UPDATES

വിദേശം

ഈ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി എന്താണ് ലോകം കാണാത്തത്?

Avatar

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒസാമ ഹസന്റെ കുടുംബത്തിന് ദുഷ്കരമായ ഒരു തെരഞ്ഞെടുപ്പാണ് നടത്തേണ്ടത്. യുദ്ധസമയത്ത് കയ്യിലുള്ള കുറച്ചു കാശ് 2 വയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉപയോഗിക്കണോ, അതോ മറ്റ് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കണോ?

അയാളുടെ കുടുംബം ഭക്ഷണം തെരഞ്ഞെടുത്തു.

അവരുടെ കുടിലിന് പുറത്തു നരച്ച ആകാശത്തേക്ക് ശൂന്യമായ നോട്ടവുമായി ഒരു മരക്കട്ടിലില്‍ കിടക്കുന്ന തന്റെ മെലിഞ്ഞ കൊച്ചുമകനെ വേദനയോടെ നോക്കിയിരിക്കുകയാണ് അഹമദ് സദേക്. അവന്റെ മുടിയെല്ലാം പൊഴിഞ്ഞിരുന്നു, പല്ലുകള്‍ ദ്രവിച്ചു, കൈകള്‍ ചുള്ളിക്കമ്പ് പോലെയായി. വിറകുകൊള്ളി പോലുള്ള കാലുകളില്‍ അവന് നടക്കാനാവുന്നില്ല.

കുറുകിയമരുന്ന ഓരോ ശ്വാസത്തിലും ഒസാമയുടെ വാരിയെല്ലുകള്‍ വരണ്ട തൊലിയിലൂടെ പുറത്തേക്ക് തള്ളുന്നു.

“അവനുവേണ്ടി ഞങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ല,”സദേക് പറഞ്ഞു. “അവന്‍ മരിക്കാന്‍ പോവുകയാണ് എനിക്കറിയാം.”

രാജ്യത്തെ മൂന്നില്‍ രണ്ടു ജനങ്ങളും താമസിക്കുന്ന യമനിലെ ഗ്രാമങ്ങളില്‍ ഓരോ ദിവസവും കുട്ടികള്‍ മരിക്കുകയാണ്. രോഗികളായ കുട്ടികളുടെ ചികിത്സയോ ആരോഗ്യമുള്ള കുട്ടികളുടെ ഭക്ഷണമോ എന്ന ഹൃദയം നുറുങ്ങുന്ന തെരഞ്ഞെടുപ്പാണ് മാതാപിതാക്കള്‍ക്ക് നടത്തേണ്ടിവരുന്നത്. രാജ്യത്തിന്റെ ഈ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ശ്മശാനങ്ങളില്‍ പട്ടിണിയും പ്രതിരോധിക്കാമായിരുന്ന രോഗങ്ങളും ബാധിച്ചു മരിച്ച കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ നിറയുന്നു. മിക്കവരെയും അടയാളപ്പെടുത്താത്ത കുഴിമാടങ്ങളില്‍ അടക്കിയിരിക്കുന്നു; അവരുടെ മരണം അധികൃതര്‍ അറിയുന്നു പോലുമില്ല.

പോഷകാഹാരക്കുറവുമൂലം മരിച്ച ഉദായ് ഫൈസലിന്റെ കല്ലുകള്‍ മാത്രം വെച്ച സനായുടെ തെക്കന്‍ പുറമ്പ്രദേശത്തുള്ള ഹാസ്യാസ് ഗ്രാമത്തിലെ കുഴിമാടത്തില്‍ വെള്ളം നനച്ചിട്ടിരിക്കുന്നു.

കൂടുതല്‍ ഭാഗ്യവാന്മാര്‍ പൊട്ടിപ്പൊളിഞ്ഞ പാതകളിലൂടെ മണിക്കൂറുകള്‍ യാത്ര ചെയ്തു ആശുപത്രിയിലെത്തുന്നു.  അതിജീവനവും കഠിനമാണ്. ചികിത്സയ്ക്ക് പണം ചെലവാക്കുന്ന കുടുംബങ്ങള്‍ പാപ്പരാകുന്നു. മടങ്ങിയെത്തുന്നതോ യുദ്ധം ഉണ്ടാകുന്ന ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ക്രൂരമായ അതേ ചാക്രികതയിലേക്ക്.

പശ്ചിമേഷ്യയിലെ ഈ രാജ്യത്തെ പട്ടിണി വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിട്ട് കുറേയേറെ നാളുകളായി. 2011-ലെ അറബ് വസന്ത മുന്നേറ്റത്തില്‍ പ്രസിഡണ്ട് അലി അബ്ദുള്ള സലേയുടെ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതോടെ അതിന്റെ വേഗം കൂടി.  പക്ഷേ കഴിഞ്ഞ 20 മാസമായി തുടരുന്ന ആഭ്യന്തര യുദ്ധം യെമനെ ക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.

കുട്ടികളുടെ ശരീരങ്ങള്‍ പൊഴിഞ്ഞുവീഴും മുമ്പേ ചികിത്സ നല്കേണ്ട സംരക്ഷണ സംവിധാനം അപ്രത്യക്ഷമായിരിക്കുന്നു. യു.എസ് സഹായത്തോടെ സൌദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന വ്യോമാക്രമണം, തല്‍സ്ഥാനമായ സന, പ്രധാന വടക്കന്‍ തുറമുഖമായ ഹോദെയ്ദ എന്നിവ  നിയന്ത്രിക്കുന്ന വിമതരുടെ തടസങ്ങള്‍ എന്നിങ്ങനെ പല പ്രതിബന്ധങ്ങളുമാണ് സഹായ സന്നദ്ധ സംഘങ്ങള്‍ നേരിടുന്നത്.

കുട്ടികള്‍ക്കായുള്ള യു.എന്‍ നിധി കണക്കാക്കുന്നത് 3,70,000 കുട്ടികള്‍ യെമനില്‍ കടുത്ത പോഷകാഹാരക്കുറവും മരണഭീഷണിയും നേരിടുന്നു എന്നാണ്. 2 ദശലക്ഷം പേര്‍ക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്നും യു.എന്‍ പറയുന്നു.

“ഒരു തലമുറ മുഴുവനുമാണ് ഇവിടെ അപകടത്തിലായിരിക്കുന്നത്,” സന്നദ്ധ സംഘടനയായ Action Against Hunger യെമന്‍ ഡയറക്ടര്‍ എറിന്‍ ഹച്ചിന്‍സന്‍ പറഞ്ഞു. “സംഘര്‍ഷം മുറുകുന്തോറും സ്ഥിതി വഷളാവുകയാണ്. ആവശ്യങ്ങള്‍ കൂടിവരികയാണ്.”

സനായിലെ പോഷകാഹാരക്കുറവ് ചികിത്സ കേന്ദ്രത്തില്‍ ഒരു ആണ്‍കുട്ടി. (യെമന്‍ 2016 ഒക്ടോബര്‍ 30)

യുദ്ധത്തിന് 6 മാസം മുമ്പ് മാസം തികയും മുമ്പാണ് ഒസാമ ജനിച്ചത്. ഭാരക്കുറവായിരുന്നു. മാസം തികയ്ക്കാന്‍ അടവെച്ച പെട്ടിയിലൂടെയാണ് അവന്‍ ആദ്യം ലോകത്തെ കണ്ടത്. സൌദി അതിരിലുള്ള ഹജ്ജ പ്രവിശ്യയിലെ മറ്റ് പതിനായിരക്കണക്കിന് ആളുകളെപ്പോലെ അവന്റെ അച്ഛന്‍ സൌദി അറേബ്യയില്‍ തൊഴിലാളിയായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ മലയടിവാരത്തിലെ ചെറിയ കൃഷിയിടത്തില്‍ നിന്നും അവന്റെ മുത്തച്ഛന്‍ ധാന്യം വിറ്റു.

പണമുണ്ടായിരുന്നു, പക്ഷേ അധികമൊന്നുമില്ല.

മാര്‍ച്ച് 2015-ഓടെ വടക്കന്‍ വിമതരായ ഹൂതികള്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പ്രസിഡണ്ട് അബേദ് റബ്ബോ മന്‍സൂര്‍ ഹാദി പലായനം ചെയ്തു. രാജ്യം കടുത്ത ആഭ്യയന്തര യുദ്ധത്തിലേക്ക് വീണു. ഹാദിയെ വീണ്ടും അധികാരത്തിലേറ്റാന്‍ പെന്റഗണിന്റെ ആയുധങ്ങളും രഹസ്യവിവരങ്ങളും മറ്റ് രീതിയിലുള്ള പിന്തുണയുമായി സൌദി അറേബ്യയുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഈ സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നു.

സലെയുടെ അനുയായികളുമായി കൂട്ടുചേര്‍ന്ന വിമതര്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തിന്റെ നിയന്ത്രണം കയ്യാളുന്നു. തെക്കും കിഴക്കുമുള്ള ചില പ്രദേശങ്ങള്‍ പ്രസിഡണ്ട് ഹാദിയെ പിന്തുണയ്കുന്നവരുടെ കയ്യിലാണ്. അല്‍-ക്വെയദയുടെ പ്രാദേശിക വിഭാഗവും ശക്തി പ്രാപിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളും അടക്കമുള്ള ഇസ്ളാമിക തീവ്രവാദികള്‍  സര്‍ക്കാരിന്റെയും വിമതരുടെയും നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നു.

ചുരുക്കം ചില സഹായ സംഘങ്ങള്‍ മാത്രമാണു ബാനി സൈഫാനിലും മറ്റ് വിദൂര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ആശുപത്രികള്‍ മിക്കതും വ്യോമാക്രമണങ്ങളില്‍ തകര്‍ന്നിരിക്കുന്നു. സൌദിയുടെ വ്യോമ, നാവിക ഉപരോധം മൂലം ആശുപത്രികളില്‍ വേണ്ടത്ര മരുന്നും ലഭ്യമല്ല. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയില്‍ തൊഴിലുകള്‍ അപ്രത്യക്ഷമായി. ഉപരോധം യെമന്റെ സമ്പദ് വ്യവസ്ഥയെ പാടെ തകര്‍ത്തു. 3 ദശലക്ഷത്തിലേറെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി, അതില്‍ പകുതിയിലേറെയും കുട്ടികളാണ്.

അതിര്‍ത്തി അടച്ചതോടെ ഒസാമയുടെ അച്ഛന്‍ സൌദി അറേബ്യയില്‍ നിന്നും മടങ്ങി വന്നില്ല. വളരെ വേഗം അയാളയക്കുന്ന പണവും നിന്നു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് അവനേയും അവന്റെ അമ്മയെയും മൂന്നു സഹോദരങ്ങളേയും, കൂടാതെ 20 ബന്ധുക്കളെയും നോക്കുന്നത്.

“ഇക്കൊല്ലം കഴിഞ്ഞ കൊല്ലത്തേക്കാള്‍ പ്രയാസമാണ്,” വെള്ളത്താടിവെച്ച മെലിഞ്ഞ സദേക് പറഞ്ഞു. “മിക്ക ആള്‍ക്കാര്‍ക്കും എന്റെ കയ്യിലെ ധാന്യം വാങ്ങാനുള്ള പണമില്ല. അവരും ഞങ്ങളെപ്പോലെ ബുദ്ധിമുട്ടുകയാണ്.”

ഒസാമയുടെ ശരീരത്തിനു പിടിച്ചുനില്‍ക്കാന്‍ പാടായിരിക്കുന്നു. പഴങ്ങളോ, പച്ചക്കറികളോ, മറ്റ് പോഷകാഹാരങ്ങളോ നല്‍കാന്‍ കഴിയാത്ത അവന്റെ വീട്ടുകാര്‍ അവന് ആട്ടിന്‍ പാലും ബിസ്ക്കറ്റുകളുമാണ് നല്‍കുന്നത്. മലിനമായ വെള്ളവും ശുചിത്വമില്ലാത്ത അന്തരീക്ഷവും അവന്റെ അനാരോഗ്യത്തെ കൂടുതല്‍ വഷളാക്കി.

ഗ്രാമത്തില്‍ ഇക്കൊല്ലം 3 കുട്ടികള്‍ പട്ടിണി മൂലം മരിച്ചുവെന്ന് സദേക് പറഞ്ഞു. നാല് മാസം മുമ്പാണ് ഫാരിസ് അല്‍-ഷമീരി അയാളുടെ 9 മാസമായ മകള്‍ സമയെ, അവരുടെ വീടിനടുത്തുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടത്.

“നിരവധി കുട്ടികളെ അവിടെ അടക്കം ചെയ്തിട്ടുണ്ട്,”ഷമീരി പറഞ്ഞു. “2 മാസം, 6 മാസം, അങ്ങനെ പല പ്രായക്കാര്‍. മിക്കവരും പട്ടിണികൊണ്ട് മരിച്ചതാണ്.”

സമാ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരുന്നു. പക്ഷേ കയ്യില്‍ പണമില്ലാത്തതിനാല്‍ ഷമീരി അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, രോഗം മാറാന്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് ആശുപത്രിയിലെ അതീവ സുരക്ഷ വിഭാഗത്തില്‍ സമാ മരിച്ചു.

“അടിയന്തര സാഹചര്യമാണെന്ന തോന്നലില്ല”

പ്രദേശത്തേക്ക് ഒരു സഹായവും എത്തുന്നില്ല.

യുദ്ധം സമ്പദ് വ്യവസ്ഥയെ ശ്വാസം മുട്ടിച്ചതോടെ ഹൂതി ഭരണകൂടം സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ഇറാഖ്, സിറിയ, തുടങ്ങിയ മറ്റ് പ്രതിസന്ധികളുടെ നിഴലില്‍ പ്പെട്ടുപോയ യെമനുവേണ്ടിയാണ്  ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ദാതാക്കളോട് അതിന്റെ പകുതിയിലേറെ അഭ്യര്‍ത്ഥനകളും നടത്തിയത്.

“യെമെന്‍ വാസ്തവത്തില്‍ ഒരു മാധ്യമ തമസ്കരണമാണ്,” രാജ്യത്തെ യു.എന്‍ മനുഷ്യകാരുണ്യ വിഭാഗം മേധാവി ജാമീ മക്ഗോള്‍ഡ്റിക് പറഞ്ഞു. “അതര്‍ഹിക്കുന്ന ശ്രദ്ധ അതിനു കിട്ടുന്നില്ല. അത് അലെപ്പോയല്ല. ഇവിടെ മുകളില്‍ പറന്നു നാശനഷ്ടങ്ങള്‍ കാണിക്കുന്ന ഡ്രോണുകളില്ല. ബി ബി സി ക്യാമറകള്‍ 24 മണിക്കൂറും തുറന്നിരിക്കുന്ന മൊസൂല്‍ അല്ല ഇത്.”

ഒരു മണിക്കൂര്‍ നേരം കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ മോട്ടോര്‍സൈക്കിളില്‍ ഒസാമയുടെ അമ്മാവന്‍ അവനേയുംകൊണ്ട് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി.

ജില്ലയിലെ 70,000-ത്തോളം വരുന്ന ജങ്ങള്‍ക്കായി അവിടെ ഒരു ഡോക്ടര്‍ പോലുമില്ല. ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 മാസമായി ശമ്പളം കൊടുത്തിട്ടില്ല. മരുന്നുകളുടെ അലമാരകള്‍ ശൂന്യമായിക്കിടക്കുന്നു.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ UNICEF നല്‍കുന്ന കപ്പലണ്ടിയില്‍ നിന്നുള്ള കുഴമ്പ് Plumpy’Nut തീര്‍ന്നുപോയിരിക്കുന്നു. ഹൂതി അധികൃതര്‍ ആഴ്ച്ചകളോളമായി പുതിയ സാധനങ്ങള്‍ എടുത്തിട്ടില്ല എന്നു UNICEF വക്താവ് പറഞ്ഞു. വടക്കും തീരപ്രദേശത്തുമുള്ള 240 ആരോഗ്യകേന്ദ്രങ്ങള്‍ ഇതേ പ്രതിസന്ധി നേരിടുകയാണ്.

ഹൂതികളുടെ അനുമതിയും കാത്തു പ്രതിരോധ മരുന്നുകളടക്കമുള്ള ആവശ്യ വസ്തുക്കള്‍ മാസങ്ങളായി അയല്‍രാജ്യങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളെ ദീര്‍ഘനാളായി അവിശ്വസിക്കുന്ന വിമതര്‍, വിഭവങ്ങള്‍ തീര്‍ന്നുപോവുമ്പോഴും സഹായങ്ങളുടെ വരവിന്റെ നിയന്ത്രണവും വിതരണവും തങ്ങള്‍ വഴിയാകണമെന്ന് നിര്‍ബന്ധം പുലര്‍ത്തുന്നു എന്നാണ് പടിഞ്ഞാറന്‍ സഹായ അധികൃതര്‍ പറയുന്നത്.

“നിങ്ങള്‍ നേരിടുന്നത് രണ്ടു തരത്തിലുള്ള ഉപരോധമാണ്,”ഒരു  മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. “സൌദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഉപരോധം; രാജ്യത്തിന് നേരെയുള്ള സാമ്പത്തിക ഉപരോധം. ഉപരോധത്തിനകത്ത്, ഹൂതി അധികൃതര്‍ പിന്നേയും ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. വൈദ്യ സഹായം പട്ടാകുന്ന അളവില്‍ പോലും നടത്താനാകുന്നില്ല.”

“രാജ്യത്ത് പോഷകാഹാര പ്രതിസന്ധിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നിട്ടും പൊതുവില്‍ സര്‍ക്കാര്‍ പ്രതികരണം ഒരു അടിയന്തര സ്വഭാവവും കാണിക്കുന്നില്ല.”

ഹൂതി രാഷ്ട്രീയ നേതാവായ മുഹമ്മദ് അബ്ദുള്‍ഖൈതി ഈ ആരോപണം നിഷേധിക്കുന്നു. സൌദി സഖ്യത്തിന്റെ ഉപരോധത്തെയാണ് അയാള്‍ പഴിക്കുന്നത്. അത് “രാജ്യത്തേക്കുള്ള മരുന്നുകളുടെ വരവിനെ തടയുകയും ചിലത് മാത്രമായി കടക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ്.” സഖ്യസേനയാകട്ടെ യെമനിലെ പ്രതിസന്ധിക്ക് ഹൂതികള്‍ മാത്രമാണു കുറ്റക്കാര്‍ എന്നാരോപിക്കുന്നു.

വിമത നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ ഹോദെയ്ദക്കടുത്തുള്ള തീരഗ്രാമത്തില്‍ നിന്നുമുള്ള കൊടുംപട്ടിണിയില്‍ രോഗിയായ  സൈദ അഹമദ് ബഘിലി എന്ന 18-കാരിയായ പെണ്‍കുട്ടി.

സനായിലെ പോഷകാഹാരക്കുറവ് കേന്ദ്രത്തിലുള്ള ഒരു കുട്ടിയുടെ തളര്‍ന്ന കാലുകള്‍. 

സര്‍ക്കാര്‍ ആശുപത്രിയിലെ പ്രതിസന്ധി പ്രകടമാണ്. കഴിഞ്ഞ മാസം മാത്രം 5 വയസിനു താഴെയുള്ള 116 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം ഇവിടെയെത്തിയത്. ഇതില്‍ 17 പേര്‍ ബനി സൈഫാനില്‍ നിന്നായിരുന്നു.

“നിങ്ങള്‍ക്കെന്റെ കുഞ്ഞിനെ ഷായിക്കാനാകുമോ,?” പോഷകാഹാരക്കുറവ് മൂലം ശോഷിച്ച തന്റെ 4 വയസുകാരി മകള്‍ വിദാദിനെയും എടുത്തു സഹ്റ മെക്ഷ അപേക്ഷിച്ചു. ഭര്‍ത്താവിന് ജോലിയില്ലെന്നും പാലും തൈരും മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

“അവള്‍ക്കായി ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല,” ആശുപത്രിയിലെ മലേറിയ വിഭാഗത്തിലെ ഹസ്സന്‍ ചൈലാന്‍ പറഞ്ഞു. “അവളെ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും ആശുപത്രിയില്‍ കിടത്തേണ്ടതുണ്ട്.”

പ്രവിശ്യാ തലസ്ഥാനമായ ഹജ്ജ നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഒസാമയെ കൊണ്ടുപോകാന്‍ അവന്റെ അമ്മാവനോട് ആശുപത്രിയിയില്‍ നിന്നും പറഞ്ഞു. പക്ഷേ ഗ്രാമത്തില്‍ നിന്നും മൂന്നു മണിക്കൂര്‍ നേരമെടുക്കുന്ന യാത്രയ്ക്ക് ഏതാണ്ട് 50 ഡോളര്‍ വേണ്ടിവരും; ബനി സൈഫാനില്‍ അത് ചിന്തിക്കാന്‍ കഴിയാത്ത ആഡംബരമാണ്.

ആശുപത്രിയില്‍ പോയതിന് രണ്ടാഴ്ചയ്ക്ക് ശേഷവും ഒസാമ വീട്ടിലാണ്. അവന്റെ മുഖം ഒരു വൃദ്ധന്‍റേത് പോലെ എല്ലുകളുന്തി വലിഞ്ഞുമുറുകിയിരിക്കുന്നു.

അപ്പോഴേക്കും അവന്റെ മുത്തച്ഛന്‍ ഒരു തീരുമാനമെടുത്തിരുന്നു. കുടുംബത്തില്‍ ഭക്ഷണം കിട്ടേണ്ട ഏറെപ്പേര്‍ ഇനിയുമുണ്ട്. പോഷകാഹാരക്കുറവുള്ള, എന്നാലിപ്പോള്‍ ആരോഗ്യം വീണ്ടെടുക്കുന്ന ഒസാമയുടെ നാലു വയസുള്ള സഹോദരനും അക്കൂട്ടത്തില്‍പ്പെടും.

“ഇത് ദൈവത്തിന്റെ വിധിയാണ്,” ഒസാമയേയും പിന്നെ തന്റെ മറ്റൊരു പേരക്കുട്ടിയെയും നോക്കിക്കൊണ്ട് സദേക് പറഞ്ഞു. “എനിക്കെന്തു ചെയ്യാനാകും.”

യെമനിലെ ബനി സൈഫാനില്‍ കടുത്ത പട്ടിണി അനുഭവിക്കുന്ന ഒസാമ ഹസ്സന്‍ എന്ന കുഞ്ഞ്.

“അവന്‍ എന്റെ കൈകളില്‍ക്കിടന്നാണ് മരിച്ചത്”

ഒരു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചാലും വലിയ ഉറപ്പൊന്നുമില്ല.

ബനി സൈഫാനില്‍ നിന്നും ഒരു മൈല്‍ മാത്രം ദൂരെ താമസിക്കുന്ന അലി ഹുമെയ്തും ഭാര്യയും തങ്ങളുടെ അഞ്ചു വയസുകാരന്‍ മകനെ, റയാന്‍, ഹജ്ജ ആശുപത്രിയിലെ പോഷകാഹാര ചികിത്സ വിഭാഗത്തില്‍ കൊണ്ടുപോയി.

അതൊരു മടക്കയാത്രയായിരുന്നു.

ഒക്ടോബറില്‍ റയാന്‍ പോഷകാഹാര ചികിത്സയും മറ്റ് മരുന്നുകളും നല്കി. അവന്‍ 10 ദിവസത്തിനുള്ളില്‍ വിശപ്പ് വീണ്ടെടുത്തു. പക്ഷേ വീട്ടില്‍ തിരിച്ചെത്തിയതോടെ ഭാരം വളരെവേഗം കുറയാന്‍ തുടങ്ങി. അവന്റെ മാതാപിതാക്കള്‍ക്ക് വെള്ളവും, പാലും,ചായയും ബ്രഡും മാത്രം നല്‍കാനേ ശേഷിയുണ്ടായിരുന്നുള്ളൂ.

“യുദ്ധം തുടങ്ങിയതില്‍പ്പിന്നെ എനിക്കു തൊഴില്‍ നഷ്ടമായി,” സംഘര്‍ഷത്തിന് മുമ്പ് ഒരു നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഹുമെയ്ത് പറഞ്ഞു.

ആദ്യം ആശുപത്രിയില്‍ പോകാന്‍ ഹുമെയ്ത് മറ്റ് ഗ്രാമീണരില്‍ നിന്നും 150 ഡോളര്‍ കടം വാങ്ങി. ഇത്തവണ അയാള്‍ക്ക് തെരുവില്‍ യാചിക്കേണ്ടിവന്നു. രാത്രിയില്‍ കുഞ്ഞിനോടൊപ്പം അയാളുടെ ഭാര്യയുണ്ട്. അയാള്‍ അടുത്തുള്ള പള്ളിയില്‍ വെറും തറയില്‍ കിടന്നുറങ്ങും.

റയാന്‍ വീണ്ടും രോഗബാധിതനായപ്പോള്‍ ആഹാരം നല്കാന്‍ മറ്റ് നാല് കുട്ടികള്‍കൂടിയുള്ള ഹുമെയ്ത് അയാളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമെടുക്കാന്‍ സ്വയം തയ്യാറെടുത്തു.

“എന്റെ കയ്യില്‍ പണമില്ലെങ്കില്‍ എനിക്കവനെ മടക്കിക്കൊണ്ടുവരാണ്‍ കഴിയില്ല,” അസ്വസ്ഥനായി കരയുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടു അയാള്‍ പറഞ്ഞു. “എനിക്കവനെ വീട്ടില്‍ത്തന്നെ വിടേണ്ടിവരും. ദൈവത്തിന്റെ കയ്യില്‍.”

അബ്ദുള്‍ ഫത്താ ബാശാമിയും അയാളുടെ ഭാര്യയും തങ്ങളുടെ ഒരേയൊരു കുഞ്ഞ് നാബില്‍ നടക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് പട്ടിണിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി; വീര്‍ത്തുകെട്ടിയ വയര്‍, ഭാരക്കുറവ്. നബീല്‍ മുലപ്പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. ആദ്യം അവനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയ അവന്റെ മാതാപിതാക്കള്‍ പിന്നീട് ഒസാമയെ കൊണ്ടുപോയ അതേ ആശുപത്രിയില്‍ തന്നെ കൊണ്ടുപോയി. പക്ഷേ അവന്‍ അപ്പൊഴും ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് ചാഞ്ചാടുകയായിരുന്നു.

അതിനിടെ കഴിഞ്ഞ മാസം ബാശാമിയുടെ അച്ഛന്‍ മരിച്ചു. മൂത്ത മകനെന്ന നിലയ്ക്ക് പൊടുന്നനെ 18 ബന്ധുക്കളുടെ ചുമതല അയാളുടെ ചുമലിലായി. ഒരു ദിവസം പണി കിട്ടിയാല്‍ 1 മുതല്‍ 3 വരെ ഡോളറാണ് കൂലി-എപ്പോഴെങ്കിലും പണി കിട്ടിയാല്‍.

“എനിക്കു ഒരുപാട് പേര്‍ക്ക് കടം കൊടുക്കാനുണ്ട്-ഏതാണ്ട് 650 ഡോളര്‍,” അയാള്‍ പറഞ്ഞു.

തന്റെ ഏക മകന്‍ നാബിലിന്റെ കുഴിമാടത്തിന്നരികെ അബ്ദുള്‍ ഫത്താ ബാശാമി കുഞ്ഞിനു 14 മാസം പ്രായമായിരുന്നു.

നാബിലിന്റെ ആരോഗ്യം വീണ്ടും മോശമായപ്പോള്‍ ഹജ്ജായിലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവര്‍ വീണ്ടും കടം വാങ്ങി.

“എന്റെ മകന്‍ വെറും എല്ലും തോലുമായിരുന്നു,” 18-കാരിയായ അവന്റെ അമ്മ നജൂവ ഷൌകീന്‍ ഓര്‍ത്തു.

അന്ന് രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് നാബിലിന് മുല കൊടുക്കാന്‍ അവര്‍ ശ്രമിച്ചു. മുല കുടിക്കാന്‍ പോലുമാകാതെ തളര്‍ന്നിരുന്ന കുഞ്ഞ് പതുക്കെ അബോധത്തിലേക്ക് വീണുതുടങ്ങി. ബോധാബോധങ്ങള്‍ക്കിടയ്ക്ക് ചാഞ്ചാടി,“കൃഷ്ണമണികള്‍ മുകളിലേക്കു മറിഞ്ഞ്” അവന്‍ ഒടുവില്‍ നിശബ്ദനായെന് ഷൌകീന്‍ പറഞ്ഞു.

“അവന്‍ എന്റെ കൈകളില്‍ കിടന്നാണ് മരിച്ചത്,” അവര്‍ പറഞ്ഞു.

നാബിലിന് 14 മാസമായിരുന്നു പ്രായം.

നാബിലിന്റെ ശരീരം മുസ്ലീം ആചാരപ്രകാരം കുളിപ്പിച്ച് വെള്ളത്തുണിയില്‍ പൊതിഞ്ഞു. മൂന്നുമണിക്കൂറുകള്‍ക്ക് ശേഷം അവരുടെ വീട്ടില്‍ നിന്നും നടക്കാവുന്ന ദൂരത്തുള്ള ശ്മശാനത്തില്‍ ഇക്കൊല്ലം മരിച്ച മറ്റ് 8 കുട്ടികളുടെ കുഴിമാടങ്ങള്‍ക്കരികെ നാബിലിനെ മറവ് ചെയ്തു.

അവന്റെ ചികിത്സക്കായി അവന്റെ അച്ഛന്‍ കടം വാങ്ങിയ പണം കൊണ്ടാണ് നാബിലിന്റെ ഖബറടക്കം നടത്തിയത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍