UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാറിന്റെ യുദ്ധാട്ടഹാസങ്ങളുടെ രാഷ്ട്രീയ അര്‍ത്ഥങ്ങള്‍

ദേശസ്‌നേഹം തെമ്മാടിയുടെ അവസാനത്തെ അഭയമാണ് എന്ന് പറയാന്‍ സാമുവല്‍ ജോണ്‍സണെ പ്രേരിപ്പിച്ച സാഹചര്യമെന്താണ് എന്ന് നമുക്കറിയില്ല. തീര്‍ച്ചയായും അദ്ദേഹം ദേശസ്‌നേഹത്തെ പൊതുവായി കണ്ട് പറഞ്ഞതാവില്ല. മറിച്ച് കപട ദേശസ്‌നേഹിയെയും കപട ദേശസ്‌നേഹത്തെയും കുറിച്ചാവണം അത്. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തിലെ ഡിക്‌റ്റേറ്റര്‍ എന്ന ഖ്യാതി നേടിയ ആ മഹാപണ്ഡിതനെ കൊണ്ട് 1775ല്‍ അങ്ങനെ പറയിച്ചത് എന്തായിരിക്കാം. ഹിന്ദുത്വവാദി ദേശസ്‌നേഹികള്‍ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരിക്കുമ്പോള്‍ ജോണ്‍സണ്‍ മനസ്സില്‍ കണ്ടതരം ദേശസ്‌നേഹമാണ് പലരും പ്രകടിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ ഇന്ത്യയില്‍ സ്വയം പ്രഖ്യാപിത ദേശഭക്തന്‍മാര്‍ എണ്ണിയാലൊടുങ്ങാത്തവണ്ണമാണ്. അധികാരത്തിന്റെ ഇടനാഴികളിലും ബൗദ്ധിക മേഖലയിലും കോര്‍പറേറ്റ് മീഡിയകളില്‍ ടെലിവിഷന്‍ രംഗത്ത് ജനങ്ങളോട് സംസാരിക്കുന്നവര്‍ക്കിടയിലും അച്ചടിരംഗത്തെ എഡിറ്റോറിയല്‍ എഴുത്തുകാര്‍ക്കിടയിലും, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കന്മാര്‍ക്കിടയിലും, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കിടിയലും ഇവരുണ്ട്.

ഇപ്പോള്‍ കശ്മീരിന് മുകളിലെ പരമാധികാരം തങ്ങള്‍ക്കാണ് എന്ന് ഉറച്ച് വിശ്വസിച്ച് പരസ്പരം ചോരക്ക് വേണ്ടി ദാഹിച്ച് നടക്കുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും മറുഭാഗത്ത് കശ്മീരികളുടെ അവകാശങ്ങളെ ചവിട്ടിയരക്കുകയാണ്. കഴിഞ്ഞ 18ന് ഉറിയിലെ സൈനിക ക്യാംപിന് നേരെ 4 തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടതോടെയാണ് ഇപ്പോഴത്തെ അവസ്ഥ സംജാതമായത്. പവ്‌ലോവിയന്‍ അവസ്ഥയോട് സമാനതയുള്ള പതിവ് ഔദ്യോഗിക നടപടിയും പിന്നാലെ വന്നു. നാല് തീവ്രവാദികളും ജെയ്ഷ് ഈ മുഹമ്മദ് അംഗങ്ങളാണെന്നും ആക്രമണത്തിന് പിന്നില്‍ ഇസ്ലാമാബാദിന് പങ്കുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഇസ്ലാമാബാദിനും ന്യുഡല്‍ഹിക്കും കശ്മീര്‍ സമാധാനത്തിറെ സ്ഥാവരവസ്തുവാണ്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി രാം മാധവ് ഉറി ആക്രമണത്തോടുള്ള പ്രതികാരമായി ഇത് വരെ സ്വീകരിച്ച തന്ത്രപരമായ നിയന്ത്രണം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പല്ല് നശിപ്പിച്ചതിന് താടിയെല്ല് മുഴുവനായും എടുക്കണം എന്നാണ് രാം മാധവ് ആഹ്വാനം ചെയ്തത്. പാക്കിസ്ഥാന്‍ ഒരു തീവ്രവാദഭരണകൂടമാണ് എന്നാണ് ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങ് ചുണ്ടനക്കിയത്.

അതിര്‍ത്തി കടന്നുള്ള അപ്രതീക്ഷിത ആക്രമണങ്ങളും, ബിന്‍ലാദനെ കൊല്ലാന്‍ നടത്തിയത് പോലുള്ള ആക്രമണങ്ങളും, മിസൈലാക്രമണവും ഒക്കെ ഹിന്ദുത്വവാദികളുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഇത്തരത്തില്‍ യുദ്ധം തന്നെയാണ് എന്ന് പറയാവുന്ന സൈനികനീക്കങ്ങള്‍ക്ക് മുറവിളികൂട്ടാന്‍ ഹിന്ദുത്വവാദികളെ യഥാര്‍ത്ഥത്തില്‍ പ്രേരിപ്പിച്ചത് എന്താണ്.

കഴിഞ്ഞ ആഗസ്റ്റ് 12നാണ് ജമ്മു കശ്മീരിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയത്. എന്നാല്‍ ആ വാക്കുകള്‍ വെറും പൊള്ളയായിരുന്നു എന്നാണ് പിന്നീട് തെളിഞ്ഞത്. പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് പിന്നാലെ കശ്മീര്‍ താഴ്വരയിലേക്ക് സൈന്യത്തിന്റെ കൂടുതല്‍ ട്രൂപ്പുകള്‍ അയക്കുകയായിരുന്നു ആദ്യ നടപടി. ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സിന് കശ്മീരിലെ ക്രമസമാധാന ചുമതല നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 13ന് ഈദ് ദിവസം ജനങ്ങള്‍ സംഘം ചേര്‍ന്നേക്കുമെന്ന് ഭയന്ന് താഴ്വരയിലെ എല്ലാ പള്ളികളും പ്രാര്‍ത്ഥനാലയങ്ങളും അടച്ചിടാന്‍ ഉത്തരവിട്ടു. ഇതിന് മുമ്പ് എന്നെങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടായതായി അവിടുത്തുകാര്‍ക്ക് ഓര്‍ക്കാന്‍ പോലും ആകുന്നില്ല. ഏതെങ്കിലും ജനങ്ങളുടെ ഹൃദയത്തിലിടവും വിശ്വാസവും നേടാന്‍ നരേന്ദ്ര മോദി ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കശ്മീരിലെ ജനങ്ങളുടേതാവില്ല. ജൂലൈ 8ന് 22 വയസ്സുകാരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ആത്മവിശ്വാസം നഷ്ടമാക്കുന്ന വിധം കൂട്ടമായി പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ട് 12 ആഴ്ച പിന്നിടുകയാണ്. പ്രതിഷേധങ്ങളില്‍ നിന്ന് സന്ദേശം ഉള്‍ക്കൊള്ളുന്നതിന് പകരം വിവേകമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വം സമൂഹത്തില്‍ വിരോധം ജനിപ്പിച്ചതിന് കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഹിന്ദുത്വവാദി ദേശസ്‌നേഹികളും, നരേന്ദ്ര മോദി പോലും, പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേതാണ് എന്ന് വിളിച്ച് പറയുകയും അവിടുത്തെ ജനങ്ങളുടെ മനുഷ്യവകാശങ്ങളെ പ്രതിരോധിച്ച് ബലൂചിസ്ഥാനിലെ ദേശീയവാദത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഫലത്തില്‍ പാക്കിസ്ഥാന്റെ ശിഥിലീകരണത്തെ ലക്ഷ്യം വെച്ചുള്ള നിരന്തരപ്രയത്നത്തിലാണ് ഇന്ത്യയെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

പക്ഷെ ഇന്ത്യയില്‍ കശ്മീരിലെ ജനങ്ങളുടെ മനുഷ്യവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ജുലൈ 8 മുതല്‍ കുറഞ്ഞത് 85പേരെ ഇന്ത്യന്‍ സൈനികര്‍ കൊലപ്പെടുത്തുകയും ആയിരങ്ങളെ മുറിവേല്‍പ്പിക്കുകയും ചെയ്തു. സൈന്യത്തിന്റെ വകതിരിവില്ലാത്ത പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. അനിശ്ചിതമായി നീളുന്ന കര്‍ഫ്യുകള്‍, മാധ്യമ നിരോധനം, ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണ്‍ സേവനത്തിന്റെയും വിച്ചേദിക്കല്‍, ഏത് തരത്തിലുള്ള സംഘംകൂടലിന്റെ നിരോധനം തുടങ്ങിയവ കഴിഞ്ഞ 78 ദിവസത്തിലേറെയായി സാധാരണ ജനിജീവിതത്തിന്റെ യാതൊരു ലക്ഷണവും അവശേഷിപ്പിച്ചിട്ടില്ല അവിടെ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 1990ലെ ആംഡ് ഫോഴ്സസ്സ് സ്പെഷ്യല്‍ പവേഴ്‌സ് ആക്ടിന്റെ തണലില്‍ തീവ്രവാദികളെ അവസാനിപ്പിക്കാന്‍ എന്ന വാദം ഉന്നയിച്ച് അഞ്ച് ലക്ഷം സൈനികരാണ് ജമ്മു കസ്മീരില്‍ തമ്പടിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍ എന്താണ് യുദ്ധത്തിന് വേണ്ടി മുറവിളികൂട്ടാന്‍ ഹിന്ദുത്വവാദികള്‍ക്ക് ധൈര്യം നല്കുന്നത്? ഇന്ത്യയുടേതിനെക്കാള്‍ ഇസ്ലാമാബാദിന്റെ സൈനിക സഹകരണമാണ് വാഷിങ്ടണിന് കൂടുതല്‍ വിലപ്പെട്ടത് എന്നുള്ളതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് ആ പിന്തുണ ഇന്ത്യ പ്രതീക്ഷിക്കേണ്ടതില്ല. ഹിന്ദുത്വവാദികളെ സംബന്ധിച്ചിടത്തോളം വാഷിങ്ടണിന്‍റെ പ്രധാന പ്രതിരോധ പങ്കാളി എന്ന പദവിയില്‍ നിന്നാണ് ഈ ഊര്‍ജ്ജം. വാഷിങ്ടണിന്‍റെ ആന്റി ചൈനാ നീക്കങ്ങള്‍ക്ക് ജപ്പാനും ഓസ്‌ട്രേലിയക്കും ഒപ്പം ചേരാനുളള ന്യൂഡല്‍ഹിയുടെ തുറന്ന പ്രഖ്യാപനവും ഇവര്‍ വലുതായി കരുതുന്നുണ്ടാവണം. പഴയ ശീതയുദ്ധകാലത്തെ മാക്യവെല്ലിയന്‍ തന്ത്രമനുസരിച്ച് ഇസ്ലാമാബാദ് വാഷിങ്ടണിന്‍റെ ബന്ധുവായിരുന്നുവെങ്കിലും ഇപ്പോള്‍ അതല്ല അവസ്ഥ. ഇന്ന് ആ സ്ഥാനം ന്യുഡല്‍ഹിക്കാണ്. ഈ സ്ഥാനം പരമാവധി പ്രയോജനപ്പെടുത്തി ദക്ഷിണേഷ്യയിലെ നിര്‍ണ്ണായക ആധിപത്യം നിലനിര്‍ത്താനാണ് ഹിന്ദുത്വവാദികള്‍ ലക്ഷ്യം വെക്കുന്നത്. പക്ഷെ അവരെ അമ്പരിപ്പിക്കുന്നത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഈ സാഹസത്തിന് എതിരാണ് എന്നുള്ളതാണ്.

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മലയാളം പരിഭാഷാ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍