UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശസ്‌നേഹികളും യുദ്ധവെറിയന്‍മാരും വായിച്ചറിയാന്‍

കപടദേശസ്‌നേഹം എന്നൊന്നില്ല. ദേശസ്‌നേഹം തന്നെ കപടമാണ്. ഞാന്‍ ശരി, എന്റെ മാതാപിതാക്കള്‍ ശരി, എന്റെ കുടുംബം ശരി, എന്റെ സമുദായം ശരി, എന്റെ മതം ശരി എന്നിങ്ങനെയുള്ള ധാരാളം കപട നിര്‍മ്മിതങ്ങളായ ശരികളുടെ ഒടുവിലത്തേതാണ് എന്റെ രാജ്യം ശരി എന്ന ദേശസ്‌നേഹം. കാപട്യത്തിന്റെ കടുപ്പം കൂടുമ്പോള്‍ എന്റെ രാജ്യം മാത്രമാണ് ശരിയെന്നു തോന്നും.

ഞാന്‍ ശരിയാണെന്ന് പറയുന്നത് മറ്റൊരാളുടെ തെറ്റിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. അങ്ങനെ ഒരു തെറ്റുകാരന്‍ ഉണ്ടാകണം; ഞാനെന്ന ശരിക്കാരന് നിലനില്‍ക്കാന്‍. എന്റെ നന്മയൊന്നും ഇല്ലാത്തവന്‍. മോശക്കാരന്‍. എന്റെ ശത്രു. ദേശസ്‌നേഹം ഉണ്ടാകുന്നതിനു മുമ്പുതന്നെ ദേശത്തിന്റെ ശത്രു ഉണ്ടാകുന്നു. നമ്മുടെ ശത്രു നമ്മളേക്കാള്‍ ദുര്‍ബലനായിരിക്കുന്നതാണ് സൗകര്യം. തോല്‍ക്കുന്ന യുദ്ധത്തിന് ആളെ കിട്ടില്ല. അതുകൊണ്ടാണ് ഇരുന്നൂറു വര്‍ഷത്തോളം ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടനേക്കാള്‍ ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാനെ നമ്മള്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചത്.

ജനിച്ച നാടാണ് ദേശസ്‌നേഹത്തിന്റെ ആധാരമെങ്കില്‍ എല്‍.കെ.അദ്വാനിയുടെ ദേശസ്‌നേഹം പാകിസ്ഥാനോടായിരിക്കും. വളര്‍ന്ന നാടാണ് ദേശസ്‌നേഹത്തിന്റെ ആധാരമെങ്കില്‍ പല വിദേശ ഇന്ത്യാക്കാരുടെയും ദേശസ്‌നേഹം അതാതു രാജ്യങ്ങളോടായിരിക്കും. ഇതിലേതിനാണ് ദേശസ്‌നേഹം പൊട്ടിമുളപ്പിക്കാന്‍ കഴിയുക എന്നറിയില്ല.

സ്വന്തം ദേശത്തെ സ്‌നേഹിച്ചാല്‍ മാത്രം അത് ദേശസ്‌നേഹമാകില്ല. ശത്രുരാജ്യത്തെ നിരന്തരം വിമര്‍ശിക്കുകയും വേണം. ശത്രുരാജ്യത്ത് ഒന്നും നല്ലതായിട്ടുള്ളത് ഇല്ല എന്ന് പറയണം. അതുകൊണ്ട് പാക്കിസ്ഥാനിലെ സൂര്യോദയത്തിനുപോലും സൗന്ദര്യമില്ലെന്ന് യഥാര്‍ത്ഥ ദേശസ്‌നേഹിയായ ഭാരതീയന്‍ പറയണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ – മികച്ച ടീം പാക്കിസ്ഥാനാണെങ്കില്‍ പോലും – ഇന്ത്യ തന്നെ ജയിക്കണമെന്നു പറയണം. ഇന്ത്യക്കാരന്റെ പന്ത് ഒരു പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍  ബൗണ്ടറിയിലേക്കുയര്‍ത്തിയാല്‍ അതിനെ അപലപിക്കണം. തീര്‍ന്നില്ല, പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ മത്സരിക്കുമ്പോഴും യഥാര്‍ത്ഥ ദേശസ്‌നേഹമുള്ള ഭാരതീയന്‍ ഇംഗ്ലണ്ടിന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം. മത്സരം ആസ്‌ട്രേയിലയും ദക്ഷിണാഫ്രിക്കയും തമ്മിലാണെങ്കില്‍ ആരു ജയിച്ചാലും കുഴപ്പമില്ല. ഇതാണ് യഥാര്‍ത്ഥ ദേശസ്‌നേഹം. ഓരോ ഭാരതീയനും ഭാരതമാതാവിന് കൊടുക്കേണ്ട നൈവേദ്യം. ഭാരതത്തിന് തെറ്റുപറ്റില്ല. ഭാരതീയനും. അതുകൊണ്ടാണ് കാശ്മീരില്‍ പാക്കിസ്ഥാന്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്ന ഭാരതാംബയുടെ മക്കള്‍ ബലൂചിസ്ഥാനില്‍ ഇന്ത്യ ചെയ്യുന്നത് ശരിയാണെന്ന് പറയുന്നത്.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയുന്നതിനേക്കാള്‍ ശക്തമായി ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് പാകിസ്ഥാനു പറയാം. കാരണം ഇന്ത്യന്‍ ഭരണഘടന കാശ്മീരിനു നല്‍കുന്ന പ്രത്യേകപദവി (ആര്‍ട്ടിക്കിള്‍ 370)യ്ക്കു സമാനമായ ഒരു പദവി ബലൂചിസ്ഥാന് നല്‍കുന്നില്ല. സ്വന്തം ഭരണഘടനയും പതാകയുമുള്ള കാശ്മീരാണ് ദില്ലി പോലെ, കേരളം പോലെ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് നമ്മുടെ പ്രധാനമന്ത്രി നെഞ്ചും വിരിച്ചുകൊണ്ട് പറയുന്നത്. അങ്ങനെ പറയുന്നതും ശരിയാണോ? ഇന്ത്യയും പാക്കിസ്ഥാനും കാശ്മീരില്‍ നിന്ന് സ്വന്തം പട്ടാളത്തെ പിന്‍വലിക്കണമെന്നും അതിനുശേഷം കാശ്മീരി ജനതയുടെ ഇടയില്‍ ഹിതപരിശോധന നടത്തണമെന്നും ഐക്യരാഷ്ട്രസഭ – ഇന്ത്യയും പാകിസ്ഥാനും നല്‍കിയ പരാതിയില്‍ തീരുമാനമെടുത്തുകൊണ്ട് – നിര്‍ദ്ദേശിച്ചത് ഈ അവിഭാജ്യഘടകത്തെ കുറിച്ചാണോ? പട്ടാളത്തെ പിന്‍വലിക്കാതെ, കാശ്മീരില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ഫലം ഹിതപിരശോധനാ ഫലമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നത് ശരിയാണോ? കാശ്മീരില്‍ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാന് അനുവാദം കൊടുത്താല്‍ തിരഞ്ഞെടുപ്പ് ഫലം ഇതുമാതിരിയൊക്കെത്തന്നെയായിരിക്കുമോ? പി.ഡി.പിയ്ക്കും ബി.ജെ.പിയ്ക്കും ഒന്നിച്ചു ഭരിക്കാന്‍ കഴിയുമോ? ഇങ്ങനെയുള്ള ഒരു ചോദ്യങ്ങളും ഒരിന്ത്യാക്കാരനും ചോദിക്കരുത്. അത് ദേശസ്‌നേഹമല്ല എന്നു മാത്രമല്ല; ദേശദ്രോഹമാണു താനും.

വാസ്തവത്തില്‍ ഇപ്പോഴത്തെ സ്‌ഫോടനാത്മകമായ സ്ഥിതിക്ക് വഴിമരുന്നിട്ടത് സ്വാതന്ത്ര്യദിനത്തില്‍ മോദി നടത്തിയ പ്രസംഗം അല്ലേ? ദീര്‍ഘനാളായി ഇന്ത്യ തുടര്‍ന്നുവരുന്ന വിദേശനയം – അതിന്റെ പുറംപൂച്ചിലെങ്കിലും – ബലൂചിസ്ഥാനെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുക എന്നതായിരുന്നു. മോദി അതു മാറ്റി. പാക് അധിനിവേശ കാശ്മീരിലെയും ബലൂചിസ്ഥാനിലേയും ജനങ്ങള്‍ എന്നോട് നന്ദി പറഞ്ഞു എന്നാണ് മോദി പറഞ്ഞത്. എന്തിനായിരുന്നു ആ നന്ദി പറഞ്ഞത്? നവാസ് ഷെരീഫിന്റെ വീട്ടില്‍ ക്ഷണിക്കാതെ ചായ കുടിക്കാന്‍ പോയതിനാണോ?

ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായപ്പോള്‍ ഇരുരാജ്യങ്ങളോടും ചേരാതെ സ്വതന്ത്രമായിരുന്ന 535 നാട്ടുരാജ്യങ്ങളില്‍ ഒന്നാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാന്‍ അതിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ അനേകം നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ച് ഇന്ത്യയുടെ ഭാഗമാക്കിയതുപോലെ. ഏറ്റവും ഒടുവില്‍, സിക്കിം എന്ന സ്വതന്ത്രരാജ്യത്തെ ഇന്ത്യന്‍ പട്ടാളം കീഴ്‌പ്പെടുത്തി ഇന്ത്യയുടെ ഭാഗമാക്കിയതുപോലെ. സിക്കിമിലെ രാജവംശത്തിലുള്ളവരും ഭൂരിഭാഗം ജനതയും ഈ നീക്കത്തെ ഇന്നും എതിര്‍ക്കുന്നവരാണ്. അവര്‍ക്കുവേണ്ട സഹായം പാക്കിസ്ഥാന്‍ ചെയ്തുകൊടുത്താല്‍, ആ നാട്ടുകാര്‍ അതിനു തന്നോടു നന്ദി പറഞ്ഞു എന്ന് നവാസ് ഷെരീഫ് പ്രസംഗിച്ചാല്‍, എന്തായിരിക്കും ഇന്ത്യയുടെ പ്രതികരണം?

ബലൂചിസ്ഥാനില്‍ ഇന്ത്യ ചെയ്തത് വെറും വാചക സേവനമല്ല. ഐ.എസ്.ഐ. മുന്‍ തലവനായിരുന്ന അഹമ്മദ് ഷൂജപാഷ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതും പിന്നീട് പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് കൈമാറിയതുമായ രേഖ അനുസരിച്ച് ബലൂചിസ്ഥാനിലെ വിഘടനവാദി സംഘടനയായ ബലോച് ലിബറേഷന്‍ ഫ്രണ്ട് (Baloch Liberation Front)ന്റെ അംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍, ഇന്ത്യ ഒന്‍പത് ട്രെയിനിംഗ് ക്യാമ്പുകള്‍ നടത്തുന്നുണ്ട്. (വിക്കി ലീക്‌സ്).

തീര്‍ന്നില്ല 2015 ഒക്‌ടോബര്‍ 4-ാം തീയതി ദില്ലിയില്‍ നടന്ന ഒരു മീറ്റിംഗില്‍ ബലോചിസ്ഥാന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (BLO) പ്രതിനിധി ബലോച് പര്‍ദീലി (Balaach Pardili) BLOയുടെ നേതാവായ നവാബ്‌സദാ മാറി (Nawabzada Pardili) യുടെ ഒരു പ്രസ്താവന വായിച്ചു. ബലോച് ലിബറേഷന്‍ ആര്‍മിയുടെ രാഷ്ട്രീയ ഘടകമാണ് BLO. പര്‍ദീലി 2009 മുതല്‍ ദില്ലിയിലാണ് സംസാരിക്കുന്നതെന്നും BLO യുടെ പ്രതിനിധിയായ പര്‍ദീലി സംഘടനയുടെ പരമോന്നത നേതാവായ മാറി (Marri) യുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു വേണ്ടി പ്രയത്‌നിക്കുകയാണെന്നും പറഞ്ഞു. താന്‍ ദില്ലിയില്‍ സുരക്ഷിതനാണെന്നും തന്നെ സഹായിക്കാന്‍ ബി.ജെ.പി. നേതാക്കളുണ്ടെന്നും മീറ്റിംഗ് സംഘടിപ്പിച്ചത് സംഘപരിവാറിന്റെ ഭഗത്‌സിംഗ് കര്‍മ്മസേനയാണെന്നും പര്‍ദീലി പറഞ്ഞു. (ദി ഹിന്ദു ഒക്‌ടോബര്‍ 8, 2015).

യുദ്ധവെറിയന്‍മാരും ദേശസ്‌നേഹികളും പാക്കിസ്ഥാന്റെ നേര്‍ക്ക് ചൂണ്ടുവിരല്‍ നീട്ടുമ്പോള്‍ മൂന്നുവിരലുകള്‍ നമ്മുടെ നേര്‍ക്കുതന്നെയാണ് നീളുന്നതെന്നും തള്ളവിരല്‍ ആകാശത്തേയ്ക്കാണ് നീളുന്നതെന്നതുമാണ് സത്യം. തള്ളവിരല്‍ സാക്ഷിയാണ്. കാലം.

മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരരുത് എന്നതാണ് ഏതൊരു പരിഷ്‌കൃത രാജ്യത്തിന്റെയും വിദേശനയത്തിന്റെ അടിസ്ഥാന തത്വം. സ്വന്തം അയല്‍രാജ്യങ്ങളോട് ഇന്ത്യ നാളിതുവരെ, ചെയ്തു പോന്നത് അതാണോ? ചരിത്രം പറയുന്നത് ‘അല്ല’ എന്നാണ്. ചില ഉദാഹരണങ്ങള്‍:

1. കിഴക്കന്‍ പാക്കിസ്ഥാനും പടിഞ്ഞാറന്‍ പാക്കിസ്ഥാനും തമ്മില്‍ നടന്ന ആഭ്യന്തരകലഹത്തില്‍ ഇന്ത്യ ഇടപെട്ടതല്ലേ ബംഗ്ലാദേശ് യുദ്ധത്തിനും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ സൃഷ്ടിക്കും കാരണം? മുക്തി ബാഹിനികള്‍ക്ക് പരിശീലനം കൊടുത്തത് ഇന്ത്യന്‍ പട്ടാളമല്ലേ? പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്തത്  ഇന്ത്യന്‍ പട്ടാളമല്ലേ? പാക്കിസ്ഥാനെ രണ്ടായി വിഭജിച്ചത് ഇന്ത്യയല്ലേ? പാകിസ്ഥാനു ഇനിയൊരു യുദ്ധമുണ്ടായാല്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള ആക്രമണം ഇല്ലാതാക്കുക എന്ന മിലിട്ടറി ലക്ഷ്യത്തിനു വേണ്ടിയായിരുന്നില്ലേ ഇന്ത്യ പാകിസ്ഥാനെ വെട്ടിമുറിക്കാന്‍ വേണ്ട എല്ലാ സഹായവും – ആയുധവും പണവും ആള്‍ബലവും – നല്‍കിയത്?

2. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കുവേണ്ടി വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇ.പി.ആര്‍.എല്‍.എഫ്., പി.എല്‍.ഒ.ടി., ടി.ഇ.എല്‍.ഒ., എല്‍.ടി.ടി.ഇ. എന്നിവ അവയില്‍ ചിലത്. ഇവയ്‌ക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു. തമിഴരുടേത് മാത്രമായ ഒരു രാജ്യം. അതിന് ശ്രീലങ്കയെ മുറിക്കണം. എല്ലാരും കറകളഞ്ഞ വിഘടനവാദികള്‍. ഇവരുടെ ഒക്കെ പ്രധാന ഓഫീസുകള്‍ ചെന്നൈയിലായിരുന്നു. അവയില്‍ ഇന്ത്യ ഊട്ടി വളര്‍ത്തിയതായിരുന്നു എല്‍.ടി.ടി.ഇ.  പ്രമുഖ നേതാക്കളായ പ്രഭാകരനും ആന്റണ്‍ ബാലസിംഗവും കിട്ടുവും എല്ലാം ചെന്നെയിലോ ദില്ലിയിലോ ആയിരുന്നു സുരക്ഷിതരായി ജീവിച്ചിരുന്നത്. ചെന്നൈയില്‍ വച്ചുതന്നെയായിരുന്നു, ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണ്ണ പിന്തുണയോടെ, എല്‍.ടി.ടി.ഇ. മറ്റുസംഘടനാ നേതാക്കളെ പട്ടാപ്പകല്‍ വെടിവച്ചുകൊന്നത്. മറ്റെല്ലാ സംഘടനകളേയും ശിഥിലമാക്കിയശേഷം സ്വന്തം വളര്‍ത്തുപുത്രനായ എല്‍.ടി.ടി.ഇ.യ്ക്ക് സര്‍വ്വപ്രാധാന്യം കൊടുക്കുകയായിരുന്നു ലക്ഷ്യം. (അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ബിന്‍ലാദനെ വളര്‍ത്തിയെടുത്തതുപോലെ.) ഒടുവില്‍, ഉച്ചിയ്ക്കു വച്ച കൈകൊണ്ടുതന്നെ ഉദകക്രിയ ചെയ്യാന്‍ ഇന്ത്യ തുനിഞ്ഞപ്പോള്‍ ബിന്‍ലാദന്‍ അമേരിക്കയോടു ചെയ്തതുതന്നെയാണ് എല്‍.ടി.ടി.ഇ. ഇന്ത്യയോട് ചെയ്തതും.

ചരിത്രപരമായ ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ടുവേണം ഉറി സംഭവത്തേയും സര്‍ജിക്കല്‍ അറ്റാക്കിനേയും വിലയിരുത്തേണ്ടത്. ഒപ്പം, ഒരു കാര്യം കൂടി ഓരോ ഇന്ത്യാക്കാരനും – ദേശസ്‌നേഹിയും ദേശദ്രോഹിയും – സ്വയം ചോദിക്കണം. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഒരു അയല്‍രാജ്യമായും ഇന്ത്യയ്ക്ക് നല്ല ബന്ധമില്ലാത്തത്? കൊച്ചു മാലിദ്വീപിനോടും പോലും. എന്തുകൊണ്ടാണ്, മാലിദ്വീപ് ഇന്ത്യയെ കൈവിട്ട് ചൈനയെ സ്വാഗതം ചെയ്യുന്നത്. എന്തുകൊണ്ടാണ് നേപ്പാളും ഭൂട്ടാനും മ്യാന്‍മറും ശ്രീലങ്കയും ബംഗ്ലാദേശും നമ്മളെ സംശയത്തോടെ നോക്കുന്നത്? ഇന്ത്യയെ നോക്കുന്ന അതേ സംശയദൃഷ്ടിയോടെ ഈ രാജ്യങ്ങള്‍ എന്തുകൊണ്ടാണ് പാകിസ്ഥാനെ നോക്കാത്തത്? പാകിസ്ഥാന് ശത്രു ഇന്ത്യ മാത്രമായപ്പോള്‍ (ബംഗ്ലാദേശ് പോലും ഇപ്പോള്‍ അവരുടെ  ശത്രുവല്ല), എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇത്രയേറെ ശത്രുക്കള്‍ ഉണ്ടായത്?

സര്‍ജിക്കല്‍ അറ്റാക്കിന് ഏതാനും ദിവസം മുമ്പാണ് മോദി കോഴിക്കോട് വച്ച് പാക് ജനതയോട് അഭിവാദ്യം അര്‍പ്പിച്ചത്. അതൊരു വിചിത്രമായ ടെക്‌നിക്കാണ്. പാക്കിസ്ഥാനിലെ ജനത അവര്‍ തെരഞ്ഞെടുത്ത ഭരണകര്‍ത്താക്കളെ തള്ളി 67 ഇഞ്ച് നെഞ്ചളവുള്ള മോദി പറഞ്ഞത് കേള്‍ക്കണം. (മോദി നല്ല കാര്യങ്ങളേ പറയൂ. സംശയമുണ്ടെങ്കില്‍ ഗുജറാത്ത് കലാപത്തിലെ പരേതാത്മാക്കളോട് ചോദിക്കൂ.) അന്ന് മോദി ചില യുദ്ധങ്ങളെക്കുറിച്ച് പറഞ്ഞു – ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധം; വിദ്യാഭ്യാസമില്ലായ്മയ്‌ക്കെതിരായ യുദ്ധം; അസമത്വത്തിനെതിരെയുള്ള യുദ്ധം. അങ്ങനെ പല യുദ്ധങ്ങള്‍. അവയിലൊന്നും പട്ടാളമില്ല. അത്തരം യുദ്ധങ്ങള്‍ക്ക് പാകിസ്ഥാന്‍ ഭരണകൂടം തയ്യാറാണോ എന്നും മോദി ചോദിച്ചു. രണ്ടു കൈയ്യും ആകാശത്തേയ്ക്കുയര്‍ത്തി സംസാരിച്ചത് ആര്‍.എസ്.എസുകാരനായ മോദിയാണോ അതോ ഗുജറാത്തില്‍ തന്നെ ജനിച്ച് കുറേനാള്‍ കഴിഞ്ഞ് വെടിയേറ്റു മരിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണോ എന്ന് ഒരു നിമിഷം സംസാരിച്ചുപോയി.

എല്ലാ സംശയങ്ങള്‍ക്കും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോദി ഉത്തരം തന്നു. സര്‍ജിക്കല്‍ അറ്റാക്ക്. യുദ്ധം നടത്തിയത് പട്ടാളം.

കണക്കുതീര്‍ക്കലില്‍ നിര്‍ത്തരുതെന്നാണ് ദേശസ്‌നേഹികളും മാധ്യമപ്രവര്‍ത്തകരും ഒന്നടങ്കം പറയുന്നത്. കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും മോദിയുടെ നീക്കത്തെ പ്രകീര്‍ത്തിച്ചു. നമ്മുടെ പാവം എ.കെ.ആന്റണി പോലും. പ്രതിരോധമന്ത്രിയായതിന്റെ ഹാംഗ് ഓവറിലാണ് ആന്റണി. യു.പി.യിലെ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതു കൊണ്ട് രാഹുല്‍ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസിന്റെ സകല നേതാക്കളും മോദിയുടെ കടന്നാക്രമണത്തെ പ്രകീര്‍ത്തിച്ചു. ഒറ്റ വിമതസ്വരം പോലും എങ്ങുനിന്നും കേട്ടില്ല. അതാണ് ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ ദുരന്തം. അത് counter narrativeനെ തീര്‍ത്തും ഇല്ലാതാക്കുന്നു. യുദ്ധതന്ത്രത്തെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ വാര്‍ അനലിസ്റ്റ് ആയ മേജര്‍രവി കുറിപ്പെഴുതുന്നു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാനുള്ള അനുവാദം മോദിക്ക് കേണല്‍ മോഹന്‍ലാല്‍ നേരത്തെ നല്‍കിയിട്ടുണ്ട്.

ദേശസ്‌നേഹികളോടും യുദ്ധ വെറിയരോടും  ഒരു ചോദ്യം: പാക്കിസ്ഥാന് ആയുധം വില്‍ക്കുന്ന രാജ്യങ്ങളുടെ കൈയില്‍ നിന്ന് ഇന്ത്യ ആയുധം വാങ്ങില്ല എന്ന തീരുമാനം നാളിതുവരെയായിട്ട്  ഇന്ത്യ എടുക്കാത്തതെന്ത്? ദേശസ്‌നേഹികളും യുദ്ധവെറിയന്‍മാരും കറകളഞ്ഞ ദേശസ്‌നേഹിയായ മോദിയെ അതിന് പ്രേരിപ്പിക്കാത്തതെന്ത്? പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം വേണ്ടെന്നും പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഗുലാംഅലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്നും ഒക്കെ  പ്രസ്താവനയിറക്കുന്ന ദേശസ്‌നേഹികള്‍ ഇതൊന്നും അറിയുന്നില്ല എന്നുണ്ടോ?

ലോകത്ത് യുദ്ധം നടത്തുന്നത് പട്ടാളക്കാരോ  രാഷ്ട്രീയ നേതൃത്വമോ അല്ല. ലോകം മുഴുവന്‍ യുദ്ധത്തിലൂടെ കീഴടക്കാന്‍ വേണ്ടി നാടുവിട്ട് അലഞ്ഞുനടന്ന അലക്‌സാണ്ടറെപോലുള്ള കോമാളികള്‍ ഇന്നില്ല. ഇന്ന് യുദ്ധം നടത്തുന്നത് ആയുധകച്ചവടക്കാരാണ്. അവരുടെ ആജ്ഞാനുവര്‍ത്തികളാണ് ഏതു രാജ്യത്തിലെയും രാഷ്ട്രീയ നേതൃത്വം. മോദിയോ രാഹുല്‍ഗാന്ധിയോ ഇതില്‍ നിന്നും വ്യത്യസ്തരല്ല. ആയുധവ്യാപാരിയാണ് ഏതു രാജ്യങ്ങള്‍ തമ്മില്‍ എപ്പോള്‍ യുദ്ധമുണ്ടാകണമെന്ന് തീരുമാനിക്കുന്നത്. അവനാണ് യഥാര്‍ത്ഥ ശത്രു. രാജ്യങ്ങളുടെ ശത്രു. മാനവരാശിയുടെ ശത്രു. യുദ്ധം അവനെതിരെയാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍