UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുദ്ധവെറിയന്‍മാരെ, ഭക്തന്മാരെ, കുറഞ്ഞത് പ്രധാനമന്ത്രിയുടെ വാക്കുകളെങ്കിലും കേള്‍ക്കൂ…

Avatar

ടീം അഴിമുഖം

പാക് അധീന കാശ്മീരില്‍ നിയന്ത്രണ രേഖക്കരികെ ഭീകരവാദികളുടെ താവളങ്ങളില്‍ സെപ്റ്റംബര്‍ 29-നു ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഒരാഴ്ച്ചയോളമായി ദേശീയവാദോന്‍മാദം ഇന്ത്യയില്‍ കൊടുമ്പിരിക്കൊള്ളുകയാണ്. രാഷ്ട്രീയ നേതാക്കളും ടി വി ചര്‍ച്ചകളിലെയും നവ സാമൂഹ്യമാധ്യമങ്ങളിലെയും അത്യുത്സാഹികളും ആക്രമണത്തെ ആഘോഷിക്കുന്നു; പാകിസ്ഥാനെ അധിക്ഷേപവാക്കുകള്‍കൊണ്ട് പൊതിയുന്ന അവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്വാഗതാര്‍ഹമായ ഒരു നീക്കത്തില്‍, തന്റെ മന്ത്രിസഭാംഗങ്ങളോട് ഇന്ത്യയുടെ ആക്രമണത്തെക്കുറിച്ച് ഉന്മാദം പടര്‍ത്തുന്ന രീതിയില്‍ വെല്ലുവിളികളും വിജയപ്രഘോഷണങ്ങളും ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. സൈന്യത്തിന്റെ നടപടിയെക്കുറിച്ച് ചുമതലപ്പെട്ടവര്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന നിര്‍ദേശവും നല്കിയിട്ടുണ്ട്.

ഈ ചൂടുപിടിച്ച അന്തരീക്ഷത്തിന് അയവുവരുത്തുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. ഒന്ന്, ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന് പ്രതിപക്ഷത്തില്‍ നിന്നും പ്രതിഷേധം വിളിച്ചുവരുത്തും. കോണ്‍ഗ്രസും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആക്രമണങ്ങള്‍ക്ക് തെളിവാവശ്യപ്പെട്ടതില്‍ അത്ഭുതമില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം സര്‍ക്കാരിന് കൈമാറിയെങ്കിലും യുക്തിപൂര്‍വം അവ പരസ്യമാക്കേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇസ്ലാമാബാദ് ഇത്തരമൊരു ആക്രമണം നടന്നിട്ടേയില്ല എന്ന നിലപാടിലാണ്. സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍  മുഖം രക്ഷിക്കാനുള്ള എന്തെങ്കിലും വഴിനോക്കുകയാണവര്‍. ന്യൂഡല്‍ഹിക്കും താത്പര്യം അതുതന്നെയാണ്. ദൃശ്യങ്ങള്‍ പുറത്തുവിടുകയും എതിര്‍പക്ഷത്ത് സംഭവിച്ച നാശനഷ്ടങ്ങള്‍ പരസ്യമാവുകയും ചെയ്താല്‍ അഭിമാനം സംരക്ഷിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടിക്ക് അത് പാകിസ്ഥാന്‍ സര്‍ക്കാരിനെയും സൈന്യത്തെയും നിര്‍ബന്ധിതരാക്കും. കൂടുതല്‍ സൈനികനടപടികള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നവര്‍ മനസിലാക്കാത്ത ഒരു കാര്യം ഇതരത്തിലുള്ള അവരുടെ പിന്തുണ സര്‍ക്കാരിനെ വട്ടത്തിലാക്കുകയും രാഷ്ട്രീയ നേതൃത്വത്തിന്റെ സാധ്യതകളെ ചുരുക്കുകയും ചെയ്യുന്നു എന്നാണ്. പൊതുമണ്ഡലത്തില്‍ യുദ്ധവെറി പടരുമ്പോള്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ സര്‍ക്കാരിന് എളുപ്പമല്ല.

യുദ്ധത്തിനും കൂടുതല്‍ ആക്രമങ്ങള്‍ക്കുമായി മുറവിളി കൂട്ടുന്നവര്‍ക്ക് ഈ മിന്നലാക്രമണത്തിന്റെ ലക്ഷ്യം എന്തായിരുന്നെന്ന് പിടികിട്ടിയിട്ടില്ല. നിയന്ത്രണ രേഖ കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ കര്‍ശന നിലപാടെടുക്കുമെന്ന് പാകിസ്ഥാനെ ബോധ്യപ്പെടുത്താനും, ഇന്ത്യക്കെതിരെ അവര്‍ കൊണ്ടുനടക്കുന്ന തീവ്രവാദ സംവിധാനങ്ങളുടെ നിലനില്‍പ്പിനെയും ലക്ഷ്യത്തെയും കുറിച്ചു ഇസ്ലാമാബാദ് പുനര്‍വിചിന്തനം നടത്തണമെന്ന് മുന്നറിയിപ്പ് നല്‍കാനുമായിരുന്നു അത്. നിയന്ത്രണ രേഖയിലെ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ രേഖപ്പെടുത്താനും ഒരു സൂചനയുമായിട്ടായിരുന്നു ആക്രമണം. അല്ലാതെ പൂര്‍ണതോതിലുള്ള ഒരു ഏറ്റുമുട്ടലിനുള്ള ക്ഷണമായിരുന്നില്ല. പക്ഷേ ചില രാഷ്ട്രീയനേതാക്കളുടെ അത്യാഹ്ളാദ പ്രകടനങ്ങളും ചില നിരീക്ഷകരുടെ വായിട്ടലക്കലും ഇന്ത്യയുടെ ഭാവി സമീപനത്തെക്കുറിച്ച് പാകിസ്ഥാനില്‍ തെറ്റിദ്ധാരണകള്‍ വരുത്തിയേക്കാം. അതുമതി ഭാവിയിലെ അസ്ഥിരതയ്ക്ക് വളമിടാന്‍. തങ്ങളുടെ വാചാടോപത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭരണകക്ഷിയിലെയും അതിനു പുറത്തുമുള്ള നേതാക്കള്‍ അല്പം ആലോചിച്ചാല്‍ നന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍