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് വിജേത വിലയിരുത്തപ്പെടുന്നത്. വ്യോമയുദ്ധ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രത്തില്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പരിശീലനം ആധികാരിക വിശദീകരണങ്ങളോടെ ചിത്രീകരിച്ചിരിക്കുന്നു. അതിന് മുമ്പും ശേഷവും ഇത്ര ഡീറ്റൈലിംഗ് ഉള്ള ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. കവിയും നോവലിസ്റ്റുമായ ദിലീപ് ചിത്രെ, നാടക കലാകാരനായ സത്യദേവ് ദുബെ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഒരു അണ്ടര്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ റൂമിലിരുന്ന് വ്യോമസേനാ പൈലറ്റായ അന്‍ഗാദ് സിംഗ് ഉടന്‍ തുടങ്ങാനിരിക്കുന്ന യുദ്ധത്തില്‍ തന്‌റെ പങ്ക് സംബന്ധിച്ച് സംസാരിക്കുന്ന രംഗമുണ്ട് അംന്‍ഗാദിന്‌റെ മുഖത്താണ് ക്യാമറ ഫോക്കസ് ചെയ്യുന്നത്. ശത്രുരാജ്യത്ത് നാശം വിതക്കായ്ക്കാനുള്ള തന്‌റെ ദൗത്യം സംബന്ധിച്ചാണ് അന്‍ഗാദ് പറയുന്നത്. തന്‌റെ മിഗ് 21 വിമാനത്തില്‍ കയറിയാല്‍ പിന്നെ തന്നെയും തന്‌റെ കുടുംബാംഗങ്ങളേയും പോലുള്ളവര്‍ക്ക് മരണം വിതയ്ക്കലാണ് ജോലി. ഒരര്‍ത്ഥത്തില്‍ അയാളൊരു ആധുനിക അര്‍ജ്ജുനനാണ്. തന്‌റെ അതേ രക്തബന്ധത്തില്‍ പെട്ടവര്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വരുന്നത് അയാളെ അസ്വസ്ഥനാക്കുന്നു.

പാകിസ്ഥാന്‌റെ ഭാഗമായ പഞ്ചാബ് പ്രവിശ്യാ സ്വദേശിയായ നിഹാല്‍ സിംഗ് വിഭജനത്തെ തുടര്‍ന്ന് ബോംബെയിലേയ്ക്ക് കുടിയേറിയ ആളാണ്. ക്ലീന്‍ ഷേവായി നടക്കുന്ന സിഖുകാരന്‍. കേന്ദ്ര കഥാപാത്രമായ അന്‍ഗാദായി എത്തുന്നത് ശശി കപൂറിന്‌റെ മകന്‍ കുനാല്‍ കപൂറാണ്. രണ്ട് ദേശരാഷ്ട്രങ്ങള്‍ക്കിടയിലുള്ള യുദ്ധത്തില്‍ ഭാഗമാകേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥയാണ് വിജേത പറയുന്നത്. യുവാവായിരിക്കെ വിഭജനത്തിന്‌റെ ഭീകരതയാണ് നിഹാല്‍ സിംഗ് അനുഭവിച്ചതെങ്കില്‍ അന്‍ഗാദിന് നേരിടേണ്ടി വരുന്നത് യുദ്ധത്തിന്‌റെ ഭീകരതയാണ്. ശത്രുരാജ്യം ഏതാണ് എന്ന് ഒരിക്കല്‍ പോലും പരാമര്‍ശിക്കുന്നില്ലെങ്കില്‍ അത് പാകിസ്ഥാനാണെന്നും യുദ്ധം 1971ലേതാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.

പിന്നീട് വന്ന യുദ്ധ ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് വിജേത. രാജ്യത്തോളമോ അതിനേക്കാളുമോ പ്രാധാന്യം വ്യക്തിക്ക് നല്‍കുന്ന ചിത്രമാണ് വിജേത. ഇത് ഒരു യുവ രാജ്യത്തെ യുവാവിന്‌റെ, അയാളുടെ വിജയിക്കാനുള്ള ആഗ്രഹത്തിന്‌റെ കഥയാണ് എന്നാണ് തിരക്കഥാകൃത്ത് ദിലീപ് ചിത്രെ പറഞ്ഞത്. വ്യക്തിയുടെ ജയപരാജയ സാദ്ധ്യതകള്‍ രാജ്യത്തിന്‌റേതുമായി ചേര്‍ത്ത് വയ്കുന്ന ഒന്ന്. ഒരു യുവ രാജ്യത്തിന്‌റെ യുദ്ധത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളുമായി ചേര്‍ത്ത് വയ്ക്കുന്ന ഒന്ന്.

1971ലെ യുദ്ധം പശ്ചാത്തലമാക്കി പിന്നെയും ഇന്ത്യയില്‍ സിനിമകളിറങ്ങി. എന്നാല്‍ അവയ്‌ക്കൊന്നും വിജേതയുടെ പോലൊരു ആത്മാവുണ്ടായിരുന്നില്ല. ജെ ഓംപ്രകാശ് സംവിധാനം ചെയ്ത ആക്രമണ്‍ (1975) പാകിസ്ഥാനെ പേരെടുത്ത് തന്നെ പരാമര്‍ശിച്ചിരുന്നു. എല്ലാ മസാല, മെലോഡ്രാമ ചേരുവകളും ചേര്‍ത്ത പടമായിരുന്നു ആക്രമണ്‍. യുദ്ധത്തിന് പ്രോത്സാഹനം നല്‍കുന്ന ഒരു മുന്‍ സൈനികന്‍, പ്രണയത്തിലായ ഒരു യുവ ഉദ്യോഗസ്ഥന്‍, ദേശഭക്തി പ്രദര്‍ശിപ്പിക്കുന്ന മുസ്ലീം സൈനികന്‍ തുടങ്ങി കച്ചവട സിനിമിയുടെ എല്ലാ രാഷ്ട്രീയ സ്വഭാവവും കാണിച്ച ചിത്രം. അതിന് മുമ്പ് പുറത്തിറങ്ങിയ, ചേതന്‍ ആനന്ദിന്‌റെ ഹിന്ദുസ്ഥാന്‍ കി കസം (1973) എന്ന ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് രാജ് കുമാര്‍ രംഗത്ത് വരുന്നത്. പാക് വ്യോമസേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുന്ന രംഗമുണ്ട്. കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്‌റെ മൃതദേഹത്തിന് സമീപം നിന്നുകൊണ്ട് പാക് യുദ്ധ വിമാനത്തിന് നേരെ രാജ്കുമാര്‍ മുഷ്ടി ചുരുട്ടി ആംഗ്യം കാണിക്കുന്നു. പാകിസ്ഥാനി റേഡിയോ സ്‌റ്റേഷനും റഡാര്‍ സ്റ്റേഷനുമെല്ലാം ഒട്ടും വിശ്വാസ യോഗ്യമല്ലാത്ത വിധം ചിത്രീകരിച്ചിരിക്കുന്നു. നെഹ്രുവിയന്‍ കാലത്തെ ദേശീയത ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ദിരാഗാന്ധിയുടെ ആക്രമണോത്സുക ദേശീയതയാണ് ചിത്രത്തെ കൂടുതല്‍ സ്വാധീനിച്ചിരിക്കുന്നത്.

ചൈനയുമായുള്ള യുദ്ധത്തിന്‌റെ കഥ പറഞ്ഞ, ചേതന്‍ ആനന്ദിന്‌റെ ഹഖീഖത് 1963ലാണ് പുറത്തിറങ്ങിയത്. ചൈനീസ് അധിനിവേശത്തിന്‌റേയും തുടര്‍ന്നുണ്ടായ യുദ്ധത്തിന്‌റേയും കഥ പറഞ്ഞ ചിത്രം കുറേ കൂടി റിയലിസ്റ്റിക്കായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനായിരുന്ന പ്രശസ്ത നടന്‍ ബല്‍രാജ് സാഹ്നി, കരുത്തനായ ഒരു മേജറുടെ വേഷത്തിലാണ് എത്തുന്നത്. ചൈനീസ് സൈന്യത്തിന്‌റെ ആക്രമണം ശക്തമായി പ്രതിരോധിക്കുമെന്ന് ഉറപ്പിച്ച് നിങ്ങുകയാണ് മേജറുടെ ബറ്റാലിയന്‍. നാട്ടില്‍ മേജറുടെ വിവാഹാലോചന തിരസ്‌കരിക്കപ്പെടുന്നു. അതിന്‌റെ വേദനയിലാണ് നാട്ടില്‍ നിന്ന് മടങ്ങുന്നത്. വിവാഹ മോതിരം കയ്യിലുണ്ട്. അയാള്‍ അ്ത് അരുണാചല്‍ പ്രദേശിലെ ഒരു യുവതിയെ അണിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ ശ്രമം വീണ്ടും പരാജയപ്പെടുന്നു. സാഹ്നിയുടെ കഥാപാത്രം നേരിടുന്ന പരാജയത്തിന്‌റെ വ്യക്തിപരമായ ദുഖം രാജ്യത്തിന്‌റെ പരാജയത്തെ കൂടുതല്‍ ആഴത്തില്‍ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഖൈഫി ആസ്മി എഴുതിയ കര്‍ ചലേ ഹം ഫിദ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മൊഹമ്മദ് റാഫിയാണ്. പട്ടാളക്കാരനെ അനശ്വരനായി ചിത്രീകരിക്കുന്ന ഈ പാട്ട് രാജ്യത്തിന് വേണ്ടിയുള്ള അയാളുടെ ത്യാഗത്തെ വിശുദ്ധവത്കരിക്കുന്നു. നമ്മുടെ ഈ നോട്ട് അസാധുവാക്കല്‍ കാലത്ത് കാണുന്ന ദേശീയ താല്‍പര്യത്തിന് വേണ്ടി ത്യാഗം സഹിക്കാനുള്ള ചില ആഹ്വാനങ്ങളെ ഓര്‍മ്മിപ്പിക്കും വിധം.

1990കളില്‍ ജമ്മു കാശ്മീരിലെ ഭീകരപ്രവര്‍ത്തനം ശക്തി പ്രാപിച്ചതോടെ ഇന്ത്യയുടെ വിദേശനയത്തിലും കാര്യമായ മാറ്റം വന്നു. ഒരേ സമയം പ്രതിരോധവും സുരക്ഷയും കര്‍ക്കശമാക്കിയും സമ്പദ് വ്യവസ്ഥയെ ഉദാരവത്കരിച്ചും നയങ്ങള്‍ രൂപപ്പെട്ടു. പാകിസ്ഥാന്‍ വിരുദ്ധ വികാരം ആളിക്കത്തിച്ച യുദ്ധകഥയായിരുന്നു സ്വാതന്ത്ര്യത്തിന്‌റെ അമ്പതാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ ജെപി ദത്തയുടെ ബോര്‍ഡര്‍ (1997). നായകനായി ഇന്ത്യന്‍ സൈന്യത്തേയും വില്ലനായി പാകിസ്ഥാന്‍ സൈന്യത്തേയും വളരെ വ്യക്തമായി ചിത്രം അടയാളപ്പെടുത്തി. ഉദാരവത്കരണ കാലത്തെ പുത്തന്‍ തീവ്ര ദേശീയതയെയും അന്ധമായ ദേശഭക്തിയേയും കൃത്യമായി വിറ്റഴിച്ച ചിത്രമായിരുന്നു ബോര്‍ഡര്‍.

നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എല്‍.ഒ.സി കാര്‍ഗില്‍ അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാര്‍ഗില്‍ യുദ്ധം പ്രേരണയായി. ഫറാന്‍ അക്തറിന്‌റെ ലക്ഷ്യ സൈന്യത്തിന്‌റെ പൗരുഷത്തിലോ ദേശീയവികാരമോ ശത്രുവിനോടുള്ള പകയോ ആളിക്കത്തിക്കുന്നതിലോ അല്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വയം നവീകരിക്കാനും പുരോഗതി നേടാനും സമൂഹത്തിന്‌റെ ഭാഗമായി അടയാളപ്പെടുത്തപ്പെടാനുമുള്ള വ്യക്തിയുടെ ആഗ്രഹം ചിത്രീകരിക്കലാണ്. സൈന്യം അവിടെ പല പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി മാറുന്നു എന്ന് മാത്രം. യുദ്ധം നടക്കുന്ന പ്രദേശത്ത് വന്ന് ബഹളമുണ്ടാക്കുന്ന പിടിവാശിക്കാരിയും പൊങ്ങച്ചക്കാരിയുമായ ഒരു മാദ്ധ്യമ പ്രവര്‍ത്തകയെ പുച്ഛത്തോടെ ഈ സിനിമ ചിത്രീകരിക്കുന്നില്ല. എന്നാല്‍ മറ്റൊരു വശത്ത് മുന്‍ ചിത്രങ്ങളിലെ പോലെ സൈന്യത്തെ ആദര്‍ശവത്കരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. അവസാനമാകുമ്പോഴേക്ക് വീരനായകത്വം കടന്നുവരുകയും ചെയ്യുന്നു. ഈ ചിത്രവും യുദ്ധത്തിന്‌റെ ഇരകളായല്ല സൈനികരെ കാണുന്നത്. മറിച്ച് അതിനെ മഹത്തായ ദൗത്യമായി തന്നെയാണ്.

ഇവിടെയാണ് ഗോവിന്ദ് നിഹലാനിയുടെ വിജേത വ്യത്യസ്തമാകുന്നത്. യുദ്ധങ്ങളുടെ ഇരയായ സൈനികനെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നു. യുദ്ധഭൂമിയില്‍ നിന്ന് അയാള്‍ അച്ഛന് അയയ്ക്കുന്ന കത്തില്‍ യുദ്ധമുഖത്തെത്തുന്ന ഒരു യുവാവിന്‌റെ അസ്വസ്ഥമായ ചിന്തകളുണ്ട്, സങ്കീര്‍ണമായ ആശയങ്ങളുണ്ട്, വ്യക്തിപരവും ദേശീയവുമായ ചരിത്രമുണ്ട്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവുമായാലും യുദ്ധരംഗങ്ങളായാലും സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍